Image

ഞങ്ങളുടെ ജെയിംസ് ബോണ്ട് കാമുകൻ : രവിമേനോൻ

Published on 15 October, 2025
ഞങ്ങളുടെ ജെയിംസ് ബോണ്ട് കാമുകൻ : രവിമേനോൻ

"സിന്ദൂരം' സിനിമ കാണാൻ കൽപ്പറ്റ വിജയാ ടാക്കീസിൽ  ചെന്നതായിരുന്നു കൂട്ടുകാർക്കൊപ്പം. സ്റ്റണ്ട് വീരൻ  എന്നും മലയാള സിനിമയിലെ ജെയിംസ് ബോണ്ട്‌ എന്നുമൊക്കെ ചെറുപ്പക്കാർക്കിടയിൽ അറിയപ്പെട്ടിരുന്ന വിൻസന്റ് ആണ് സിനിമയിലെ നായകൻ. നായിക ജയഭാരതി.

കൂടെക്കൂടെ കോളിനോസ് പുഞ്ചിരി തൂകുകയും വേണ്ടിവന്നാൽ എതിരാളികളെ ഒറ്റയ്ക്ക് ഇടിച്ചു പതം വരുത്തുകയും ചെയ്യുന്ന വിൻസന്റിനോട് കറ കളഞ്ഞ ആരാധനയാണ്  അന്ന്. മാത്രമല്ല,  നസീർ കഴിഞ്ഞാൽ  ഏറ്റവുംമനോഹരമായ  ഗാനരംഗങ്ങളിൽ അഭിനയിക്കാൻ  ഭാഗ്യം സിദ്ധിച്ചയാൾ എന്ന നിലയ്ക്കുമുണ്ട്  വിൻസന്റിനോട് സ്നേഹം. വാകപ്പൂ മരം  ചൂടും, ദേവീ നിൻ ചിരിയിൽ, ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു, പാലരുവിക്കരയിൽ, ആദ്യസമാഗമ ലജ്ജയിൽ, എന്തിനെന്നെ വിളിച്ചു നീ വീണ്ടും, പുഷ്പഗന്ധീ സ്വപ്നഗന്ധീ, മദിരാക്ഷി നിൻ മൃദുലാധരങ്ങൾ, വിജനതീരമേ, രൂപവതീ നിൻ രുചിരാധരമൊരു, മരാളികേ, മനസ്സ് മനസ്സിന്റെ കാതിൽ, അമ്പിളി വിടരും പൊന്മാനം..... എല്ലാം വിൻസന്റ് പാടി അഭിനയിച്ച അനശ്വര  ഗാനങ്ങൾ.

സിന്ദൂരത്തിലെ  "ഒരു നിമിഷം തരൂ നിന്നിലലിയാൻ'' എന്ന പാട്ടിനൊത്ത്    വിൻസന്റ് ചുണ്ടനക്കുന്നത് ഓലമേഞ്ഞ സിനിമാക്കൊട്ടകയിലെ ഇരുട്ടിൽ അന്തം വിട്ടു നോക്കിയിരുന്ന ഒമ്പതാം ക്ലാസുകാരന്റെ ഉള്ളിൽ  വരികളെഴുതിയ സത്യൻ അന്തിക്കാടോ ഈണമിട്ട എ ടി ഉമ്മറോ പാടിയ യേശുദാസോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വിൻസന്റ് എന്ന സുന്ദരനായ കാമുകൻ  മാത്രം.

ഒരിക്കലെങ്കിലും വിൻസന്റിനെ നേരിൽ കാണണം എന്ന മോഹം മനസ്സിൽ ഉള്ളിൽ വളർത്തിയത് ആ പാട്ടായിരിക്കണം. "സിന്ദൂരം' കൽപ്പറ്റയിൽ  കളിച്ചുപോയി  ഒരു മാസത്തിനകം   ഞങ്ങളുടെ സ്കൂളിനടുത്തുള്ള റിപ്പണ്‍ എസ്റ്റേറ്റിന്റെ പരിസരത്ത് വിൻസന്റ്  ഏതോ പടത്തിന്റെ ചിത്രീകരണത്തിന് എത്തിയതായി വിവരം കിട്ടുന്നു. രാജകോകില എന്ന നടിയും ഉണ്ട് ഒപ്പം.  വയനാട്ടിൽ സിനിമാ ഷൂട്ടിംഗ് അത്യപൂർവ സംഭവമാണ് അന്ന്.  കർണാടക അതിർത്തിയിൽ നിന്നു വരെ  പ്രിയതാരങ്ങളെ കാണാൻ ലോറിയിലും ജീപ്പിലും  ആളെത്തിയിരുന്ന കാലം. ഒരുച്ചക്കാണ്  ലൊക്കേഷനിൽ ചെന്നത് എന്നോർക്കുന്നു. അഗ്ഫയുടെ  പഴയൊരു   `ക്ലിക്ക് ത്രീ' ക്യാമറയും ഉണ്ട്  കൂട്ടുകാരന്റെ കയ്യിൽ. ഭാഗ്യം തുണച്ചാൽ വിൻസന്റിനൊപ്പം ഒരു ഫോട്ടോയും തരപ്പെടുത്തമല്ലോ. മൊബൈലും സെൽഫിയുമൊന്നും സങ്കൽപ്പങ്ങളിൽ പോലും ഇല്ലാത്ത കാലം.

ചെന്നപ്പോൾ പൂരത്തിനുള്ള ആളുണ്ട്  ഷൂട്ടിംഗ് കാണാൻ. ഫോട്ടോ എടുക്കാൻ പോയിട്ട് നായകനെ അടുത്തുചെന്നൊന്നു കാണാൻ പോലും വഴിയില്ല.  ആൾക്കൂട്ടത്തിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച കുട്ടിപ്പട്ടാളത്തെ ജനക്കൂട്ടവും പൊലീസും  കൂടി തള്ളിപ്പുറത്താക്കിയത് മിച്ചം. പ്രിയതാരത്തെ  ദൂരെ ഒരു പൊട്ടു പോലെ കണ്ടു നിരാശരായി മടങ്ങേണ്ടി വന്നു ഞങ്ങൾക്ക്.

പിന്നീട് വിൻസന്റിനെ കാണുന്നത് വർഷങ്ങൾ കഴിഞ്ഞ് പത്രപ്രവർത്തന ജീവിതകാലത്താണ്. മലയാള സിനിമ ഏറെ മാറിപ്പോയിരുന്നു അപ്പോഴേക്കും. പുതിയ താരങ്ങളും പുതിയ സംവിധായകരും വന്നു. എഴുപതുകളിലെ നായകർ പലരും മറവിയിൽ മറഞ്ഞു. ഐ വി ശശിയുടെ ഏതോ സിനിമയുടെ ഷൂട്ടിംഗ് ആണെന്നാണ് ഓർമ്മ,  കലാകൗമുദി ഫിലിം മാഗസിന് വേണ്ടി കവർ ചെയ്യാൻ ചെന്നപ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നകലെ ഒരു മരച്ചുവട്ടിൽ ഏകനായി എന്തോ ചിന്തിച്ചിരിക്കുന്ന മനുഷ്യൻ കണ്ണിൽ പെട്ടത്. എവിടെയോ കണ്ടുമറന്ന മുഖം. അടുത്തുചെന്നപ്പോൾ  പെട്ടെന്ന് ആളെ മനസ്സിലായി -- പഴയ വിൻസന്റ്. സിനിമയിൽ മിന്നിമറയുന്ന ഗസ്റ്റ് റോളുകളിൽ  ഒതുങ്ങിപ്പോയിരുന്നു അപ്പോഴേക്കും അദ്ദേഹം. ഈ സിനിമയിൽ കുറച്ചു വില്ലത്തരമുള്ള  ഒരു സബ് ഇൻസ്പക്റ്ററുടെ വേഷമാണ് വിൻസന്റിന്. ഷൂട്ടിംഗ് കാണാൻ കൂടിനിന്നവരിൽ ഒരാൾ പോലും ശ്രദ്ധിക്കുന്നില്ല മലയാളിയുടെ ആ പഴയ ആക്ഷൻ ഹീറോയെ. സങ്കടം തോന്നി, ചെറിയൊരു ആത്മരോഷവും. എങ്കിലും ഒരു സന്തോഷം ഉണ്ടായിരുന്നു, ആരും ശല്യപ്പെടുത്താൻ വരില്ലല്ലോ ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ.

തന്നെ തിരിച്ചറിയുന്ന, തന്റെ പഴയ സിനിമകളിലെ മനോഹര ഗാനങ്ങൾ സ്നേഹത്തോടെ ഓർക്കുന്ന ഒരു യുവ ആരാധകനെ മുന്നിൽ കിട്ടിയപ്പോൾ സന്തോഷപൂർവ്വം സംസാരിച്ചുതുടങ്ങി വിൻസന്റ്. "പല പാട്ടും പാടി അഭിനയിച്ചത് അവയുടെ അർത്ഥം മനസ്സിലാക്കിയല്ല. ഇപ്പോൾ വർഷങ്ങൾക്കു ശേഷം  അവ ടെലിവിഷനിൽ കാണുമ്പോഴും റേഡിയോയിൽ കേൾക്കുമ്പോഴുമാണ് എത്ര അർത്ഥവത്തായ വരികളാണ് ഞാൻ പാടി അഭിനയിച്ചത് എന്നോർക്കുക. ഒരു നിമിഷം തരൂ നിന്നിലലിയാൻ, ഒരു യുഗം തരൂ നിന്നെ അറിയാൻ എന്ന പാട്ട് ഓർമ്മയില്ലേ? ഒരു സാധാരണ സ്ത്രീയുടെ മനസ്സ് ഇതിലും നന്നായി വരച്ചുവെക്കാൻ കഴിയുമോ?'' വിൻസന്റ് ചോദിച്ചു. ആ പാട്ടിന്റെ പല്ലവി മൂളുക കൂടി ചെയ്തു അദ്ദേഹം.

ഉള്ളിലെ പത്രക്കാരനിൽ   ആ പഴയ ആരാധകൻ വീണ്ടും വന്നു നിറഞ്ഞോ എന്ന് സംശയം. "പെൺപട''യിലേയും "പെൺപുലി''യിലേയും "പട്ടാളം ജാനകി''യിലെയും  വീരശൂര പരാക്രമിയായ കൗബോയ് നായകനിതാ തൊട്ട് മുന്നിൽ, കയ്യെത്തും ദൂരെ... ഗോവിന്ദൻകുട്ടിയേയും ജോസ് പ്രകാശിനേയും ഉമ്മറിനേയുമൊക്കെ കണ്ണിൽച്ചോരയില്ലാതെ കൈകാര്യം ചെയ്ത   ആ പഴയ തെന്നിന്ത്യൻ ജെയിംസ് ബോണ്ടിന്റെ വീരകഥകൾ ഓർത്തെടുത്ത് ആവേശപൂർവം വിവരിച്ചുകൊണ്ടിരുന്ന ആരാധകനെ  ചെറുപുഞ്ചിരിയോടെ നോക്കിയിരുന്നു വിൻസന്റ്.

അഭിമുഖം കഴിഞ്ഞു യാത്ര പറഞ്ഞു പിരിയവേ  വിനയപൂർവ്വം വിൻസന്റ് പറഞ്ഞ വാക്കുകൾ ഈ ജന്മം മറക്കില്ല: "കഴിയുമെങ്കിൽ ഒരു ഉപകാരം ചെയ്യണം. നിങ്ങളുടെ ഫോട്ടോഗ്രാഫർ എടുത്ത എന്റെ ഫോട്ടോയുടെ നല്ല ഒരു കോപ്പി അയച്ചു  തരണം.  ആരെങ്കിലും ആവശ്യപ്പെട്ടാൽ കൊടുക്കാമല്ലോ..''

അത്ഭുതത്തോടെ ആ മുഖത്തു നോക്കി  നിന്നുപോയി. പ്രിയ നായകൻറെ ഒപ്പം ഒരു ഫോട്ടോ എടുക്കാൻ കഴിയാതെ സ്വയം പഴിച്ച് നിരാശനായി നടന്നകന്ന ആ പഴയ സ്കൂൾ കുട്ടി ചെറുതായൊന്നു വിതുമ്പിയോ എന്റെ ഉള്ളിൽ? 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക