Image

ഒറ്റുകാരെ പരസ്യമായി വധിച്ചതിനെ ഹമാസ് ന്യായീകരിക്കുന്നു; ആയുധങ്ങൾ വയ്ക്കുമെന്ന് ഉറപ്പില്ല (പിപിഎം)

Published on 18 October, 2025
 ഒറ്റുകാരെ പരസ്യമായി വധിച്ചതിനെ ഹമാസ് ന്യായീകരിക്കുന്നു; ആയുധങ്ങൾ വയ്ക്കുമെന്ന് ഉറപ്പില്ല (പിപിഎം)

ആയുധങ്ങൾ അടിയറ വയ്ക്കാൻ തയാറില്ലെന്നു ഹമാസ് വെള്ളിയാഴ്ച്ച സൂചിപ്പിച്ചു. ഒറ്റുകാരെ പരസ്യമായി വധിച്ചതിനെ പൊളിറ്റ്ബ്യുറോ മെംബർ മുഹമ്മദ് നസാൽ ന്യായീകരിക്കുകയും ചെയ്തതോടെ ഗാസ സമാധാന കരാർ നടപ്പാക്കാൻ ഭീകര  സംഘടന പൂർണ പിന്തുണ നൽകില്ലെന്ന ആശങ്ക ഉയർന്നു.  

ദോഹയിൽ നിന്നു സംസാരിച്ച നസാൽ പറഞ്ഞത് ഹമാസ് അഞ്ചു വർഷത്തെ വെടിനിർത്തൽ സ്വീകരിക്കാം എന്നാണ്. ആ സമയം കൊണ്ട് ഗാസ പുനർ നിർമിക്കണം. പലസ്തീൻ രാഷ്ട്രത്തിന്റെ കാര്യത്തിലും തീരുമാനം ഉണ്ടാവണം.

ഗാസയിലെ തെരുവിൽ ഏതാനും പേരെ കണ്ണുകെട്ടി വെടിവച്ചു കൊന്നതിന്റെ സാധൂകരിച്ചു നസാൽ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞത് അവർ കൊലക്കുറ്റം ചെയ്തവരാണ് എന്നാണ്. "അസാധാരണ നടപടികൾ വേണ്ടിവന്നു," അദ്ദേഹം പറഞ്ഞു.  

നിരായുധീകരണത്തെ കുറിച്ചു ഉറപ്പു നൽകാൻ നസാൽ തയാറായില്ല. ഇസ്രയേൽ അത് നിഷ്കർഷിക്കുന്നു. ഹമാസ് കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ തയാറില്ലെന്നാണ് കാണുന്നതെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചു.

അവർ പ്രസ്താവനയിൽ പറഞ്ഞു: "ആദ്യ ഘട്ടത്തിൽ എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കേണ്ടതുണ്ട്. അത് ചെയ്തിട്ടില്ല. ശേഷിക്കുന്ന ജഡങ്ങൾ എവിടെയാണെന്ന് അവർക്കറിയാം.

"കരാർ അനുസരിച്ചു ഹമാസ് ആയുധങ്ങൾ വയ്ക്കണം. അവർ അത് ചെയ്തിട്ടില്ല. അതിന് ന്യായങ്ങളൊന്നുമില്ല. സമയം കടന്നു പോവുകയാണ്."

വെള്ളിയാഴ്ച്ച ഹമാസ് ഒരു ബന്ദിയുടെ ജഡം കൂടി കൈമാറി. കൂടുതൽ ജഡങ്ങൾ കണ്ടെത്താൻ പ്രത്യേക ഉപകരണങ്ങൾ വേണമെന്ന് അവർ ആവശ്യപ്പെട്ടു.

അതേ സമയം, അതിർത്തികൾ തുറന്നു മാനുഷിക സഹായം ഗാസയിലേക്കു അനുവദിക്കാൻ ഇസ്രയേലിന്റെ മേൽ സമ്മർദം ചെലുത്താൻ അവർ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.

ഗാസയിൽ 18 ജഡങ്ങൾ കൂടി ഉണ്ടെന്നു അൽ ജസീറ റിപ്പോർട്ട് ചെയ്തു.

Hamas justifies executions

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക