Image

സ്വര്‍ണപ്പാളി കേസില്‍ ഇടപെടാന്‍ ഇ.ഡിയും വരുന്നു; സി.പി.എം വലിയ രാഷ്ട്രീയ കുരുക്കിലേയ്ക്ക് (എ.എസ് ശ്രീകുമാര്‍)

Published on 13 October, 2025
സ്വര്‍ണപ്പാളി കേസില്‍ ഇടപെടാന്‍ ഇ.ഡിയും വരുന്നു; സി.പി.എം വലിയ രാഷ്ട്രീയ കുരുക്കിലേയ്ക്ക് (എ.എസ് ശ്രീകുമാര്‍)

ശബരിമലയിലെ ആസൂത്രിതമായ സ്വര്‍ണക്കൊള്ളയുടെ കോളിളക്കത്തില്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയിലെ ഉദ്യോഗസ്ഥ പ്രമാണികളും രാഷ്ട്രീയ നോമിനികളും സി.പി.എമ്മിന്റെ ബന്ധപ്പെട്ടവരുമെല്ലാം വല്ലാത്ത ചങ്കിടിപ്പിലാണ്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ സ്വര്‍ണം കട്ടവരെല്ലാം കടുത്ത പ്രതിരോധത്തിലായിരിക്കുന്നും. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകള്‍ ശബരിമലയുടെ പരിധിയിലുള്ള റാന്നി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.  ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി.

രണ്ട് ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളി കടത്തി എന്നതാണ് ഒരു കേസ്. ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ കടത്തിയ സംഭവത്തിലാണ് മറ്റൊരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവാദ സ്‌പോണ്‍സറും വ്യാജ അവതാരവുമായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് രണ്ടു കേസിലും ഒന്നാം പ്രതി. വരുംദിവസങ്ങളില്‍ നോട്ടീസ് നല്‍കി പ്രതികളെ വിളിച്ചുവരുത്തും. ക്രൈംബ്രാഞ്ചിന് പിന്നാലെ കേസില്‍ ഇടപെടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തീരുമാനിച്ചതോടെ  സര്‍ക്കാരില്‍ നിന്നും സി.പി.എമ്മില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ട് പോവുകയാണ്. അതേസമയം നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യും. പിന്നാലെ മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കും.

സി.പി.എം നേതാവും 2019-ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും പ്രതിചേര്‍ത്താണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ഈ ഭരണ സമിതി 8-ാം പ്രതിസ്ഥാനത്ത്. ശ്രീകോവിലിന്റെ കട്ടിള പാളി ചെമ്പ് എന്ന് പറഞ്ഞ് വീണ്ടും സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കെ.പി ശങ്കര ദാസ്, പാറവിള എന്‍.വി ജയകുമാര്‍ എന്നിവായിരുന്നു അന്ന് ബോര്‍ഡ് അംഗങ്ങള്‍.  അതേസമയം  ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ പത്ത് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ സ്ഥാനത്തിരിക്കെ ഇപ്പോള്‍ സസ്‌പെന്‍ഡിലായ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാര്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, ദേവസ്വം മുന്‍ ബോര്‍ഡ് സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍മാരായ കെ.എസ് ബൈജു, ആര്‍.ജി രാധാകൃഷ്ണന്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ് രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ മുരാരി ബാബുവും കെ സുനില്‍ കുമാറും ഒഴിച്ചുള്ളവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.

പ്രതികള്‍ക്കെതിരെ കവര്‍ച്ച, വ്യാജരേഖ ചമക്കല്‍, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ദേവസ്വം വിജലിന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ശബരിമലയില്‍ നിന്ന് കാണാതായത് 989 ഗ്രാം സ്വര്‍ണ്ണം അഥവാ 124 പവന്‍ ആണ്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്ക് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. എന്നാല്‍, 98-ല്‍ വിജയ് മല്യ നല്‍കിയതില്‍ ദ്വാരപാലക ശില്പങ്ങള്‍ പൊതിയാന്‍ ഉപയോഗിച്ചത് ഒന്നര കിലോ സ്വര്‍ണ്ണമാണ്. 2019-ല്‍ ചെന്നെയില്‍ ഉരുക്കിയപ്പോള്‍ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കിട്ടിയതായി സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുന്നത് 577 ഗ്രാം മാത്രം. ബാക്കി ഒരു കിലോയോളം സ്വര്‍ണ്ണം എവിടെ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ഏഴ് പാളികള്‍ ആസിഡ് പ്രക്രിയയിലൂടെ വേര്‍തിരിച്ചപ്പോള്‍ 409 ഗ്രാം സ്വര്‍ണ്ണം കിട്ടിയെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വാദം. 98-ല്‍ പാളികള്‍ പൊതിയാന്‍ എത്ര സ്വര്‍ണ്ണം ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല. ഇത് രണ്ടും ചേര്‍ക്കുമ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം ഒന്നര കിലോയലധികം സ്വര്‍ണ്ണം വേണം. പക്ഷെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നത് അര കിലോയില്‍ താഴെ സ്വര്‍ണ്ണം മാത്രമേയുള്ളുവെന്നാണ്.

2019-ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിയാക്കിയതും ഉദ്യോഗസ്ഥര്‍ പ്രതിയായതും ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ചെയ്തികള്‍ ബോര്‍ഡ് അംഗങ്ങളറിയാതിരിക്കാന്‍ വഴിയില്ലെന്ന ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലും സി.പി.എമ്മിനെ രാഷ്ട്രീയക്കുരുക്കിലാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവുമാണ് ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. അതിനാല്‍ കവര്‍ച്ച തെളിയിക്കപ്പെടും വരെ പാര്‍ട്ടിയുടെ ന്യായീകരണങ്ങള്‍ വിലപ്പോവില്ല.

സ്വര്‍ണക്കൊള്ള അന്വേഷിക്കാനെത്തുന്ന ഇ.ഡി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും മൊഴികളും പരിശോധിച്ച ശേഷമാകും വിശദമായ അന്വേഷണത്തിലേക്ക് കടക്കുക. ഇതിനിടെ, പ്രത്യേക സംഘം അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച. സ്വര്‍മം പൂശുന്ന ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ രാവിലെ പ്രത്യേക സംഘം പരിശോധന നടത്തി. സ്വര്‍ണപ്പാളി കൈമാറ്റം ചെയ്യാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ച ഹൈദരാബാദ് സ്വദേശി നാഗേഷിനെ കേന്ദീകരിച്ചും അന്വേഷണം നടത്തും. ഇയാള്‍ പോറ്റിയുടെ സുഹൃത്ത് കൂടിയാണ്. ശബരിമലയില്‍ നിന്നുള്ള സ്വര്‍ണപാളികള്‍ ദിവസങ്ങളോളം സൂക്ഷിച്ചിരുന്നത് ഹൈദരാബാദിലുള്ള നാഗേഷിന്റെ സ്ഥാപനത്തിലായിരുന്നു. അവിടെവെച്ചാണ് പാളിയുടെ തൂക്കത്തില്‍ നാലര കിലോയോളം വ്യത്യാസം ഉണ്ടായെന്ന് കണ്ടെത്തിയത്.

ഇതുവരെ സംശയത്തിന്റെയും ആരോപണങ്ങളുടെയും നിഴലില്‍ ഉണ്ടായിരുന്നവര്‍ കവര്‍ച്ച എന്ന ക്രിമിനല്‍ കുറ്റത്തിന്റെ നിയമനടപടികള്‍ക്ക് വിധേയരാവുകയാണ്. സ്വര്‍ണപ്പാളി കാണാതായതില്‍ ആരെയും സംരക്ഷിക്കാനില്ലെന്നു പറഞ്ഞ സി.പി.എം ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്കും ദേവസ്വം ഉദ്യോഗസ്ഥരിലേക്കും ആരോപണമുന തിരിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്തിലേക്ക് എത്തുമ്പോള്‍ എ പത്മകുമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് നിലപാട് വ്യക്തമാക്കേണ്ടിവരും. അന്വേഷണം ബോര്‍ഡില്‍നിന്ന് ദേവസ്വം വകുപ്പിനുള്ളിലേക്കെത്തുമ്പോള്‍ അന്നത്തെ ദേവസ്വം മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുരേന്ദ്രന് മറുപടി പറയേണ്ടി വരും.
 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക