(ഗീത തുടരുന്നു..ചില സാങ്കേതികപ്രശ്നങ്ങൾ മൂലം തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു)
ഭക്തനും സുഹൃത്തുമായ അർജുനന് കർമ്മയോഗത്തെപ്പറ്റി കൂടുതലായി ഭഗവൻ ഉദ്ബോധിപ്പിക്കുന്നതാണീയധ്യായത്തിൽ. ഈ യോഗത്തെപ്പറ്റി വിവസ്വത്തിനെ (സൂര്യൻ) താൻ ഉപദേശിക്കുകയും അദ്ദേഹത്തിലൂടെ തലമുറകൾ ഇത് കൈമാറിയെങ്കിലും കാലാന്തരത്തിലത് നഷ്ടപ്പെട്ടുപോയ വിവരം ഭഗവൻ അർജുനനെ അറിയിക്കുന്നു. ധർമ്മം ക്ഷയിക്കുമ്പോൾ ധർമ്മത്തെ പുനഃ"സ്ഥാപിക്കാനും സന്മാർഗ്ഗികളെ രക്ഷിക്കാനും യുഗങ്ങൾതോറും ഭഗവൻ ജന്മമെടുക്കുന്നു. ഭഗവാന്റെ ദിവ്യമായ ജന്മത്തേയും കർമ്മത്തെയും അറിയുന്നവർ പുനർജനിക്കുന്നില്ല' അവർ ഭഗവാനെ പ്രാപിക്കുന്നുവെന്നു ഭഗവൻ പറഞ്ഞു. ഏതെല്ലാം വഴിയിലൂടെ മനുഷ്യർ എന്നെ സമീപിച്ചാലും ഞാനവരെ അനുഗ്രഹിക്കുന്നു. കർമ്മങ്ങളുടെയും ഗുണങ്ങളുടെയും (സത്വം, രജസ്സ്, തമസ്സ്) വിഭാഗമനുസരിച്ച് ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നീ നാല് വർണ്ണങ്ങൾ ഞാൻ സൃഷ്ടിച്ചെങ്കിലും എന്നെ അതിന്റെ അകർത്താവായി കാണുക.പിന്നീട് കർമ്മത്തെയും അകർമ്മത്തെത്തേയും നിഷിദ്ധകർമ്മകർമ്മത്തേയും പറ്റി ഭഗവാൻ വിശദമായി അർജുനനെ ഉപദേശിക്കുന്നു.കർമ്മയജ്ഞങ്ങൾ ലക്ഷ്യങ്ങളല്ല മാർഗ്ഗം മാത്രമാണെന്നും ജ്ഞാനയജ്ഞമാണ് ശ്രേഷ്ഠമെന്നും ഉദാഹരണത്തിലൂടെ ഭഗവൻ വിവരിക്കുന്നു. ദിവ്യമായ ആ ജ്ഞാനലബ്ധി ഒരു ഗുരുവിൽ നിന്നു നേടണമെന്നും അങ്ങനെ ജ്ഞാനാസിദ്ധി നേടിയാൽ സർവ്വചരാചരങ്ങളിലും തന്നെയും, തന്നെ സർവ്വചരാചരങ്ങളിലും ദർശിക്കാൻ കഴിയുമെന്നും അറിയിക്കുന്നു. ഏറ്റവും പാപിയായ മനുഷ്യനുപോലും ജ്ഞാനമാകുന്ന വഞ്ചിയിൽ കയറി പാപസമുദ്രം മറികടക്കാൻ സാധിക്കും. ജ്ഞാനം ലഭിക്കുമ്പോൾ പരമമായ ശാന്തി കൈവരുന്നു. അങ്ങനെ ജ്ഞാനമാകുന്ന വാൾ കൊണ്ട് അജ്ഞാനത്തിൽ നിന്നും നിന്റെ ഹൃദയത്തിലുണ്ടായ സംശയത്തെ ഛേദിച്ച് കളഞ്ഞു കർത്തവ്യനിർവഹണത്തിനായി എഴുന്നേൽക്കുക എന്ന് ഭഗവാൻ അര്ജുനനോട് അരുളി ചെയ്തു. ഇനി വിശദമായി..
അനശ്വരമായ ഈ പാഠങ്ങൾ ഞാൻ മുമ്പേ വിവസ്വത്തിനു പറഞ്ഞു കൊടുത്തിരുന്നു വിവസ്വത് അത് മനുവിന് പറഞ്ഞുകൊടുത്തു. മനു ഇക്ഷാകുവിനും. അങ്ങനെ തലമുറകളിലൂടെ പകർന്നുകൊടുത്ത ജ്ഞാനം രാജർഷികൾ അറിഞ്ഞു. എന്നാൽ ഓ പരാന്തപ, കാലാന്തരത്തിൽ ഈ അറിവ് മനുഷ്യരിൽ നിന്നും കൈവിട്ടുപോയി. ആ അറിവ് ഞാൻ നിനക്കിന്നു പകർന്നു തരുന്നു. കാരണം നീ എന്റെ ഭക്തനാണ്. സുഹൃത്താണ്, കൂടാതെ ഈ അറിവ് രഹസ്യവും ഉത്തമവുമാകുന്നു.
അർജുനൻ പറഞ്ഞു. വിവസ്വത്തിനുശേഷം ജനിച്ച അംഗ എങ്ങനെയാണ് അദ്ദേഹത്തിന് പറഞ്ഞു കൊടുത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.
പ്രഭു പറഞ്ഞു നമ്മൾ അനേക ജന്മങ്ങൾ പിന്നിട്ടവരാണ്. എന്നാൽ നിനക്കതെക്കുറിച്ചറിയില്ല. എനിക്ക് എല്ലാമറിയാം. ഞാൻ ജീവികളുടെ ദൈവവും, ജനിക്കാത്തവനും, മരിക്കാത്തവനുമാണെങ്കിലും എന്റെ മായാശക്തികൊണ്ട് എന്റെ സ്വന്തം ഇച്ഛക്കനുസരിച്ച് അവതരിക്കുന്നു.
യദാ യദാ ഹി ധർമ്മസ്യ
ഗ്ലാനിർ ഭവതി ഭാരത
അഭ്യുത്ഥാനമധർമ്മസ്യ
തദാത്മാനം സൃജാമൃഹം
പവിത്രാണായ സാധുനാം
വിനാശായ ച ദുഷ്കൃതം
ധർമ്മ സംസ്ഥാപനാർത്ഥായ
സംഭവാമി യുഗേ യുഗേ
എപ്പോഴെല്ലാം ധർമ്മം ക്ഷയിക്കുകയും അധർമ്മം വളരുകയും ചെയ്യുന്നുവോ, അപ്പോൾ ഞാൻ അവതരിക്കുന്നു. സന്മാർഗ്ഗികളെ രക്ഷിക്കാനും അധർമ്മികളെ നശിപ്പിക്കാനും ധർമ്മത്തെ നിലനിർത്താനുമായി ഞാൻ യുഗം തോറും ജന്മമെടുക്കുന്നു. എന്റെ ദിവ്യമായ ജന്മവും, കർമ്മങ്ങളും,( സൃഷ്ടി,സ്ഥിതി, സംഹാരം) സത്യമായി അറിയുന്നവർ മരിച്ചാൽ വീണ്ടും ജനിക്കുന്നില്ല അവർ എന്നെ പ്രാപിക്കുന്നു. കാമം, ക്രോധം മോഹം തുടങ്ങിയ പൈശാചിക പ്രേരണകളെ ചെറുത്തുനിന്നും, മനസ്സിൽ മുഴുവനായി എന്നെ പ്രതിഷ്ഠിച്ച് ജ്ഞാനതപോബലത്താൽ അനേകം പേര് ആത്മസാക്ഷാത്കാരം നേടിയിട്ടുണ്ട്. അവർ എപ്രകാരം എന്നെ ഭജിക്കുന്നുവോ, അപ്രകാരം ഞാനവരെ അനുഗ്രഹിക്കുന്നു. (ഏതെല്ലാം വഴിയിലൂടെ മനുഷ്യർ എന്നെ സമീപിച്ചാലും ഞാനവരെ അനുഗ്രഹിക്കുന്നു. )(എല്ലാ വിധത്തിലും മനുഷ്യർ എന്റെ വഴിയിലൂടെ തന്നെ നടക്കുന്നു. എളുപ്പം ഫലം കിട്ടുന്ന പ്രവർത്തിയിൽ മനുഷ്യർ ഏർപ്പെടുന്നു. അവർ അതിനായി ദേവകളെ ഉപാസിക്കുന്നു. എന്തെന്നാൽ മനുഷ്യലോകത്തിൽ കർമ്മങ്ങൾക്കുള്ള ഫലസിദ്ധി വേഗമുണ്ടാകുന്നു.
ചാതുർവർണ്യം മയാ സൃഷ്ടം
ഗുണകർമ്മവിഭാഗശ :
തസ്യകർത്താരമപി മാം:
വിദ്ധ്യകർത്താരമവ്യയം
ചാതുർ വർണ്യങ്ങളെ (ബ്രാഹ്മണർ ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ ) ഞാൻ സൃഷ്ടിച്ചത് ഒരാളുടെ കർമ്മവും ഗുണങ്ങളും (സ്വതം രജസ്സ് തമസ്സ്) അനുസരിച്ചാണ്. ഞാൻ അതിന്റെ കർത്താവാണെങ്കിലും അവ്യയനായ എന്നെ അതിന്റെ അകർത്താവായി അറിയുക. ( ഈ ശ്ലോകം പ്രകാരം ജന്മം കൊണ്ട് ഒരാൾ ബ്രാഹ്മണനാകുന്നില്ല, ഒരാളുടെ വർണ്ണം നിശ്ചയിക്കുന്നത് അയാളുടെ ഗുണവും, കർമ്മവും, അനുസരിച്ചാണ്. എന്നാൽ ഈ ശ്ലോകത്തെ ദുർവ്യാഖ്യാനം ചെയ്തു ആർഷഭാരതത്തിൽ ജാതിക്കോമരങ്ങളുടെ പൊടിപൊടിപ്പൻ ആഘോഷം തിമിർത്തിട്ടുണ്ട്. നിർഭാഗ്യവശാൽ ആ കാഴ്ച ഇന്നും തുടരുന്നു. ജ്ഞാനത്തിന്റെ കുറവാണ് അതിനു കാരണം. ഈ അധ്യായത്തിൽ ജ്ഞാനലബ്ധിയെപ്പറ്റി ഭഗവാൻ വിസ്തരിക്കുന്നുണ്ട്.
ന മാം കർമാണി ലിസന്തി
ന മേ കർമ്മ ഫലേ സ് ഹാ
ഇതി മാം യോഭി ജാനാതി
കർമ ദിർ ന സ ബദ്ധ്യതേ
കർമ്മങ്ങൾ എന്നെ സ്പര്ശിക്കുന്നില്ല. എന്റെ കർമ്മങ്ങൾ ഫലേച്ഛയില്ലാത്തതാണ്. എന്നെ ഇങ്ങനെയറിയുന്നവർ കർമ്മ ബന്ധങ്ങളിൽപ്പെടുന്നില്ല. പണ്ടുള്ളവർ ഇത് മനസ്സിലാക്കിക്കൊണ്ട് കർമ്മങ്ങൾ ചെയ്തു. നീയും ആ പൂർവികരെ പോലെ നിന്റെ കർമ്മങ്ങൾ ചെയ്യുക. എന്താണ് കർമ്മം, എന്താണ് അകർമ്മം ഈ കാര്യത്തിൽ ബുദ്ധിമാന്മാർ പോലും അന്ധാളിച്ചുപോകുന്നു. അതുകൊണ്ട് കർമ്മം എന്താണെന്നു ഞാൻ നിനക്ക് ഉപദേശിച്ചുതരാം. ആ അറിവുകൊണ്ട് നിനക്ക് തിന്മയിൽ നിന്ന് വിജയം നേടാം. മൂന്നുതരം കർമ്മങ്ങൾ ഉണ്ട്. ഫലേച്ഛയോടുള്ള കർമ്മം, ഫലേച്ഛയില്ലാത്ത കർമ്മം , പിന്നെ നിഷിദ്ധകർമ്മം. ഈ കർമ്മങ്ങളുടെ ഗതിയറിയാൻ പ്രയാസമാണെങ്കിലും ഇവയെപ്പറ്റിയറിയേണ്ടതാണ്. കർമ്മത്തിൽ അകർമ്മത്തേയും അകർമ്മത്തിൽ കർമ്മത്തേയും ആർ കാണുന്നുവോ അയാൾ യോഗിയും അയാളുടെ കർമ്മങ്ങൾ പൂർണ്ണവുമാണ്.ഒരാളുടെ പ്രവർത്തികളിലെല്ലാം സ്വാർത്ഥതാല്പര്യങ്ങളോ, ആഗ്രഹങ്ങളോ ഇല്ലാതെ, കർമ്മങ്ങളെ അറിവിന്റെ അഗ്നിയിൽ ദഹിപ്പിച്ചയാൾ പണ്ഡിതനാണ്. കർമ്മഫലങ്ങളെ നിരാകരിച്ച്, സംതൃപ്ത്തനായി ഒന്നിനെയും ആശ്രയിക്കാതെ ദൈവത്തിൽ മാത്രം വിശ്വസിച്ചും ആശ്രയിച്ചും ഒരാൾ ചെയ്യുന്ന പ്രവർത്തികൾക്ക് കാർമ്മിക ബന്ധങ്ങളില്ല. ആഗ്രഹങ്ങളിൽനിന്നും വിമുക്തരായി മനസ്സും ശരീരവും പരിപൂർണ്ണനിയന്ത്രണത്തത്തിലാക്കി ഒന്നിന്റെയു ഉടമാവസ്ഥവകാശം സ്ഥാപിക്കാതെ ശാരീരികാവശ്യത്തിനു മാത്രം കർമ്മം ചെയ്യുന്നവനും പാപത്തെ പ്രാപിക്കുന്നില്ല, ഈശ്വരേച്ഛ പോലെ ലഭിക്കുന്നതിൽ സംതൃപ്തിയടഞ്ഞു അസൂയവിമുക്തനായി,ജയത്തിലും, പരാജയത്തിലും സമാനമനസ്കനായി ചെയ്യുന്നവ കർമ്മബന്ധങ്ങളിൽപ്പെടുന്നില്ല. കർമ്മബന്ധങ്ങളിൽ നിന്ന് മുക്തരായി, ദൃഢമനസ്സോടെ എല്ലാം ലോകസേവനമായി ചെയ്യുന്നവരുടെ എല്ലാ കർമ്മങ്ങളും ലയിച്ചുപോകുന്നു. അവ ബന്ധകാരണങ്ങളായിത്തീരുന്നില്ലെന്നർത്ഥം.
ബ്രഹ്മാർപ്പണം ബ്രഹ്മ ഹവിർ
ബ്രഹ്മാഗ്‌നൗ ബ്രഹ്മണാ ഹൃതം
ബ്രഹ്മൈവ തേന ഗന്തവ്യം
ബ്രഹ്മകർമ്മ സമാധിനാ
അർപ്പണവും ഹവിസ്സും ബ്രഹ്മമാകുന്നു. ബ്രഹ്മമാകുന്ന അഗ്നിയിൽ അർപ്പിക്കുന്നതും ബ്രഹ്മമാകുന്നു. പ്രാപിക്കേണ്ടത് ബ്രഹ്മം തന്നെ. ചെയ്യേണ്ട കർമ്മവും ബ്രഹ്മം തന്നെ. ബ്രഹ്മജ്ഞാനം നേടിയവർ എല്ലാം ബ്രഹ്മമായി കാണുന്നു എന്ന് സാരം. (ഭക്ഷണത്തിനുമുമ്പ് ഹിന്ദുക്കൾ ഈ മന്ത്രം ഉച്ചരിക്കാറുണ്ട്). ചില യോഗികൾ ദേവന്മാർക്ക് മാത്രമായി യജ്ഞമനുഷ്ടിക്കുന്നു. എന്നാൽ ചിലർ സകലതും ബ്രഹ്മമായി കണ്ടു യജ്ഞത്തെ ബ്രഹ്‌മാഗ്നിയിൽ അർപ്പിക്കുന്നു. ചിലർ സംയമാഗ്നിയിൽ കേഴ്വി തുടങ്ങി മറ്റു ഇന്ദ്രിയങ്ങളെയും മറ്റ് ചിലർ ശബ്ദം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രിയാഗ്നിയിൽ ഹോമിക്കുന്നു. മറ്റ് ചിലരാകട്ടെ ജ്ഞാനം കൊണ്ട് ജ്വലിക്കുന്ന സംയമാഗ്നിയിൽ ഇന്ദ്രിയങ്ങളെയും പ്രാണൻ തുടങ്ങിയ വായുക്കളുടെയും വ്യാപാരങ്ങളെ ഹോമിക്കുന്നു. പിന്നെ ചിലർ അവരുടെ സ്വത്ത് തപശ്ചര്യകൾ യോഗാഭ്യാസം തുടങ്ങിയവ യജ്ഞമായി ചെയ്യുന്നു. ദൃഢവൃതന്മാരായ യതികൾ ജ്ഞാനം വർധിപ്പിക്കുന്നതും, ജ്ഞാനം പകരുന്നതും യജ്‌ഞമായി കരുതുന്നു.ചിലർ പ്രാണായാമത്തിലൂടെ യജ്‌ഞമർപ്പിക്കുന്നു. ഇത് മൂന്നു തരമുണ്ട്.അവ പൂരക, രേചക, കംഭ എന്നിവയാണ്. ശ്വാസം ഉള്ളിലേക്ക് പിടിക്കുന്നത് പൂരക, പുറത്തോട്ട് തള്ളുന്നത് രേചകം. പൂരക രേചകങ്ങൾക്കിടയിൽ ശ്വാസത്തെ അകത്തോ പുറത്തോ നിറുത്തുന്നതു കുംഭം. നിശ്ചിതക്രമത്തിൽ മേല്പറഞ്ഞത്ചെയ്യുന്നതാണ് പ്രാണായാമം. ചിലർ ഉപവസിച്ചുകൊണ്ട് യജ്‌ഞം ചെയ്യുന്നു. ഇവരെല്ലാം യജ്ഞം എന്താണെന്നറിയുന്നു. അങ്ങനെ യജ്ഞംകൊണ്ട് ജീവിതത്തിന്റെ അശുദ്ധികൾ കഴുകിക്കളയുന്നു. യജ്ഞത്തിന്റെ അവശിഷ്ടം അതായത് അമൃത് ഭക്ഷിക്കുന്നവർ ബ്രഹ്മത്തെ നേടുന്നു. കർമ്മങ്ങൾ യജ്ഞഭാവത്തോടെ ചെയ്യാത്തവന് ഈ ലോകം പോലും കിട്ടുന്നില്ല, പിന്നെങ്ങനെ അടുത്ത ലോകം കിട്ടും. കുരുസത്തമ വേദങ്ങളിൽ അത്തരം അനവധി യജ്ഞങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതെല്ലാം അറിയുക, അറിയുമ്പോൾ നിനക്കും മോചനമുണ്ടാകും. ദ്രവ്യയജ്‌ഞതത്തേക്കാൾ ജ്ഞാനയജ്‌ഞമാണ് മഹത്വരമെന്നു ഭഗവൻ പറയുന്നു.
എല്ലാ പ്രവർത്തികളും അതിന്റെ ഫലത്തോടെ അറിവിൽ അവസാനിക്കുന്നു. തത്വജ്ഞാനികൾ സത്യം കണ്ടെത്തിയവർ നിനക്ക് ഈ അറിവുകൾ പകർന്നു തരും.വിനയത്തോടെ, ചോദ്യങ്ങളിലൂടെ, സേവനത്തിലൂടെ നീ അത് നേടിയെടുക്കുക. ഈ അറിവ് നീ നേടുമ്പോൾ ഓ പാണ്ഡവാ നീ തെറ്റിൽ വീഴില്ല. നീ എല്ലാജീവജാലങ്ങളെയും നിന്നിലും എന്നിലും കാണും. ആത്മസാക്ഷാത്കാരം നേടിയവൻ അവനിലും മറ്റുള്ളവനിലും വ്യത്യാസം കാണുന്നില്ല. നീ പാപികളിൽ പാപിയായാലും പാപത്തിന്റെ സമുദ്രം അറിവിന്റെ തോണിയുമുപയോഗിച്ച് മറികടക്കും. തീജ്വാല ഇന്ധന വസ്തുക്കളെ ഭസ്മമാക്കുന്നു. അല്ലയോ, അർജുനാ അതേപോലെ അറിവിന്റെ തീ എല്ലാ കർമ്മങ്ങളെയും ഭസ്മമാക്കുന്നു. അറിവിനെപോലെ ശുദ്ധീകരിക്കാൻ പ്രാപ്തിയുള്ള ഒന്നും ഈ ലോകത്തിലില്ല. യോഗാഭ്യാസത്തിലൂടെ ആ ജ്ഞാനത്തെ നേടിയവർ തന്നിൽ തന്നെ പ്രാപിക്കുന്നു,
ശ്രദ്ധാവാൻ ലഭതേ ജ്ഞാനം
തത്പര:സം യാതേന്ദ്രിയ :
ജ്ഞാനം ലബ്ധ്വാ പരാം ശാന്തി
മചിരേണാധിഗച്ഛതി
ശ്രദ്ധാലുവിനും തല്പരനും ഇന്ദ്രിയസംയമനമുള്ളവാനും പരമോൽമജ്ഞാനം ലഭിക്കുന്ന,അതു നേടിയവന് പരമമായ സമാധാനം കിട്ടുന്നു. എപ്പോഴും സംശയമുള്ളവനും ശ്രദ്ധയില്ലാത്തവനും അറിവ് ഇല്ലാത്തവനും നശിച്ചുപോകുന്നു. ഈ ലോകവും അടുത്തലോകവും സന്തോഷവും അവനു നഷ്ടപ്പെടുന്നു. യോഗത്താൽ കർമ്മബന്ധങ്ങളെ ത്യജിച്ച അറിവ്‍കൊണ്ടു എല്ലാ സംശയങ്ങളെയും ദൂരീകരിച്ച ജ്ഞാനിയെ കർമ്മങ്ങൾ ബന്ധിക്കുന്നില്ല. ഓ ധനജ്ഞയ ആത്മജ്ഞാനമാകുന്ന ഖഡ്‌ഗം കൊണ്ട് നിന്റെ ഹൃദയത്തിൽ കടന്നു കൂട്ടിയിട്ടുള്ള സംശയത്തെ മാറ്റിക്കളയുക. യജ്ഞഭാവത്താൽ, കർമ്മങ്ങൾ അനുഷ്ഠിക്കുക. അല്ലയോ, അർജ്ജുന എഴുന്നേൽക്കുക.
നാലാം അധ്യായം സമാപ്തം.
അടുത്തതത് " സംന്യാസയോഗം "
ശുഭം
Read More: https://www.emalayalee.com/writer/11