Image

പത്രങ്ങള്‍ നിലനില്‍ക്കുമോ, പൂട്ടിപ്പോവുമോ..? കാര്യകാരണങ്ങളന്വേഷിച്ച് ഐ.പി.സി.എന്‍.എ സെഷന്‍

Published on 11 October, 2025
പത്രങ്ങള്‍ നിലനില്‍ക്കുമോ, പൂട്ടിപ്പോവുമോ..? കാര്യകാരണങ്ങളന്വേഷിച്ച് ഐ.പി.സി.എന്‍.എ സെഷന്‍


ന്യൂജേഴ്‌സി: എഡിസണ്‍ ഷെറാട്ടണില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ അവസാന ദിവസത്തെ പരിപാടികള്‍ തുടങ്ങിയത് മലയാളികളുടെ എക്കാലത്തെയും നൊസ്റ്റാള്‍ജിയ ആയ അച്ചടി പത്രങ്ങളെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും പങ്കുവച്ച സെഷനിലൂടെയാണ്. പത്രവായനയിലൂടെയാണ് മലയാളിയുടെ ഒരു ദിവസം ആരംഭിക്കുക തന്നെ. ആ ഇഷ്ട പത്രങ്ങള്‍ പെട്ടെന്നൊരു ദിവസം നിലച്ചുപോയാലോ..? 'പ്രിന്റ് പത്രങ്ങള്‍ ഇനി ആവശ്യമോ..? അവ എത്ര കാലം കൂടി ഉണ്ടാവും..?' എന്ന വിഷയത്തെപ്പറ്റിയായിരുന്നു കേരളത്തിലെ മാധ്യമ പ്രതിഭകളും അമേരിക്കന്‍ മലയാളി മാധ്യമ സ്‌നേഹികളും തങ്ങളുടെ അഭിപ്രായം പങ്കുവച്ചത്.
 


കുര്യന്‍ പാമ്പാടി, ജോണി ലൂക്കോസ്, ലീന്‍ ജെസ്മാസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയാ പാര്‍വതി, അബ്ജോദ് വര്‍ഗീസ്, മോത്തി രാജേഷ്, ജോര്‍ജ് ജോസഫ്, ടാജ് മാത്യു, ജീമോന്‍ റാന്നി തുടങ്ങിയവരും ഷിക്കാഗോ, ഡിട്രോയിറ്റ്, ഫ്‌ളോറിഡ, കാലിഫോര്‍ണിയ ചാപ്റ്റര്‍ പ്രസിഡന്റുമാരും അംഗങ്ങളും സെഷനില്‍ പങ്കെടുത്തു.



പത്രം നിലനില്‍ക്കണമെങ്കില്‍ ക്രിയേറ്റിവിറ്റി ആവശ്യമാണെന്ന തിരച്ചറിവാണ് ഏറ്റവും പ്രധാനം. ടെലിവിഷന്‍ ചാനലുകളുടെ സ്വാധീനം ശക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ദൃശ്യ മികവോടു കൂടി മലയാള മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ അച്ചടിച്ചിറങ്ങുന്നതെന്ന് ജോണി ലൂക്കോസ് അഭിപ്രായപ്പെട്ടു. കെട്ടിലും മട്ടിലും വാര്‍ത്തകളുടെ ഉള്ളടക്കത്തിലുമെല്ലാം വരിക്കാരെ ഇരുത്തി വായിപ്പിക്കുന്ന തരത്തിലുള്ള ആധുനികമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയാല്‍ പ്രിന്റ് പത്രങ്ങള്‍ നിലനില്‍ക്കും എന്നാണ് വിചാരിക്കുന്നത്.



പത്രം വായിക്കുന്നവരുടെയും പത്രം വരുത്തുന്നവരുടെയും എണ്ണം കുറഞ്ഞു എന്നത് യാഥാര്‍ത്ഥ്യമാണ്. പരസ്യ വരുമാനത്തിലും അത് പ്രകടമാണ്. ഇന്നത്തെ നിലയില്‍ എത്രനാള്‍ പ്രിന്റ് പത്രം നിലനില്‍ക്കും എന്ന ആശങ്ക ഉണ്ടെന്ന് ജോണി ലൂക്കോസ് പറഞ്ഞു. പത്രങ്ങള്‍ മരിക്കുന്നു എന്ന ചര്‍ച്ച തുടങ്ങിയിട്ട് അനേക വര്‍ഷങ്ങളായെന്നും എന്നാല്‍ ഇനി ഒരു 30 വര്‍ഷം കൂടി പത്രങ്ങള്‍ നിലനില്‍ക്കും എന്നും ലീന്‍ ജെസ് മാസ് പറഞ്ഞു.

പഴയതു പോലെ ദൈനംദിന പത്രങ്ങള്‍ അരിച്ചു പെറുക്കി വായിക്കുന്ന സ്വഭാവത്തില്‍ നിന്ന് ആളുകള്‍ പിന്നാക്കം പോയിട്ടുണ്ടെന്ന് അബ്‌ജോദ് വര്‍ഗീസ് അഭിപ്രായപ്പെട്ടു. ജേര്‍ണലിസം നിലനില്‍ക്കണം. പ്രിന്റ് മീഡിയ ഈ നിലയില്‍ നിലനില്‍ക്കുമോ എന്ന കാര്യം സംശയമില്ല. ടി.വി ചാനലുകളും 10 വര്‍ഷം കഴിയുമ്പോള്‍ ഇന്നത്തെ നിലയില്‍ നിന്ന് വലിയ തോതില്‍ മാറിയിട്ടുണ്ടാവും. പത്രങ്ങള്‍ക്ക് മാത്രമേ നറേറ്റീവ് ഉണ്ടാക്കാന്‍ കഴിയൂ എന്ന സ്ഥിതി മാറിയത് ആശ്വാസകരമാണെന്നാണ് അബ്‌ജോദിന്റെ അഭിപ്രായം.

 



താന്‍ ദിവസവും പത്രം വായിക്കുന്ന ആളാണെന്നും, അമേരിക്കയില്‍ എത്തിയപ്പോള്‍ പത്രം കാണാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നുമാണ് സുജയ പാര്‍വതി പറഞ്ഞത്. പത്രം പൂര്‍ണമായി ഇല്ലാതാകുമോ എന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ കൂടുതല്‍ പേരും ഒന്നാം പേജ് വാര്‍ത്തയിലും തലക്കെട്ടിലുമൊക്കെയായി ഒതുങ്ങുന്നു. അതേസമയം ഡിജിറ്റല്‍ സബ്‌സ്‌ക്രിബ്ഷന്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്. ടി.വിയിലെ ബ്രേക്കിങ് ന്യൂസുകള്‍ പലതും വന്നു കഴിഞ്ഞ് പിറ്റേന്നിറങ്ങുന്ന പ്രിന്റ് മീഡിയയിലെ കണ്ടന്റ് എത്രമാത്രം ഫ്രെഷ് ആണെന്ന് പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ കരുത്തുറ്റ ജേര്‍ണലിസ്റ്റുകള്‍ ഉള്ളിടത്തോളം കാലം പത്രങ്ങള്‍ നിലനില്‍ക്കുമെന്നും അതാണ് തന്റെ ആഗ്രഹമെന്നും സുജയ വ്യക്തമാക്കി.



മീഡിയയുടെ ക്രെഡിബിലിറ്റി തന്നെ തച്ചു തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന ഈ കാലഘട്ടത്തില്‍ പ്രിന്റ് മീഡിയ നിലനില്‍ക്കുമോ ജേര്‍ണലിസം തന്നെ നിലനില്‍ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് ഹാഷ്മി താജ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. പ്രിന്റ് മീഡിയ അസ്തമിക്കുന്നത് ആഗോളവ്യാപകമായ പ്രതിഭാസമാണ്. 3000-ത്തിലധികം ചെറുകിട പത്രങ്ങള്‍ പൂട്ടിപ്പോയിട്ടുണ്ട്. ന്യൂസ് ഡെസേര്‍ട്ട് എന്ന പദപ്രയോഗം തന്നെ ഉണ്ടായിട്ടുണ്ട്. കേരളീയരുടെ ശീലങ്ങളുമായി പത്രങ്ങള്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. ന്യൂസ് പ്രിന്റിന്റെ വിലവര്‍ദ്ധന, സബ്‌സ്‌ക്രിബ്ഷന്‍ കുറവ്, പരസ്യവരുമാനത്തിലെ കുറവ് തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും കുറഞ്ഞത് 40 വര്‍ഷം എങ്കിലും പത്രങ്ങള്‍ നിലനില്‍ക്കുമെന്ന് ഹാഷ്മി ചൂണ്ടിക്കാട്ടി.

പത്രങ്ങള്‍ വരുന്നതും കാത്ത് വളരെ സന്തോഷത്തോടെ താന്‍ കാത്തിരുന്നിട്ടുണ്ടെന്ന് മോത്തി രാജേഷ് പറഞ്ഞു. മലയാള മനോരമ സണ്‍ഡേ സപ്ലിമെന്റിലെ കഥകള്‍ വായിക്കുവാനായിരുന്നു ആ കാത്തിരിപ്പ്. ടി.വിയിലെ വിഷ്വലുകള്‍ മനസ്സില്‍ സൂക്ഷിച്ചു വയ്ക്കുന്നതിന് പരിധി ഉണ്ട്. എന്നാല്‍ പത്രങ്ങളില്‍ വരുന്ന ഇഷ്ടപ്പെട്ട വാര്‍ത്തകള്‍ വീണ്ടും വീണ്ടും വായിക്കാന്‍ സാധിക്കും. അതുകൊണ്ട് പത്രങ്ങള്‍ ഇങ്ങനെ നിലനില്‍ക്കട്ടെ എന്ന് ഞാന്‍ 100 ശതമാനം ആഗ്രഹിക്കുന്നു. വാര്‍ത്തകള്‍ പോലെ തന്നെ പത്രക്കടലാസിന്റെ ഗന്ധവും അച്ചടി മഷിയുടെ ഗന്ധവും ഒക്കെ തന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. മോത്തി രാജേഷ് പറഞ്ഞു.

മിഴിവോടെ ഭാഷ ഉപയോഗിക്കാന്‍ ഒരു തലമുറയെ പ്രാപ്തരാക്കിയത് പത്രങ്ങളാണെന്ന് പ്രമോദ് നാരായണന്‍ എം.എല്‍.എ പറഞ്ഞു. പത്രച്ചുരുളുകള്‍ക്ക് വലിയ ശക്തിയുണ്ട്. ഇന്ന് ഇതര മേഖലകളിലെന്ന പോലെ രാഷ്ട്രീയത്തിന്റെ നരേറ്റീവ് നിശ്ചയിക്കുന്നതില്‍ പത്രങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും പ്രാദേശിക പേജുകള്‍ പത്രങ്ങളുടെ നട്ടെല്ലാണെന്നും അവ നിലനില്‍ക്കണമെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും എം.എല്‍.എ പറഞ്ഞു. 

ജനങ്ങളെ വായിക്കാന്‍ നിര്‍ബന്ധിക്കുന്ന പത്രങ്ങളുടെ  മികവുകൊണ്ടാണ് അവ നിലനില്‍ക്കുന്നത് എന്ന് ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടു. പത്രം വായിക്കാതെ ജീവിക്കാന്‍ പറ്റില്ല എന്നു വിചാരിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് അച്ചടി പത്രവായന കുറഞ്ഞ് ഡിജിറ്റല്‍ പത്രങ്ങളിലേക്കെത്തിയിരിക്കുകയാണ് നാം.

ടാജ് മാത്യു, ബിജു കിഴക്കേക്കുറ്റ്, രാജു പള്ളത്ത്, ജോസ് കാടാപുറം തുടങ്ങിയവരും സംസാരിച്ചു. പത്രം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചവരും പത്രം താമസിയാതെ നിന്നു പോകുമെന്ന് ആശങ്ക പ്രകടിപ്പിച്ചവരും ഈ തലമുറയോടു കൂടി പത്രങ്ങളുടെ ചരമഗീതം എഴുതപ്പെടുമെന്ന് സങ്കടപ്പെട്ടവരും ചേര്‍ന്ന് പത്രങ്ങളുടെ നിലനില്‍പ്പ് സംബന്ധിച്ച സെഷന്‍ സജീവമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക