നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം നിർവ്വഹിക്കുന്ന ‘പാതിരാത്രിയിലെ ആദ്യഗാനം എത്തിയിരിക്കുകയാണ്. തുടരും, ലോക എന്നീ ഇൻഡസ്ടറി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രമാണിത്. ചിന്മയി ശ്രീപദ ആലപിച്ച ‘നിലഗമനം..’ എന്ന പ്രോമോ ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. സിനിമയുടെ ജോണറിന് ചേർന്ന് നിൽക്കുന്ന വിധമാണ് ഗാനം.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം നിർവ്വഹിക്കുന്നത്. നവ്യ നായരും സൗബിൻ ഷാഹിറും പൊലീസുകാരായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് സ്ഥാനത്ത് തുടരുകയാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.