
ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ 2019-ല്‍ കട്ടെടുത്ത് കൊണ്ടുപോയത് പിടിക്കപ്പെടാതിരിക്കാന്‍ ദേവസ്വം മഹസറും പൂഴ്ത്തിയെന്ന് കണ്ടെത്തിയിരിക്കെ കിലോക്കണക്കിന് സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയും പറ്റിയ അവസരം നോക്കി കടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റയടക്കമുള്ള കൊള്ള സംഘം പദ്ധതിയിട്ടിരുന്നെവെന്നുവേണം അനുമാനിക്കാന്‍. 1998-99 കാലത്ത് 30.3 കിലോ സ്വര്‍ണമാണ് വിജയ് മല്യ ശ്രീകോവില്‍, ദ്വാരപാലക ശില്‍പങ്ങളുടെ പാളികള്‍, കട്ടിള പാളികള്‍ തുടങ്ങിയവ പൊതിയാന്‍ കൊടുത്തത്. ഇതില്‍ ദ്വാരപാലക, കട്ടിള പാളികള്‍ മോഷ്ടിച്ച് വിറ്റു എന്നാണ് മനസിലാക്കുന്നത്.
മഴയും വെയിലും ഏല്‍ക്കുന്നതിനാല്‍ ദ്വാരപാലക, കട്ടിള പാളികളേക്കാള്‍ കൂടുതല്‍ കനത്തിലാണ് മേല്‍ക്കുരയില്‍ സ്വര്‍ണം പൊതിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സ്വര്‍ണ പാളികള്‍ പൂശാന്‍ കൊണ്ടുപോയതിലെ വന്‍ ക്രമക്കേട് പുറത്തു വന്നില്ലായിരുന്നുവെങ്കില്‍ അധികം താമസിയാതെ ശ്രീകോവിലിന്റെ മേല്‍ക്കൂരയും അപ്രത്യക്ഷമായേനെ. അത്രയ്ക്കും ആസൂത്രിതമായാണ് പോറ്റിയും ദേവസ്വം ബോര്‍ഡിലെ പ്രതിസ്ഥാനത്തുള്ളവരും കവര്‍ച്ചയുടെ കരുക്കള്‍ നീക്കിയത്.
ഇതിനിടെ ശബരിമല അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തതേടെ സംശയത്തിന്റെ മുന ഒന്നാം പിണറായി സര്‍ക്കാരിലെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ നേര്‍ക്ക് തിരിയുകയാണ്. സ്വര്‍ണം പൊതിഞ്ഞ ചെമ്പ് തകിടുകളാണ് ദ്വാരപാലക ശില്‍പങ്ങളില്‍ ഉണ്ടായിരുന്നത് എന്നറിയാമായിരുന്നിട്ടും വെറും ചെമ്പ് തകിടുകള്‍ എന്നെഴുതിയ മഹസറില്‍ സാക്ഷിയായി ഒപ്പിട്ടു എന്ന കുറ്റത്തിനാണ് ഇന്നലെ കെ സുനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തത്. അതേസമയം, 2019-ല്‍ സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ മന്ത്രി കടകംപള്ളിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദേവസ്വം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി ബസന്ത് കുമാറായിരുന്നു.
മരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് സ്വര്‍ണം പൊതിഞ്ഞ പാളികള്‍ പലഘട്ടങ്ങളിലായി കടത്തുന്നത്. അതിനാല്‍ പാളി കടത്തല്‍ ബസന്ത് കുമാര്‍ അറിയാതെ നടക്കുന്നതല്ല. ഇയാള്‍ അറിഞ്ഞ സ്ഥിതിക്ക് വകുപ്പ് മന്ത്രി അറിയാതിരിക്കാനും തരമില്ല. അതിനാല്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണ് ശബരിമലയില്‍ അരങ്ങേറിയതെന്നാണ് പരക്കെയുള്ള ആക്ഷേപം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ചെമ്പില്‍ നിന്നു സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യമില്ലെന്ന് വ്യക്തമാക്കി തിരുവാഭരണം കമ്മിഷണറായിരുന്ന കെ.എസ് ബൈജുവിന്റെ റിപ്പോര്‍ട്ട് വെറും നാലു ദിവസത്തിനുള്ളില്‍ തിരുത്തിയതും വിവാദമായിട്ടുണ്ട്. സ്വര്‍ണം പൊതിഞ്ഞ പാളികള്‍ സന്നിധാനത്തു നിന്നിളക്കുമ്പോള്‍ അതിന് സാക്ഷിയാകേണ്ട കെ.എസ് ബൈജുവിന്റെ അസാന്നിധ്യം ദുരൂഹമാണ്.
ബംഗളൂരുവിലും ഹൈദരാബാദിലും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പ്രത്യേകസംഘം (എസ്.ഐ.ടി). അട്ടിമറി നടന്നത് ഹൈദരാബാദിലെന്നാണ് നിഗമനം. സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് ആദ്യം കൊണ്ടുപോയ ബംഗളൂരുവിലെ അനന്ത സുബ്രഹ്‌മണ്യത്തിന്റെ വീട്ടിലും ഹൈദരാബാദിലെ മന്ത്ര എന്ന സ്ഥാപനത്തിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തുന്നുണ്ട്. കൂടാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്‌മണ്യം ശബരിമലയില്‍ നിന്നും ബാംഗ്ലൂരില്‍ എത്തിച്ച സ്വര്‍ണ്ണ പാളി കൂടുതല്‍ ദിവസവും സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ വീട്ടിലാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
നാഗേഷിനെ കേന്ദ്രീകരിച്ചും സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ.യെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സി.ഇ.ഒയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ മന്ത്ര എന്ന സ്ഥാപനവും പരിശോധിക്കും. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഇടപാടുകളില്‍ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം സ്ഥാപന അധികാരികളെയും പ്രതിചേര്‍ക്കുന്നത് പരിശോധിക്കും. ഇതിനുശേഷമാകും ദേവസ്വം ഉദ്യോഗസ്ഥരിലേക്ക് എസ്.ഐ.ടി കടക്കുക. ഹൈദരാബാദില്‍ നിന്നും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ വൈകിയ 39 ദിവസത്തിനുള്ളില്‍ യഥാര്‍ത്ഥ പാളികള്‍ക്ക് എന്തു സംഭവിച്ചു എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. നടന്നത് ആസൂത്രിതമായ സ്വര്‍ണക്കൊള്ളയാണെന്ന വിലയിരുത്തലാണ് പ്രത്യേക സംഘത്തിനുമുള്ളത്.
അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്യുക മാത്രമല്ല, കട്ട് കൊണ്ടുപോയ സ്വര്‍ണം കണ്ടെത്തണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് ആവശ്യപ്പെട്ടത് കൗതുകകരമായി. സര്‍ക്കാരുമായി ബന്ധപ്പെട്ടവരും ദേവസ്വം ബാര്‍ഡിലെ അച്ചുതണ്ട് ശക്തികളും ചേര്‍ന്നാണ് സ്വര്‍ണം മോഷ്ടിച്ചത് എന്നിരിക്കെ ശബരിമലയില്‍ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 'നിഷ്‌കളങ്ക'മായി ആവശ്യപ്പെതിന്റെ ചേതോവികാരമെന്താണെന്നറിയില്ല. സര്‍ക്കാരിന്റെ കീഴിലാണല്ലോ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ കട്ടവര്‍ തന്നെ കള്ളനോട് മുതല്‍ തിരിച്ചുതരണമെന്ന് പറയുന്നതുപോലെയായി ഇത്.
സ്വര്‍ണക്കൊള്ള വിഷയത്തില്‍ നട തുറന്നശേഷം സന്നിധാനത്തെ സ്‌ട്രോങ്ങ് റൂം വീണ്ടും പരിശോധിക്കും. ആദ്യഘട്ടത്തില്‍ മൂന്ന് ദിവസങ്ങളിലായി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ശബരിമലയില്‍ പരിശോധന നടത്തിയിരുന്നു. ചെന്നൈയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശില്പങ്ങളുടെ പാളികളുള്‍പ്പെടെ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജസ്റ്റിസ് കെ.ടി ശങ്കരന്റെ നേതൃത്വത്തില്‍ വീണ്ടും പരിശോധന നടത്തും. ആറന്മുളയിലെ പ്രധാന സ്‌ട്രോങ്ങ് റൂം തുറന്നുള്ള പരിശോധന പിന്നീട് നടത്തുമെന്നും വിവരമുണ്ട്.
കേസില്‍ പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തിയ സംഘം തുടര്‍നടപടികള്‍ക്കും രൂപം നല്‍കി. അടുത്ത ഘട്ടം എന്ന നിലയില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദ്വാരപാലക ശില്പ പാളികളും കട്ടളപ്പാളികളും പ്രതികള്‍ കൊണ്ടുപോയ വഴിയെ സഞ്ചരിച്ചാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടത്തിയ പരിശോധനയില്‍ ദുരൂഹ ഇടപാടുകള്‍ അന്വേഷണ സംഘത്തിന് ബോധ്യപ്പെടുകയുണ്ടായി. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് എസ്.ഐ.ടി നീക്കം. തുടര്‍ന്നാകും അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാവുക. ഉണ്ണികൃഷ്ണന്‍ പോറ്റി ശക്തമായ നിരീക്ഷണത്തില്‍ തുടരുന്നു.