
ആദ്യത്തെ സിനിമ മാത്രമല്ല, എന്തായാലും അതിന് മധുരം കൂടും. സിനിമ സംഭവിച്ചത് തീർത്തും യാദൃച്ഛികമായിട്ടാണ്. 1994 ൽ ഞാൻ അവിധിക്കു നാട്ടിൽ വന്നപ്പോഴായിരുന്നു ആ അവസരം ഒത്തുവന്നത്. അന്ന് ബാബു തിരുവല്ല നിർമ്മിച്ച് ജയരാജ് സംവിധാനം ചെയ്‌ത അറേബ്യയുടെ ഷൂട്ടിങ് മൈസൂറിൽ നടക്കുകയാണ്. ചാർമിളയായിരുന്നു നായിക. ബാബു ആന്റണിയും ചാർമിളയുമൊക്കെ യുവതലമുറയുടെ ഇഷ്ടതാരങ്ങളായി വിലസുന്ന സമയം. മധുപാലിനെയും ശ്രീരാമനെയും, അഗസത്യനെയും, ഗീതാ വിജയനെയും, അനുഷയെയും ഒക്കെ ആദ്യം കാണുന്നത് അവിടെവെച്ചായിരുന്നു. ബാബു ക്ഷണിച്ചതുകൊണ്ടാണ് ഞാൻ ഷൂട്ടിങ് കാണാൻ പോയത്. ലൊക്കേഷനിൽവെച്ച് എന്നെകണ്ടപ്പോൾ ജയരാജിന് പുതിയൊരാശയം തോന്നി. പന്ത്രണ്ടു വയസ്സുള്ള ബാബുവിന്റെ വേഷം ചെയ്യുന്ന പയ്യന്റെ അച്ഛൻവേഷം എന്നെക്കൊണ്ടു ചെയ്യിച്ചാൽ നന്നായിരിക്കുമെന്ന്. പിന്നീട് ബാബു തിരുവല്ലയും, ബാബുവുമായും സംസാരിച്ചു. അവരും നൂറുവട്ടം സമ്മതിച്ചു. മുഖച്ഛായക്കു പ്രാധാന്യമുള്ള കഥാപാത്രമായിരുന്നതുകൊണ്ടുമാത്രമാണ് ആ അവസരം ഒത്തുവന്നത്. ജി. ക്കെ പിള്ളയായിരുന്നു നേരത്തെ ആ വേഷം ചെയ്യാൻ തീരുമാനിച്ചിരുന്നത്. അങ്ങനെ ജി ക്കെ പിള്ളക്കു
പകരമായോ പാരയായോ ആണ് എന്റെ ആദ്യത്തെ അവസരം ഒത്തുവന്നത് എന്നൊന്നും അന്നെനിക്കറിയില്ലായിരുന്നു. നടൻ ശ്രീരാമനുമായിട്ടായിരുന്നു സിനിമയിലെ എന്റെ ആദ്യത്തെ കോമ്പിനേഷൻസീൻ. ബാബു ചെയ്യുന്ന അക്ബർ അലിയുടെ അച്ഛൻ സഫർ അലി എന്നൊരു രാജാവായിട്ടായിരുന്നു വേഷം. മൈസൂറിൽവെച്ച് ആദ്യമായി കുതിരപ്പുറത്തുകയറിയതും ആ സിനിമക്കുവേണ്ടിയായിരുന്നു. അന്നൊക്കെ ഒരുസിനിമയിൽ അഭിനയിച്ചാൽ നടനായി. ഇന്നത്തെ സ്ഥിതി അതല്ലല്ലോ, അത്രക്കും സിനിമകളാണല്ലോ ബെല്ലും ബ്രയിക്കുമില്ലാതെ
ഇറങ്ങുന്നത്. താരബാഹുല്ല്യവും അതുപോലെതന്നെ. അറേബ്യാ ഷൂട്ടിങ് കഴിഞ്ഞപ്പോൾ എന്റെയും ബാബുവിന്റെയും പടങ്ങൾ വെച്ചു വാർത്തകൾ സിനിമാപേജുകളിൽ നിറഞ്ഞിരുന്നു. ജ്യേഷ്ട്ടൻ അച്ഛനാകുന്നു എന്നാണ് ചിത്രഭൂമിയിൽ പ്രേം ചന്ദ് അന്നെഴുതിയത്.

ആദ്യത്തെ ഇംഗ്ലീഷ് സിനിമയിൽ നായകനായി
അവസരം കിട്ടാനുള്ള കാരണവും ഈ ആദ്യസിനിമതന്നെ. അമേരിക്കയിലെ ന്യു യോർക്കിൽ ഒരു ടെലിഫിലിം എടുക്കാൻ വന്ന രാജീവ് അഞ്ചൽ കഥാപാത്രങ്ങൾക്കുവേണ്ടി അമേരിക്കയിലുള്ള താരങ്ങളെ അന്വേഷിച്ചു. അപ്പോൾ ന്യൂ യോർക്കിലുള്ള അഭിനേതാവും നിർമ്മാണപങ്കാളിയുമായ സിബി ഡേവിഡാണ് എന്റെ പേരുപറഞ്ഞത്. നേരത്തെ സൂചിപ്പിച്ചതുപോലെ ആദ്യ സിനിമകൊണ്ടുതന്നെ സിനിമാ നടനായി അമേരിക്കയിലും മലയാളികളുടെ ഇടയിൽ
അറിയപ്പെട്ടിരുന്നു. ഉടൻതന്നെ രാജീവ് എന്നെ വിളിക്കുകയായിരുന്നു. അമേരിക്കയിലെതന്നെ പ്രശസ്ത എഴുത്തുകാരനായിരുന്ന സി എം സി ചാക്കോയുടെ 'മൂന്ന് ചെറുകഥകളെ ആസ്പദമാക്കി മൂന്ന് എപ്പിസോഡായി രാജീവ് തിരക്കഥ എഴുതി. ന്യു യോർക്കിലും ന്യൂ ജേഴ്സിയിലുമായി ഷൂട്ട് ചെയ്തു. എനിക്കൊരു വൈദികിന്റെ വേഷമായിരുന്നു. എന്നോടൊപ്പം ന്യൂ യോർക്കിൽനിന്നുള്ള സിബി ഡേവിഡും , സജിനിയും , ജേക്കബും , മനോഹർ തോമസും അഭിനയിച്ചിരുന്നു. സജിനി പിന്നീട് എ ബി സി ഡി എന്ന ചിത്രത്തിൽ എന്നോടൊപ്പം അഭിനയിച്ചിരുന്നു. പ്രശസ്ത അമേരിക്കൻ സിറ്റ്‌കോം ആയ അക്കരകാഴ്ചകളിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു.

ഇലകൊഴിയുംകാലമായിരുന്നതുകൊണ്ട് 'ഇല കൊഴിയുംപോലെ' എന്നാണ് രാജീവിന്റെ ട്രലി ഫിലിമിനു നാമകരണം ചെയ്‌തത്. ആ സിറ്റ്കോമിന്റെ എഡിറ്റിങ് സമയത്താണ് എന്റെ മുഖവും അഭിനയവും രാജീവ് സസൂഷ്‌മം ശ്രദ്ധിച്ചത്. അപ്പോൾ രാജീവ് തന്റെ ആദ്യത്തെ ഇംഗ്ളീഷ് സിനിമയായ ബീയോണ്ട് ദി സോളിലെ പ്രൊഫസർ ആചാര്യ എന്ന കഥാപാത്രത്തിനായുള്ള
ഒരന്വേഷണത്തിലായിരുന്നു. ആദ്യം ചാരുഹാസനേയും പിന്നീട് യേശുദാസുമായിരുന്നു രാജീവിന്റെ മനസ്സിൽ. എന്നേ കണ്ടപ്പോഴേ അദ്ദേഹം ആ തീരുമാനം മാറ്റുകയായിരുന്നു. എന്റെ ആകാരവും മുഖവും കണ്ണുമൊക്കെ ഒരു ഗുരുവിനു ചേരുന്നതാണ് എന്നാണ് രാജീവ്പറഞ്ഞത്. നിർമാണത്തിൽ ഞാനുംകൂടി സഹകരിക്കാമെന്നു പറഞ്ഞപ്പോൾ പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. ഓ. വി. ഉഷയാണ് തിരക്കഥയിൽ രാജീവിനെ സഹായിച്ചത്. ഓ വി വിജയൻറെ അതെ കോസ്റ്റുമായിരുന്നു എനിക്കാസിനിമയിൽ. അതൊക്കെ പറയാനായി അന്ന് ഓ വി വിജയനെ ഫോണിൽ വിളിച്ചിരുന്നു. നേരിൽ കണ്ടിട്ടില്ലെങ്കിലും ആ മഹാപ്രതിഭയോടു സംസാരിക്കാനുള്ള ഭാഗ്യമുണ്ടായി. ആ ചിത്രത്തിലെ ഏക ഇന്ത്യൻതാരവും ഞാനായിരുന്നു. ഷൂട്ടിങ് കോവളത്തും ഷിക്കാഗോയിലുമായിപൂത്തിയാക്കി. അഞ്ചൽക്കാരനായ റസുല്‍ പൂകുട്ടി ആദ്യം സിങ്ക് സൗണ്ട് ചെയ്തതും ഈ ചിത്രതിലായിരുന്നു.
2005 ൽ അമേരിക്കയിൽനിന്നും അഭിനയത്തിനുള്ള ഹോണലുലു ഇന്റർനാഷണൽ അവാർഡു നേടുന്ന ആദ്യത്തെ ഇന്ത്യൻ ആക്ടർ, ആ ബഹുമതി അതെ സിനിമയിലൂടെതന്നെ എന്നെ തേടിയെത്തി.
അതുപോലെതന്നെയാണ് ആദ്യത്തെ നാടകസമാഹാരമായ ഇടിച്ചക്കപ്ലാമ്മൂട് എന്ന പുസ്തകവും. അമേരിക്കയിലെ മങ്ക എന്ന മലയാളി അസ്സോസിയേഷനുവേണ്ടി ഒരു നേരംപോക്കിനെഴുതിയ ഹാസ്യനാടകങ്ങൾ പിന്നീട് അന്നത്തെ മന്ത്രി മുനീറിന്റെ ഉടമസ്ഥതയിലുള്ള ഒലിവ് ബുക്ക്സ് പുസ്തകമാക്കുകയായിരുന്നു. ആദ്യത്തെ കവിതാ സമാഹാരം 'മല ചവിട്ടുന്ന ദൈവങ്ങൾ' ഡി സി ബുക്ക്സ് ആണ് പബ്ലിഷ് ചെയ്യ്തത്. കവിതകൾ നേരത്തെ എഴുതിത്തുടങ്ങിയെങ്കിലും, ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചത് 2014 ലാണ്. ആദ്യത്തെ കഥാ പുസ്തകവും ഡി സി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചത്. വാസ്‌കോഡിഗാമ എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ആ കഥയുടെ പേരാണ്, ആ കഥാസമാഹാരത്തിന്. അതെ കഥാസമാഹാരത്തിന് 2019 ബഷീർ അമ്മ മലയാളം അവാർഡും യൂ കെ യിൽനിന്നുള്ള മറുനാടൻ മലയാളികളുടെ കഥാപരസ്ക്കാരവും ലഭിച്ചിരുന്നു. എഴുതിത്തുടങ്ങിയപ്പോൾ എനിക്കു കിട്ടിയ ആദ്യത്തെ അംഗീകാരങ്ങൾ അതൊക്കെയായിരുന്നു.

എഴുത്തിന്റെ തുടക്കം 1995 ൽ കവിതയിലായിരുന്നു. അതിനു മുൻപ് ആദ്യത്തെ കവിത എഞ്ചിനീയറിംഗ് കോളേജ് മാഗസിനിൽ സ്വപ്‌നങ്ങൾ എന്ന പേരിൽ വന്നിരുന്നുവെങ്കിലും, ഒരു മുഖ്യധാരാ മാധ്യമമായ മനോരമ ആഴ്ചപ്പതിപ്പിൽ വന്ന ആദ്യത്തെ കവിത 'സ്വർണ്ണചിറകുള്ള പക്ഷി’വളരെയധികം ശ്രദ്ധനേടിയിരുന്നു.
സഹധർമ്മിണി പ്രേമയും ആയിടയ്ക്ക് ഒരു ഫോട്ടോ മത്സരത്തിലൂടെ ഏതോ ഒരാഴ്ച്ചത്തെ ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രമായി വന്നിരുന്നു. അന്തരിച്ച നടൻ അടൂർ ഭാസിയുടെ സഹോദരൻ പത്മനാഭൻ നായരായിരുന്നു അന്നത്തെ പത്രാധിപർ. നാട്ടിൽവന്നപ്പോൾ ഒരിക്കൽ അദ്ദേഹത്തെ കണ്ടിരുന്നു. സരസമായ സംഭാഷണവും സൗമ്യമായ ഇടപെടലും സഹോദരൻ അടൂർ ഭാസിയെ ഓർമ്മിപ്പിച്ചിരുന്നു. വീക്കിലിയുടെ ഇപ്പോഴത്തെ എഡിറ്റർ ദിലീപിനെയും അന്നാണ് ആദ്യം പരിചയപ്പെടുന്നത്. പിന്നീട് കെ സി നാരായണൻ എഡിറ്റർ ആയി വന്നപ്പോഴും എന്റെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു എന്നതും മറക്കില്ലൊരിക്കലും.
ആദ്യത്തെ കവിതയുടെ ജനനം വളരെ രസകരമായിരുന്നു.
അന്ന് സാൻ ഫ്രാൻസിസ്‌ക്കോയിൽവെച്ച്, എന്റെ വീടിന്റെ ജനാലയിലൂടെ വെറുതെ മുറ്റത്തേക്കു നോക്കിനിന്നപ്പോൾ, യാദൃച്ഛികമായി ഉമ്മറത്തേക്കു പറന്നുവന്ന ഒരു മനോഹരമായ പക്ഷിയെക്കണ്ടു. അപ്പോൾത്തന്നെ മനസ്സിൽ തോന്നിയ കുറേ വരികൾ കടലാസ്സിലേക്കു പകർത്തി.
'എന്റെ വീടിന്റെ ഉമ്മറത്തേക്ക്
എങ്ങുനിന്നോ പറന്നെത്തിയൊരു
സ്വർണ്ണചിറകുള്ള പക്ഷി '...
തത്തിക്കളിച്ചും മെല്ലെ മെല്ലെ
മുത്തംകൊടുത്തുമെൻ,
മുല്ലച്ചെടികളിൽ വന്നിരുന്നു
ഓട്ടക്കണ്ണിട്ടു നോക്കുന്നൊരീ സുന്ദരി
ഓർമ്മിപ്പിക്കയാണെന്റെ ബാല്യകാലവും
മുറ്റത്തൊരു കോണിലാ
കാറ്റാടിമരത്തിലൊരു കിളി കൂടുവെച്ചതും
പുലർച്ചയിലോടിക്കിതച്ചെത്തിയോ-
രെന്റെ കാലൊച്ചകേട്ടവൾ പേടിച്ചരണ്ടതും ...അങ്ങനെ തുടങ്ങി
ഇല്ല ഞാൻ വിടില്ലെന്റെയീ
സ്വർണ്ണവർണ്ണച്ചിറകുള്ള പക്ഷിയെ
മെല്ലെഞാനടച്ചിട്ടു കാറ്റിലാടുന്നൊരാ
പാതി തുറന്നിട്ട ജാലകങ്ങൾ .... എന്നെഴുതി അവസാനിപ്പിച്ചു. പിന്നീടെപ്പോഴോ നാട്ടിൽനിന്നുവന്ന ഞങ്ങളുടെ കുടുമ്പ സുഹൃത്തുകൂടിയായ നിഷ എന്ന പെൺകുട്ടിയാണ് കവിത പ്രസിദ്ധീകരിക്കാൻ പ്രോത്സാഹിപ്പിച്ചത്. കവിത വായിച്ചിട്ടു നിഷ പറഞ്ഞു, കൊള്ളാമല്ലോ, ഇത് മനോരമക്ക് അയച്ചുകൂടേ എന്നും ചോദിച്ചു. അതികം താമസിക്കാതെ ‘സ്വർണ്ണചിറകുള്ള പക്ഷി’ എന്ന ശീർഷകത്തോടുകൂടിതന്നെ, മനോരമ വീക്കിലിക്കുതന്നെ അയച്ചുകൊടുത്തു. അവർ അത് ഗംഭീരമായി എന്റെ ഒരു കളർ ചിത്രത്തോടുകൂടി പ്രസിദ്ധീകരിച്ചു. യുണൈറ്റഡ് എയർ ലൈൻസിലെ ജീവനക്കാരിയായ നിഷ മനോരമയിൽ കുറച്ചുനാൾ റിപ്പോർട്ടർ ആയി ജോലി ചെയ്തിരുന്നു. ആ പരിചയത്തിലാണ് അങ്ങോട്ടുതന്നെ അയച്ചത്. അന്നൊക്കെ ഒരു കവിത ഏതെങ്കിലുമൊരു മുഖ്യധാരാ മാധ്യമത്തിൽ വന്നാൽമതി കവിയാകാൻ. ഇന്നൊക്കെ സോഷ്യൽ മീഡിയായിൽപോലും കവിതകളുടെ പ്രളയമാണല്ലോ. അതുകൊണ്ട് പലപ്പോഴും നല്ല കവിതകൾപോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

ആദ്യമായി എന്റെ ഒരു സാഹിത്യസൃഷ്ട്ടി പ്രമുഖ വീക്കിലിയിൽ അച്ചടിച്ചുവന്നപ്പോൾ വളരെ സന്തോഷം തോന്നി. അതിനുശേഷം വീണ്ടും നാട്ടിൽ വന്നപ്പോൾ കോട്ടയത്തുള്ള മനോരമ ഓഫിസ് സന്ദർശിച്ചിരുന്നു. അന്ന് പദ്‌മനാഭൻ നായർ, കവിത വായിച്ച ആരാധകരിൽനിന്നുവന്ന ഒരുകെട്ടു കത്തുകൾ കൈമാറി. റൊമാന്റിക് കവിതയായിരുന്നതുകൊണ്ട് സ്ത്രീകളുടെ കത്തുകളായിരുന്നു അധികവും. പള്ളിക്കത്തോട്ടിൽനിന്നുള്ള ഒരു നേഴ്‌സറി ടീച്ചറിന്റെ കത്താണ് എന്നെ ഏറ്റവുമധികം ആകർഷിച്ചത്. കാലം പിന്നെയും കുറേ കടന്നുപോയി അതോടൊപ്പം കൂട്ടിലടച്ചിട്ട ആ സുന്ദരിപക്ഷിയോടൊപ്പം എന്റെ കവിതയും എങ്ങോട്ടേക്കോ പറന്നുപോയി എന്നതാണ് സത്യം. തുടർന്നു കഥകളിൽകൂടിയാണ് നോവലിലും ലേഖനങ്ങളിലുംവരെ എത്തിയത്.
ആദ്യത്തെ നോവൽ 'ഭൂതത്താൻകുന്ന്' ഡി സി ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചത് . 2019 ലെ കലാകൗമദി അവാർഡ് നേടിയ ഈ നോവൽ ഞാൻ പഠിച്ച കോതമംഗലം എഞ്ചിനീയറിംഗ് കോളേജ് അനുഭവങ്ങളുടെ പച്ഛാത്തലത്തിലാണ് രചിച്ചിട്ടുള്ളത്. അതുകൊണ്ട് കോളേജിൽത്തന്നെയാണ് പ്രകാശനം വെച്ചിരുന്നത്. ഡിസി ബുക്ക്സ് ഒരു വാനിൽ ബൂക്കുമായി കോളേജ് ക്യാമ്പസിലേക്കു നിശ്ചിത ദിവസം വരാമെന്നു പറഞ്ഞിരുന്നു. പക്ഷെ തലേദിവസം കോതമംഗലത്തുനിന്നു സിനിമാ നിർമാതാവായ സാബു ചെറിയാന്റെ വിളിവന്നു. തമ്പി ചേട്ടാ ബുക്കുംകൊണ്ട് ഇങ്ങോട്ടു വരേണ്ട ഇവിടെ ആകെ പ്രശ്നമാണ്. പുസ്തകം വായിച്ചുകഴിഞ് മാനേജുമെന്റും അധ്യാപകരും കൂട്ടമായി എടുത്ത തീരുമാനം എന്നെ അറിയിക്കാനുള്ള ചുമതലയായിരുന്നു സാബു ചെറിയാന്റെതെന്നു പിന്നീട് മനസ്സിലായി. സാബു ചെറിയാന്റെ കോളേജ് ക്യാമ്പസുകളെ ഇളക്കിമറിച്ച 4 ദി പീപ്പിൾ എന്ന ചിത്രവും അതിലെ ലജ്ഞാവതിയെ നിന്റെ കള്ളക്കടക്കണ്ണിൽ എന്ന പാട്ടും യുവജനങ്ങളുടെ ലഹരിയായിരുന്നു ആ കാലങ്ങളിൽ.
വിദ്യാർഥികളെ വഴിതെറ്റിക്കുന്നു എന്നാണ് മാനേജ്‌മെന്റ് ഹിന്ദു പത്രത്തിനു കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത്. അന്നതൊക്കെ മറുനാടൻ മലയാളിയിലും മറ്റു പത്രങ്ങളിലും വാർത്തയായി വന്നു. ഹിന്ദു പത്രത്തിൽ എന്റെ ഒരു അഭിമുഖവും വന്നിരുന്നു. കോളേജിൽ പ്രകാശനം എന്ന സ്വപ്നം സഭലമായില്ലെങ്കിലും വിവാദങ്ങൾകൊണ്ടുതന്നെ ഭൂതത്താൻകുന്നിന്റെ ആദ്യത്തെ എഡിഷൻ വളരെവേഗത്തിൽ വിറ്റുപോയി. അത് ഒരെഴുത്തുകാരനെന്ന നിലയിൽ എനിക്ക്സന്തോഷപ്രദമായിരുന്നു.
പെൺ ബൈക്കറുടെ കഥ അതിലും രസകരമാണ്. ഒരിക്കൽ ഇസ്രായേലിൽനിന്നും ഒരു പെൺകുട്ടി മെസ്സേജിൽ എഴുതി . 'ഒന്നു പരിചയപ്പെടണം ' എന്നായിരുന്നു അത്. അന്നൊന്നും ഇസ്രായേലിൽ പെൺകുട്ടികൾ പോയി ജോലി ചെയ്യുന്ന വിവരമൊന്നും എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് പെട്ടന്നൊരു കൗതുകം തോന്നി. അതിനെന്താ പരിചയപെടാമല്ലോ എന്നു ഞാനും എഴുതി. അങ്ങനെ ഒരുദിവസം ഫോണിൽ വിളിച്ചു .
'തമ്പി സാറല്ലേ '
'അതെ '
'എനിക്കു കുറച്ചു സംസാരിക്കാറുണ്ട് '
'എന്നോടുതന്നെയാണോ' ഞാൻ സംശയം പ്രകടിപ്പിച്ചു .
'അതെ സാറിന്റെ കഥകൾ വായിച്ചിട്ടുണ്ട് '
'വളരെ സന്തോഷം, ഇപ്പോൾ പ്രത്യേകിച്ചെന്തെങ്കിലും '
ഞാനും അവളെ പ്രോത്സാഹിപ്പിച്ചു, കാരണം എനിക്കും ഒരെഴുത്തുകാരൻ എന്ന നിലയിൽ, ഇസ്രായേലിലെ ജീവിതത്തെപ്പറ്റി അറിയാനുള്ള ആകാംഷയുണ്ടായിരുന്നു.
' എനിക്കെന്റെ അനുഭവങ്ങൾ പറയണമെന്നുണ്ട് ' എന്നവൾ പറഞ്ഞു
സാധാരണ അടുപ്പമുള്ളവരോടല്ലേ സ്ത്രീകൾ അനുഭവങ്ങൾ പറയാറുള്ളത്. അതുകൊണ്ട് ആദ്യം ഒന്നു പേടിച്ചു. പക്ഷെ കുറേനേരം സംസാരിച്ചപ്പോൾ സത്യമാണ് പറയുന്നതെന്നു മനസ്സിലായി. സിനിമ സ്‌ക്രീനിൽ കണ്ടിട്ടുള്ളതുകൊണ്ടായിരിക്കണം ഒരുപാടു നാളത്തെ പരിചയമുള്ളതുപോലെയാണ് അവൾ സംസാരിച്ചുതുടങ്ങിയത്.
' എനിക്കെന്റെ ബൈക്ക് യാത്രകളെപ്പറ്റിയാണ് പറയാനുള്ളത് '
അതുപറഞ്ഞപ്പോൾ ഞാൻ പ്രൊഫൈൽ നോക്കി. ഒരു പെൺബൈക്കർതന്നെ. കേരളത്തിൽ ആദ്യമായി ബുള്ളറ്റ് ഓടിച്ചു ഹിമാലയത്തിലേക്കൊക്കെ പോയിട്ടുള്ള ധീര വനിത. അപ്പോൾ തന്നെ എന്നിലെ എഴുത്തുകാരൻ ഉണർന്നു. അടുത്ത കഥക്കുള്ള ശീർഷകം മനസ്സിൽ എഴുതി. 'പെൺബൈക്കെർ' പിന്നീട് അവൾ പറഞ്ഞകഥയാണ് എന്റെ പെൺബൈക്കർ എന്ന കഥ. അത് കലാകൗമുദി ഓണപതിപ്പിലാണ് പ്രസിദ്ധീകരിച്ചത്. ആ കൊച്ചിക്കാരിയുടെ സമ്മതപത്രവും ഈ മെയിളായി അയച്ചിരുന്നു. പൂർണമായും അവളുടെ കഥയല്ല അനുഭവങ്ങളെ ആധാരമാക്കി മറ്റൊരു സാങ്കൽപ്പിക കഥ. കഥ പ്രസിദ്ധീകരിച്ചതിനു ശേഷം ഒരുദിവസം അവൾ എന്നെ കാണാൻ കൊച്ചിയിൽ വന്നിരുന്നു. അന്നവൾ എന്നെ വീട്ടിൽ വിളിച്ചുകൊണ്ടുപോയി അമ്മയെയും ബന്ധുക്കളെയുമൊക്കെ പരിചയപ്പെടുത്തി. അങ്ങനെയുള്ള അനുഭവങ്ങൾ അതിനുശേഷവും ഉണ്ടായിട്ടുണ്ട്. അതിനുശേഷം എഴുതിയ കുറെ കഥകൾകൂടി സമാഹരിച്ച് പെൺബൈക്കർ എന്ന പേരിൽത്തന്നെ മാതൃഭുമിയാണ് ആ കഥാസമാഹാരം പ്രസിദ്ധീകരിച്ചത്. എന്റെ ആദ്യ പുസ്തകമായ നാടകങ്ങൾ പ്രസിദ്ധീകരിക്കാൻ നിർബന്ധിച്ച ഒലിവു പബ്ലിക്കേഷനിലെ നൗഷാദ് തന്നെയാണ് ഈ പുസ്തകവും പ്രസിദ്ധീകരിച്ചത്. നൗഷാദ് അപ്പോളും ഇപ്പോഴും മാതൃഭൂമിയിൽതന്നെയാണ്.
ഇങ്ങനെയുള്ള ആദ്യാനുഭവങ്ങളല്ലേ നമ്മുടെയൊക്കെ ജീവിതത്തിലേ മധുരമുള്ള ഓർമ്മകൾ.