Image

കൈയ്യടക്കമുള്ള പോലീസ് സ്റ്റോറി, 'പാതിരാത്രി'-റിവ്യൂ

Published on 18 October, 2025
കൈയ്യടക്കമുള്ള പോലീസ് സ്റ്റോറി, 'പാതിരാത്രി'-റിവ്യൂ

മലയാള സിനിമയില്‍ ഇറങ്ങിയിട്ടുള്ള മികച്ച ത്രില്ലര്‍ സിനിമകള്‍ക്കൊപ്പം കിടപിടിക്കുന്ന മേക്കിങ്ങുമായി എത്തിയ ചിത്രമാണ് രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'. നവ്യാ നായര്‍ എന്ന താരത്തിന്റെ ശക്തമായ തിരിച്ചു വരവിനു കൂടി വഴിയൊരുക്കുകയാണ് ചിത്രം എന്ന് നിസ്സംശയം പറയാം. പോലീസ് സ്റ്റോറിയാണെങ്കിലും അതില്‍ മനുഷ്യബന്ധങ്ങളിലെ വൈകാരികത അങ്ങേയറ്റം സമര്‍ത്ഥമായി ഇഴചേര്‍ത്തു കൊണ്ടാണ് കഥയൊരുക്കിയിട്ടുള്ളത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമകളുടെ ട്രാക്കില്‍ സഞ്ചരിക്കുമ്പോള്‍ പ്രേക്ഷകന്റെ നെഞ്ചിടിപ്പു കൂട്ടുന്നത് കുറ്റകൃത്യത്തിന്റെയോ കുറ്റവാളിയിലേക്കോ എത്തിപ്പെടുന്ന സാഹചര്യങ്ങളും പശ്ചാത്തലങ്ങളുമാണെങ്കില്‍ ഈ ചിത്രത്തില്‍ അതിന്റെയൊപ്പം കഥാപാത്രങ്ങള്‍ കടന്നു പോകുന്ന മാനസിക സംഘര്‍ഷങ്ങള്‍ കൂടിയുണ്ട്.

ഇടുക്കി ജില്ലയിലെഅണക്കര പോലീസ് സ്റ്റേഷനാണ് പ്രധാന കഥാപരിസരം. പ്രൊബേഷനിലുള്ള എസ്.ഐ ജാന്‍സിക്കൊപ്പം ആ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആയ ഹരീഷും ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്നു. ആ സമയത്ത് അവര്‍ ചില ദുരൂഹ സംഭവങ്ങള്‍ക്ക് സാക്ഷിയാകുന്നു. എന്നാല്‍ ഭയം കൊണ്ടോ അജ്ഞത കൊണ്ടോ അവര്‍ ഇരുവരും ആ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതു കൊണ്ടു തന്നെ പിന്നീട് ആ സംഭവം അവര്‍ക്ക് മേല്‍ ഒരു വലിയ കുരുക്കായി മുറുകുന്നു. അതില്‍ നിന്നും പുറത്തു കടക്കാന്‍ എസ്.ഐ ജാന്‍സിയും ഹരീഷും നടത്തുന്ന അശ്രാന്ത പരിശ്രമങ്ങളും അതിനിടയിലുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

കേള്‍ക്കുമ്പോള്‍ അത്ര വലിയ പുതുമയൊന്നും തോന്നാത്ത ഒരു കഥാതന്തുവിനെ അതീവശ്രദ്ധയോടെ മികച്ച ഒരു തിരക്കഥയുടെ ചട്ടക്കൂട്ടിലൊതുക്കാന്‍ സംവിധായിക രത്തീനയ്ക്ക് കഴിഞ്ഞു. രത്തീനയും ഷാജി മാറാടും ചേര്‍ന്നൊരുക്കിയ തിരക്കഥ ചിത്രത്തിന് വ്യസ്യസ്തമായ ഒരു മുഖം നല്‍കുന്നുണ്ട്. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് ചിത്രത്തിന്റെ വിജയത്തിന് മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം നവ്യാ നായരുടെ ശക്തമായ കഥാപാത്രമാണ് ജാന്‍സി കുര്യന്‍ എന്ന പ്രൊബേഷന്‍ എസ്.ഐ. ദേഹത്ത് കാക്കിയുണ്ടെങ്കിലും ആദ്യമായി പോലീസ് സ്‌റ്റേഷനില്‍ എത്തുന്നതിന്റെ പകപ്പും എങ്ങനെയാണ് ഒരു പോലീസ് സ്റ്റേഷന്‍ കൈകാര്യം ചെയ്യേണ്ടത് എന്നറിയാതെയുള്ള പരിഭ്രമങ്ങളുമെല്ലാം അവര്‍ വളരെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പോലീസ് ഓഫീസര്‍ സ്ത്രീയാണെങ്കില്‍ സ്വന്തം ഈ ഗോ കാരണം അവരെ ബഹുമാനിക്കാന്‍ മടിക്കുന്ന കീഴുദ്യോഗസ്ഥരായ പോലീസുകാര്‍ ഏറെയുള്ള നാടാണിത്. സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇങ്ങനെയുള്ള ഉദ്യോഗസ്ഥരില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും ജാന്‍സി നേരിടേണ്ടിവരുന്ന സൂക്ഷ്മമായ കളിയാക്കലുകള്‍ പ്രേക്ഷകര്‍ക്ക് കാണാം.

വ്യക്തിജീവിതത്തിലും വളരെയധികം സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് ജാന്‍സി. എന്നാല്‍ ഇതിനായി ഒരുപാട് സീനുകളൊന്നും സംവിധായിക മാറ്റി വയ്ക്കുന്നില്ല. വളരെ പതിഞ്ഞ താളത്തിലാണ് ഈ കാര്യങ്ങളെല്ലാം പറഞ്ഞു പോകുന്നത്. ഇതോടൊപ്പം തന്നെ കോണ്‍സ്റ്റബിള്‍ ഹരീഷിന്റെ ജീവിതത്തെ കുറിച്ചും സ്വാഭാവികമായ ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. വളരെ ചുരുങ്ങിയ സംഭാഷണങ്ങളിലൂടെയാണ് പോലീസ് ഉദ്യോഗസ്ഥരായ ഇരുവരുടെയും വ്യക്തിജീവിതത്തിലേക്ക് സംവിധായിക നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.

വളരെ നിഷ്പക്ഷമായാണ് സംവിധായിക തന്റെ സിനിമയുടെ കഥ പറഞ്ഞു പോകുന്നത്. വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച്, വ്യക്തിബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളെ കുറിച്ച് വ്യക്തമാക്കുമ്പോഴും സദാചാരത്തിന്റെ കണ്ണുകളിലൂടെ അവയൊന്നും നോക്കി കാണാന്‍ ശ്രമിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ബന്ധങ്ങള്‍ക്കുള്ളില്‍ നില്‍ക്കുമ്പോഴും വീര്‍പ്പുമുട്ടലിന്റെയും ഒറ്റപ്പെടലിന്റെയും അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്ക് സാന്ത്വനത്തിന്റെ പച്ചപ്പുകള്‍ നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല. നായികയായ ജാന്‍സിയുടെ അവസ്ഥയും അതു തന്നെ. ചുറ്റുമുള്ള ലോകമാകെ ശൂന്യമായി പോയതു പോലെ തോന്നുന്ന അവസ്ഥയിലാണ് അവര്‍ ഹരീഷിന്റെ വീട്ടിലേക്കെത്തുന്നത്. പ്രണയവും പരസ്പര വിശ്വാസവും സ്വാഭാവികമായി ഉടലെടുക്കുന്ന ചില സുന്ദര മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. ജാന്‍സിയും ഹരീഷും പ്രണയത്തിന്റെ, പരസ്പരം സാന്ത്വനമാകുന്ന തണലിന് കീഴിലേക്ക് ഒരുമിച്ചെത്തുന്നതിന്റെ മനോഹരമായ ചില നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ട് ചിത്രം. വിവാഹേതര ബന്ധമെന്നു പറയുമ്പോള്‍ നെറ്റി ചുളിക്കുന്ന സമൂഹത്തിനു മുന്നിലേക്ക് നിഷ്പക്ഷമായ രീതിയില്‍ ഒരു പ്രണയബന്ധത്ത വരച്ചിടുകയാണ് സംവിധായിക.

ഇനി അഭിനേതാക്കളെ കുറിച്ച് പറയാനാണെങ്കില്‍ തന്റെ മുന്‍കാല സിനിമകളില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിട്ടാണ് എസ്.ഐ ജാന്‍സി കുര്യനെ നവ്യ അഭ്രപാളിയില്‍ പകര്‍ത്തിയിരിക്കുന്നത്. അതി സങ്കീര്‍ണ്ണമായ പല അടരുകളില്‍ കൂടി കടന്നു പോകുന്ന ജാന്‍സി എന്ന കഥാപാത്രം നവ്യയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. ഒട്ടും അതിഭാവുകത്വമില്ലാതെ അവര്‍ അത് മികച്ചതാക്കുകയും ചെയ്തു. സൗബിനും കൈയ്യടിനേടുന്നുണ്ട്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും രസകരമായി. ഇവര്‍ക്കൊപ്പം ആന്‍ അഗസ്റ്റിന്‍, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്‍, സണ്ണി വെയ്ന്‍, അച്യുത് കുമാര്‍ എന്നിവരും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. കേരള ക്രൈം ഫയല്‍സ് 2 വില്‍ ഇന്ദ്രന്‍സും ഹരിശ്രീ അശോകനും ചേര്‍ന്നവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഈ ചിത്രത്തിലും. ചെറുതെങ്കിലും നിര്‍ണ്ണായകവും ശക്തവുമായ കഥാപാത്രം. കാന്താര. കെ.ജി.എഫ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അച്യുത് അവതരിപ്പിച്ച വില്ല കഥാപാത്രം ചിത്രത്തിന് കരുത്താകുന്നുണ്ട്.

ജേക്ക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതം, ഷഹനാദ് ജലാലിന്റെ ഛായാഗ്രഹണം. ദിലീപ് നാഥിന്റെ കലാസംവിധാനം, ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിങ്ങ് എന്നിവയും മികവ് പുലര്‍ത്തി. പോലീസ് സ്റ്റോറികള്‍ നിറവും അതിശയോക്തിയും കലര്‍ത്താതെ നമുക്ക് പരിചിതമായ ചുറ്റുപാടുകളില്‍ നിന്നു കൊണ്ട് രൂപപ്പെടുത്തിയ മികച്ച ചിത്രമാണ് 'പാതിരാത്രി'. നല്ലൊരു തിയേറ്റര്‍ എക്‌സ്പീര്യന്‍സ് നല്‍കുന്ന ചിത്രം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക