"കുസുമവദനമോഹസുന്ദരാ...."
മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റായ ഗാനമാണ്.
ഈഗാനംപാടിയ സരസ്വതി ശങ്കർ
എന്ന ഗായികയെ ഇന്നാരെങ്കിലും ഓർക്കുന്നുണ്ടോ?
ഒരുപിടിപാട്ടുകൾ പാടിയെങ്കിലും മലയാളസിനിമാ സംഗീതത്തിൽ
വലിയൊരു ഗ്യാപ്പുണ്ടായി ഈ ഗായികയ്ക്ക്.
സംഗീതം പാരമ്പര്യമായിക്കിട്ടിയൊരു കുടുബത്തിലായിരുന്നു, സരസ്വതിയുടെ ജനനം.
സ്വാതി തിരുനാൾ സംഗീത കോളേജ് സ്ഥാപകനും
കോളേജിന്റെ ആദ്യത്തെ ഓണററി പ്രിൻസിപ്പാളുമായിരുന്ന ഗായക ശിഖാമണി
ഹരികേശനല്ലൂർ ഡോ.എൽ.മുത്തയ്യ ഭാഗവതരുടെ കൊച്ചുമകളാണ് സരസ്വതി.
ഗായക രത്നവും സ്വാതിതിരുനാൾ സംഗീത കോളേജിന്റെ പ്രിൻസിപ്പാളുമായിരുന്ന, നെല്ലായി.ടി.വി.കൃഷ്ണമൂർത്തിയുടെ അഞ്ചു മക്കളിൽ മൂന്നാമത്തെയാളാണ് സരസ്വതി.
അമ്മ ഗോമതിയമ്മാൾ,
ഗാനരചയിതാവും സംഗീത സംവിധായികയും
ജൻസ് ഗായികയും.
ആകെ സംഗീത മുഖരിതമായൊരു അന്തരീക്ഷത്തിൽ
സംഗീതം മാത്രം കേട്ടു വളർന്ന കുട്ടി.
അച്ഛൻ തന്നെയിരുന്നു സരസ്വതിയുടെ സംഗീത ഗുരുവും.
തിരുവനന്തപുരം ഹോളി ഏഞ്ചൽസിലും, ആൾസെയിന്റ്സ്കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ സരസ്വതി ആദ്യകാലത്ത് പാടിയിരുന്നത് ഇംഗ്ളീഷ് ഹിന്ദി ഗാനങ്ങൾമാത്രമായിരുന്നു. കേരളത്തിലെ അനേകം വേദികളിൽ
ഹിന്ദി ഗാനങ്ങൾ പാടാനായി ഓരോ ട്രൂപ്പുകാരും
സരസ്വതിയെ ആയിരുന്നു.
ഉഷാ ഉതുപ്പിന്റെ ഗാനങ്ങൾ അതേ ഭാവചലനങ്ങളോടെ ആലപിക്കുമായിരുന്നു അവർ.
അതു കൊണ്ട്തന്നെ ജൂനിയർ ഉഷാ ഉതുപ്പ്
സരസ്വതി ശങ്കർ കേരളമെങ്ങും അറിയപ്പെട്ടിരുന്നത്.
അന്ന്പലർക്കും അറിയില്ലായിരുന്നു
ഇവർ മലയാളിയാണെന്ന കാര്യം.
എന്തുകൊണ്ടെന്നാൽ സരസ്വതിയ്ക്ക് അന്ന് ഹിന്ദി ഇംഗ്ളീഷ്
ഭാഷകൾ മാത്രമേ വശമുണ്ടായിരുന്നുള്ളൂ.
1992ൽ
മോഹൻസിതാരയുടെ സംഗീതത്തിൽ
“അപർണ്ണ” എന്നചിത്രത്തിലൂടെയായിരുന്നു
സരസ്വതി ശങ്കറുടെ സിനിമയിലെ അരങ്ങേറ്റം.
എന്നാൽ ആ ഗാനം പുറത്തിറങ്ങുംമുൻപ്
“പണ്ടു പണ്ടൊരുരാജകുമാരി”എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ
ഏതാനും വരികൾ പാടിയത് പുറത്തുവന്നു.
ശ്യാം ആയിരുന്നു സംഗീത സംവിധായകൻ.
2000ൽ എം.ജി.ശ്രീകുമാറിന്റെസംഗീതത്തിൽ "താണ്ഡവം"
എന്നചിത്രത്തിലെ "പാലും കുടമെടുത്ത്...." എന്ന ഗാനമാണ്
സരസ്വതി ശങ്കറിനെ ഒരുഗായികയെന്ന നിലയിൽ പ്രശസ്‌തിയിലെത്തിച്ചത്.
2006ൽ എം.ജയചന്ദ്രന്റെ സംഗീതത്തിൽ പാടിയ
“കുസുമവദന...” സരസ്വതി ശങ്കറിന്
നല്ലൊരു ബ്രേക്ക് സമ്മാനിച്ചെങ്കിലും പിന്നീട് അധികമൊന്നും ഗാനങ്ങളിലൂടെ
ആ ശബ്ദം കേൾക്കുകയുണ്ടായില്ല.
2007ൽ വീരാളിപ്പട്ട്എന്ന ചിത്രത്തിലാണ് സരസ്വതിശങ്കർ
ഏറ്റവുമൊടുവിൽ പാടിയത്.
പിന്നീട് തമിഴ്,തെലുങ്ക്, കന്നട സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ
മലയാളത്തിൽ ഗാനങ്ങളില്ലാതെയായി.
എങ്കിലും ആറ്റുകാൽ ഭക്തി ഗാനങ്ങളുൾപ്പെടെ
അനേകം ആൽബംഗാനങ്ങളിൽ അവർ പാടിയിരുന്നു.
സംഗീതരംഗത്ത് 40 വർഷംപൂർത്തിയാക്കിക്കഴിഞ്ഞു സരസ്വതിശങ്കർ.
നല്ലൊരു സംഗീത കുടുംബം.
സരസ്വതിയുടെ മറ്റു സഹോദരങ്ങളും സംഗീതത്തിന്റെ വഴിയിലാണ്.
ചേച്ചി രാജലക്ഷ്മി ഗാനപ്രവീണയും
സംഗീത അദ്ധ്യാപികയുമാണ്.
മറ്റൊരാൾ ഡോ.ജയലക്ഷ്മി എറണാകുളം മഹാരാജാസ്കോളേജിലെ
സംഗീതവിഭാഗം ഹെഡ് ആയിരുന്നു. സഹോദരൻമാരിലൊരാൾ
വയലിനിസ്റ്റും മറ്റൊരു സഹോദരൻ ആൾ ഇന്ത്യാ റേഡിയോ (കോഴിക്കോട്)
സ്റ്റാഫ് ആർട്ടിസ്റ്റുമായിരുന്നു.
മുഴക്കമുള്ള ശബ്ദം ഉള്ളതുകൊണ്ടാവാം പാടാൻ കിട്ടിയ പാട്ടുകളെല്ലാം
ഒരേ ടൈപ്പ് ആയിപ്പോയത്.
ലളിതസംഗീതവും ശാസ്ത്രീയ സംഗീതവും അഭ്യസിച്ച ഗായിക.
പക്ഷേ, എന്തുകൊണ്ടോ
മലയാള സിനിമയിൽനിന്നും പിന്നീടൊരു വിളിയുണ്ടായില്ല.
അവസരങ്ങൾക്കായി അവർ ആരെയും സമീപിച്ചതുമില്ല.
മെലഡികൾ പാടാനാഗ്രഹമുള്ള സരസ്വതി ശങ്കറിന് അത്തരം അവസരങ്ങൾ
ലഭിയ്ക്കട്ടെ എന്നാശംസിക്കുന്നു.