
ന്യൂയോർക് സിറ്റിയുടെ ചരിത്രത്തിൽ ആദ്യത്തെ മുസ്ലിം മേയറായി തെരെഞ്ഞെടുക്കപ്പെടുമെന്നുറപ്പായ സൊഹ്‌റാബ് ക്വാമെ മംദാനി ക്വീൻസ് ബറോയിലെ അസ്റ്റോറിയയിൽ എന്റെ അയൽക്കാരനാണ്. ഞാൻ മെമ്പറായ ക്വീൻസ് പബ്ലിക് ലൈബ്രറി സ്ഥിതി ചെയ്യന്ന സ്റ്റെയ്ൻസ് സ്ട്രീറ്റിലാണ് നവദമ്പതിമാർ മംദാനിയും രമാ ദുവാജിയും താമസിക്കുന്നത്.
സിറിയയിൽ വേരുകളുള്ള രമ അമേരിക്കയിൽ ജനിച്ചു ദുബൈയിൽ പഠിച്ചു വളർന്ന ചിത്രകാരിയാണ്. അച്ഛൻ പ്രൊഫസർ, അമ്മ ഡോക്ടർ. മംദാനിയെപ്പോലെ ഏക സന്തതി. മംദാനി മേയർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ച ശേഷമാണ് അവർ കണ്ടു മുട്ടുന്നതും മേയറുടെ ഓഫീസ് ആയ സിറ്റി ഹാളിൽ വിവാഹിതരാകുന്നതും.

മംദാനി ന്യുയോർക്കിൽ അഗ്രഗണ്യൻ
പ്രചാരണത്തിനിടെ മംദാനിക്കു 34 തികഞ്ഞു. രമക്കു 27 എത്തി. ചരിത്രത്തിലാദ്യത്തെ മുസ്ലിം മേയറുടെ പ്രഥമവനിതയാകാൻ രണ്ടാഴ്ച കാത്തിരിക്കയേ വേണ്ടു. പക്ഷെ പ്രസിദ്ധിയുടെ ആർക് ലൈറ്റിന് കീഴിൽ വരാൻ ഇഷ്ടമില്ല. ന്യൂയോർക് ടൈംസ് ഒരു അഭിമുഖം ചോദിച്ചിട്ടു സമ്മതിച്ചില്ല.
സൊഹ്‌റാബിന്റെ അമ്മ മീര നായർ പഞ്ചാബി ഹിന്ദു കുടുംബത്തിലെ അംഗമായി റൂർക്കലയിൽ ജനിച്ചു ഭുവനേശ്വറിൽ വളർന്നു ഉഗാണ്ടയിൽ പ്രൊഫസറായ മുഹമ്മദ് മാംദാനിയെ വിവാഹം കഴിച്ചയാളാണ്. സലാം ബോംബെ, മൺസൂൺ വെഡിങ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത് പുരസ്കാരങ്ങൾ നേടി. മീരയുടെ പേരിലെ നയ്യാർ എങ്ങിനെ നായർ ആയെന്നു ചോദിച്ചാൽ അതാണ് തന്റെ സ്പെല്ലിങ് എന്ന് മീര പറഞ്ഞിട്ടുണ്ട്.
സമാന്തരമായി നായർ എന്ന പേർ നയ്യാർ എന്നാക്കിയ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധൻ കൊച്ചിയിലുമുണ്ട്. എസ്‌സിഎംഎസ് സ്ഥാപനങ്ങളുടെ സ്ഥാപകൻ എസ്. സി.എസ്. നയ്യാർ. ഒറിജിനൽ നായരേ nair ആക്കിയത് ഇംഗ്ളീഷ്‌കാരായിക്കാമെന്നു എന്റെ സുഹുത്ത് ന്യൂ ജേഴ്‌സിയിലെ പ്രൊഫ. ജോർജ് മാമ്പറ പറയുന്നു.

ന്യുയോർക് ടൈംസിന്റെ കവർ സ്റ്റോറി
മീരയുടെ പേരു ന്യൂയോർക്കിലെ പ്രശസ്തരായ ഭാരതീയരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൽമാൻ റുഷ്ദി, വേദ് മേത്ത, പദ്‌മ ലക്ഷ്മി, നോറ ജോൺസ്, വികാസ് ഖന്ന, ഇന്ദ്ര നൂയി, ജഗദീഷ് ഭഗവതി, അരവിന്ദ് പാനഗാരിയ, ദീപക് ചോപ്ര എന്നിവർക്കൊപ്പം.
ഞായറാഴ്ച്ച ഇറങ്ങിയ ന്യൂ യോർക്ക് ടൈംസ് 'അൺസ്റ്റോപ്പബിൾ' (അജയ്യൻ) എന്ന ശീർഷകത്തിൽ മംദാനിയെപ്പറ്റി ഫീച്ചർ പ്രസിദ്ധീകരിച്ചു. ഒരുകാലില്ലാതെ ദേശീയ ഗുസ്തി ചാമ്പ്യനായ ആളെക്കുറിച്ച് കഴിഞ്ഞ വർഷം ആ പേരിൽ ഒരു ചിത്രം ഇറങ്ങി. ബോംബ് വച്ചതു കാരണം നിർത്താവാനാവാതെ ബസ് ഓടിച്ച കഥാപത്രമായി സാന്ദ്ര ബുള്ളക് പ്രത്യക്ഷപ്പെട്ട 1999ലെ ചിത്രം 'സ്‌പീഡ്' കൂടി ഓർക്കണം. മംദാനിക്കും ഇനി നിർത്താനാവില്ല.

മംദാനി മുഖമുള്ളവരൂടെ മത്സരം, ബംഗാളി ഘോഷിന് മുൻതൂക്കം
ടൈംസിന്റെ സൺഡേ ഒപ്പീനിയൻ സെക്ഷനിൽ മൂന്ന് ഫുൾപേജിൽ മംദാനിയെപ്പറ്റി മെഹർ അഹമ്മദ് എഴുതിയ കവർ സ്റ്റോറിയുണ്ട്. ടൈംസ് മാഗസിനിലും മംദാനിയാണ് വിഷയം. പത്തുപേജുള്ള കവർസ്റോറി. പത്രത്തിന്റെ മെയിൻ സെക്ഷനിൽ മംദാനി മുഖമുള്ള യുവാക്കളുടെ ഒരു മത്സരം നടത്തിയതിനെപ്പറ്റി 'മാംദാനിയുടെ മുന്നേറ്റം, വ്യാജൻമാർ ഒഴുകുന്നു' എന്ന ശീർഷകത്തിൽ ആറുകോളം സചിത്ര ഫീച്ചറുമുണ്ട്.
ടൈംസിന് ഇതെന്തു പറ്റി എന്നാലോചിച്ചിരിക്കുമ്പോൾ മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള വാൾ സ്ട്രീറ്റ് ജേർണലും ന്യു യോർക്ക് പോസ്റ്റും മൂന്ന് സ്ഥാനാർഥികളുടെയും മൂന്ന് ദിവസം മുമ്പ് നടന്ന ആദ്യത്തെ ടിവി ഡിബേറ്റിന്റെ വിശദമായ റിപ്പോർട്ടുകൾ കൊടുത്തതു ശ്രദ്ധിച്ചു. പക്ഷെ ഇടയ്ക്കിടെ റിപ്പോർട്ടികളിൽ മംദാനി പറയുന്നതെല്ലാം കള്ളം എന്ന് തിരുകിക്കയറ്റുന്നു. 'സോയുടെ പച്ചക്കള്ളങ്ങൾ' എന്ന പേരിൽ പോസ്റ്റിന്റെ മുഖപ്രസംഗവുമുണ്ട്.

അച്ഛൻ മഹമ്മദും അമ്മ മീരയുമൊപ്പം
'ഞാൻ എന്തുകൊണ്ട് ന്യൂയോർക് പോസ്റ്റ് വായിക്കുന്നു; എന്ന തലക്കെട്ടോടെ 'ദി ന്യൂയോർക്കർ' അടുത്തകാലത്തു ഒരു പഠനം പ്രസിദധീകരിച്ചു. ന്യുയോർക്കിലെ ഗോസിപ്പുകൾ വായിക്കാൻ ഇത്രയും നല്ലൊരു പത്രം ഇല്ലെന്നാണ് ലേഖനത്തിന്റെ ചുരുക്കം. ന്യുയോർക് ടൈംസ് ലേഖകൻമ്മാർ പോലും അതു വായിക്കുന്നുണ്ടത്രെ.
ജോർജ് വാഷിങ്ങ്ടൺ പ്രസിഡന്റ് ആയിരിക്കുമ്പോൾ ട്രഷറി സെക്രട്ടറി ആയിരുന്ന അലക്‌സാണ്ടർ ഹാമിൽട്ടൺ 1801ൽ തുടങ്ങിയ പത്രമാണ് പോസ്റ്റ്. 2.30,634 കോപ്പി പ്രചാരം. അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള മൂന്നമത്തെ പത്രം. നാട്ടിലെ സായാഹ്ന പത്രങ്ങളെപോലെ ടാബ്ലോയിഡ് സൈസ്.

മംദാനി, ആൻഡ്രൂ ക്യൂമോ, കർട്ടിസ് സിൽവ
ഗുജറാത്തിലെ ഭുജ് കേന്ദ്രീകൃത ഖോജ മുസ്ലിം പൈതൃകമുള്ള ആളാണ് പിതാവ് മഹമ്മദ് മംദാനി. അദ്ദേഹം ഉഗാണ്ടയിലേക്കു കുടിയേറി കമ്പാല യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപനായി. അവിടെ മക്കരേറെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് റിസർച് ഡയറക്ടറായി. ഹാർവാഡിൽ നിന്നാണ് പൊളിറ്റിക്സിൽ പി.എച് ഡി. 1991 ൽ മീര നായരുമായി വിവാഹം. സൊഹ്‌റാനു അഞ്ചു വയസ് ഉള്ളപ്പോൾ അവർ സൗത്ത് ആഫ്രിക്കയിലേക്ക് കുടിയേറി. ഏഴുവയസുള്ളപ്പോൾ അമേരിക്കയിലേക്കും.
ഘാന പ്രസിഡന്റു ക്വാമെ എൻക്രുമയോടുള്ള ബഹുമാനാർഥമാണ് മകനു സൊഹ്‌റാൻ ക്വാമെ മംദാനി എന്ന് പേരിട്ടതെന്നു പിതാവ് മഹമ്മദ് പറയുന്നു. സൊഹ്‌റാൻ ന്യുയോർക്കിൽ ബ്രോങ്ക്സ് ഹൈ സ്‌കൂളിലും ബൗഡോയിൻ കോളേജിലും പഠിച്ചു. ആഫ്രിക്കാനെ സ്റ്റഡീസിലാണ് ബിരുദം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് കടക്കുന്നത്. പല ഡെമോക്രാറ്റിക് സ്ഥാനാര്ഥികളുടെയും പ്രചാരണസംഘത്തിൽ പ്രവർത്തിച്ചു. 2020 ൽ ന്യുയോർക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിച്ചു ജയിച്ചു. ക്വീൻസിൽ 36 ആം ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്നു. ഒരേസമയം ഉഗാണ്ടയുടെയും അമേരിക്കയുടെയും പൗരത്വമുണ്ട്.

പ്രഥമ വനിതയാകാൻ മോഹമില്ലാതെ രമാ ദുവാജ
ന്യു യോർക്കിൽ സൗജന്യ ബസ്‌യാത്ര, വാടക വർദ്ധിപ്പിക്കാത്ത റെന്റ് കൺട്രോൾഡ് വീടുകൾ, കുട്ടികൾക്ക് സൗജന്യ വൈദ്യസഹായം, കുറഞ്ഞ വിലക്ക് സാധനം കിട്ടുന്ന പലചരക്കു കടകൾ, 2030 ആകുമ്പോഴേക്കു മണിക്കൂറിനു 30 ഡോളർ വേതനം, കോർപറേറ്റുകളുടെയും ഉയർന്ന വരുമാനമുള്ളവരുടെയും നികുതി വർധന, തുടങ്ങിയവയാണ് തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
മുസ്ലിമും ഇടതുപക്ഷചിന്താഗതിക്കാരനുമായതിനാൽ ഗാസ യുദ്ധം പോലെ ഉത്തരം മുട്ടിക്കുന്ന വിഷയങ്ങൾ എല്ലാവരും എടുത്തിടും. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം പാടില്ല എന്നും ഹമാസിനെ നിരായുധീകരിക്കണമെന്നും മന്ദാനി പറയുന്നു. നെതന്യാഹു ന്യുയോർക്കിൽ കാലുകുത്തിയാൽ ഇന്റർനാഷണൽ നീതിന്യായകോടതി വാറന്റിന്റെ അടിസ്ഥാനത്ത് അറസ്റ് ചെയ്യുമെന്നാണ് നിലപാട്. ഗുജറാത്ത് നരഹത്യയുടെ പേരിൽ നരേന്ദ്രമോദിയെ നരഭോജി എന്നും അദ്ദേഹം വിശേഷിപ്പിക്കുന്നു.
എന്നിരുന്നാലും നവംബർ നാലിന് സൊഹ്‌റാൻ ക്വാമെ മാംദാനി ജയിക്കുന്ന നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു.