ഇരുളിന്‍ കാളിമയില്‍ കത്തിയമര്‍ന്ന
പകല്‍വെളിച്ചത്തിന്‍ പകയില്‍
വെന്തുരുകുന്ന നിഴലുകള്‍
അശാന്തിതന്‍ തീവ്രതയില്‍
അലയടിച്ചുതകരുമ്പോള്‍
അലച്ചിലിനാവര്‍ത്തന വിരസത.
തിമിരത്തറകളില്‍പ്പടര്‍ന്ന
ചിതല്‍പ്പുറ്റുകളിലസ്തിത്വം
പിടയുന്നു , പിടഞ്ഞലറുന്നു.
നോവുപടര്‍ന്ന മണല്‍ക്കൂനകളില്‍
തട്ടിയുടഞ്ഞു കാലിടറിയ ബലിതര്‍പ്പണം.
എരണ്ടപ്പക്ഷികളുടെ
നിലയ്ക്കാത്തരോദനം
മാറ്റൊലികൊള്ളുമ്പോള്‍
തിരിച്ചറിവിന്‍റെ വന്ധ്യത ചുരത്തുന്ന മാറിടങ്ങളില്‍
രക്തക്കറ പുരണ്ടൂറുന്ന മുലപ്പാല്‍
കുടിച്ചലറിവിളിക്കുന്ന വിലാപങ്ങള്‍.
പിണ്ഡം നഷ്ടപ്പെട്ടു മരിച്ച ഭൂമിയിലെ
അവസാനമരവും വെട്ടിവീഴ്ത്തി
നോഹയുടെപേടകം വീണ്ടുമുരുവായി.
നീട്ടിയ ഉള്ളംകൈയില്‍,
തുളവീഴ്ത്തിയ മഴത്തുള്ളിയില്‍
നിന്നും മദംപൊട്ടിയൊഴുകിയ പ്രളയം .
കറുത്ത നിഴല്‍പ്പൊട്ടുകള്‍ വളര്‍ന്നണയുന്ന കനല്‍ച്ചൂടില്‍
വെള്ളക്കുള്ളന്മാരുടെ* ഗര്‍ജ്ജനം .
ഓസോണ്‍ പാളിയിലെ
വിള്ളലുകളിലൂടെ ഊര്‍ന്നിറങ്ങുന്നൂ
മരണം.
പേടകത്തിന്‍ വാതിലുകള്‍
പ്രകമ്പനം കൊള്ളിച്ചടയുമ്പോള്‍
ഒരു വെള്ളരിപ്രാവുമാത്രം
വെന്തുരുകിയ ഭൂമിയുടെ
ചരമഗീതം പാടിത്തളര്‍ന്നു.
പ്രളയത്തിനൊടുവില്‍
കരതേടിപ്പറന്ന പ്രാവിന്‍റെ കൊക്കില്‍
ഒലീവിലകള്‍ കാണാന്‍ കൊതിച്ചൊരു
ഭ്രാന്തന്‍ സ്വപ്നം.
പ്രകാശവേഗത്തിനുമപ്പുറം
ഇന്‍റര്‍സ്റ്റെലര്‍* അളവുകള്‍ക്കുമപ്പുറം
വീണ്ടുമൊരു ശിലായുഗത്തിലേക്ക്,
പറന്നകന്നു.!
(വെള്ളക്കുള്ളന്മാര്‍:(തമോഗര്‍ത്തമായിത്തീരാവുന്ന നക്ഷത്രങ്ങള്‍,
ഇന്‍റര്‍സ്റ്റെലര്‍: നക്ഷത്രങ്ങള്‍ക്കിടയിലുള്ള പ്രകാശ ദൂരം)
വള്ളുവനാടൻ (ജോയി എബ്രഹാം) - ISRO മുൻ ശാസ്ത്രജ്ജൻ