ഇന്ത്യൻ അമേരിക്കൻ പൗരന്മാരെ കുറിച്ചു മോശമായി സോഷ്യൽ മീഡിയയിൽ എഴുതിയ ഫ്ലോറിഡ പാം ബേയ് സിറ്റി കമ്മീഷണർ ചാൻഡ്‌ലെർ ലാൻഗെവിനെ സെൻഷർ ചെയ്യാൻ സിറ്റി കമ്മീഷണർമാർ വോട്ട് ചെയ്തു. ഈ വിഷയത്തിന്റെ പേരിൽ അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് രണ്ടാഴ്ച്ച മുൻപ് അവർ ഗവർണർ റോൺ ഡിസന്റിസിനോട് ആവശ്യപ്പെട്ടിരുന്നു.
പല വിഷയങ്ങളിലും വിവാദം ഉയർത്തിയ ലാൻഗെവിനെതിരെ നടപടി ഉണ്ടായത് പ്രധാനമായും ഇന്ത്യക്കാരെ കുറിച്ചുള്ള കുറിപ്പിന്റെ പേരിലാണ്. "എല്ലാ ഇന്ത്യക്കാരെയും ഉടൻ നാട് കടത്തുക, ഇന്ത്യക്കാർ സൗത്തിനെ നശിപ്പിക്കയാണ്," അദ്ദേഹം എക്‌സിൽ കുറിച്ചു.
നടപടി വന്നപ്പോൾ അദ്ദേഹം പറഞ്ഞു: "അവരെന്നെ വേട്ടയാടുകയാണ്. എനിക്കു ശരിയെന്നു തോന്നുന്നത് പറയാനുളള ഭരണഘടനാ അവകാശം എനിക്കുണ്ട്."
എന്നാൽ ലാൻഗെവിന്റെ പെരുമാറ്റം ഗൗരവതരമായി മോശപ്പെട്ടതാണെന്ന് മേയർ റോബിൻ മെദിന പറഞ്ഞു. "നമ്മൾ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. നമ്മുടെ വാക്കുകൾ പല വിഷയങ്ങളിലും സൂക്ഷിക്കണം."
ലാൻഗെവിനെ സെൻഷർ ചെയ്യാൻ 3-2 വോട്ടിനാണ് കൗൺസിൽ തീരുമാനിച്ചത്.
ലാൻഗെവിനെ ഭാവിയിൽ സിറ്റി ബോർഡുകളിൽ ഒന്നിലും എടുക്കില്ല. കൗൺസിലിലും കമ്മിറ്റികളിലും സംസാരിക്കാൻ അനുവാദവുമില്ല.
ലാൻഗെവിൻ മാപ്പു ചോദിച്ചു കത്തയച്ചതായി ഇന്ത്യൻ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് ഒർലാൻഡോ പ്രസിഡന്റ് ജാൻ ഗൗതം അറിയിച്ചതായി സ്പെക്ട്രം ന്യൂസ് 13 പറഞ്ഞു.
Palm Bay commissioner faces censure