ശബരിമലയില്‍ 'ബാംഗ്ലൂര്‍ ഉണ്ണിത്തിരുമേനി'യെന്ന് അറിയപ്പെട്ടിരുന്ന പെരും കള്ളന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഒക്‌ടോബര്‍ 30 വരെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്.ഐ.ടി) ചോദ്യ പ്രഹരത്തില്‍ കഴിയണം. തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ വച്ച് ഇന്നലെ രാത്രി ഏറെ വൈകിയാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിക്ക് ശബരിമലയുടെ പരിധിയിലുള്ള റാന്നി റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ''എന്നെ കുടുക്കിയവര്‍ നിയമത്തിന് മുന്നില്‍ വരും...'' എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണു പോറ്റി പൊലീസ് വാഹനത്തില്‍ കയറിയത്. കോടതിയില്‍ നിന്ന് പുറത്തിറക്കിയ പോറ്റിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകന്‍ ചെരുപ്പെറിയുകയും ചെയ്തു.
ഒരുവശത്ത് സ്വര്‍ണപ്പാളി കട്ടതിന്റെ പേരില്‍ പോറ്റിക്കെതിരായ നിയമനടപടികളുമായി എസ്.ഐ.ടി അതിവേഗം മുന്നോട്ട് പോകുമ്പോള്‍ മറുവശത്ത് ഇയളുടെ നേതൃത്വത്തില്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ പാളികള്‍ ഘടിപ്പിക്കുന്ന പണിയും ശബരിമല ശ്രീകോവിലിന് മുന്നില്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. ഇന്ന് വൈകുന്നേരെ 4 മണിയോടെ തുലാ മാസ പൂജകള്‍ക്കായി നടതുറന്ന ശേഷമാണ്, ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളെ സാക്ഷികളാക്കി ദ്വാരപാലക ശില്‍പ പാളികള്‍ ഘടിപ്പിച്ചത്. സാധാരണ 5 മണിക്കാണ് നട തുറക്കുന്നത്. എന്നാല്‍ ശില്‍പ പാലികള്‍ പുനസ്ഥാപിക്കുന്നതിനു വേണ്ടിയാണ് നേരത്തെയാക്കിയത്. ഏതാണ്ട് 5.50-ഓടെയാണ് ഈ പണികള്‍ പൂര്‍ത്തിയായത്.
അതേസമയം, പോറ്റിയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 14 ദിവസത്തെ റിമാന്‍ഡിനൊപ്പം 13 ദിവസത്തെ അസാധാരണമായ കസ്റ്റഡി കോടതി അനുവദിച്ചത്. സാധാരണ ഒരു പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷ നല്‍കുമ്പോള്‍ 14 ദിവസം ജൂഡീഷ്യല്‍ കസ്റ്റിഡിയില്‍ റിമാന്‍ഡ് ചെയ്യുകയാണ് പതിവ്. പിന്നീടായിരിക്കും കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പക്ഷേ, ഹൈക്കോടതി നേരിട്ട് നടത്തുന്ന അന്വേഷണം എന്ന ഗൗരവം കോടതി നടപടികളിലുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് പോറ്റിയുടെ 14 ദിവസത്തെ പോലീസ് കസ്റ്റഡി. ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ സ്ഥാനത്തിരിക്കെ സസ്‌പെന്‍ഡിലായ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി കസ്റ്റഡിയിലെടുക്കും.
ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്നതാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. താന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് സന്നിധാനത്ത് വന്നപ്പോള്‍ മുതല്‍ ഈ സ്വര്‍ണ്ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങിയെന്നും അതില്‍ ഉദ്യോഗസ്ഥര്‍ അടക്കം വലിയ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നുമാണ് പോറ്റി പറയുന്നത്. പാളികളിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ ആസൂത്രിത ശ്രമം നടന്നതായും രണ്ടു മുതല്‍ പത്ത് വരെ പ്രതികള്‍ക്ക് അന്യായമായ ലാഭമുണ്ടാക്കാന്‍ പോറ്റി ഇടപ്പെട്ടെന്നും പോറ്റിയെ കരുവാക്കി സ്വര്‍ണം തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുരാരി ബാബു, സുധീഷ് കുമാര്‍ അടക്കമുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് പോറ്റി ഒത്താശ ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ദേവസ്വം ബോര്‍ഡിന് അന്യായമായ നഷ്ടവും തങ്ങള്‍ക്ക് അന്യായ ലാഭവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയും കരുതലോടെയുമാണ് ഈ വിശ്വാസവഞ്ചന നടത്തിയത്. സ്വര്‍ണം തട്ടിയെടുത്ത് ലാഭം നേടിക്കൊടുക്കാന്‍ വേണ്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത് എന്ന ഗുരുതരമായ ആരോപണം റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മറുവശത്ത് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കഴിയുമെന്ന് മനസിലായതോടെ മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഉള്ളില്‍ തോന്നിയ കുശാഗ്ര ബുദ്ധിയാണോ ഈ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ എന്ന സംശയവും തെളിയിക്കപ്പെടുകയാണ്.
പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോയിലേറെ സ്വര്‍ണമാണെന്നും റിമാന്‍ഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദ്വാരപാല ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പതിച്ച ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ തെറ്റദ്ധരിപ്പിച്ച് കൊണ്ടുപോയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. നിയമപരമായ ഉത്തരവുകളും നടപടി ക്രമങ്ങളും ലംഘിച്ച് സ്വര്‍ണം കൈക്കലാക്കി ബെംഗളൂരുവിലും ഹൈദരാബാദിലും തുടര്‍ന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും എത്തിച്ചു. ശേഷം 394 ഗ്രാം സ്വര്‍ണം മാത്രം പൂശിയ ശേഷം ബാക്കി സ്വര്‍ണം കൈക്കലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അന്യായ നഷ്ടം വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതിനാല്‍ എസ്.ഐ.ടി പോറ്റിയെ ബെംഗളൂരുവിലും ഹൈദരാബാദിലും ചെന്നൈയിലും തെളിവെടുപ്പിന് കൊണ്ടുപോകും. സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് ആദ്യം കൊണ്ടുപോയത് ബെംഗളൂരുവിലെ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്‌മണ്യത്തിന്റെ വീട്ടിലേയ്ക്കും ഹൈദരാബാദിലെ മന്ത്ര എന്ന സ്ഥാപനത്തിലേയ്ക്കുമാണ്. അവിടെ നിന്നും ബാംഗ്ലൂരില്‍ എത്തിച്ച സ്വര്‍ണ്ണ പാളി കൂടുതല്‍ ദിവസവും സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ വീട്ടിലാണ്. പോറ്റിയുടെ സ്പോണ്‍സറായ കല്‍പേഷിന്റെ സുഹൃത്താണ് നാഗേഷ്. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ചോദ്യം ചെയ്യും. നിലവില്‍ കല്‍പേഷ് എവിടെയാണെന്നറിയില്ല.
ദ്വാരപാലക ശില്പ പാളികളും കട്ടളപ്പാളികളും പ്രതികള്‍ കൊണ്ടുപോയ വഴിയെ സഞ്ചരിച്ചാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടത്തിയ പരിശോധനയില്‍ ദുരൂഹ ഇടപാടുകള്‍ അന്വേഷണ സംഘത്തിന് ബോധ്യപ്പെടുകയുണ്ടായി. പങ്കജ് ഭണ്ഡാരിയും പോറ്റിയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ നാഗേഷും തമ്മില്‍ ബന്ധമുണ്ടെന്നും പോറ്റി മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ പോറ്റി ചെന്നൈയില്‍ പോയി പങ്കജ് ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേവസ്വം വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പായിരുന്നു ദുരൂഹമായ ഈ കൂടിക്കാഴ്ച. കൊള്ള നടക്കുന്ന കാലയളവില്‍ ദേവസ്വം ബോര്‍ഡില്‍ ഉദ്യോഗസ്ഥരായിരുന്നവരും സര്‍ക്കാര്‍ പ്രതിനിധികളുമെല്ലാം താമസിയാതെ കുടുങ്ങും.