മൂന്നു മാസങ്ങൾക്കു മുൻപാണ് നടി സംഗീത ബിജ്‌ലാനിയുടെ മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ഫാംഹൗസിൽ മോഷണം നടന്നത്. പാവന ഡാമിനടുത്തുള്ള ഈ ഫാംഹൗസിലെ മോഷണക്കേസിന്റെ അന്വേഷണ പുരോഗതി അറിയാൻ നടി അടുത്തിടെ പൂനെ റൂറൽ സൂപ്രണ്ട് ഓഫ് പോലീസ് സന്ദീപ് സിംഗ് ഗില്ലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സംഭവം നടന്ന് മൂന്ന് മാസമായിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിൽ തന്റെ ആശങ്ക പങ്കിടുകയാണ് നടി. ഈ വസ്തുവിൽ തനിക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും വ്യക്തിഗത സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് താൻ ഫയർ ആംസ് ലൈസൻസിനായി (തോക്ക് ലൈസൻസ്) അപേക്ഷിച്ചിട്ടുണ്ടെന്നും നടി അറിയിച്ചു.
ജൂലൈ മാസത്തിലാണ് അജ്ഞാതരായ ചിലർ നടിയുടെ ഫാംഹൗസിൽ അതിക്രമിച്ച് കയറി ഫ്രിഡ്ജ്, ടിവി സെറ്റുകൾ, ഫർണിച്ചറുകൾ തുടങ്ങിയ വീട്ടുപകരണങ്ങൾ നശിപ്പിച്ചത്. ഭിത്തികളിൽ അശ്ലീലമെഴുതി വയ്ക്കുകയും ചെയ്തു. പോലീസിന്റെ കണക്കനുസരിച്ച്, 50,000 രൂപ പണമായും 7,000 രൂപ വിലയുള്ള ടെലിവിഷനും മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയി. ഈ സംഭവം തന്നെ വല്ലാതെ അസ്വസ്ഥമാക്കിയെന്നാണ് സംഗീത ബിജ്‌ലാനി പറയുന്നത്.