കമലേച്ചിയ്ക്കന്ന്
വയസ്സ് പതിനാല്...
ഷൺമുഖൻചേട്ടന്
മധുരപ്പതിനേഴ്..
ഓല മേഞ്ഞ വീട്ടിലേക്ക്
നിലവിളക്കുമായി
വലതുകാൽ വെച്ച്
കയറിയപ്പോൾ
കടൽക്കാറ്റ്
ആ നീളൻ മുടിയിൽ
വാത്സല്യത്തോടെ
ഉമ്മവെച്ചു...
ദാവണിയിൽ നിന്നും
ലുങ്കിയും ബ്ലൗസിലേക്കുമുള്ള
മാറ്റം ..
കമലേച്ചി
പരാതികളൊന്നും
പറഞ്ഞില്ല...
ജോലിയ്ക്കോ
കൂലിയ്ക്കോ പോവാതെ
ഗോട്ടി കളിയ്ക്കാൻ
കടപ്പുറത്തേയ്ക്ക്
രാവിലെയിറങ്ങുന്ന
ഭർത്താവ്...
കമലേച്ചി
പരാതികളൊന്നും
പറഞ്ഞില്ല...
വെളിക്കിരിക്കണമെങ്കിൽ
സൂര്യനുദിക്കുന്നതിനു മുമ്പേ
മുണ്ടും മാടിക്കുത്തി
കടപ്പുറത്ത് ചെന്നിരിക്കണം..
കമലേച്ചി
പരാതികളൊന്നും
പറഞ്ഞില്ല...
ആണൊരുത്തനെ
നേർവഴിക്ക്
നടത്തിക്കാൻ കല്യാണം
കൊണ്ടേ സാധിക്കുവെന്ന്
പ്രവചിച്ച
ജ്യോൽസ്യൻ രാമേട്ടനെയും
കമലേച്ചി
പഴിചാരിയില്ല...
നാലാം നാൾ
ഷൺമുഖൻ ചേട്ടൻ്റെ കൂടെ
കമലേച്ചിയും ഇറങ്ങി
കൊത്തങ്കല്ല് കളിയ്ക്കാനും
കക്ക് കളിയ്ക്കാനും
ചീട്ട് കളിയ്ക്കാനും...
ചേരി* തല്ലാൻ പോയ
അമ്മായിയമ്മ വൈകീട്ട്
തിരിച്ചു വരുമ്പോൾ
കടപ്പുറത്ത്
പിള്ളാരുടെ കൂടെ
അത്തള പിത്തള തവളാച്ചി
കളിയ്ക്കുന്ന
കമലേച്ചിയെ
കയ്യോടെ പിടിച്ചു
സ്വന്തം
വീട്ടിൽ കൊണ്ടു വിട്ടു...
കാര്യപ്രാപ്തിയില്ലാത്തവളെ
ൻ്റെ മോനൊന്നും
വേണ്ടെന്ന്..!
കമലേച്ചിയപ്പോൾ
അതിഗൂഢമായൊരു
ആനന്ദത്തോടെ
അവരുടെ
രഹസ്യഭാഗത്തുള്ള
ആ മറുകിനെ
ആരും കാണാതെ
തലോടി...
*തൊണ്ട് തല്ലാൻ