മൂടൽമഞ്ഞിന്നിടയിലൂടെ,
നിലാത്തിരിയുമായ്,
കടൽവയലുകൾ കടന്ന് തളർന്നുനില്പവൾ...!
നിനവുകൾ കരഞ്ഞുതളർന്ന രാവുകൾക്കപ്പുറം,
പക്ഷികൾ പറന്നകന്ന,
വെയിലു വിഴുങ്ങിയ വയലുകൾക്കപ്പുറം,
മിടിക്കുന്നതുണ്ടവളുടെ ഹൃദയമിപ്പൊഴും..!
കവാടങ്ങൾ തുറന്നില്ല,
അനാഥമായ കുട്ടിക്കാലംപോലെ
അവളുടെ നിർഗ്ഗമങ്ങൾ കേട്ട്
കനംതൂങ്ങിനിന്നു പകലുകൾ...!
പാറകളിൽ ഉരസിയുരഞ്ഞ് രക്തം കിനിഞ്ഞ കണങ്കാലുകൾ,
നോവുകളുടെ വേവുകൾ,
നിശ്ശബ്ദതയുടെ വിങ്ങലുകൾ,
വെളിപ്പെടുത്തവേ
വിജനദ്വീപിൽ
തനിച്ചാക്കപ്പെട്ടവൾ...!
തോൽപ്പിച്ചവരറിഞ്ഞില്ലവൾ വെന്തുപോവില്ലെന്ന്,
തീയാറ്റിക്കുടിച്ചൊരു
പുതു നിലാവായ്
തിരിച്ചുവരുമെന്ന്...!
അവളുടെ കഥകൾ
വേദനയുടെ ഭാഷയിൽ എഴുതപ്പെട്ട
സത്യങ്ങളായി,
സാക്ഷ്യങ്ങളായി..
ഇന്നവളെ നയിക്കുന്നതു
നഷ്ടങ്ങളല്ല,
ഭയപ്പാടിന്നോർമ്മകളല്ല,
വസന്തങ്ങളുടെ പ്രഭാതങ്ങളാണ്...!