
ഗ്രീസിലെ അത്ഭുതകരമായ അനുഭവങ്ങളും, മാൾട്ടയിലെ വിസ്മയങ്ങളും പിന്നിട്ട്, എട്ടാം ദിവസം ഞങ്ങളുടെ ക്രൂസ് കപ്പൽ ഇറ്റലിയിലെ നേപ്പിൾസിൽ നങ്കൂരമിട്ടു!
നേപ്പിൾസിലെ ഷിപ്പ്‌യാർഡിൽ നിന്ന് രാവിലെ തന്നെ ഞങ്ങൾ ബസ് കയറി, ലക്ഷ്യം നെപ്പോളിയിലെ വെസൂവിയസ് പർവതത്തിൻറെ ചുവട്ടിൽ സ്ഥിതി ചെയ്യുന്ന പുരാതന റോമൻ നഗരമായിരുന്ന പോംപൈ! (നേപ്പിൾസ് ഫ്ലോറിഡയിലാണ്, ഇവിടെ നെപ്പോളി എന്ന് പറയണം എന്ന് ഞങ്ങളുടെ ടൂർ ഗൈഡ് തിരുത്തി തന്നു).

എ.ഡി. 62-ൽ, 12,000–15,000 ആളുകൾ താമസിച്ചിരുന്ന, സമ്പന്നമായ തുറമുഖ നഗരമായിരുന്ന പോംപൈയിൽ ശക്തമായ ഭൂകമ്പം ഉണ്ടായി; നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു! വെസൂവിയസ് പർവതം പൊട്ടിത്തെറിക്കുന്നതിന് മുമ്പ് പ്രകടിപ്പിച്ച ലക്ഷണം ആയിരുന്നു അത് എന്നത്, അന്ന് ആരും തിരിച്ചറിഞ്ഞില്ല!! 17 വർഷങ്ങൾക്ക് ശേഷം യഥാർത്ഥ ദുരന്തം ഉണ്ടായപ്പോൾ നിരവധി നിവാസികൾ അപ്പോഴും ഭൂകമ്പത്തിൽ തകർന്ന വീടുകൾ നന്നാക്കുകയായിരുന്നു.
നാശത്തിൻറെ ദിവസം: എ.ഡി. 79-ലെ ഒരു ശാന്തമായ പ്രഭാതത്തിൽ, വെസൂവിയസ് പർവ്വതം പെട്ടെന്ന് ഭയാനകമായ ശക്തിയോടെ പൊട്ടിത്തെറിച്ചു. (അഗ്നിപർവ്വതങ്ങൾ ഭൂമിക്കടിയിൽ ഒരു വലിയ സോഡ കുപ്പി പോലെയാണ്. മർദ്ദം വളരെയധികം ആകുമ്പോൾ - BOOM! ഭൂമിയിലെ ഒരു ദ്വാരത്തിലൂടെ ചൂടുള്ള ഉരുകിയ പാറയും ഒപ്പം പുക, ചാരം എന്നിവയും പുറത്തുവരുന്നു).

ലാവ പർവ്വതത്തിൻറെ ഒരു വശത്തേക്ക് ഒഴുകി, ലാവ പോംപൈ നഗരത്തിനെ തൊട്ടതേയില്ല! എന്നാൽ സങ്കൽപ്പിക്കാനാവാത്ത വേഗതയിൽ വാതകങ്ങളും ചാരവും നിറഞ്ഞ മേഘം പോംപൈ നഗരത്തിന് മേലെ ആഞ്ഞടിച്ചു, ചൂടുള്ള ചാരം പോംപൈയിൽ മണിക്കൂറുകളോളം പെയ്തു! ആളുകൾ മുഖം തുണികൊണ്ട് മൂടി ഓടിപ്പോകാൻ ശ്രമിച്ചു, അവശേഷിച്ച എല്ലാവരും തന്നെ ചൂടേറ്റോ ശ്വാസംമുട്ടിയോ മരണപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ, പോംപൈ ഏകദേശം ആറാൾ ഉയരത്തിലുള്ള ചാരത്തിന് കീഴിൽ കുഴിച്ചിടപ്പെട്ടു!!
തലമുറകൾ കഴിഞ്ഞു, നൂറ്റാണ്ടുകൾ കടന്നുപോയി! റോമൻ സാമ്രാജ്യകാലത്ത് തിരക്കേറിയ നഗര കേന്ദ്രമായിരുന്ന പോംപൈ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായി!! കാലക്രമേണ, താഴെയുള്ള നഗരത്തെക്കുറിച്ച് അറിയാതെ, മൂടപ്പെട്ട അവശിഷ്ടങ്ങൾക്ക് മുകളിൽ ആളുകൾ കൃഷിയിടങ്ങളും മുന്തിരിത്തോട്ടങ്ങളും നിർമ്മിച്ചു!! മുദ്രവെച്ചതുപോലെ ഏകദേശം 1,700 വർഷത്തോളം പോംപൈ മണ്ണിനടിയിൽ വെളിച്ചം കാണാതെ കിടന്നു.

1748-ൽ, നിധി കുഴിച്ചെടുക്കുന്ന തൊഴിലാളികൾ അബദ്ധത്തിൽ പുരാതന മതിലുകളും ഫ്രെസ്കോകളും കണ്ടെത്തി. ഖനനം ആരംഭിച്ചു, പുരാവസ്തു ഗവേഷകർ അത്ഭുതപ്പെട്ടു. കെട്ടിടങ്ങൾ ഏതാണ്ട് കേടുകൂടാതെ നിന്നു. തെരുവുകൾ, ക്ഷേത്രങ്ങൾ, കടകൾ, അടുപ്പുകളിൽ അവശേഷിച്ച അപ്പം പോലും സംരക്ഷിക്കപ്പെട്ടു.
കഠിനമായ ചാരത്തിൽ മനുഷ്യരൂപത്തിലുള്ള ശൂന്യത പുരാവസ്തു ഗവേഷകർ ശ്രദ്ധിച്ചു. അവർ ഈ ഇടങ്ങൾ പ്ലാസ്റ്റർ കൊണ്ട് നിറച്ചു, അവസാന നിമിഷങ്ങളിലെ ആളുകളുടെ ജീവനുള്ള രൂപങ്ങൾ സൃഷ്ടിച്ചു! കുട്ടികളെ സംരക്ഷിക്കുന്ന മാതാപിതാക്കൾ, ചങ്ങലയിൽ നിന്ന് രക്ഷപെടാൻ ബുദ്ധിമുട്ടുന്ന നായ!!

വേശ്യാലയങ്ങൾ: പുരാവസ്തു തെളിവുകൾ കാണിക്കുന്നത് വേശ്യാലയങ്ങൾ നഗരത്തിൽ സാധാരണമായിരുന്നു എന്നാണ്, ഒന്നാം നൂറ്റാണ്ടിലെ വേശ്യാലയങ്ങൾ അതേപടി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വേശ്യാലയങ്ങളുടെ ഭിത്തിയിൽ ഗ്രാഫിറ്റികൾ കാണാം, അവർ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ വ്യക്തമായി ചിത്രീകരിച്ചിരുന്നു - ഉപഭോക്താക്കൾക്കുള്ള ഒരു ദൃശ്യ മെനു പോലെ!!
വേശ്യാലയങ്ങൾ പ്രധാനമായും പുരുഷ ക്ലയന്റുകൾക്ക് വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പക്ഷേ ലൈംഗിക തൊഴിലാളികളിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു, പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗിക ഇടപെടലുകൾ ദൈനംദിന ജീവിതത്തിൻറെ ഭാഗമായി അംഗീകരിക്കപ്പെട്ടിരുന്നുവെന്ന് ഇത് ശക്തമായി സൂചിപ്പിക്കുന്നു. ലൈംഗികതയോടുള്ള പോംപൈയുടെ തുറന്ന മനോഭാവം വ്യക്തമാക്കുന്നത് അന്നത്തെ സമൂഹത്തിൽ സ്വവർഗരതി മറച്ചും ഒളിച്ചും വെക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്നാണ്.

പോംപൈയിലെ സ്പാ സംസ്കാരം: പോംപൈയിലെ ജനങ്ങൾ കുളി സംസ്കാരത്തിൻറെ ഭാഗമായി കരുതിയിരുന്നു, പൊതു കുളിമുറികൾ സാധാരണക്കാർക്ക് പോലും ലഭ്യമായിരുന്നു. വാസ്തവത്തിൽ, മിക്കവാറും എല്ലാവർക്കും ദൈനംദിന കുളി ജീവിതത്തിൻറെ ഒരു സാധാരണ ഭാഗമായിരുന്നു ശരീരം കഴുകാനുള്ള വെറും സ്ഥലങ്ങൾ എന്നതിലുപരി, പോംപൈയിലെ പൊതു കുളിമുറികൾ, ഫിറ്റ്നസ് സെന്ററുകൾ, ബ്യൂട്ടി പാർലറുകൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയായി വർത്തിച്ചു.
വസ്ത്രങ്ങൾ കഴുകുന്ന രീതി: വെള്ളത്തിൽ നനച്ചു കല്ലുകളിൽ ഉരച്ചു കഴുകുന്ന വസ്ത്രങ്ങളിൽ സോപ്പിന് പകരം പലപ്പോഴും ചാരവും മൂത്രവും ഉപയോഗിച്ചിരുന്നു, മൂത്രത്തിലുള്ള പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റായ അമോണിയ കറകൾ കളയാൻ സഹായകമായി...

എവിടെ പോയാലും, അത് ചന്ദ്രനിൽ ആണെങ്കിൽ പോലും ഒരു മലയാളിയെ കാണേണ്ടി വരും!! ഒന്ന് ആലോചിച്ചു നോക്കൂ.. മലയാളത്തിൽ സംസാരിച്ച്, പോംപൈയിലെ പുരാതന അവശിഷ്ടങ്ങൾ തിരഞ്ഞു നടക്കുന്ന ഞങ്ങളുടെ മുന്നിൽ ചിരിച്ചുകൊണ്ട്, "നാട്ടിൽ എവിടെ നിന്നാണ്" എന്ന് ചോദിക്കുന്നു ഒരു മലയാളി. പോംപൈയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ മുഴുകിയ, 12-ലധികം മലയാളികൾ ഉള്ള, സംഘത്തിലെ ഒരു ഭാഗമായിരുന്നു അദ്ദേഹം!!