ന്യൂ യോർക്ക് മേയർ സ്ഥാനാർഥികളുടെ ആദ്യ ഡിബേറ്റിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സോഷ്യലിസ്റ്റ് സ്ഥാനാർഥി സോഹ്രാൻ മാംദാനി വ്യക്തമായും വിജയം കൈവരിച്ചെന്നു വിലയിരുത്തൽ.
എതിരാളികളായ മുൻ ഗവർണർ ആൻഡ്രൂ കോമോ, റിപ്പബ്ലിക്കൻ കർട്ടിസ് സ്‌ലൈവ എന്നിവർ പലപ്പോഴും മികവ് കാട്ടിയെങ്കിലും തന്റെ സന്ദേശം കൃത്യമായി നൽകുന്നതിൽ യുവാവായ മാംദാനിയാണ് വിജയിച്ചതെന്നതാണ് നിഗമനം. വോട്ടർമാർക്ക് അദ്ദേഹം പ്രിയങ്കരനായ വിഷയങ്ങളിൽ മാംദാനി ഉറച്ചു നിൽക്കുകയും ചെയ്തു.
ഫോക്സ് ന്യൂസ് ഡിബേറ്റിനു മുൻപെടുത്ത സർവേയിൽ മാംദാനി ആദ്യമായി 50% കടന്നുവെന്നു വ്യക്തമായി. അദ്ദേഹം 52% എത്തിയപ്പോൾ കോമോയുടെ പിന്തുണ വെറും 28% ആണ്. സ്ലൈവയ്ക്കാവട്ടെ 14% മാത്രം.
സ്‌ലൈവ നല്ല പ്രകടനം കാഴ്ച വച്ചെങ്കിലും മാംദാനിയുടെ നിലപാടുകൾ നേടിയ ജനപ്രീതി ഉലയ്ക്കാൻ അതിനു കഴിഞ്ഞില്ലെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ പരിചയ സമ്പന്നനായ തന്ത്രജ്ഞൻ ബിൽ കണ്ണിങ്ഹാം പറഞ്ഞത്. വോട്ട് തീരുമാനിച്ചിട്ടില്ലാത്ത 10% സ്‌ലൈവയിലേക്കു ചാഞ്ഞാൽ മാത്രമേ മാറ്റം ഉണ്ടാവൂ. അതിനു പക്ഷെ സാധ്യത കാണുന്നില്ല.
"മാംദാനിയെ പിന്തുണയ്ക്കുന്നവരെ മാറ്റിയെടുക്കാൻ ഈ ഡിബേറ്റിൽ സ്ലൈവയ്ക്കു കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ നിഗമനം."
മൂന്ന് തവണ ഗവർണർ ആയിരുന്ന കോമോയുടെ പരിചയ സമ്പത്തു വ്യക്തമായെന്നു റിപ്പബ്ലിക്കൻ തന്ത്രജ്ഞൻ റോബ് റയാൻ പറഞ്ഞു. പല വിഷയങ്ങളിലും ഏറ്റവും അറിവ് പ്രകടമാക്കിയതും അദ്ദേഹമാണ്.
വ്യാഴാഴ്ച്ച റോക്കഫെല്ലർ സെന്ററിൽ നടന്ന ഡിബേറ്റിൽ മാംദാനി തന്റെ പ്രധാന വാഗ്ദാനം അടിവരയിട്ടു ആവർത്തിച്ചെന്നു നിരീക്ഷകർ പറയുന്നു. ന്യൂ യോർക്ക് നിവാസികൾക്കു ജീവിതഭാരം കുറയ്ക്കും എന്നതാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കിയ സന്ദേശം.
ജൂണിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ കോമോയെ മാംദാനി തോല്പിച്ചത് അങ്ങിനെ ആയിരുന്നു. അതിൽ നിന്നു മാറ്റമൊന്നും ഉണ്ടായിട്ടില്ല.
എൻ ബി സി ന്യൂസിൽ നടന്ന ഡിബേറ്റിൽ ഇസ്രയേലും ഗാസയും ഉൾപ്പെടെ മാംദാനിയുടെ നിലപാടുകൾ വിവാദമായ വിഷയങ്ങളിൽ സ്‌ലൈവ അദ്ദേഹത്തെ വീഴ്ത്താൻ നോക്കി.
വോട്ടർമാരിൽ പലരും ഡിബേറ്റ് പാർട്ടികളിൽ എത്തി. ബ്രൂക്‌ലിൻ പ്രോസ്പെക്ട് പാർക്ക് പരിസരത്തു നടന്ന പാർട്ടിയിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ എഴുത്തുകാരൻ സലിൽ ത്രിപാഠി പറഞ്ഞു: "സോഹ്രാൻ പൊടിപൊടിച്ചു എന്നാണ് എനിക്കു തോന്നിയത്. കോമോ ഒട്ടേറെ സ്വയം പ്രതിരോധം നടത്തേണ്ടി വന്നു. ഹമാസും ഇസ്രയേലുമൊന്നും ഈ തിരഞ്ഞെടുപ്പിൽ വിഷയവുമല്ല."
സൗത്ത് ഏഷ്യൻ വോട്ടർമാർ മാംദാനിയെ തുണയ്ക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. മുസ്ലിങ്ങൾ മാത്രമല്ല, ഹിന്ദുക്കളും. കോമോ ഒരു ദുരന്തമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.
പോലീസിനെ കുറിച്ച് മാംദാനി പറഞ്ഞത് ഇഷ്ടമായെന്നു സ്നേഹ ജയരാജ് പറഞ്ഞു. പോലിസിനു പണം നൽകരുതെന്ന് പറഞ്ഞിരുന്ന മാംദാനി തന്റെ നിലപാട് തിരുത്തിയാണ് സംസാരിച്ചത്. വർഷങ്ങൾക്ക് മുൻപ് അവരെ വംശവിദ്വേഷികൾ എന്നു വിളിച്ചത് തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 9/11 ആക്രമണങ്ങൾക്കു ശേഷം പോലീസിനെതിരെ ഉണ്ടായ തെറ്റിദ്ധാരണ തിരുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Mamdani wins first debate decisively