യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുമത്തിയ 50% തീരുവയുടെ പ്രത്യാഘാതത്തിൽ ഇന്ത്യയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞെന്നു കണക്കുകൾ കാണിക്കുന്നു. ഓഗസ്റ്റ് 27നു തീരുവ നടപ്പായതോടെ സെപ്റ്റംബറിൽ 20% ഇടിവാണ് ഉണ്ടായത്.
മേയിൽ 8.8 ബില്യൺ കയറ്റുമതി ഉണ്ടായിരുന്നെങ്കിൽ സെപ്റ്റംബറിൽ അത് 5.5 ബില്യൺ ആയി ഇടിഞ്ഞു. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, എൻജിനിയറിംഗ് ഗുഡ്‌സ്, കെമിക്കൽസ് എന്നിവയ്ക്കാണ് ഏറ്റവും കനത്ത അടിയേറ്റത്.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ യുഎസിൽ അധിക തീരുവ നിലവിൽ വരുന്നതിനു മുൻപു തന്നെ നാലു മാസങ്ങൾക്കിടയിൽ 40% കുറവ് സംഭവിച്ചിരുന്നു എന്നാണ് ബി ബി സിയുടെ കണക്ക്. ജൂലൈയിൽ ട്രംപ് 25% ചുമത്തിയതോടെ ഈ പ്രത്യാഘാതം കണ്ടു. പിന്നീട് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്ന കുറ്റം ചുമത്തിയാണ് ട്രംപ് മറ്റൊരു 25% അധിക തീരുവ കൂടി ചുമത്തിയത്.
ഡൽഹിയിലെ ഗ്ലോബൽ ട്രേഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നത് വ്യാപാര യുദ്ധം മൂർച്ഛിച്ചതോടെ ഇന്ത്യക്കു ഏറ്റവും വലിയ അടിയേറ്റത് യുഎസ് വിപണിയിലാണ് എന്നാണ്. ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന വ്യാപാര ചർച്ച പൂർത്തിയാക്കി അടുത്ത മാസം കരാർ ഒപ്പുവയ്ക്കും എന്നാണ് പ്രതീക്ഷ. ചർച്ചയ്ക്കു ഇന്ത്യൻ സംഘം ഇപ്പോൾ യുഎസിലുണ്ട്. പക്ഷെ നികത്താൻ കഴിയാത്ത ഭിന്നതകൾ മൂലം മാസങ്ങളായി ചർച്ച നീണ്ടു പോവുകയാണ്.
കാർഷിക-ക്ഷീര ഉത്പന്നങ്ങൾ ആണ് ചർച്ചയിലെ ഏറ്റവും പ്രധാന തർക്ക വിഷയങ്ങൾ. യുഎസിൽ നിന്ന് ഇവ തീരുവ കൂടാതെ ഇറക്കുമതി ചെയ്യണം എന്ന ആവശ്യം അംഗീകരിച്ചാൽ ഇന്ത്യൻ ഉല്പാദകർക്കു അടിയേൽക്കും.
കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യയുടെ വ്യാപാര കമ്മി കൂടി. സെപ്റ്റംബറിൽ അത് 13 മാസത്തെ ഏറ്റവും വലിയ $32.15 ബില്യൺ ആയി.
യു എ ഇ, ചൈന എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൊണ്ട് ഇന്ത്യക്കു കുറച്ചു ആശ്വാസം കിട്ടിയിട്ടുണ്ട്.
Indian exports plunge in Trump tariff impact