
ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് വീണ്ടും ഇന്ത്യയില്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയായി അഹമ്മദാബാദ് നിര്‍ദ്ദേശിക്കപ്പെട്ടു. കോമണ്‍വെല്‍ത്ത് സ്‌പോര്‍ട് എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ നിര്‍ദ്ദേശം കോമണ്‍വെല്‍ത്ത് സ്‌പോര്‍ട് ജനറല്‍ അസംബ്ലി ഇനി അംഗീകരിക്കണം. ഗ്ലാസ്‌ഗോയില്‍ നവംബര്‍ 26നാണ് അസംബ്ലി. ഇതൊരു ചടങ്ങു മാത്രമാകാനാണ് സാധ്യത.
അഹമ്മദാബാദിനൊപ്പം നൈജീരിയയുടെ തലസ്ഥാനം അബുജയാണ് മത്സരംഗത്തുണ്ടായിരുന്ന നഗരം. എന്നാല്‍ കോമണ്‍വെല്‍ത്ത് സ്‌പോര്‍ട് ഇവാലുവേഷന്‍ കമ്മിറ്റിയുടെ പരിശോധനയില്‍ അഹമ്മദാബാദിനു മുന്‍തൂക്കം ലഭിച്ചു. 2036 ലെ ഒളിംപിക്‌സ് വേദിയാകാന്‍ ശ്രമിക്കുന്ന നഗരമാണ് അഹമ്മദാബാദ്. കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഒരുക്കങ്ങള്‍ ഒളിംപിക്‌സ് വേദിക്കുള്ള അഹമ്മദാബാദിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും.
കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തുവാൻ നേരത്തെ രംഗത്തുണ്ടായിരുന്ന കാനഡ പിന്‍വാങ്ങിയിരുന്നു. ഓഗസ്റ്റ് 29നാണ് ഇന്ത്യ 2030 ലെ ഗെയിംസിനായി ഔദ്യോഗിമായി അപേക്ഷ സമര്‍പ്പിച്ചത്.

ഓഗസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഡയറക്ടര്‍ ഡാരന്‍ ഹാളും സംഘവും അഹമ്മദാബാദ് സന്ദര്‍ശിച്ചിരുന്നു. പിന്നീട് കോമണ്‍വെല്‍ത്ത് സ്‌പോര്‍ട് വൈസ് പ്രസിഡന്റ് സാന്ദ്രാ ഒസ്‌ബോണിന്റെ നേതൃത്വത്തില്‍ ആറംഗ അവലോകന കമ്മിഷന്‍ ഒരുക്കങ്ങൾ വിലയിരുത്തി. ഇവരാണ് എക്‌സിക്യൂട്ടീവ് ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ബര്‍മിങ്ങാമിലാണു നടന്നത്. 2026-ലെ ഗെയിംസ് വേദിയായി നിശ്ചയിക്കപ്പെട്ട വിക്ടോറിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പിന്‍വാങ്ങി. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് തന്നെ നിന്നുപോകുമോ എന്ന ആശങ്ക ഉയര്‍ന്നു. തുടര്‍ന്ന് 2026 ലെ ഗെയിംസ് നടത്തുവാന്‍ ഗ്ലാസ്‌ഗോ മുന്നോട്ടുവന്നു. എന്നാല്‍ 2022-ലെ ഗെയിംസിൽ ഉണ്ടായിരുന്ന ഒന്‍പത് മത്സര ഇനങ്ങള്‍ ഒഴിവാക്കി, ചെലവുചുരുക്കിയായിരിക്കും 2026 ലെ മേള നടക്കുക. 10 ഇനങ്ങളില്‍ മാത്രമായിരിക്കും ഗ്ലാസ്‌ഗോയില്‍ മത്സരം.
ഹോക്കി, ക്രിക്കറ്റ്, ബാഡ്മിന്റന്‍, ടേബിള്‍ ടെന്നിസ്, ഗുസ്തി, സ്‌ക്വാഷ്, ആര്‍ച്ചറി തുടങ്ങിയവ ഒഴിവാക്കിയത് ഗ്ലാസ്‌ഗോയില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യത കുറയ്ക്കും. ഷൂട്ടിങ്ങ് 2022 ലും ഉള്‍പ്പെടുത്തിയിരുന്നില്ല. ഒഴിവാക്കപ്പെട്ടവ ഉള്‍പ്പെടുത്തി കോമൺവെൽത്ത് ഗെയിംസിന് പൂര്‍ണ്ണത നല്‍കുവാന്‍ 2030ൽ അഹമ്മദാബാദില്‍ ഇന്ത്യക്ക് അവസരം ഒരുങ്ങും. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പ്രൗഢി വീണ്ടെടുക്കാന്‍ ഇതു സഹായിക്കും. മാത്രമല്ല, 2010 ൽ ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് നന്നായി നടന്നെങ്കിലും അഴിമതിയിൽ മുങ്ങിയിരുന്നു. ഈ നാണക്കേട് മായിക്കേണ്ടതുണ്ട്.