Image

എം.ഡി. രത്നനമ്മയുടെ 82-ാം ജന്മദിനം : ആർ . ഗോപാലകൃഷ്ണൻ

Published on 15 October, 2025
എം.ഡി. രത്നനമ്മയുടെ 82-ാം ജന്മദിനം : ആർ . ഗോപാലകൃഷ്ണൻ

നോവലിസ്റ്റും ചെറുകഥാകൃത്തുമായ എം.ഡി. രത്നനമ്മയുടെ 82-ാം ജന്മദിനം ഇന്ന്. സ്നേഹപൂർവം ജന്മദിനം ആശംസകൾ അറിയിക്കട്ടെ!

2013-ൽ കേരള സാഹിത്യ അക്കാദമി, സമഗ്രസം ഭാവനകൾക്കുള്ള പുരസ്‌കാരം നൽകി എം.ഡി. രത്നനമ്മയെ ആദരിച്ചു.

സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് രത്നമ്മയുടെ മിക്ക നോവലുകളും രചിക്കപ്പെട്ടിട്ടുള്ളത്;  സ്ത്രീപക്ഷത്തു നിന്ന് അവരുടെ വൈവിധ്യമാർന്ന ജീവിതവ്യഥകളും സാധാരണക്കാരുടെ ഇടയിലെ നിത്യജീവിതപ്രശ്നങ്ങളും മിഴിവോടെ  ആവിഷ്ക്കരണമാക്കി എന്ന നിലയിൽ  മലയാള സാഹിത്യത്തിലെ കഥാ-നോവൽ രംഗത്തെ വനിതകളിൽ  രത്നമ്മയുടെ സ്ഥാനം ശ്രദ്ധേയമാണ്.

രത്നമ്മ ടീച്ചറുടെ മൂന്ന് നോവലുകൾ അടിസ്ഥാനമാക്കി സിനിമകൾ നിർമ്മിക്കപ്പെടുകയുണ്ടായി; മറ്റൊന്ന്, ടെലിവിഷൻ സീരിയൽ ആയി ദൂരദർശൻ ടെലികാസ്റ് ചെയ്തു. 
 

1943 ഒക്ടോബര്‍ 15-ന് തിരുവല്ലയിൽ എം. ഡി. രത്നമ്മ ജനിച്ചു. പിതാവ് പ്രസിദ്ധനായ 'പൊൻകുന്നം ദാമോദരൻ': അദ്ദേഹം കവിത, നോവൽ, നാടകം, ഗാനരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പുരോഗമന എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും അധ്യാപകനുമായിരുന്നു. അമ്മ: കുഞ്ഞിക്കുട്ടിയമ്മ. എഴുത്തുകാരായ എം.ഡി. രാജേന്ദ്രൻ, എം.ഡി. അജയഘോഷ്, എം.ഡി. ചന്ദ്രമോഹൻ എന്നിവർ സഹോദരങ്ങളാണ്.

മുക്കുതല, തിരുവല്ല എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ രത്നമ്മ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം നേടി. തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ അധ്യാപികയായി 1966 ല്‍ ഔദ്യോഗിക ജീവിതമാരംഭിച്ച അവർ 1999-ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ ഹിന്ദിവിഭാഗം മേധാവിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
 

നോവലിസ്റ്റായാണ് രത്നമ്മ സാഹിത്യത്തിൽ കടന്നു വന്നതു തന്നെ, ഒരു നോവലിസ്റ്റായി തന്നെയാണ്; അവർ മലയാള സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചതും തന്റെ നോവൽ രചനകളിലൂടെയാണ്. എന്നാൽ, പശു, പന്തൽ, അവളുടെ പേര് രാധ, നിരീക്ഷകരുടെ ഗ്രാമം തുടങ്ങി മികച്ച കഥകളും എഴുതിയിട്ടുണ്ട്.

ആദ്യ നോവൽ 'എട്ടുകാലി' 1973-ൽ പ്രസിദ്ധീകരിച്ചു.  25 നോവലുകളുടെയും 60 - ലധികം ചെറുകഥകളുടെയും രചയിതാവാണ്, എം. ഡി. രത്നമ്മ.

ആമുഖമായി സൂചിപ്പിച്ചുതുപോലെ, സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മിക്കവാറും നോവലുകളും ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത് സാധാരണക്കാരുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങൾ ആണ് ഇവയിലെ മുഖ്യപ്രതിപാദ്യം..... അതുകൊണ്ട് സ്ത്രീപക്ഷത്തു നിന്ന്, സാധാരണക്കാരുടെ ജീവിതകഥകൾ അവതരിപ്പിക്കുന്ന ഒരു പ്രമുഖ എഴുത്തുകാരിയാണ് ഇവർ.

ആദ്യ കൃതിയായ 'എട്ടുകാലി'യിലെ കേന്ദ്ര കഥാപാത്രം വിവാഹജീവിതത്തിലെ താളപ്പിഴകൾ കാരണം ഒറ്റയാൾ ജീവിതം നയിക്കുന്ന യുവതിയാണ്.

കോളേജ് അദ്ധ്യാപികയും സാഹിത്യകാരി യുമായ ഒരുവളുടെ ഒരു ദുരന്ത പ്രണയകഥയാണ് ഈ എഴുത്തുകാരിയുടെ ഏറ്റവും പ്രധാനപ്പെട്ട രചനയായ 'ദ്രൗപതി'യിലെ പ്രതിപാദ്യം. പ്രണയവിവാഹവും തുടർന്ന് നേരിടേണ്ടി വന്ന ദാമ്പത്തിക ജീവിതത്തിലെ അസ്വാരസ്യങ്ങളും അതിൽ നിന്ന് ഉളവായ വിഷാദവും നായികയെ അപ്രതീക്ഷിതമായ മരണത്തിലേയ്ക്ക് നയിക്കുന്നു.

നിഷ്കളങ്കയായ കോളേജ് വിദ്യാർത്ഥിനിക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്തു നിന്ന് ഏൽക്കുന്ന ജീവിതാദുരന്തമാണ് 'കോവള'ത്തിലെ പ്രതിപാദ്യവിഷയം. 'ആദിമധ്യാന്തങ്ങൾ' എന്ന നോവലിൽ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ  വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്നു.  
 

എഴുപതുകളിൽ തുടങ്ങി തൊണ്ണൂറുകളുടെ അവസാനം വരെ രത്നമ്മ സാഹിത്യ രംഗത്ത് വരെ സജീവമായിരുന്നു. ആ കാലഘട്ടത്തിലെ മലയാളസാഹിത്യ രംഗത്തെ ഒരു പ്രധാന വനിതാ സാന്നിദ്ധ്യമായി ഈ എഴുത്തുകാരി അറിയപ്പെട്ടു. 1993-ൽ മലയാളത്തിലെ മാധവിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖ കഥാകാരികളുടെ ഒരു സമാഹാരം ഡോ. കെ. എം.ജോർജിന്റെ ഉത്സാഹത്തിൽ ന്യൂഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചപ്പോൾ ('ഇന്നർ സ്പെയ്സ്') രത്നമ്മയുടെ 'പശു' പ്രസിദ്ധമായ കഥയും അതിൽ ചേർത്തിരുന്നു.

രത്നമ്മ തന്റെ പല കഥകളും ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരണത്തിന് നല്കിയിട്ടുണ്ട്. അതു പോലെ ഹിന്ദിയിലെ ചില കഥകൾ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു.
 

രത്നമ്മടെ മൂന്ന് നോവലുകൾ പ്രശസ്ത സംവിധായകർ സിനിമയാക്കിയിട്ടുണ്ട്: സംവിധായകൻ സത്യൻ അന്തിക്കാടിൻറെ 'അദ്ധ്യായം ഒന്നു മുതൽ' (1985) എന്ന സിനിമ രത്നമ്മയുടെ 'ആദിമധ്യാന്തങ്ങൾ' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവരുടെ പ്രശസ്ത നോവലായ  'ദ്രൗപതി' 13 എപ്പിസോഡുകളുള്ള ഒരു ടെലിവിഷൻ സീരിയൽ ആയി ദൂരദർശൻ ടെലികാസ്റ് ചെയ്തു.

സമഗ്ര സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2013) പല അംഗീകാരങ്ങളും രത്നമ്മയെ തേടി എത്തിയിട്ടുണ്ട്.

രത്നമ്മടെ ഭർത്താവ്‌ പരേതനായ ടി. എസ്. രവീന്ദ്രൻ പിള്ള, സ്റ്റേറ്റ് ഗവണ്മെന്റ് സർവേ വകുപ്പ് ഉദ്യോഗസ്ഥനയിരുന്നു. മൂത്ത മകൻ സുധീർ ബാങ്ക് എക്സിക്യുട്ടീവാണ്; രണ്ടാമൻ ദീപു, പഞ്ചായത്ത് വകുപ്പിലും .
 

അനുബന്ധം: 
 

പുസ്തകരൂപത്തിൽ വന്ന രചനകൾ:
(നോവലുകൾ:) എട്ടുകാലി (1973); വധു; ആത്മഹത്യാമുനമ്പ്; കോവളം; ധന്യ; എവിടെയോ ഒരു തീരം; തീരം തേടി; അരണ്യവാസം; പകൽ; ശിശിരം; ശൈത്യം; ഗ്രീഷ്മം; വർഷം; കീർത്തി; ഇനി സുമിത്ര പറയട്ടെ; മകൻ എന്റെ മകൻ; ആദിമധ്യാന്തങ്ങൾ; എന്നും നിന്റെ സൂര്യൻ; സ്വന്തം; ദ്രൗപദി; എന്ന് സ്വന്തം ഹരിപ്രിയ; വൃന്ദക്ക് സുഖം തന്നെ; നാളെ ഞങ്ങളുടെ വിവാഹം; ദിവ്യം മോഹനം (പുറത്തുവന്ന 24 നോവലുകൾ കാലഗണന പ്രകാരം ഇവയാണ്) ഇതിൽ 'ഉറങ്ങു സൗമ്യേ ഉറങ്ങു' ആണ് 'വർഷം' ആയും 'അനിലയുടെ സ്വപ്‌നങ്ങൾ'  'ഗ്രീഷ്മം' ആയും പിന്നീട് പുറത്തു വന്നത്..

ചെറുകഥാ സമാഹാരങ്ങൾ: അപർണ; പ്രതിമയായിത്തീർന്ന  പെൺകുട്ടി; എന്റെ പ്രിയ കഥകൾ.

കടപ്പാട്: MD Rajendran; SudheerKumar 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക