അവിഹിതം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ, നടന്നതോ, നടക്കുന്നതോ ആയ അരുതാത്ത കാര്യങ്ങളെ കുറിച്ച് ഒരാകാംക്ഷ ഏവര്‍ക്കും ഉണ്ടാകാറുണ്ട്. അത് ആര്‍ തമ്മില്‍ എന്നതിനെ കൂടി ആശ്രയിച്ചാണ് ആകാംക്ഷയുടെ തീവ്രത കൂടുന്നത്. നഗരത്തില്‍ ഇതൊന്നും വലിയ പുത്തരിയല്ല. അവിടെയാര്‍ക്കും ആരുടെയും സ്വകാര്യ ജീവിതത്തെ കുറിച്ച് ചിന്തിക്കാനും സൂക്ഷ്മദര്‍ശിനി വച്ചു നോക്കാനും സമയില്ല. പക്ഷേ നാട്ടിമ്പുറത്ത് അതല്ല സ്ഥിതി. അങ്ങനെയൊരു നാട്ടില്‍ പുറത്ത് നടക്കുന്ന ഒരു അവിഹിതത്തിലെ പങ്കാളിയായ സ്ത്രീയെ കണ്ടെത്താനുള്ള കുറേ ചെറുപ്പക്കാരുടെ ഉറക്കമിളച്ചുള്ള കാത്തിരിപ്പും അന്വേഷണവുമാണ് അവിഹിതം എന്ന ചിത്രം.
മുതിര്‍ന്ന പുരുഷന്‍മാര്‍ക്കും കൗമാരപ്രായക്കാര്‍ക്കും സന്ധ്യയ്ക്ക്മുമ്പേ വീട്ടിലെത്തണമെന്ന് വലിയ നിര്‍ബന്ധമൊന്നും കല്‍പ്പിക്കാത്ത സമൂഹമാണ് നമ്മുടേത്. അവര്‍ റോഡരുകിലെ കലുങ്കിലിരുന്നോ, അമ്പലപ്പറമ്പിലോ അങ്ങനെ എവിടയെങ്കിലുമൊക്കെ കൂടിയിരിക്കാം. പെണ്‍കുട്ടികളുടെ കാര്യങ്ങള്‍പറയാം, സിനിമയും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാം. പറ്റുമെങ്കില്‍ ചെറിയതോതില്‍ മദ്യപാന സദസ് ഒരുക്കാം. ഇങ്ങനെ സമൂഹത്തില്‍ പൊതുവേ ആണ്‍കുട്ടികള്‍ക്ക് അപ്രഖ്യാപിതമായി അനുവദിച്ചു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യവും അത് അവര്‍ പ്രയോജനപ്പെടുത്തുന്ന പതിവു രീതികളും കാണിച്ചു കൊണ്ടാണ് അവിഹിതം തുടങ്ങുന്നത്. അതിന് കൃത്യമായ ഒരു വോയ്‌സ് ഓവറും സംവിധായകന്‍ നല്‍കുന്നുണ്ട്. ഇതിലാണ് എവിടെയോ ഒരു അവിഹിതത്തിന്റെ സൂചന സംവിധായകന്‍ നല്‍കുന്നത്.
ഇങ്ങനെ കൂട്ടുകാരുമൊത്ത് പതിവു സായാഹ്നത്തിലുള്ള കൂട്ടുചേരല്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ചെറുപ്പക്കാരന്‍ പരിചയക്കാരന്റെ വീടിന്റെ അടുത്ത് നടക്കുന്ന 'അവിഹിതം' കാണുന്നു. ഈ അവിഹിതത്തില്‍ ഉള്‍പ്പെട്ട പുരുഷനെതിരിച്ചറിയാന്‍ അയാള്‍ക്ക് കഴിയുന്നുണ്ട്. പക്ഷേ അതില്‍ പങ്കാളിയായ സ്ത്രീയെ അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല. ആ സ്ത്രീയെ കണ്ടെത്താനുള്ള ചെറുപ്പക്കാരന്റെയും അയാളുടെ സുഹൃത്തുക്കളുടെയും പരിശ്രമങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
അവിഹിതം എന്ന വാക്കിലെ 'വിലക്കപ്പെട്ട വിഹിതം, അഥവാ പങ്ക്' എന്ന ആശയം ഈ സിനിമയില്‍ വളരെ മനോഹരവും ബ്രില്ല്യന്റുമായി ഉപയോഗിച്ചിട്ടുണ്ട്. സ്ത്രീപുരുഷ രഹസ്യബന്ധങ്ങള്‍ പ്രമേയങ്ങളായ സിനിമകള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയ മലയാള പ്രേക്ഷകന് അവിഹിതം എന്ന പേരില്‍ എത്തിയ ചിത്രം അതിന്റെ ഒരടയാളവും വ്യക്തമാക്കാതെ മനോഹരമായി കഥ പറഞ്ഞു കൊടുക്കുന്നതാണ് കാണാന്‍ കഴിയുന്നത്.
സ്ത്രീപുരുഷ ബന്ധത്തില്‍ പുരുഷന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍,, അതേ അളവില്‍ ആഗ്രഹിക്കാനും അനുഭവിക്കാനുമുളള അവാകാശം സ്ത്രീക്കുമുണ്ടെന്ന് സംവിധായകന്‍ വ്യക്തമായി സ്ഥാപിക്കുന്നു. പെണ്ണ്, അവള്‍ ജീവിതത്തില്‍ അലങ്കരിക്കുന്ന സ്ഥാനം ഏതുമായിക്കൊള്ളട്ടെ, അവളെ വരച്ച വരയില്‍ നിര്‍ത്തണമെന്ന സമൂഹം രൂപപ്പെടുത്തിയ സാമാന്യബോധത്തെ അപ്പാടെ മാറ്റി വയ്ക്കാനും സംവിധായകന് കഴിയുന്നുണ്ട്. തന്റേടിയായ സ്ത്രീയെ കരണത്തടിച്ച് 'നന്നാക്കുന്ന' സ്ത്രീ കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഒരുപാട് കണ്ടിട്ടുണ്ട്. ആ കഥാ സന്ദര്‍ഭങ്ങളെ ഗംഭീരമായൊരു ട്വിസ്റ്റിലൂടെ അവിഹിതത്തില്‍ കാട്ടിത്തരുന്നുമുണ്ട്.
അവിഹിതവും ഒളിഞ്ഞു നോട്ടവുമാണ് കഥയിലെ പ്രസക്തഘടകമെങ്കിലും അത് മസാല ചേര്‍ക്കാതെ ചിത്രീകരിക്കുന്നതിലാണ് സംവിധായകന്റെ മിടുക്ക്. അവിഹിതത്തില്‍ പങ്കാളികളാകുന്നവരിലേക്ക് ക്യാമറ ഒരിക്കലും സൂം ചെയ്യുന്നില്ല. മറിച്ച് ഒളിഞ്ഞു നോക്കുന്നവരുടെ മുഖത്തേക്കാണ് സദാചാരത്തിന്റെ ലെന്‍സ് വച്ച ക്യാമറ സൂം ചെയ്യുന്നത്. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്‌ളസ് പോയിന്റ്. ആരും അഭിനയിക്കുകയാണെന്ന് പറയില്ല. അത്രമാത്രം സ്വാഭാവികതയോടെയാണ് ചിത്രത്തിലെ ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്. മറിമായം പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഉണ്ണിരാജ ചെറുവത്തൂരും യുവനടന്‍ രഞ്ജിത്ത് കാങ്കോലുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വന്നു പോകുന്നു. ഭാര്യയെ കലവറയില്ലാതെ സ്‌നേഹിക്കുകയും ഒരു ഘട്ടത്തില്‍ സംശയിച്ചു പോവുകയും ചെയ്യുന്ന കഥാപാത്രമായി രാകേഷ് ഉഷാര്‍ ഗംഭീര അഭിനയം കാഴ്ച വച്ചിട്ടുണ്ട്. രാകേഷിന്റെ അമ്മയായി എത്തുന്ന കഥാപാത്രവും മികച്ച പ്രകടനം കാഴ്ച്ച വച്ചിട്ടുണ്ട്. ഇരുവരെയും കാത്ത് മലയാളത്തില്‍ നിരവധി കഥാപാത്രങ്ങള്‍ കാത്തിരിപ്പുണ്ടെന്നു നിസ്സംശയം പറയാം.
വിനീത് ചാക്യാര്‍, ധനേഷ് കോലിയാത്ത്, വൃന്ദ മേനോന്‍, അജിത്ത് പുന്നാട്. ഉണ്ണിക്കൃഷ്ണന്‍ പരപ്പ്, ടി ഗോപനാഥന്‍, വിജീഷ നീലേശ്വരം, അമ്മിണി ച്ന്ദ്രാലയം, പാര്‍വണ രാജ്, ബീന കടക്കാട്, വിസ്മയ ശശികുമാര്‍, ശ്യാമിലി ദാസ, പ്രേമലത, വിപിന്‍ കെ.എം, സ്വപ്ന പല്ലം, സായന്ത്, മുകേഷ് ഓ.എം.ആര്‍, കാര്‍ത്തിക വിജയകുമാര്‍, പ്രഭാകരന്‍ വേലേശ്വരം, ശുഭ സി.പി, ലക്ഷ്മണന്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്. മസാലയിലേക്ക് വീണുപോകാവുന്ന ഒരു പ്രമേയത്തെ രസകരമായി അവതരിപ്പിച്ചതില്‍ സംവിധായകന്‍ സെന്ന ഹെഗ്‌ഡെ വിജയിച്ചിട്ടുണ്ട്. കാമ്പുള്ള, ലളിതവും ശക്തവുമായ പ്രമേയവുമുളള നമ്മുടെയെല്ലാം പരിസരങ്ങളില്‍ കാണുന്ന ജീവിതവും വ്യക്തികളും നിറഞ്ഞു നില്‍ക്കുന്ന സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ ഈ ചിത്രം മിസ്സ് ചെയ്യരുത്.