ഹോളിവുഡ് ആക്ഷൻ ഹീറോ ടോം ക്രൂസും നടി അന ഡി അർമാസും പ്രണയബന്ധം അവസാനിപ്പിച്ചു. ഒമ്പത് മാസത്തോളം നീണ്ട ഡേറ്റിങ്ങിനും വിവാഹ റിപ്പോർട്ടുകൾക്കും പിന്നാലെയാണ് ഇരുവരും വേർപിരിയുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്. "പരസ്പരമുള്ള സ്പാർക്ക് നഷ്ടപ്പെട്ടു" എന്ന് തിരിച്ചറിഞ്ഞതോടെയാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് താരങ്ങളുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്തുവന്നത്. ഒരുമിച്ച് ഡിന്നർ കഴിക്കുന്ന ചിത്രങ്ങളും അനയുടെ പിറന്നാളിന് ഹെലികോപ്റ്ററിൽ ഒരുമിച്ച് സഞ്ചരിക്കുന്ന ചിത്രങ്ങളും അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡേറ്റിങ്ങിന് ശേഷം ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളും അടുത്തിടെ വന്നിരുന്നു.
വേർപിരിഞ്ഞെങ്കിലും ടോം ക്രൂസും അന ഡി അർമാസും നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് 'ദി സൺ' റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല, ഇരുവരും ഒരുമിച്ച് അഭിനയിക്കാൻ തീരുമാനിച്ചിരുന്ന 'ഡീപ്പർ' എന്ന സൂപ്പർ നാച്ചുറൽ ത്രില്ലറിൽനിന്ന് പിന്മാറില്ലെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ടോം ക്രൂസിൻ്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ 'മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്' ആഗോളതലത്തിൽ 562 മില്യൺ യുഎസ് ഡോളറാണ് കളക്ട് ചെയ്തത്.
English summary:
The mutual spark was lost'; Tom Cruise and Ana de Armas break up.