Image

ഹിജാബ് വിവാദം: മന്ത്രിയെ വെട്ടിലാക്കിയത് ഡി.ഡി.ഇയുടെ വിവരക്കേട്; കടുത്ത വിമര്‍ശനവുമായി സീറോ മലബാര്‍ സഭയും ( എ.എസ് ശ്രീകുമാര്‍)

Published on 16 October, 2025
ഹിജാബ് വിവാദം: മന്ത്രിയെ വെട്ടിലാക്കിയത് ഡി.ഡി.ഇയുടെ വിവരക്കേട്; കടുത്ത വിമര്‍ശനവുമായി സീറോ മലബാര്‍ സഭയും ( എ.എസ് ശ്രീകുമാര്‍)

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ യൂണിഫോമിന്റെ ഭാഗമല്ലാത്തതിനാല്‍ ഹിജാബ് അനുവദിക്കാത്ത സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തുവന്നത് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ടിനെ വിശ്വസിച്ചുകൊണ്ടാണ്. സ്‌കൂളിന്റെ നിയമാവലിക്ക് അനുസൃതമായി സ്‌കൂളിലെത്താന്‍ തയ്യാറാണെന്ന് കുട്ടിയുടെ പിതാവ് സമ്മതിച്ച് പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെയായിരുന്നു സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയുണ്ടെയെന്ന തരത്തില്‍ വി ശിവന്‍കുട്ടിയുടെ രൂക്ഷമായ വിമര്‍ശനമുണ്ടായത്. തുടര്‍ന്ന് വി ശിവന്‍കുട്ടിയെ തളളിയും യൂണിഫോമില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കിയും സ്‌കൂള്‍ അധികൃതരും രംഗത്തുവന്നു.

ഹിജാബിന്റെ പേരില്‍ വിദ്യാര്‍ഥിയെ പുറത്താക്കിയിട്ടില്ലെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ (ഡി.ഡി.ഇ) റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന പ്രതികരിച്ചിരുന്നു. യൂണിഫോം നിശ്ചയിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്നും കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി സംസാരിച്ചത് കാര്യമറിയാതെയാണ്. സ്‌കൂളിന് എല്ലാ കുട്ടികളും ഒരുപോലെയാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തിനെതിരെ സ്‌കൂള്‍ കോടതിയെ സമീപിക്കാനൊരുങ്ങിയതോടെ വിദ്യാഭ്യാസ മന്ത്രി നിലപാട് മയപ്പെടുത്തി മലക്കം മറിഞ്ഞു.

ഹിജാബ് അല്ലെങ്കില്‍ മുസ്ലീങ്ങളുടെ ശിരോവസ്ത്രം (ബുര്‍ക്ക) പലപ്പോഴും വിവാദങ്ങള്‍ സൃഷടിച്ചിട്ടുണ്ട്. ''സത്യ വിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ തഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ ശിരോവസ്ത്രങ്ങള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ...'' എന്നാണ് ഹിജാബിനെപ്പറ്റി ഖുര്‍ ആനില്‍ പറയുന്നത്. മുസ്ലീം സ്ത്രീകള്‍ക്ക് നിര്‍ബന്ധമാക്കിയ വസ്ത്ര സംവിധാനമാണ് ഹിജാബ്. ഇത് ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരല്ല, മറിച്ച്, മുഖവും മുന്‍കൈയും ഒഴികെ എല്ലാം മറക്കുന്ന ഏത് വസ്ത്രവും ഹിജാബിന്റെ പരിധിയില്‍ വരും.

ഇവിടെ, വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ഡി.ഡി.ഇ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു എന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. ഡി.ഡി.ഇയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, വിദ്യാര്‍ത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഡി.ഡി.ഇ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

പക്ഷേ, ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന സ്‌കൂള്‍ ധികൃതരുടെ നിലപാട് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഹിജാബ് സംബന്ധിച്ച നിലവിലെ നിയമം. കേരളത്തില്‍ ഒരു ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ മതപരമായ ഒരു അവകാശമായി ഉയര്‍ത്തിപ്പിടിച്ച് സ്‌കൂളിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഹിജാബ് ഇപയോഗിക്കാമോ ഇല്ലയോ എന്ന വിഷയം കേരള ഹൈക്കോടതി തീര്‍പ്പാക്കിയതാണ്. വ്യക്തിക്ക് തന്റെ മതാചാര പ്രകാരമുള്ള വസ്ത്രം ധരിക്കുവാനുള്ള അവകാശം മൗലികാവകാശമാണെങ്കിലും സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍, പ്രത്യേകിച്ച് ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള ഒരു സംവിധാനത്തില്‍ ആ സ്‌കൂളിന്റെ ചട്ടവും വിദ്യാര്‍ത്ഥിയുടെ അവകാശവും തുലനം ചെയ്ത് മാത്രമേ മുന്നോട്ട് പോകാനാവൂ എന്ന് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സ്‌കൂളിന്റെ വിശാലമായിട്ടുള്ള അവകാശം, ന്യൂനപക്ഷ സ്ഥാപനമാണെങ്കില്‍ പ്രത്യേകമായി ഭരണ ഘടനാപരമായ അവകാശങ്ങള്‍ കൂടി കണക്കിലെടുത്ത് വിദ്യാര്‍ത്ഥിക്ക് മതാചാര പ്രകാരമുള്ള വസ്ത്രം ആണെങ്കിലും സ്‌കൂള്‍ ചട്ടത്തിന് വിരുദ്ധമായി അത് ധരിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരമോന്നത നീതി പീഠമായ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് ഇതുസംബന്ധിച്ച രണ്ട് വ്യത്യസ്ഥ അഭിപ്രായങ്ങള്‍ സ്വീകരിച്ചതിനാല്‍ ഹിജാബിന്റെ സ്‌കൂളിലെ ഉപയോഗത്തെ സംബന്ധിച്ച് ഒരു അന്തിമ ഉത്തരവിട്ടിട്ടില്ല.  

സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഹിജാബ് ധരിക്കുന്നത് ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും വിധിയില്‍ പറഞ്ഞു. അതേസമയം ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമായി നിര്‍ബന്ധമല്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവയ്ക്കുകയാണ് ചെയ്തത്. രണ്ട് വ്യത്യസ്ത വിധികള്‍ വന്നതിനാല്‍, കേസ് ഇനി ഒരു വിശാലമായ ബെഞ്ച് പരിഗണിക്കും. ഇതാണ് കേരളത്തിലെയും ഇന്ത്യയിലെയും, ഹിജാബ് സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമാക്കുന്നതു സംബന്ധിച്ച നിയമ വ്യവസ്ഥ.

അതേസമയം, ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂളിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. കുട്ടിയോ രക്ഷിതാവോ ശിരോവസ്ത്രം വേണ്ടെന്ന് പറയുന്നതുവരെ ശിരോവസ്ത്രം ധരിച്ച് ക്ലാസിലിരുന്ന് പഠിക്കാന്‍ കുട്ടിക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. ആ അവകാശമൊന്നും ചെറുതാണെങ്കിലും വലുതാണെങ്കിലും നിഷേധിക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം ഞങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമവായമുണ്ടെങ്കില്‍ അത് അവിടെ തീരട്ടെയെന്ന് മന്ത്രിക്ക് പിന്നീട് മാറ്റിപ്പറയേണ്ടി വന്നു.

ഇതിനിടെ, വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെയും ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നവരെയും വിമര്‍ശിച്ച് സിറോ മലബാര്‍ സഭാ മുഖപത്രമായ 'സീറോ മലബാര്‍ ന്യൂസ്' രംഗത്തുവന്നു. സ്‌കൂളുകളില്‍ യൂണിഫോം മറയ്ക്കുന്ന വേഷം പാടില്ലെന്നും യൂണിഫോം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും പറഞ്ഞ വിദ്യാഭ്യാസ മന്ത്രി, സ്‌കൂള്‍ മാനേജ്‌മെന്റ് ഇത്തരം കാര്യങ്ങള്‍ ഉത്തരവാദിത്വ ബോധത്തോടെ കൈകാര്യം ചെയ്യണമെന്ന് ബാലന്‍സ് ചെയ്താണു പ്രതികരിച്ചത്. മറ്റു മതസ്ഥര്‍ നടത്തുന്ന സ്‌കൂളുകളില്‍ നിസ്‌കാരമുറിയുടെയും ഹിജാബിന്റെയും മറയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന മതമൗലിക വാദത്തെ ചെറുക്കുന്നതല്ലേ ഉത്തരവാദിത്വ ബോധം..? ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യം കൊണ്ടു പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണമെന്ന് സീറോമലബാര്‍ ന്യൂസ് മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. വിവാദത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിരുന്നു.

ഹിജാബ് വിഷയം വര്‍ഗീയവല്‍ക്കരിക്കാന്‍ എസ്.ഡി.പി.ഐ എന്ന തീവ്ര മുസ്ലീം പക്ഷ പാര്‍ട്ടി ശ്രമിച്ചിരുന്നു. സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന് മനഃപൂര്‍വം കച്ചകെട്ടിയിറങ്ങിയ എസ്.ഡി.പി.ഐക്ക് കോണ്‍ഗ്രസും സി.പി.എമ്മും ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ഷോണ്‍ ജോര്‍ജ് ആരോപിച്ചു. എന്നാല്‍ ഹിജാബ് വിവാദത്തിലുള്‍പ്പെട്ട വിദ്യാര്‍ത്ഥിനി ഇന്നും സ്‌കൂളിലെത്തിയില്ല.

ഈ വിഷയത്തിലെ ഏറ്റവും പ്രസക്തമായ വിഷയം ഡി.ഡി.ഇയും മറ്റും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ്. തികച്ചും മതപരമായ ഒരു സെന്‍സിറ്റീവ് വിഷയമെന്ന നിലയില്‍ ഇതു സംബന്ധിച്ച് പരസ്യമായി പ്രതികരിക്കും മുമ്പ് മന്ത്രി ഇതിന്റെ നിയമ വശത്തെപ്പറ്റി വിദഗ്ധരോട് അഭിപ്രായം ആരായേണ്ടതായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറും തന്റെ റിപ്പോര്‍ട്ട് തയ്യാറാക്കും മുമ്പ് നിലവിലുള്ള നിയമം എന്താണെന്ന് പരിശോധിക്കാന്‍ ശ്രമിക്കാതെ തന്റെ മുറിയിലിരുന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ 'ഓവര്‍ റൂള്‍' ചെയ്യുകയായിരുന്നു. ഡി.ഡി.ഇയുടെ ഈ ശുദ്ധ വിവരക്കേട് മന്ത്രി അപ്പാടെ വിശ്വസിച്ച് വിളമ്പിയതാണ് വിവാദം കടുപ്പിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക