Image

ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ് പ്രേക്ഷക അംഗീകാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമോ..? ചൂടന്‍ ചര്‍ച്ച

Published on 12 October, 2025
ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ് പ്രേക്ഷക അംഗീകാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമോ..? ചൂടന്‍ ചര്‍ച്ച

ന്യൂജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന ദിവസത്തെ ഇന്ററാക്ടീവ് ഫോറം മീഡിയ സെമിനാറില്‍ 'പ്രേക്ഷകര്‍ക്ക് ടി.വി റേറ്റിംഗ് എത്രമാത്രം പ്രസക്തമാണ്..?' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ചൂടേറിയതായിരുന്നു. ബാര്‍ക്ക് റേറ്റിങ് സത്യസന്ധമാണോ അതോ മാനിപ്പുലേറ്റഡ് ആണോ എന്ന സദസ്യരുടെ നിലപാടുകളും പരസ്പരം മല്‍സരിക്കുന്ന ചാനല്‍ പ്രതിനിധികളുടെ ഉത്തരങ്ങളും അവരവരുടെ നിലപാടുകളെ സാധൂകരിക്കുന്നതായിരുന്നു. അതേസമയം റേറ്റിങ് എന്തായാലും സത്യസന്ധമായ വാര്‍ത്തകള്‍ പ്രേക്ഷകരില്‍ എത്തുന്നുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുര്യന്‍ പാമ്പാടിയുടെ സാന്നിധ്യത്തില്‍ ജോസ് കാടാപുറമാണ് ചര്‍ച്ച മോഡറേറ്റ് ചെയ്തത്.   ബാര്‍ക്ക് റേറ്റിങ് വച്ചാണോ ആളുകള്‍ ടി.വി ചാനലുകള്‍ കാണുന്നത് എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തി ഉണ്ടെന്ന് ന്യൂസ് 18 കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ലീന്‍ ജെസ് മാസ് അഭിപ്രായപ്പെട്ടു. ചാനലുകളുടെ വിപണനത്തിന് ഉപയോഗിക്കുന്ന ബാര്‍ക്ക് റേറ്റിങിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ചാനല്‍ കാണാന്‍ പ്രേക്ഷകര്‍ കൂടുതല്‍ ഉണ്ടാവുമെന്നും ലീന്‍ വ്യക്തമാക്കി.


ആത്യന്തികമായി പ്രേക്ഷകര്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ചാനല്‍ കാണുന്നു എന്നതിനാണ് പ്രാധാന്യം എന്ന് ഏഷ്യാനെറ്റിന്റെ അബ്‌ജോദ് വര്‍ഗീസ് അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് വര്‍ഷത്തില്‍ ഏതാണ്ട് 95 ശതമാനം ആഴ്ചകളിലും ഒന്നാം സ്ഥാനത്ത് വരുന്നു. അപൂര്‍വം ചില അവസരങ്ങളില്‍ റിപ്പോര്‍ട്ടര്‍ അല്ലെങ്കില്‍ 24, ഏഷ്യാനെറ്റിനെ മറികടന്നിട്ടുണ്ട്. അപ്പോള്‍ അവര്‍ നടത്തുന്ന ആഘോഷം ഈ ഒന്നാം സ്ഥാനം എന്നത് വളരെ വിലപിടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ്. ചാനലുകള്‍ തമ്മിലുള്ള മത്സരം രൂക്ഷമായപ്പോള്‍ ലാന്‍ഡിങ് പേജിന് വലിയ സ്വാധീനം ഉണ്ടായെങ്കിലും പഴയതു പോലെ ആള്‍ക്കാര്‍ ടി.വി കാണുന്നില്ലെന്ന് അബ്‌ജോദ് പറഞ്ഞു. കഷ്ടപ്പെട്ടിട്ടു തന്നെയാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതെന്നും അബ്‌ജോദ് കൂട്ടിച്ചേര്‍ത്തു.

ആരോഗ്യകരമായ മത്സരം ഏത് ഇന്‍ഡസ്ട്രിയിലും നല്ലതാണെന്നും കഠിനാദ്ധ്വാനം ചെയ്താല്‍ എന്തും എത്തിപ്പിടിക്കാമെന്ന് തനിക്ക് മനസ്സിലാക്കി തന്നത് റിപ്പോര്‍ട്ടറിലെ രണ്ടര വര്‍ഷക്കാലമാണെന്നും റിപ്പോര്‍ട്ടര്‍ ടി.വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ സുജയ പാര്‍വതി ചൂണ്ടിക്കാട്ടി. ഷിഫ്റ്റ് ഇല്ലാതെയാണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. ആരോഗ്യകരമായ മത്സരബുദ്ധി പുലര്‍ത്തിയാലേ കണ്ടന്റും ടെക്‌നോളജിയും മെച്ചപ്പെടൂ. റിപ്പോര്‍ട്ടറും 24-ഉം കൊടുത്ത ഒരു സ്‌ക്രീന്‍ നറേറ്റീവ് ആണ് ഏഷ്യാനെറ്റ് വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന സ്റ്റാന്‍ഡേര്‍ഡ് ഫോം മാറ്റാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് സുജയ പറഞ്ഞു.  

മനോരമയും മാതൃഭൂമിയും കൈരളിയും ന്യൂസ് 18നും ജനവുമെല്ലാം മാറ്റത്തിന്റെ പാതയിലാണ്. മത്സരത്തില്‍ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടുന്നതു പോലെയാണ് എല്ലാ വ്യാഴാഴ്ചയും വരുന്ന ബാര്‍ക്ക് അപ്‌ഡേറ്റിനെ കാണുന്നത്. മാര്‍ക്കറ്റിങ് സൈഡിലാണ് ഈ റേറ്റിങ് കൂടുതല്‍ പ്രതിഫലിക്കുന്നതെന്നും അത് അനിവാര്യമാണെന്നുമാണ് സുജയയുടെ വാദം. ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടരാതിരിക്കാനുള്ള പണി ഞങ്ങള്‍ തന്നുകൊണ്ടിരിക്കുമെന്നും സുജയ പറഞ്ഞു.

ബാര്‍ക്ക് റേറ്റിങ് അപ്‌ഡേറ്റ് വരുന്ന എല്ലാ വ്യാഴാഴ്ചയും ചാനല്‍ പ്രവര്‍ത്തകര്‍ക്ക് ചങ്കിടിപ്പാണ് എന്ന് 24 ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം പറഞ്ഞു. ഇതൊരു ഇന്‍ഹൗസ് മാര്‍ക്കറ്റിങ് ടൂളാണ്. അത് പ്രേക്ഷകരെ നേരിട്ട് ബാധിക്കുന്നില്ല. പക്ഷേ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇതിനെ പറ്റി ബോധമുണ്ട്. മത്സരം കടുക്കുമ്പോള്‍ പല മാര്‍ക്കറ്റിങ് തന്ത്രങ്ങളും ചാനലുകള്‍ പ്രയോഗിക്കാറുണ്ട്. അതിലൊന്നാണ് ലാന്‍ഡിങ് പേജ്. അതിനൊക്കെ വലിയ പണച്ചെലവുണ്ട്. എന്നാല്‍ ഏതെങ്കിലുമൊക്കെ കാലത്ത് ഈ റേറ്റിങ് എന്നത് പ്രേക്ഷകരുടെ ചാനല്‍ കാഴ്ചയുടെ പ്രതിഫലനമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നന്നും ഹാഷ്മി താജ് പറഞ്ഞു.


എല്ലാ ചാനലുകളിലെയും 80-90 ശതമാനം കണ്ടന്റുകളും  ഒന്നാണെന്ന് മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് വാദിക്കുന്നു. ന്യൂസ് ചാനലുകള്‍ക്ക് റേറ്റിങ് വേണോ എന്നൊരു ആലോചന വന്നതാണ്. പക്ഷേ, മാര്‍ക്കറ്റിങ് ഏജന്‍സികള്‍ക്കൊക്കെ എന്തെങ്കിലും ഒരു തീരുമാനമെടുക്കണമെങ്കില്‍ അവര്‍ക്കൊരു കറന്‍സി വേണം എന്നൊരു നിലപാടെടുത്തു. റേറ്റിങ് നോക്കിയല്ല ക്ലൈന്റുകള്‍ പരസ്യം തരുന്നത്. റേറ്റിങിനെ ആശ്രയിക്കുന്നവരുമുണ്ട്. ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്തു ഫലം എന്നു ചോദിക്കുന്നതു പോലെ ചാനലുകള്‍ തങ്ങളുടെ പ്രൊഫഷണല്‍ എത്തിക്‌സ് നില നര്‍ത്തേണ്ടതുണ്ട്. ഒന്നാം സ്ഥാനത്ത് സ്ഥിരമായി തുടരുന്ന ഏഷ്യാനെറ്റ് എന്തുകൊണ്ടാണ് ഒന്നും രണ്ടും ലാന്‍ഡിങ് പേജുകള്‍ എടുത്തതെന്ന് ജോണി ലൂക്കോസ് ചോദിച്ചു. വീഡിയോ വ്യൂവേഴ്‌സിന്റെ കാര്യത്തില്‍ മനോരമ തന്നെയാണ് ഒന്നാമതെന്ന് അദ്ദേഹം വ്യക്തമാക്കി.

മാറ്റങ്ങള്‍ കൊണ്ടു വരുന്നതില്‍ ബാര്‍ക്ക് റേറ്റ് ഒരു പ്രേരകശക്തിയായി പ്രവര്‍ത്തിക്കുന്നു എന്നത് ശരിയാണെന്ന് മാതൃഭൂമിയുടെ മോത്തി രാജേഷ് പറഞ്ഞു. ബാര്‍ക്ക് റേറ്റിങിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് അമിതാവേശമില്ലെന്നും, മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മോത്തി പറഞ്ഞു. കണ്ടന്റ് നന്നാക്കുന്നതു സംബന്ധിച്ച് റിസേര്‍ച്ച് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാതൃഭൂമിയും നടത്തുന്നുണ്ട്. റേറ്റിങ് കൂടിയാലോ കുറഞ്ഞാലോ തങ്ങളുടെ ചാനലില്‍ അമിത സന്തോഷമോ അതീവ ദുഃഖമോ ആരും പ്രകടിപ്പിക്കാറില്ല. അത്തരം ഭയമില്ലാതെ ആത്മ വിശ്വാസത്തോടു കൂടിയാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ ബാര്‍ക്കിന്റെ റേറ്റിങ് വ്യത്യാസങ്ങളില്‍ പലരും ഗൂഢമായി ആനന്ദിക്കുന്നുണ്ടെന്ന് മോത്തി ചൂണ്ടിക്കാട്ടി.


ചാനലുകളുടെ രാഷ്ട്രീയ ചായ്‌വിനെതിരെയും അസത്യ പ്രചാരണത്തിനെതിരെയും സദസില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിമര്‍ശിക്കാം. പക്ഷേ, സ്തുതി പാടല്‍ അരോചകമാണെന്നും അഭിപ്രായമുയര്‍ന്നു.  ബാര്‍ക്ക് റേറ്റിങ് പ്രേക്ഷകരുടെ വിശ്വാസ്യതയായി കണക്കാക്കാനാകില്ലെന്നാണ് പലരും പറഞ്ഞത്. ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എയുടെ മാര്‍ക്കറ്റിങ് ഹെഡ് ബിജു സക്കറിയ കൃജ്ഞത പ്രകാശിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക