
ശബരിമലയില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണ്ണം മറിച്ചു വിറ്റുവെന്ന് സമ്മതിച്ച ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി) സുപ്രധാന രേഖകളും ഹാര്‍ഡ് ഡിസ്‌കും സ്വര്‍ണവും പണവും പിടിച്ചെടുത്തത് ശബരിമല സ്വര്‍ണ കൊള്ളക്കേസില്‍ മറ്റൊരു വഴിത്തിരിവായി. തിരുവനന്തപുരം കാരേറ്റുള്ള കുടുംബവീട്ടില്‍ എട്ടു മണിക്കൂറോളം നീണ്ട പരിശോധനയില്‍ വസ്തു ഇടപാടുകളുടെ രേഖകളും വിശദമായി പരിശോധിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ വട്ടിപ്പലിശ ഇടപാടുമായി ബന്ധപ്പെട്ട പുതിയ തെളിവുകള്‍ എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പിടിച്ചെടുത്തവ തങ്ങള്‍ ഉപയോഗിക്കുന്ന സ്വര്‍ണാഭരങ്ങളാണെന്നാണ് പോറ്റിയുടെ കുടുംബം പറയുന്നത്.
ദ്വാരപാലക ശില്‍പ പാളികള്‍ 2019-ല്‍ അടിചച്ചുമാറ്റി വിറ്റതിന് ശേഷം പോറ്റി പലരുടെയും ഭൂമി സ്വന്തം പേരിലാക്കി വട്ടിപ്പലിശക്ക് പണം നല്‍കിയതായി തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ ഇടപാടിലൂടെ നിരവധി പേരുടെ ഭൂമി ഉണ്ണികൃഷ്ണന്‍ പോറ്റിയും കുടുംബാംഗങ്ങളും സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തല്‍. പണം ഭൂമി ഇടപാടുകള്‍ക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സമ്മതിച്ചിട്ടുണ്ട്. പോറ്റി ശബരിമലയില്‍ നിന്നും രണ്ടു കിലോ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ചോദ്യം ചെയ്യല്‍ നാലാം ദിവസമായ ഇന്നും തുടരുന്നു. അതേസമയം സ്വര്‍ണം മോഷ്ടിക്കാനുള്ള ഗൂഢാലോചനയില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരടക്കം പതിനഞ്ചോളം പേരുണ്ടെന്നാണ് പോറ്റിയുടെ മൊഴി.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ മുരാരി ബാബുവിനെ എസ്.ഐ.ടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ സ്ഥാനത്തിരിക്കെ സസ്‌പെന്‍ഡിലായ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിന് എല്ലാ കഥകളും അറിയാമെന്ന് പോറ്റി പറയുന്നു. പോറ്റിയോടൊപ്പം ഇയാളെയും തെളിവെടുപ്പിനായി ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കൊണ്ടുപോകും. സി.പി.എം പ്രവര്‍ത്തകനായ മുരാരി ബാബു ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയാണ്. സാധാരണ കുടുംബത്തില്‍ ജനിച്ച ഇയാളുടെ ഇന്നത്തെ സാമ്പത്തിക നില സംശയാസ്പദമാണ്. പാര്‍ട്ടി ശുപാര്‍ശയില്‍ സെക്യൂരിറ്റി ഗണ്‍മാനായി താത്കാലിക നിയമനം ലഭിക്കുകയും, പിന്നീട് ഇയാളെ സ്ഥിരം ജീവനക്കാരനായി ഉയര്‍ന്ന സ്ഥാനത്തേക്ക് എത്തികയുമായിരുന്നു. പോറ്റിയുടെയും മുരാരി ബാബുവിന്റെയും സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും വിശദമായി അന്വേഷണ സംഘം പരിശോധിക്കും.
ആക്ഷേപം ശക്തമായതിനെ തുടര്‍ന്ന് മുരാരി ബാബു പെരുന്ന എന്‍.എസ്.എസ് കരയോഗം നമ്പര്‍ 4290-ന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കരയോഗം കമ്മിറ്റിയില്‍ കുറ്റാരോപിതനായ മുരാരി ബാബു സ്ഥാനത്ത് തുടരരുതെന്ന് അഭിപ്രായമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കരയോഗത്തിലും താലൂക്ക് യൂണിയന്‍ തലത്തിലും ഉണ്ടായ സമ്മര്‍ദത്തിനൊടുവിലാണ് രാജി. ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വര്‍ണ്ണം പൊതിഞ്ഞ പാളികള്‍ ചെമ്പാണെന്ന് മഹസറില്‍ എഴുതിയത് മുരാരി ബാബുവായിരുന്നു. ദ്വാരപാലക വിഗ്രഹങ്ങള്‍ ഏറ്റെടുക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി മുരാരി ബാബു സ്മാര്‍ട്ട് ക്രിയേഷന്‍സിന് കത്തയച്ചിരുന്നു. ദേവസ്വം ബോര്‍ഡിനെ അറിയിക്കുന്നതിന് മുമ്പാണ് ഈ നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, രണ്ടാം പ്രതി മുരാരി ബാബു എന്നിവര്‍ക്ക് പുറമെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാര്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, ദേവസ്വം മുന്‍ ബോര്‍ഡ് സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍മാരായ കെ.എസ് ബൈജു, ആര്‍.ജി രാധാകൃഷ്ണന്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ് രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ മുരാരി ബാബുവും കെ സുനില്‍ കുമാറും ഒഴിച്ചുള്ളവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.
സുനില്‍ കുമാറിനെ 14-ാം തീയതി സസ്‌പെന്റ് ചെയ്തിരുന്നു. സ്വര്‍ണം പൊതിഞ്ഞ ചെമ്പ് തകിടുകളാണ് ദ്വാരപാലക ശില്‍പങ്ങളില്‍ ഉണ്ടായിരുന്നത് എന്നറിയാമായിരുന്നിട്ടും വെറും ചെമ്പ് തകിടുകള്‍ എന്നെഴുതിയ മഹസറില്‍ സാക്ഷിയായി ഒപ്പിട്ടു എന്ന കുറ്റത്തിനാണ് ഇന്നലെ കെ സുനില്‍കുമാറിനെ സസ്‌പെന്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ കവര്‍ച്ച, വ്യാജരേഖ ചമക്കല്‍, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആറാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി എസ്.ഐ.ടിക്ക് കൊടുത്തിട്ടുള്ള നിര്‍ദേശം. ഇപ്പോള്‍ ഒന്നര ആഴ്ചയായി. എന്നാല്‍ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കുകയെന്നതാണ് പരമ പ്രധാനമായ കാര്യം. തൊണ്ടി മുതല്‍ ലഭിച്ചില്ലെങ്കില്‍ അന്വേഷണം വഴിമുട്ടും. ഈ വന്‍ ഗൂഡാലോചന പോറ്റിയിലും മുരാരി ബാബുവിലുമൊക്കെ മാത്രമായി ഒതുക്കി രാഷ്ട്രീയ കൊള്ളാക്കരെ സംരക്ഷിക്കാനുള്ള നീക്കവും അങ്ങേയറ്റം അപലപനീയമാണ്.
ഇതിനിടെ, രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ശബരിമലയിലെ സ്വര്‍ണം കാണാതായ സംഭവം ദ്രൗപദി മുര്‍മുവിന്റെ മുന്നില്‍ ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കര്‍മ സമിതി ഉന്നയിക്കും.ശബരിമലയില്‍ സുപ്രീംകോടതിയില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കൊണ്ടു വരാനാണ് കര്‍മ സമിതി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയില്‍, ശബരിമല ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറന്‍സ് നല്‍കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ.