
സഖാക്കൾ എത്രയോയുണ്ട്. പക്ഷേ, സഖാവ് എന്നു മാത്രം പറഞ്ഞാൽ അത് പി.കൃഷ്ണപിള്ളയാണ്. എത്രയോ നേതാക്കൾ കേരളത്തിലുണ്ട്. എന്നാൽ, ലീഡർ എന്നു മാത്രം പറഞ്ഞാൽ സംശയമില്ല, അത് കെ.കരുണാകരൻ തന്നെ. അതുപോലെ ഞങ്ങളുടെ അയ്മനം കരയിൽ, പ്രത്യേകിച്ച് കുടമാളൂരിൽ അപ്പച്ചൻ എന്ന പേരുകാർ ഒട്ടേറെയുണ്ട്. എങ്കിലും അപ്പച്ചൻ എന്നു പറയുമ്പോൾ അത് ഞങ്ങൾക്ക് എക്സ്പോ ട്രാവൽസ് ഉടമ ജോർജ് തോമസ് എന്ന അപ്പച്ചൻ ആണ്. അപ്പച്ചൻ വിട പറഞ്ഞു. ഒരു നാടിൻ്റെ ഐക്കൺ ആണ് യാത്രയായത്.
കുമ്മനത്തിൽ നിന്ന് ഞങ്ങൾ കുടമാളൂരിൽ എത്തിയപ്പോൾ ഞാൻ അഞ്ചാം ക്ലാസുകാരനാണ്.എസ്.ബി.ടി. ഉദ്യോഗസ്ഥനായിരുന്ന എൻ്റെ പിതാവ് പുതിയ നാട്ടിൽ ആദ്യം പരിചയപ്പെടുത്തിയതിൽ ഒരാൾ അപ്പച്ചനാണ്. അപ്പച്ചന് അന്ന് പലചരക്കുകടയുണ്ടായിരുന്നു.അത് നിർത്തുംവരെ ഞങ്ങൾ അവിടെ പറ്റുകാരായിരുന്നു.
ടോക്കിയോയിൽ ഏതോ എക്സ്പോ നടന്ന സമയത്താണ് അപ്പച്ചൻ ബസ് വാങ്ങിയത്.അതിന് എക്സ്പോ എന്നു പേരിട്ടത് അപ്പച്ചൻ്റെ അനുജൻ, കെ.എസ്.ഇ.ബി.എൻ ജിനീയർ ആയിരുന്ന മത്തായിച്ചൻ ആണ്. എന്നാൽ ന്യൂഡൽഹിയിൽ ഏതോ ഏഷ്യൻ കോൺഫറൻസ് നടന്ന സമയത്ത് ആദ്യ ടൂറിസ്റ്റ് ബസ് ഓടിച്ചപ്പോൾ അപ്പച്ചൻ തന്നെ പേരിട്ടു. "ഏഷ്യ".
അനുജൻമാർ ഡോക്ടറും എൻജിനീയറുമൊക്കെയാണ്. സഹോദരി ടീച്ചറും.പക്ഷേ, ദീർഘവീക്ഷണത്തിലും നിശ്ചയദാർഢ്യത്തിലും അപ്പച്ചൻ ഒരുപടി മുന്നിലായിരുന്നു.
ഒരു സ്പോർട്സ് എഴുത്തുകാരനായി വളരാൻ എനിക്ക് സഹായമായതിൽ അപ്പച്ചൻ്റെ വീട്ടിലെ ഫോണിനും സ്ഥാനമുണ്ട്..1976 ൽ വിദ്യാർഥിയായിരിക്കെ ഞാൻ മനോരമയിൽ എഴുതിത്തുടങ്ങി.1980 കളിൽ വനിതയിലും എഴുതിത്തുടങ്ങി. രണ്ടിടത്തുനിന്നും അപ്പച്ചൻ്റെ വീട്ടിലേക്കാണ് ഫോൺ വിളി വന്നിരുന്നത്.1987ൽ ഞാൻ മനാരമയിൽ ചേർന്നു. പക്ഷേ, 1994 ൽ ആണ് വീട്ടിൽ ഫോൺ കണക്ഷൻ കിട്ടിയത്. അതുവരെ ആശ്രയിച്ചതും അപ്പച്ചൻ്റെ ഫോൺ തന്നെ .ഒരിക്കലും അപ്പച്ചൻ പരിഭവം പറഞ്ഞിട്ടില്ല.
ഫുട്ബോൾ കളിക്കാരനായിരുന്ന അപ്പച്ചൻ ചാക്കോളാ ട്രോഫി കാണാൻ തൃശൂർക്കും നാഗ്ജി കാണാൻ കോഴിക്കോട്ടും പോകുമായിരുന്നു. സന്തോഷ് ട്രോഫി കേരളത്തിൽ വന്നാൽ പിന്നെ പറയേണ്ട.1990കളി ൽ
കോട്ടയത്ത് മാമ്മൻ മാപ്പിള ട്രോഫി പുനരാരംഭിച്ചപ്പോൾ ഞാൻ അപ്പച്ചന് വി.ഐ.പി. പാസ് കൊടുത്തു. അടുത്ത ദിവസം അതു മടക്കിത്തന്നിട്ടു പറഞ്ഞു. " പവലിയനിൽ വി.ഐ.പി.ബോക്സിൽ ഇരുന്നാൽ കളി ശരിക്കു കാണാനാകില്ല. പവലിയനു മുകളിലെ ഗാലറിയാണ് ഏറ്റവും നല്ലത്. അവിടെ ഇരിക്കാൻ പറ്റിയ പാസ് മതി". അപ്പച്ചൻ നാഗമ്പടം നെഹ്റു സ്‌റ്റേഡിയത്തിൽ പോയി നോക്കിയ വിവരം പിന്നീടാണ് അറിഞ്ഞത്.
എൺപത്താറാം വയസിലും അപ്പച്ചൻ സ്പോർട്സ്മാൻ സ്പിരിറ്റ് കൈവിട്ടിരുന്നില്ല. രണ്ടു മാസം മുമ്പ് എൻ്റെ അമ്മ മരിച്ചപ്പോൾ വീട്ടിൽ വന്നിരുന്നു. മക്കളെയൊന്നും മിനക്കെടുത്താതെ ഓട്ടോയിലാണു വന്നത്. അപ്പച്ചൻ്റെ തീരുമാനങ്ങൾ എപ്പോഴും പെട്ടെന്നായിരുന്നു. അപ്പച്ചൻ പണ്ട് സ്കൂട്ടർ വാങ്ങി. ഓടിച്ചുതുടങ്ങിയ ദിവസം തന്നെ മറിച്ചിട്ടു. അവിടെവച്ചുതന്നെ വണ്ടി കച്ചവടവുമാക്കി.
ഞാൻ ആദ്യം വാങ്ങിയത് ഒരു സെക്കൻഡ് ഹാൻഡ് കാറാണ്. ഞാൻ ഉദേശിച്ച ദിവസം വണ്ടി വാങ്ങാൻ കൊള്ളില്ലെന്ന് അപ്പച്ചൻ പറഞ്ഞു. എനിക്കാകട്ടെ ആ ആഴ്ചയിൽ മറ്റൊരു ദിവസം അവധിയുമില്ല.ഒടുവിൽ അപ്പച്ചൻ ഇളയ പുത്രൻ ബോബിയെക്കൂട്ടിവിട്ടു. വണ്ടി കിട്ടിയാൽ ഞാൻ ആദ്യം ഓടിക്കേണ്ടെന്നു പറഞ്ഞു. പകുതി വഴിയിൽ ഒരു പള്ളിയിൽ പ്രാർഥിച്ചാണ് ഞാൻ വണ്ടി ഓടിച്ചുതുടങ്ങിയത്.പിന്നീട് പുതിയ വണ്ടി വാങ്ങുമ്പോഴും അപ്പച്ചനോട് പറയുമായിരുന്നു.
മെസിയും അർജൻ്റീനയുമൊക്കെ കേരളത്തിൽ കളിക്കാൻ വരുന്ന കാര്യം അപ്പച്ചൻ അറിഞ്ഞിട്ടുണ്ടാകും. അവസാനം വരെ നല്ല ഓർമയുണ്ടായിരുന്നെന്ന് മൂത്ത പുത്രൻ സുനിൽ പറഞ്ഞു. അപ്പച്ചൻ്റെ എക്സ്പോ പുന്നത്തറ ബസ് കോട്ടയത്തുനിന്ന് രാത്രി 9.30 ന് അവസാന സർവീസ് നടത്തിയിരുന്ന കാലത്ത് ഫസ്റ്റ് ഷോ സിനിമ കണ്ടു വരുന്നവർക്ക് ആശ്വസമായിരുന്നു. പിന്നീട് അപ്പച്ചൻ ടൂറിസ്റ്റ് ബസുകളിലാണ് ശ്രദ്ധിച്ചത് .
ഇനി അപ്പച്ചൻ ഞങ്ങളുടെയൊക്കെ ഓർമയുടെ കോർട്ടിൽ.
സംസ്കാരം ശനിയാഴ്ച
കോട്ടയം കുടമാളൂർ കുന്നത്തുകഴി കുടുംബാംഗമായ അപ്പച്ചൻ്റ മൃതദേഹം നാളെ (വെള്ളി) നാലിന് വസതിയിൽ എത്തിക്കും.സംസ്കാരം ശനിയാഴ്ച 2.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റും സംസ്ഥാന സമിതി അംഗവുമായിരുന്നു.
ഭാര്യ :ആനിക്കാട് പെരുമ്പാറ തകിടിയേൽ ത്രേസ്യാമ്മ. മക്കൾ: സുനിൽ കെ.ജോർജ്, ബോബി കെ.ജോർജ്, മിനി ആൻ ബാലു ,പ്രഭ ജയിംസ്.മരുമക്കൾ: അനറ്റ് ജോൺ കറുകക്കളം (ചെങ്ങന്നൂർ), സാലു തോമസ് കടന്തോട് (ചങ്ങനാഗ്ഗേരി ), ബാലു തോംസൺ വെട്ടുകല്ലാം കുഴി (എരുമേലി ), ജയിംസ് ജോസഫ് പുഞ്ചപുതുശേരി (കിഴക്കമ്പലം).