
ശബരിമലയില്‍ ആചാരലംഘനം നടത്തി യുവതികളെ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ നടത്തിയ പ്രസ്താവന കോളിളക്കം സൃഷ്ടിച്ചു. പൊറോട്ടയും ബീഫും നല്‍കി കനക ദുര്‍ഗയേയും ബിന്ദു അമ്മിണിയേയും ശബരിമലയിലെത്തിച്ച സര്‍ക്കാരാണ് അയ്യപ്പസംഗമം നടത്തിയതെന്നായിരുന്നു പന്തളത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തിലെ എന്‍.കെ പ്രേമചന്ദ്രന്റെ വിവാദ പരാമര്‍ശം. കനക ദുര്‍ഗയും ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറോട്ടയും ബീഫും കഴിച്ചിട്ടുതന്നെയാണെന്ന് ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച അദ്ദേഹം താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വ്യക്തമാക്കി.
ഇതില്‍ നിന്നും പ്രസംഗത്തിന്റെ ഒരു സ്വാഭാവിക ഒഴുക്കിനുവേണ്ടിയോ കേള്‍വിക്കാരെ കോരിത്തരിപ്പിക്കാന്‍ വേണ്ടിയോ അല്ല, ബോധപൂര്‍വമായിരുന്നു പ്രേമചന്ദ്രന്റെ പൊറോട്ട-ബീഫ് പ്രയോഗമെന്ന് മനസിലാക്കാം. വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, പ്രേമചന്ദ്രനെ 'വിഷചന്ദ്രന്‍' എന്നാണ് ഫെയ്‌സ്ബുക്ക് പേജില്‍ വിശേഷിപ്പിച്ചത്. മനോഹരമായ ആ പേര് ഒരാളില്‍ മാത്രം 'വിഷചന്ദ്രന്‍' എന്നായിരിക്കും എന്നായിരുന്നു കുറിപ്പ്.
''വിശ്വാസികളെ ഏറ്റവും അധികം വ്രണപ്പെടുത്തിയതാണ് സ്ത്രീ പ്രവേശനം. സ്ത്രീകളെ ശബരിമലയില്‍ കയറ്റിയവരാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത് എന്നത് വിരോധാഭാസമാണ്. കോട്ടയത്ത് പൊലീസ് ക്ലബ്ബില്‍ വെച്ച് പൊറോട്ടയും ബീഫും ഇവര്‍ക്ക് വാങ്ങി നല്‍കിയെന്ന് ആദ്യം പറഞ്ഞത് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ്. സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഷിബു ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും ഇതേ വിഷയം ആവര്‍ത്തിച്ചു. പക്ഷേ, താന്‍ പറഞ്ഞപ്പോള്‍ മാത്രം വലിയ സൈബര്‍ ആക്രമണം നേരിടേണ്ടിവരുന്നു. അതൊന്നും കാര്യമാക്കുന്നില്ല. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്...'' പ്രേമചന്ദ്രന്‍ പറഞ്ഞു.
''ബീഫ് എനിക്ക് ഇഷ്ടമാണ് പക്ഷേ പൊറോട്ട കൂടെ വേണ്ട, കപ്പ ആകാം. കപ്പയും ബീഫും സൂപ്പര്‍ ആണ്...'' എന്നാണ് ബിന്ദു അമ്മിണി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ പ്രേമചന്ദ്രന് മറുപടി നല്‍കിയിരിക്കുന്നത്. പ്രേമചന്ദ്രന്‍ ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിന് ആണെന്നും അവാസ്തവമായ കാര്യങ്ങളാണ് എം.പി പ്രചരിപ്പിക്കുന്നതെന്നും ബിന്ദു അമ്മിണി, രഹ്ന ഫാത്തിമ, കനക ദുര്‍ഗ, ബീഫ് എന്നീ പേരുകള്‍ ശബരിമലക്കൊപ്പം കൂട്ടിച്ചേര്‍ക്കുന്നുവെന്നും ബിന്ദു അമ്മിണി പറഞ്ഞു. എം.പിയുടെ പരാമര്‍ശത്തില്‍ കോടതിയെ സമീപിക്കുമെന്നും സ്പീക്കര്‍ക്കും പോലീസിനും പരാതി നല്‍കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവച്ച അപൂര്‍വം കേസുകളിലൊന്നായിരുന്നു ശബരിമല സ്ത്രീ പ്രവേശനം. കേരളത്തെ കലാപ കലുഷിതമാക്കിയ സുപ്രീം കോടതി വിധിയുണ്ടായത് 2018 സെപ്റ്റംബര്‍ 29-നാണ്. ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ പത്ത് വയസ് മുതല്‍ അമ്പത് വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ നിലവിലുണ്ടായിരുന്ന പ്രവേശന വിലക്ക് അസാധുവാക്കിയ സ്‌ഫോടനാത്മകമായ വിധിയായിരുന്നു അത്. വാസ്തവത്തില്‍ അന്ന് സംഭവിച്ചത് ഇതാണ്...കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നുള്ള 42-കാരി ബിന്ദു അമ്മിണിനെയും മലപ്പുറത്തെ അങ്ങാടിപ്പുറത്ത് നിന്നുള്ള 44-കാരി കനക ദുര്‍ഗ്ഗയെയും ഷാഡോ പോലീസ് സന്നിധാനത്തെത്തിച്ചത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെയായിരുന്നു.
തലശേരി പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായ ബിന്ദു അമ്മിണിയും ആനമങ്ങാട് മാവേലി സ്‌റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയാ കനക ദുര്‍ഗയും 2018 ഡിസംബര്‍ 24-ന് ശബരിമല പ്രവേശനത്തിന് കിണഞ്ഞ് ശ്രമിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് അന്ന് പിന്‍മാറേണ്ടി വന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഒരുപോലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ നിരാഹാര സമരം നടത്തിയ ഇവരെ പിന്നീട് തക്കം നോക്കി സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെ അവസരം കാത്തിരുന്ന്, വ്യക്തമായ ആസൂത്രണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം അറിയാവുന്ന ഒരു ഓപറേഷനിലൂടെയായിരുന്നു മഫ്റ്റി പോലീസ് സുരക്ഷയില്‍ യുവതികളെ സന്നിധാനത്തെത്തിച്ചത്.
സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ചാണ് പോലീസ് ഇരുവരെയും സന്നിധാനത്തെത്തിച്ചതും സുരക്ഷിതമായി തന്നെ മടക്കിക്കൊണ്ട് പോയതും. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ട ശേഷം പോലീസ് സംരക്ഷണത്തില്‍ കോട്ടയം ജില്ലയുടെ അതിര്‍ത്തിയിലാണ് യുവതികളെ താമസിപ്പിച്ചത്. ഇവരെ പുറത്തുള്ളവരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല. 2019 ജനുവരി ഒന്നാം തീയതി വൈകിട്ടാണ് സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം ഇവരുമായി രാത്രി എരുമേലിയിലെത്തി. രാത്രി 10.30-ഓടെ ബിന്ദുവും കനദുര്‍ഗയും വടശേരിക്കര പിന്നിട്ട് പമ്പയിലേക്ക് വരികയാണെന്നും ആറ് പേര്‍ കൂടെയുണ്ടെന്നും അജ്ഞാത ഫോണ്‍ സന്ദേശം പമ്പ പോലീസ് സ്‌റ്റേഷനില്‍ എത്തി.
സ്വകാര്യ വാഹനത്തില്‍ പോലീസ് അകമ്പടിയോടെയാണ് യുവതികള്‍ പമ്പയിലെത്തിയത്. അവിടെ നിന്നും വനംവകുപ്പിന്റെ ആംബുലന്‍സില്‍ ചരല്‍മേട്ടിലേക്ക് തിരിച്ചു. സംശയം തോന്നാതിരിക്കാന്‍ കയ്യില്‍ ഡ്രിപ്പ് ഇട്ടിരുന്നു. സന്നിധാനത്തേക്ക് നടക്കുമ്പോള്‍ ആറ് മഫ്ടി പോലീസുകാര്‍ നിശ്ചിത അകലത്തില്‍ ഇവരെ പിന്തുടര്‍ന്നു. സംശയം തോന്നി ചില പോലീസുകാരും ദേവസ്വം ഗാര്‍ഡുകളും ചോദ്യം ചെയ്തപ്പോള്‍ ഐ.ജിയുടെ ഗസ്‌റ്റെന്ന് മറുപടി പറഞ്ഞു. ചില തീര്‍ത്ഥാടകര്‍ ചോദിച്ചപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണെന്നാണ് പറഞ്ഞത്. അരവണ കൗണ്ടറിന് സമീപത്തെ അടിപ്പാതയിലൂടെ ജീവനക്കാര്‍ക്കുള്ള ഗേറ്റ് വഴിയാണ് സന്നിധാനത്ത് എത്തിച്ചത്. കൊടിമരച്ചുവട്ടില്‍ നിന്നും ബലിക്കല്‍പ്പുരയുടെ വാതിലിലൂടെ ഇവരെ കടത്തിവിടുകയും ചെയ്തു.
വെളുപ്പിന് 3.48-ന് ശ്രീകോവിന്റെ മുന്നിലെ ക്യൂവില്‍ ഏറ്റവും പിന്നിലായി നിന്നാണ് ദര്‍ശനം നടത്തിയതും തൊഴുതതും. ഗണപതി ഹോമം നടക്കുന്ന സമയമായതിനാല്‍ തന്ത്രി, മേല്‍ശാന്തി, പരികര്‍മ്മികള്‍ എന്നിവരുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ല. നാല് മിനിറ്റ് നേരം ദര്‍ശനം നടത്തി ഉടന്‍ മടങ്ങുകയും ചെയ്തു. മറ്റ് അയ്യപ്പന്മാര്‍ തിരിച്ചറിയുന്നതിന് മുമ്പ് പടിഞ്ഞാറേ നട വഴി ഇവരെ ഇറക്കുകയും ചെയ്തു. ഗണപതി കോവിലിന് സമീപത്തെ പാലത്തിലൂടെ താഴെ ഇറക്കി ആംബുലന്‍സില്‍ തന്നെ തിരികെ കൊണ്ടുപോകുകയുമായിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, മറ്റ് പോലീസുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ കണ്ണ് വെട്ടിച്ചായിരുന്നു പോലീസിന്റെ നീക്കം.
ഇത്രയും റിസ്‌ക് എടുത്ത് രണ്ട് വനിതാ ആക്ടിവിസ്റ്റുകളെ വേഷം കെട്ടിച്ച് സന്നിധാനത്തെത്തിക്കാമെങ്കില്‍ പിണറായി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊറോട്ടയും ബീഫും എത്രയോ നിസാരം. ആധികാരികമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിന്ദു അമ്മിണിയെയും കനകദുര്‍ഗയെയും പൊറോട്ടയും ബീഫും കഴിപ്പിച്ച് ശബരിമലയിലെത്തിച്ചതെന്നാണ് എന്‍.കെ പ്രേമചന്ദ്രന്‍ പറയുന്നത്. കേരളത്തില്‍ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരു ജനപ്രതിനിധിയാണ് പ്രേമചന്ദ്രന്‍. അതുകൊണ്ട് അദ്ദേഹം കള്ളം പറയുമെന്ന് ആരും വിശ്വസിക്കുന്നില്ല. ആനിലയ്ക്ക് ആ ആധികാരിക വിവരം കൂടി അദ്ദേഹം പുറത്തുവിട്ടിരുന്നെങ്കില്‍ പലരുടെയും സംശയം മാറിക്കിട്ടിയേനെ.