Image

പണത്തിന് മീതേ പരുന്തും...(കഥ : ശ്രീകുമാർ ഭാസ്കരൻ )

Published on 16 October, 2025
പണത്തിന് മീതേ പരുന്തും...(കഥ : ശ്രീകുമാർ ഭാസ്കരൻ )

വിശാലമായ ആ പറമ്പ് ഞാൻ നോക്കി നിന്നു. ഭാവിയിൽ ഇവിടെ നിന്നുമാണ് നിരനിരയായി ലോറികൾ പോകേണ്ടത്. 
ഞങ്ങൾ ഒരു പുതിയ ബിസിനസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും സജീവും. 
സജീവനെ ഞാൻ പരിചയപ്പെടുന്നത് എൻറെ പൂർവാശ്രമ കാലഘട്ടത്തിലാണ്. അന്ന് ഞാൻ ഒരു ദൃശ്യ മാധ്യമത്തിന്റെ ചീഫ് എഡിറ്ററും സജീവ്  ആ ചാനലിന്റെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവുമായിരുന്നു. 
 ചീഫ് എഡിറ്റർ പദവി വലുത് എങ്കിലും പണം ചെറുതായിരുന്നു. ചെറിയ പ്രതിഫലം. 
ദൈവാധീനത്തിന് സാഹചര്യം പെട്ടെന്ന് മാറി. അന്തരീക്ഷത്തിൽ കാറും കോളും ഉരുണ്ടുകൂടി. മഴപെയ്യുന്നതിനു മുമ്പ് ഞാൻ ആ ചാനൽ വിട്ടു. അതുകൊണ്ട് മാനം രക്ഷപ്പെട്ടു. അന്ന് എനിക്കൊപ്പം ചാനൽ വിട്ട വ്യക്തിയാണ് സജീവ്. 
“സാറ് രാജിവച്ചപ്പോൾ കൂടെ ഇറങ്ങിപ്പോന്നത് സാറിനോടുള്ള അനുഭാവം കൊണ്ടല്ല.” ഒരിക്കൽ സജീവ് എന്നോട് പറഞ്ഞു. 
“അയാൾ എന്നെ വഹിപ്പിച്ചത് കൊണ്ടാ. ചാനലിന് പരസ്യം പിടിച്ചു കൊടുത്ത വകയിൽ ഒരു അൻപതിനായിരം എനിക്കു കിട്ടാനുണ്ടായിരുന്നു. അത് എനിക്കു കിട്ടിയില്ല. അയാൾ എനിക്കത് തന്നില്ല. അത് അടിച്ചു മാറ്റി. എന്റെ അദ്ധ്വാന ഫലം. അതുകൊണ്ടാണ് ഞാൻ ചാനൽ വിട്ടത്.” 
ന്യൂസ് പ്രൊഡ്യൂസർ മോഹൻ ചെയ്ത കടുംകൈയ്യുടെ കാര്യമാണ് സജീവ് പറഞ്ഞത്. 
താമസിയാതെ ഞങ്ങൾ ഒന്നിച്ചു. പുതിയൊരു ബിസിനെസ്സ് പ്ലാൻ ചെയ്തു. സ്വയം പര്യാപ്തമാവുക. ഇനിയും ആരുടേയും കീഴിൽ വർക്ക് ചെയ്യേണ്ട. അതായിരുന്നു ലക്ഷ്യം.
അങ്ങനെ ഞങ്ങൾ തമിഴ്നാട്ടിൽ ഒരിടത്ത് കമ്പനി ഇഷ്ടികയുടെ നിർമ്മാണം തുടങ്ങാൻ  തീരുമാനിച്ചു. അത് അന്ന് അവിടെ പ്രചാരത്തിൽ ഉണ്ടായിരുന്നില്ല. 
ഞങ്ങൾ ഒരു സ്ഥലം കണ്ടെത്തി. കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലം. സ്ഥലത്തിന്റെ ഉടമസ്ഥൻ എന്നു പറയപ്പെട്ട വ്യക്തിക്ക് മാസവാടകയായി ഒരു തുകയും ഞങ്ങൾ ഉറപ്പിച്ചു. സ്ഥലഉടമസ്ഥന്റെ അവകാശവാദം തെറ്റായിരുന്നു എന്നു പിന്നീട് തെളിഞ്ഞു. എന്തായാലും ഞങ്ങൾ പണി തുടങ്ങി. 
രണ്ടാഴ്ച കൊണ്ട് മുളളുചെടി വെട്ടി നിരപ്പാക്കി. ഇഷ്ടികക്കളം റെഡിയാക്കി. വെള്ളം ശേഖരിക്കാൻ ഒരു കുളവും തയ്യാറാക്കി. സമീപമുള്ള സർക്കാർ കുളത്തിൽ നിന്നും മണ്ണ് എടുക്കും. അതായിരുന്നു തീരുമാനം. കുളം എന്നു പറഞ്ഞാൽ ചെറുതല്ല. പതിനഞ്ച്  ഏക്കറോളം വരുന്ന വിശാലമായ ഒന്നാണ്. 
കുളത്തിൽ നിന്നും മണ്ണെടുക്കാൻ ഗ്രാമസഭയുടെ അനുവാദമാണ് വേണ്ടിയിരുന്നത്.  അതിന് ഒരു ഫുൾ ബോട്ടിലും മൂവായിരം രൂപയും ചിലവായി. 
അങ്ങനെ ഐശ്വര്യമായി ഇഷ്ടിക നിർമ്മാണം തുടങ്ങി. പക്ഷേ പ്രശ്നം തൊഴിലാളികൾ ആയിരുന്നു. 
അന്ന് രണ്ടു രൂപയ്ക്ക് ഒരു കിലോ റേഷനരി സർക്കാർ കൊടുക്കാൻ തുടങ്ങിയ സമയം. രണ്ട് രൂപയ്ക്ക് റേഷനരി തമിഴ്നാട് സർക്കാർ കൊടുക്കാൻ തുടങ്ങിയപ്പോൾ തമിഴ് ജനത മടി എന്തെന്ന് മനസ്സിലാക്കി. കൂടാതെ സൗജന്യമായി കളർ  ടി. വിയും.  
മാസത്തിൽ ഒരു ദിവസം എവിടെയെങ്കിലും പണിക്ക് പോയാൽ മതി. ഒരു മാസം അരിവാങ്ങാനുള്ള പണം കിട്ടും. അതുകൊണ്ട് പണി മാസത്തിൽ ഒരു ദിവസം മാത്രം ആയി. ഈ സാഹചര്യത്തിലാണ് ഞങ്ങൾ ഐശ്വര്യമായി ഇഷ്ടിക പരിപാടിയുമായി ഇറങ്ങിയത്. 
പണിക്കാരെ കിട്ടാതെ ഞങ്ങൾ വലഞ്ഞു. അവസാനം മാർക്കറ്റിൽ പൂ വിറ്റു കൊണ്ടിരുന്ന പൂക്കാരി ശാന്തയെ കൊണ്ടുവന്നു. വൻതുക കൊടുത്ത്.  
ഇഷ്ടിക കളത്തിൽ ഒരാൾ പോര. കുറഞ്ഞത് എട്ട് പേരെങ്കിലും വേണം. ശാന്ത ഒരു ബന്ധുവിനെ കൊണ്ടുവന്നു. പേര് വരുണി. അവർ നാട്ടിൽ ഒരു പ്രാദേശിക മന്ത്രവാദിനി കൂടിയാണെന്ന് പിന്നീട് അറിഞ്ഞു. 
ഞങ്ങൾ കളം തുടങ്ങിയ അന്ന് ഒരു പൂവൻ കോഴിയുടെ കഴുത്തറുത്ത് കളത്തിൽ  രക്തം വീഴ്ത്തി അവർ അത് തെളിയിച്ചു. അങ്ങനെ ഒരു കുക്കുട കൊലപാതകത്തോടെ  ഞങ്ങൾ ബിസിനെസ്സ് ഐശര്യമായി തുടങ്ങി. 
“ഉങ്കളുക്ക്  വൈദ്യം തെരിയുമാ” ഒരു ദിവസം വരുണി എന്നോടു ചോദിച്ചു. 
“തെരിയാത്” ഞാൻ പറഞ്ഞു. 
പക്ഷേ വരുണി അത് വിശ്വസിച്ച മട്ടില്ല. അവർ എന്റെ അരുകിൽ ചുറ്റിപ്പറ്റി നിന്നു. 
“തെരിയാത്” ഞാൻ അല്പം ദേഷ്യത്തിൽ പറഞ്ഞു. വരുണി എന്റെ അടുത്തു നിന്ന് മാറിപ്പോയി. അപ്പോഴും അവരുടെ മുഖത്ത് അവിശ്വാസം ബാക്കി. 
അപ്പോൾ പ്രൊഫെസ്സർ ഗോപിനാഥൻ നായർ പറഞ്ഞത് ഞാനോർത്തു.  
“എന്റെ ബിരുദമാണ് എന്റെ പ്രശ്നം.” ഒരിക്കൽ ഡോക്ടർ ഗോപിനാഥൻ നായർ  എന്നോടു പറഞ്ഞു. 
അദ്ദേഹത്തെ ഒരു പരിപാടിയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ക്ഷണിക്കാൻ  പോയപ്പോഴാണ് അത് പറഞ്ഞത്. 
ഡോക്ടർ ഗോപിനാഥൻ നായർ സർവ്വകലാശാലയിലെ കെമിസ്ട്രി പ്രൊഫെസ്സർ  ആണ്. ഓർഗാനിക്  കെമിസ്ട്രിയിലാണ് അദ്ദേഹത്തിന്റെ പി. എച്ച്. ഡി. 
എഴുപതുകളിൽ  കെമിസ്ട്രിയിൽ ഡോക്ടറേറ്റ് എടുത്തയാൾ. 
അത് അദ്ദേഹം നന്നായി പൊലിപ്പിച്ചു. അദ്ദേഹത്തിന്റെ വീടിന് മുന്നിലെ കവാടത്തിൽ സ്വന്തം പേരിനൊപ്പം അദ്ദേഹം ആ ബിരുദം വെങ്കലത്തിൽ പതിപ്പിച്ചു വെച്ചു. ഡോ. ഗോപിനാഥൻ  നായർ.
ഗോപിനാഥൻ നായർ ജനിച്ചു വളർന്നതും പിന്നീട് താമസമാക്കിയതും ഒരു ഗ്രാമത്തിലായിരുന്നു. 
ഗേറ്റിൽ പേര് വെച്ചപ്പോൾ മുതൽ തുടങ്ങി അദ്ദേഹത്തിന്റെ കണ്ടകശ്ശനി. 
പല ദിവസങ്ങളിലും പാതിരാത്രി ആകുമ്പോൾ കോളിങ് ബെല്ലടിക്കും. അദ്ദേഹം ഉറക്കത്തിൽ നിന്നും ഉണർന്നു വന്നു നോക്കുമ്പോൾ മുന്നിൽ പാമ്പുകടി ഏറ്റ ഒരുത്തനുമായി നാട്ടുകാർ നില്ക്കുന്നുണ്ടാകും. അവർ ഡോക്ടറെ കാണാൻ വന്നതാണ്. ചികിത്സ വേണം. 
ഗോപിനാഥൻ നായർ ‘ഞാൻ അത്തരം ഡോക്ടറല്ല’ എന്നു പറഞ്ഞ് അവരെ വിടും. 
പലപ്പോഴും രോഗിയുമായി വന്നവർ ഹോസ്പിറ്റലിൽ എത്തുംമ്പോഴേക്കും കടിയേറ്റയാൾ മരിച്ചിരിക്കും. 
ഇത് പല പ്രാവശ്യം തുടർന്നപ്പോൾ ഡോ. ഗോപിനാഥൻ  നായർ ആ പ്രശ്നത്തിന് ബുദ്ധിപരമായി ഒരു പരിഹാരം കണ്ടു. 
അദ്ദേഹം സ്വന്തം പേരിൽ നിന്നും ഡോക്ടർ ബിരുദം എടുത്തു കളഞ്ഞു. 
ജനത്തിന് പി. എച്ച്. ഡി ഡോക്ടറും എം. ബി. ബി എസ്സ്. ഡോക്ടറും തമ്മിലുള്ള വ്യത്യാസം അറിഞ്ഞു കൂടാ. 
എനിക്കും പാരയായത് എന്റെ ഡോക്ടർ ബിരുദമാണ്. അത് നന്നായി വിറ്റു എന്റെ സ്ഥല ഉടമസ്ഥൻ  ചാമിയാർ. 
ചാമിയാർ വിദ്യാഭ്യാസം ഇല്ലാത്ത ഒരു പൊങ്കൻ ആയിരുന്നു. അദ്ദേഹം പറഞ്ഞു നടന്നത് ഇൻഡ്യയിലെ ഏറ്റവും വലിയ ഡോക്ടർ  എ. പി. ജെ. അബ്ദുൾ കലാമാണ്. അത് കഴിഞ്ഞാൽ പിന്നെ ഞാനാണ്. പോരേ പൂരം. 
അതുകൊണ്ട് സർവ്വജ്ഞനായ ഒരു ഡോക്ടറാണ് ഞാൻ എന്നാണ് വരുണി  ധരിച്ചിരുന്നത്. 
അതുകൊണ്ടാണ് വൈദ്യം എനിക്കറിയില്ല എന്നു പറഞ്ഞിട്ടും വരുണി  വിശ്വസിക്കാതിരുന്നത്. 
അത്രയ്ക്ക് ചാമിയാർ എന്നെപ്പറ്റി പതപ്പിച്ച് പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. 
ഒരു ദിവസം ഉച്ചഉറക്കം കഴിഞ്ഞ് ഞാൻ വൈകിട്ട് അഞ്ചുമണിക്ക് ഇഷ്ടിക കളത്തിൽ എത്തുമ്പോൾ അവിടെ അഞ്ചാറാളുകൾ എന്നെ പ്രതീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു. 
നല്ല അലക്കിത്തേച്ച വൈറ്റ് മുണ്ടും ഷർട്ടും ധരിച്ചവർ. നീറ്റ് ഡ്രസ്. കണ്ടാൽ  അറിയാം നല്ല ഒന്നാംതരം രാഷ്ട്രീയക്കാരാണ്. തങ്കത്തമിഴ് മക്കൾ. 
എന്നെ കണ്ടപാടെ അവർ എല്ലാവരും ഒന്നിച്ചു വിനയത്തോടെ തൊഴുതു. ഞാനും  തൊഴുതു. 
അതിൽ നേതാവെന്ന് തോന്നിയ ആൾ എന്റെ അരികിലേക്ക് വന്ന് സ്വയം പരിചയപ്പെടുത്തി. 
“ഞാൻ മാരിയപ്പൻ”
അദ്ദേഹം പതിനഞ്ചു കിലോമീറ്റർ അകലെയുള്ള ഒരു പഞ്ചായത്തിന്റെ  പ്രസിഡന്റാണ്. കൂടെയുള്ളത് പഞ്ചായത്ത് മെംബർമാരാണ്. 
അവർ വന്നത് ഒരാവശ്യവുമായാണ്. അല്ല ഒരു അപേക്ഷയുമായാണ്. 
അവരുടെ പഞ്ചായത്തിലെ ഇരുപത്തഞ്ചു വയസ്സുള്ള ഒരു പെൺകുട്ടിക്ക്  അതിയായ വയറ്റുവേദന. അവൾ വിവാഹിതയും ഒരു പെൺകുഞ്ഞിന്റെ അമ്മയുമാണ്. അവൾ സമീപത്തുള്ള ഒരു ക്ലിനിക്കിൽ പോയി ചികിത്സിച്ചെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. ആ പ്രശ്നത്തിന് ഞാൻ പരിഹാരം കാണണം. അതാണവരുടെ ആവശ്യം. 
അതിനു വേണ്ടിയിട്ടാണ് മാരിയപ്പനും സംഘവും എന്നെ കാണാൻ വന്നത്. 
ഇഷ്ടിക കളത്തിൽ ഞായറാഴ്ച അവധിയാണ്. അതിനാൽ ശനിയാഴ്ച വൈകിട്ട് വരുണി അവരുടെ വീട്ടിൽ പോകുമായിരുന്നു. ഞായറാഴ്ച അവർക്ക് മന്ത്രവാദത്തിനായി എത്തുന്ന  നാട്ടുകാർ ഉണ്ടായിരുന്നു. ആ വഴി ഒരു വരുമാനവും അവർക്ക് കിട്ടിയിരുന്നു. 
അങ്ങനെ പോയ ഒരു ഞായറാഴ്ച നാട്ടുകാരിൽ ഒരാൾ വരുണിയമ്മയെ തന്റെ സ്വകാര്യ മന്ത്ര ആവശ്യത്തിന് കാണാൻ വന്നു. സംസാരമദ്ധ്യേ അയാൾ പ്രസ്തുത പെൺട്ടിയെപ്പറ്റി വരുണിയമ്മയോട് പറഞ്ഞു. 
മന്ത്രവാദിനിയായ വരുണിയമ്മ എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കും എന്ന്  അയാൾ കരുതിയിരിക്കണം. മന്ത്രവാദിക്ക് പരിഹരിക്കാൻ കഴിയാത്ത കാര്യങ്ങൾ  ഇല്ലല്ലോ. 
കാര്യം കേട്ട വരുണിയമ്മ പ്രവചിച്ചു. ‘ഇതിന് വിദഗ്ദ്ധനായ ഒരു ഡോക്ടർ പരിഹാരം കാണും.’ 
വരുണിയമ്മയുടെ പ്രവചനത്തിലെ വിദഗ്ദ്ധനായ ഡോക്ടർ ആണ് ഞാൻ. അവരാണ് ഇക്കണ്ട നാട്ടുകാരെയെല്ലാം എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടിരിക്കുന്നത്.  
ആ പെൺകുട്ടിയുടെ വയറു വലിവിന്(വയറു വേദന) ഞാൻ പരിഹാരം കാണണം. അതാണ് അവരുടെ അപേക്ഷ. 
ഞാൻ പെട്ടു. ഞാൻ വരുണിയെ നോക്കി. വരുണി ഇതൊന്നുമറിയാത്ത ഭാവത്തിൽ  ദൂരെ മണ്ണ് കുഴച്ച് ഇഷ്ടിക ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. 
‘ഉങ്കളുക്ക് വൈദ്യം തെരിയുമാ’ എന്ന് ഏതാനം ദിവസം മുൻപ് വരുണി  ചോദിച്ചതിന്റെ പൊരുൾ അപ്പോഴാണ് എനിക്കു മനസ്സിലായത്. 
അസഹ്യമായ വയറു വലിവ് എന്നു കേട്ടപ്പോൾ എനിക്ക് ഒരു ഊഹമുണ്ടായിരുന്നു. എങ്കിലും ഉറപ്പിക്കാൻ ഞാൻ അവരോട് ആ പെൺകുട്ടിക്ക് ഇതുവരെ നടത്തിയിട്ടുള്ള ചികിത്സയുടെ റിപ്പോർട്ടുമായി അടുത്ത ദിവസം വരാൻ പറഞ്ഞു. 
‘ശരി’ എന്നു പറഞ്ഞു അവരെല്ലാം പോയി. 
അവർ പിന്നെ വരില്ല എന്നു ഞാൻ കരുതി. പക്ഷേ എനിക്കു തെറ്റി. അടുത്ത ദിവസം കൃത്യം അഞ്ചുമണിക്ക് മാരിയപ്പൻ കളത്തിൽ  റിപ്പോർട്ടുമായി എത്തി.  
ഒരു ഫയൽ നിറയെ ചികിത്സാ റിപ്പോർട്ടുകളുണ്ട്. രണ്ട് എക്സ് റേയും ഉണ്ട്.  
അത് നോക്കിയപ്പോൾ അത്യാവശ്യം ബയോളജി അറിയാവുന്ന ആർക്കും  മനസ്സിലാകുന്ന കാര്യം എനിക്കും മനസ്സിലായി. ഞാൻ  സംശയിച്ചത് തന്നെ. 
കാർസിനോമ സ്റ്റൊമക്, ഉദരാർബുദം.  
പക്ഷേ പ്രതീക്ഷയ്ക്ക് വകയുണ്ട്. 
മാലിഗ്നൻസിയുടെ പ്രാരംഭമാണ്. രോഗി ചെറുപ്പമാണ്. ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്. 
ഞാൻ ഉടൻ അവരോടു കാര്യം പറഞ്ഞു. 
“ക്യാൻസറിന്റെ സാദ്ധ്യത കാണുന്നുണ്ട്. ഉടൻ ചികിത്സിച്ചാൽ രക്ഷപ്പെടുത്താൻ  കഴിയും”. 
‘രക്ഷപ്പെടുത്താൻ കഴിയും’ എന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞു. ആ പ്രസ്താവനയ്ക്ക് വേണ്ടത്ര ശാസ്ത്രീയ അടിത്തറ അപ്പോൾ എനിക്കില്ലായിരുന്നെങ്കിലും. 
അപ്പോൾ എന്നോട് അവർ  കേരളത്തിലെ ഒരു സ്ഥലം ചികിത്സയ്ക്ക് പറ്റിയത് പറയാൻ പറഞ്ഞു.  
ചെന്നൈ അഡയാർ ക്യാൻസർ റിസേർച്ച് സെന്റർ, അപ്പോളോ ഹോസ്പിറ്റൽ  ഇതൊക്കെ തമിഴ്നാട്ടിൽ ഉണ്ടായിട്ടും അവർ കേരളത്തിൽ തന്നെ ചികിത്സ മതി എന്നു നിർബദ്ധം പിടിച്ചു. 
അത്രയ്ക്കുണ്ടായിരുന്നു അവർക്ക് വരുണിയിലുള്ള വിശ്വാസം. 
‘കേരളത്താൻ രക്ഷപ്പെടുത്തും’ എന്നാണ് പ്രവചനം. ആ കേരളത്താനാണല്ലോ ഞാൻ. 
ഞാൻ ഉടൻ എനിക്കു പരിചയമുണ്ടായിരുന്ന രാജ്യത്തെ തന്നെ എണ്ണപ്പെട്ട ഓങ്കോളജിസ്റ്റിനെ വിളിച്ചു. കൊച്ചി കേന്ദ്രമാക്കിയായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 
അദ്ദേഹം പഠിച്ചത് അഡയാർ ക്യാൻസർ റിസേർച്ച് സെന്ററിലായിരുന്നു.  അദ്ദേഹത്തിന് തമിഴ് നല്ല വശമാണ്. 
എന്റെ ആദ്യ കോളിൽ തന്നെ ആ മനുഷ്യസ്നേഹി ഫോൺ എടുത്തു. ഞാൻ വിവരം ചുരുക്കിപ്പറഞ്ഞു. 
‘അവരെ ഉടൻ തന്നെ ഇങ്ങോട്ട് പറഞ്ഞു വിടൂ. ഞാൻ നോക്കിക്കോളാം’. അദ്ദേഹം പറഞ്ഞു. 
ഞാൻ ആ വിവരം മാരിയപ്പനോട് പറഞ്ഞു. 
“നാളത്തന്നെ കൊച്ചിക്ക് പോകണം” 
മാരിയപ്പൻ സമ്മതിച്ചു. 
പിന്നെ അവർ നെഞ്ചുവരെ കുനിഞ്ഞ് തൊഴുതു യാത്രയായി. 
എനിക്കും സന്തോഷമായി. ഒരാളെ സഹായിക്കാൻ പറ്റിയല്ലോ. പിന്നെ ഞാൻ ആ വിഷയം മറന്നു. ഇഷ്ടികക്കളത്തിലായി പിന്നെ എന്റെ ശ്രദ്ധ. 
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം വരുണിയെ കണ്ടപ്പോഴാണ് പിന്നെ ഞാൻ  ആ കാര്യം ഓർത്തത്. 
ഞാൻ വരുണിയോട് ആ പെൺകുട്ടിയുടെ കാര്യം അന്വേഷിച്ചു. 
“അവർ പോയില്ല സാറേ” 
“ഉം?” ഞാൻ ചോദിച്ചു. 
“അവളെ ചികിത്സിക്കണ്ട എന്ന് അവളുടെ ഭർത്താവ് പറഞ്ഞു. അതുകൊണ്ട്  അവർ എങ്ങും പോയില്ല.” വരുണി പറഞ്ഞു. 
“ഭർത്താവ്?” ഞാൻ ചോദിച്ചു. 
“അവൻ മലേഷ്യയിലാ. ഒരു എസ്റ്റേറ്റ് സൂപ്പർ വൈസറാ. പൈസ ഉള്ള കൂട്ടത്തിലാ. പക്ഷേ അവൻ പറയുന്നത് അവൾ എന്തായാലും ചാവും. പിന്നെ വെറുതെയെന്തിനാ ചികിത്സിക്കാൻ പണം കളയുന്നതെന്ന്”
ഞാൻ അമ്പരന്നു പോയി. ഇങ്ങനേയും ഒരു ഭർത്താവോ.
“അവരുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷമേയായിട്ടുള്ളൂ. എന്ത് ചെയ്യാനാ. അവളുടെ വലിവ് കണ്ടു നിൽക്കാൻ പറ്റില്ല സാറേ. അവന് അവളെ ചികിത്സിക്കണ്ട. അവൾ രക്ഷപ്പെടണമെന്ന ഒരാഗ്രഹവും അവനില്ല. അവന് പണത്തിന്റെ നഷ്ടത്തിലാണ് ദു:ഖം”. വരുണി പറഞ്ഞു. 
ഞാൻ കേട്ടുനിന്നു. 
ദൂരെ ഇത് കണ്ടുകൊണ്ടു നിന്നിരുന്ന സജീവ് എന്റെ അരുകിലെത്തി. എന്നിട്ട് എന്നോട് ആകാംഷയോടെ ചോദിച്ചു. 
“എന്തു പറ്റി. എന്തായി കാര്യം”. 
ഞാൻ അവനോടു പറഞ്ഞു. 
“പണത്തിന് മീതെ പരുന്തും പറക്കില്ല.” 
സജീവിന് കാര്യം മനസ്സിലായില്ല. അവനെന്നെ മിഴിച്ചു നോക്കി. 
അവന് മനസ്സിലാകത്തക്കപ്പോലെ ഞാൻ സാവകാശം പറഞ്ഞുകൊടുത്തു. 
“പണത്തിന് മീതെ പരുന്തും പറക്കില്ല.” 
എന്നിട്ടും അവന് കാര്യം മനസ്സിലായില്ല. ഞാൻ കൂടുതൽ വിശദീകരിക്കാൻ പോയില്ല. എന്തിന് വിശദീകരിക്കണം. 
‘പണത്തിന് മുന്നിൽ പിണവും വാ പിളർക്കും’ എന്ന ചൊല്ല് അവനറിയില്ലല്ലോ.

dr.sreekumarbhaskaran@gmail.com
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക