Image

പെറ്റ് ഡിറ്റക്ടീവ്; ചിരിക്കൂട്ടുമായി ഷറഫുദ്ദീനും അനുപമയും

രഞ്ജിനി രാമചന്ദ്രൻ Published on 16 October, 2025
പെറ്റ് ഡിറ്റക്ടീവ്; ചിരിക്കൂട്ടുമായി ഷറഫുദ്ദീനും അനുപമയും

മലയാള സിനിമയിൽ കുറച്ചുകാലമായി ഉണ്ടായിരുന്ന ഹാസ്യചിത്രങ്ങളുടെ കുറവ് നികത്തിക്കൊണ്ട് 'പെറ്റ് ഡിറ്റക്ടീവ്' തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കോമഡിയും ത്രില്ലിംഗ് രംഗങ്ങളും സമന്വയിപ്പിച്ച ഒരു ഉഗ്രൻ എൻ്റർടെയിനറാണ് ഈ ചിത്രം. ഷറഫുദ്ദീൻ നായകനായും അനുപമാ പരമേശ്വരൻ നായികയായും എത്തുന്നു. ഇരുവരും തങ്ങളുടെ പ്രകടനം കൊണ്ട് തിയറ്ററിൽ കൈയ്യടി നേടുകയാണ്. പ്രനീഷ് വിജയൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷറഫുദ്ദീനും ഗോകുലം മൂവീസും ചേർന്നാണ്. 'സമ്പൂർണ മൃഗാധിപത്യം' എന്ന ടാഗ്‌ലൈനോടെയെത്തിയ ചിത്രം കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കാൻ കഴിവുള്ള ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന ടോണി ജോസ് ആലൂക്ക എന്ന കഥാപാത്രത്തിൻ്റെ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ടോണിക്ക് മുന്നിൽ വരുന്ന ഒരു കേസും അതിനോടനുബന്ധിച്ചുള്ള അന്വേഷണങ്ങളും അസാധാരണ സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്. ഹാസ്യത്തിൻ്റെ അകമ്പടിയോടെ ആക്ഷനും ത്രില്ലറും ഒരുപോലെ കോർത്തിണക്കിയ ഈ സിനിമ, ഒരു മികച്ച ഡിറ്റക്ടീവ് ചിത്രമെന്ന നിലയിലും ശ്രദ്ധേയമാണ്. ആക്ഷനും കോമഡിയും ഒരേസമയം കൈകാര്യം ചെയ്യാൻ തനിക്ക് കഴിവുണ്ടെന്ന് ഈ ചിത്രത്തിലൂടെ ഷറഫുദ്ദീൻ തെളിയിക്കുന്നു. ഷറഫുദ്ദീൻ്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി ഈ ചിത്രം മാറിയേക്കാം.

നായകനോടൊപ്പം നായികയായ അനുപമാ പരമേശ്വരനും മറ്റ് അഭിനേതാക്കളായ വിജയരാഘവൻ (ദിൽരാജ് എന്ന വ്യത്യസ്ത കഥാപാത്രം), വിനയ് ഫോർട്ട്, നിഷാന്ത് സാഗർ, ഷോബി തിലകൻ, വിനായകൻ, ഭഗത് മാനുവൽ എന്നിവരും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള എല്ലാ ചേരുവകളും ഓരോ കഥാപാത്രത്തിനും നൽകിയിട്ടുണ്ട്. ആനന്ദ് സി ചന്ദ്രൻ്റെ മികച്ച ഛായാഗ്രഹണവും ചിത്രത്തിൻ്റെ നിലവാരം ഉയർത്തുന്നു. ചിരിയുടെയും ത്രില്ലിൻ്റെയും നല്ലൊരു അനുഭവം ആഗ്രഹിക്കുന്നവർക്ക് ധൈര്യത്തോടെ ഈ ചിത്രത്തിന് ടിക്കറ്റെടുക്കാം

 

 

English summary:

Pet Detective : Sharafudheen and Anupama team up for a laughter-filled ride.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക