Image

ഇന്നത്തെ കവിതാ മാലിന്യങ്ങൾക്കരികെ ഒരു പൂമരം (സുധീർ പണിക്കവീട്ടിൽ)

Published on 16 October, 2025
ഇന്നത്തെ കവിതാ മാലിന്യങ്ങൾക്കരികെ ഒരു പൂമരം (സുധീർ പണിക്കവീട്ടിൽ)

ഓരോ കവിതയിലും കാണുക ഒരു വിഷയത്തെക്കുറിച്ചുള്ള കവിയുടെ അനുഭവങ്ങളോ തോന്നലുകളൊ ആകാം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തെപ്പറ്റിയുള്ള കവിയുടെ കാഴ്ചപ്പാടുകളോ മനുഷ്യജീവിതത്തിലെ ഏതെങ്കിലും അവസ്ഥകൾ എങ്ങനെയാകണം എന്ന കവിയുടെ ചിന്തകളോ അവർ കാവ്യരൂപത്തിൽ പകർത്താം. "കവിതയിൽ ഒരു വിതയുണ്ട്’’ എന്നു കുഞ്ഞുണ്ണിമാഷ്. വിത്തിനെ ഉള്ളിൽ മുളപ്പിച്ചു തഴപ്പിച്ചാൽ തളിരും പൂവും തേനും കായുമെല്ലാം അനുഭവിക്കാം.”

ശ്രീമതി മാർഗാരറ്റ് ജോസഫിന്റെ 79 കവിതകൾ അടങ്ങുന്ന സമാഹാരമാണ് ജപമണികളുടെ സംഗീതം. ദൈവമാതാവിന്റെ ഹൃദയത്തെ ഉണർത്തുന്ന  ജപമാലകളിലെ മണികൾ,  അതിന്റെ സംഗീതം. വളരെ അർത്ഥവത്തായ ഹൃദ്യമായ പേരാണ് മാർഗരറ്റ് ടീച്ചർ തന്റെ കാവ്യസമാഹാരത്തിനു നൽകിയിരിക്കുന്നത്. ദൈവാനുഗ്രഹം  കുടുംബത്തിന് ലഭിക്കാൻ ജപമാല ഭക്തിയാണെന്നു വിശ്വാസികൾ കരുതുന്നു.  ടീച്ചറുടെ കവിതകൾ ജപമാലയിലെ  മണികളായി സങ്കൽപ്പിച്ച് വായിച്ച് കാവ്യാംഗനയെ വീണ്ടെടുക്കാം. ജപമണികളുടെ സംഗീതം എന്ന ഒരു കവിതയുമുണ്ട് ഈ സമാഹാരത്തിൽ. ഇപ്പോൾ കവിതകൾ വെറും മാലിന്യകൂമ്പാരങ്ങളായി അധഃപതിച്ചുകൊണ്ടിരിക്കയാണെന്നാണ് എന്റെയും ഞാനുമായി ബന്ധപെടുന്നവരുടെയും  നിരീക്ഷണം. ഒരു പക്ഷെ ബുദ്ധിജീവികളുടെ സങ്കേതമായി കവിത മാറിയതുകൊണ്ടാകാം അങ്ങനെ പലർക്കും അഭിപ്രായങ്ങൾ ഉണ്ടാകുന്നത്.

ടീച്ചറുടെ കവിതകളിൽ ഒരു മാതൃഭാവം പ്രകടമാണ്. സമാഹാരത്തിലെ ആദ്യ കവിതയുടെ പേരും 'അമ്മ മനസ്സ് എന്നാണു.ഒരമ്മക്ക് അവരുടെ മക്കളുടെ ജീവിതയാത്ര നേരായ മാർഗ്ഗങ്ങളിലൂടെ ആകണമെന്ന ആഗ്രഹമുണ്ടാകുക സ്വാഭാവികമാണ്. അതിൽ ഒരു മാതാവിന്റെ ആർദ്രസ്വരങ്ങൾ നമുക്ക് കേൾക്കാം. അധികം സങ്കീർണമല്ലാത്ത ബിംബാവലികൾ വലിച്ചിഴക്കാതെ മനസ്സിൽ തട്ടുംവിധം വികാരങ്ങൾ സന്നിവേശിപ്പിച്ചിട്ടുണ്ടു. മാതാപിതാക്കളോടുള്ള മക്കളുടെ കർത്തവ്യങ്ങളെ ഒരു അധ്യാപികയപോലെ ഇതിൽ പറയുന്നുണ്ട്. "മാറത്ത് മാറാതെയൊട്ടി ക്കിടന്നവർ താങ്ങും തണലുമായ് ത്തീരേണ്ടവർ" എന്ന് ഓർമ്മിപ്പിക്കുന്നു.
മിക്കകവിതകളിലും അനവധി വർഷത്തെ അധ്യാപകവൃത്തിയുടെ പ്രതിധ്വനികൾ കേൾക്കാം. ഭാവി തലമുറയെ വാർത്തെടുക്കുന്നവരാണ് ഗുരുക്കന്മാർ. അറിവ് പകർന്നുകൊടുക്കുക എന്നതാണ് ഗുരുവിന്റെ മഹത്വം. ഗുരുവിന്റെ കൈവെട്ടിയവരെ നോക്കി ടീച്ചർ ചോദിക്കുന്നത് ഭാരതമേ നിൻ മതേതരത്വം ഏതോ പുരാവൃത്തമാകുന്നുവോ? ആർഷ മന്തങ്ങൾ ജനിച്ച നാട്ടിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നതിൽ ഖിന്നയായി ടീച്ചർ അവരുടെ പ്രതിഷേധം രേഖപെടുത്തുമ്പോഴും ഒരു  അമ്മയുടെ,അധ്യാപികയുടെ, സ്നേഹിതയുടെ പങ്കു ചേർന്നുകൊണ്ടാണ്. സ്നേഹത്തോടെ ശിക്ഷിക്കുക എന്ന ഗുരു പാരമ്പര്യം കവിതകളിലും.

ജപമണികളുടെ സംഗീതം എന്ന പേര് അന്വർത്ഥമാക്കുന്ന കവിതകളാണ് ഏഴല്ല എഴുപതുവ ട്ടം ക്ഷമിക്കുവിൻ, മരം വരം, ജ്ഞാനമനശ്വരം  ദിവ്യം, അന്നവും അക്ഷരവും. നിത്യവിരഹമേ... ഈ കവിതയിലും ഒരു സാധാരണ മനുഷ്യമനസ്സിലെ സംഘർഷങ്ങൾ, സന്ദേഹങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. "ജീവൻ വെടിയും  മുഹുർത്തമെന്തേ മാനവർക്കജ്ഞാതമായി മന്നിൽ "  എന്നാൽ ടീച്ചർക്ക്  അതിൽ പരാതിയില്ല എല്ലാം ദൈവനിശ്ചയമെന്ന വിശ്വാസത്തോടെ പറയുന്നു "ഇഷ്ടമുണ്ടെങ്കിലുമില്ലെങ്കിലും സത്യമേ, കുമ്പിട്ടിടുന്നു മുന്നിൽ. " "നിന്റെ രാജ്യം വരേണമേ എന്ന യേശുവിന്റെ വചനത്തോട് ചേർന്ന് നിൽക്കുന്നു. ദൈവത്തിന്റെ പൂന്തോട്ടം എന്ന കവിതയിലും ഈ ആശയം വരുന്നുണ്ട്. "മരണം സത്യം നിശ്ചിതമത്രെ സമയം മാതമനിശ്ചിതം”. നന്ദി നിരന്തരം നന്ദി എന്ന കവിതയിലും ദൈവികമായ ചിന്തകൾക്ക്  മുൻഗണന  നൽകുന്നുണ്ട്. "നിത്യം കൃതജ്ഞത ചൊല്ലാതെങ്ങനെ ജന്മം കൃതാർത്ഥമായി ത്തീരുമെന്നു അവർ ചോദിക്കുന്നു.

അർമേനിയയിലെ മത്സ്യകന്യക എന്ന കവിത ഒരു ഐതിഹ്യത്തെ ആസ്പദമാക്കി രചിച്ചതാണ്. പക്ഷെ നമ്മൾ കേട്ടിട്ടുള്ള ഐതിഹ്യമല്ല ടീച്ചർ പറയുന്നത്. എന്തായാലും വേറെ ഒരു ഐതിഹ്യം രസകരമായ അനുഭൂതി പകരുന്നത്. ഈ കവിതക്ക്  വയലാറിന്റെ പഴയ ഒരു പാട്ടിന്റെ ഓർമ്മ പുതുക്കുന്നുണ്ട്. ടീച്ചർ പറയുന്നത് ഒരു പെൺകിടാവ് കുടത്തിൽ വെള്ളവും നിറയ്ക്കാൻ പോയി അത് നിറഞ്ഞതറിയാതെ മധുരകിനാവിൽ മയങ്ങി വെള്ളം എമ്പാടും ഒഴുകി ഒരു വൃദ്ധൻ അവളെ ശപിച്ച് മത്സ്യകന്യകയാക്കിയെന്നാണ്. വയലാറിന്റെ വരികളിൽ ഇങ്ങനെ കാണുന്നു. മൺകുടം അഴകിന്റെ മന്ദാര മലർക്കുടം പെൺകൊടി മെല്ലെ മെല്ലെ പടവിൽ വച്ചു , താരക പെന്മണികൾ ആറാടും വെണ്ണിലാവിൻ തീരത്താ മങ്കയെന്തോ മറന്നു നിന്നു ....കന്വ തപോവനത്തിൻ കണമണിയെപ്പോലൊരു  പൊന്നിൻകിനാവിലവൾ മയങ്ങി നിൽക്കെ തന്നെ മറന്നു നിൽക്കെ , പുള്ളിമാൻപേടയുടെ വർണ്ണചിത്രമാർന്നൊരാ മൺകുടം മന്ദം മന്ദം ഒഴുകിപോയി.

ചില കവിതകൾ ബോധോദയപരമാണ്. ചില പാഠങ്ങൾ ചില സത്യങ്ങൾ, ചില യാഥാർഥ്യങ്ങൾ, വളരെ സരളമായി ആവിഷ്കരിക്കയാണ് ivayil  . പ്രകൃതിയിൽ ഋതുക്കൾ വരുന്നു പോകുന്നു. അവിടെ യൗവനാവർത്തനം ഉണ്ട് എന്നാൽ മനുഷ്യർക്ക് അങ്ങനെ ഒരു ഭാഗ്യമില്ല അവനു പ്രായം തിരിച്ചുകിട്ടുന്നില്ല പക്ഷെ ജീർണ്ണിച്ച ചേതനയറ്റുപോകുന്ന അവന്റെ ശരീരം മണ്ണിനു വളമാകുമ്പോൾ അവനും നിത്യവസന്തം ലഭിക്കുമെന്ന പ്രത്യാശ നൽകുന്നു നഷ്ടവസന്തം എന്ന കവിതയിൽ. മനസ്സിനെ ഒരു മായാവി ആയി കാണുന്ന കവിതയാണ് മനസ്സേ നീയൊരു മായാവി. വളരെ വ്യക്തമായി ഇതിൽ പറയുന്നുണ്ട് "ആരറിയുന്നു നിൻ മാനസവ്യാപാരങ്ങൾ ക്ഷണം. മായക്കുതിര ചില നേരം കടിഞ്ഞാണില്ലാതെവിടേക്ക് . ഇവിടെയും സ്നേഹത്തിന്റെ ജപമണികൾ നമ്മെ കേൾപ്പിക്കുന്നു. സഹനം, ത്യാഗം, നന്മ എന്നിവയുണ്ടെങ്കിൽ നമുക്ക് ലഭിക്കുന്ന ശക്തി വിസ്മയാവഹം എന്ന് ഉദ്ബോധിപ്പിക്കുന്നു.

പല കവിതകളും ആധാരപരമായ കവിതകൾ (Documentary Poetry) എന്ന വിഭാഗത്തിൽ പെടുന്നവയാണ്.  വാർത്തകളിൽ നിന്നും വർത്തമാനങ്ങളിൽ നിന്നും കണ്ടെത്തുന്ന ജീവിതമുഹൂർത്തങ്ങളെ  ആത്മനിഷ്ഠമായി വ്യാഖാനിക്കുകയാണ് ആധാരപരമായ കവിതകൾ ചെയ്യുന്നത്. ഇനിയും നല്ലൊരു ഭാര്യയായ് തീരുക, രക്ഷിക്കണേ എനിക്കൊരു കുഞ്ഞുണ്ട്, ചന്ദ്രയാൻ മൂന്ന്, സുന്ദരി ചെല്ലമ്മ, പണക്കൊതിയന്റെ പതനം, വിശപ്പിന്റെ വിളി തുടങ്ങിയ കവിതകൾ.

ടീച്ചറുടെ മറ്റു കവിതകളിൽ എല്ലാം മുഖ്യപ്രമേയമായിരിക്കുന്നത് ചിരന്തനമൂല്യമായ ധർമമാണ്.  ധർമ്മം എന്ന് പറയുമ്പോൾ മാനുഷികവികാരങ്ങളായ സ്നേഹം, ഭക്തി, ത്യാഗം, കാരുണ്യം തുടങ്ങിയവ ഉൾപ്പെടുന്നു.  അവയെ സംരക്ഷിക്കുക, സത്യം പുലരുക തുടങ്ങിയചിന്തകൾ കവിതകളിലെ ഇതിവൃത്തങ്ങളാണ്. അവയെ വിനിമയം ചെയ്യാൻ ഉപയോഗിക്കുന്ന വാക്കുകൾ സരളമാണ്. അതേസമയം ശക്തമാണ്. പരമാനന്ദം മറ്റെവിടെ എന്ന കവിത സ്വർഗ്ഗതുല്യമായ കുടുംബം മനുഷ്യർ കെട്ടിപ്പടുക്കണമെന്ന ആദർശത്തിൽ അധിഷ്ടിതമാണ്. ആ കവിതയിലെ ഈ വരികൾ ശ്രദ്ധിക്കുക " രക്ത ബന്ധം കൂട്ടിയിണക്കും , കുടുംബമാം വഴിയമ്പലം കടമകളെല്ലാം നിറവേറ്റുന്ന കളിവീടുകൾ ആകട്ടേയെങ്ങും . ജനിമൃതി ദൂരത്തിയാത്ര നരനും നാരിയുമൊരുപോലെ സ്നേഹപ്പൂവുകൾ വിരിയിച്ച് പൂങ്കാവനമാക്കാം ഭവനം.” ഇതേപോലെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇതിലെ എല്ലാ കവിതകളും വായനക്കാർക്ക് വായിക്കുംതോറും താൽപ്പര്യം വര്ധിപ്പിക്കുന്നവയാണ്. എഴുപത്തിയൊമ്പത് കവിതകൾ സർഗ്ഗസങ്കല്പങ്ങളുടെ ഒരു പൂമരം പോലെ മന്ദഹാസത്തിന്റെ പൂക്കൾ വീഴ്ത്തികൊണ്ടു നമ്മെ സുഖമുള്ള വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു,
സിഗ്നേച്ചർ പുബ്ലികേഷൻസ് കോട്ടയം ആണ് ഈ പുസ്തകത്തിന്റെ പ്രസാധകർ. അവരുടെ ഫോൺ നമ്പർ 9072571912.ഇതിന്റെ വില 210 രൂപ. കോപ്പികൾക്കായി അവരെ സമീപിക്കാവുന്നതാണ്. ശ്രീമതി മാർഗരറ്റ് ജോസഫ് , ന്യുയോർക്കിൽ ആണ് താമസിക്കുന്നത്. അവരുടെ ഫോൺ  9147792738. 
ശ്രീമതി മാർഗരറ്റ് ജോസഫിന് എല്ലാവിധ ഭാവുകങ്ങളും  നേരുന്നു.

ശുഭം
 

Join WhatsApp News
Prof K B Pavithran 2025-10-17 03:27:25
നല്ല വായനാനുഭവം . അഭിനന്ദനം 👍🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക