Image

നിറദീപങ്ങളുടെ ദിവ്യപ്രകാശത്തിൽ ഭൂമി (സുധീര്‍ പണിക്കവീട്ടില്‍)

Published on 21 October, 2025
നിറദീപങ്ങളുടെ ദിവ്യപ്രകാശത്തിൽ ഭൂമി (സുധീര്‍ പണിക്കവീട്ടില്‍)

അശ്വനി മാസത്തിന്റെ അവസാനത്തില്‍ ആരംഭിച്ച് (സെപ്റ്റ്-ഒക്‌ടൊ) കാര്‍ത്തിക് (ഒക്‌ടൊ-നവം) മാസത്തിന്റെ ആദ്യനാളുകളില്‍ അവസാനിക്കുന്ന ഒരു പുണ്യാഘോഷമാണു ദീപാവലി അഥവ- ദീപങ്ങളുടെ നിര. അഞ്ചു ദിവസങ്ങളായി ആഘോഷിക്കുന്ന ഈ ഉത്സവത്തിന്റെ പുറകില്‍ ധാരാളം കഥകള്‍ ഉണ്ട്. പതിന്നാലു വര്‍ഷം വനവാസവും രാവണ നിഗ്രഹവും കഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീരാമനെ അയോദ്ധ്യ നിവാസികള്‍ ഇരുപത് മണ്‍ ചിരാതുകള്‍ വീതം ഓരോ നിരയായി വച്ച് സ്വാഗതം ചെയ്തുവത്രെ. അമാവസിയുടെ അന്ധകാരം നിറഞ്ഞ ആകാശത്തെ നോക്കി കാറ്റിലാടുന്ന കതിരൊളിയില്‍ കനകശോഭ കലര്‍ന്നു മിന്നി ഭൂമി അഹങ്കരിക്കുന്ന ദിവസം.

ദീപാവലിയുടെ രണ്ടാം ദിവസം നരകാസുരനെ വധിച്ചതിന്റെ സന്തോഷം പങ്കിടുന്നു. മൂന്നാം ദിവസം ലക്ഷ്മി പൂജ ചെയ്യുന്നു. പാലാഴി കടഞ്ഞപ്പോള്‍ ലക്ഷ്മി ദേവി പ്രത്യക്ഷപ്പെട്ടത് ഈ ദിവസമായി കണക്കാക്കുന്നു. ഈ ദിവസം ലക്ഷ്മി ദേവിക്ക് പൂജയര്‍പ്പിച്ച് ശക്തി, ആനന്ദം, ധനം സംത്രുപ്തി മുതലായവ കൈവരാന്‍ ഭക്തന്മാര്‍ പ്രാര്‍ഥിക്കുന്നു. ഭാരതത്തിലെ ചില സ്ഥലങ്ങളില്‍ ഈ ദിവസം പുതുവര്‍ഷമായി കരുതിപോരുന്നു.

ദീപാവലിയോടനുബന്ധിച്ച് ഗോവര്‍ദ്ധന പൂജയും നടത്തി വരുന്നുണ്ട്. ഇതിന്റെ ഐതിഹ്യം ഇങ്ങനെയെന്നു വിശ്വസിച്ച് വരുന്നു. പ്രതിവര്‍ഷം ഇന്ദ്രനെ പ്രീതിപ്പെടുത്താനുള്ള പൂജക്ക് തന്റെ  ജനം തയ്യാറായപ്പോള്‍ ക്രുഷ്ണ ഭഗവന്‍ അവരെ ഉപദേശിച്ചു.ഓരോരുത്തരും അവരവരുടെ ധര്‍മ്മം എന്താണെന്നു മനസ്സിലാക്കി ജീവിക്കണം. ക്രുഷിക്കാരായ അവരുടെ ധര്‍മ്മം ക്രുഷിയും പശു പരിപാലനവുമാണു അത് അവര്‍ നിറഞ്ഞ മനസ്സോടെ  ചെയ്യണം. മഴ പെയ്യാനൊ, വെയില്‍ വരാനോ വേണ്ടി ഓരൊ ദേവന്മാര്‍ക്ക് പൂജയും വഴിപാടും ഒന്നും നടത്തെണ്ട കാര്യമില്ല. പ്രക്രുതിയുടെ പ്രതിഭാസങ്ങള്‍ മുറ പോലെ നടന്നുകൊള്ളും. ജനം ക്രുഷ്ണന്റെ വാക്കുകള്‍ കേട്ട് പൂജ കര്‍മ്മാദികളില്‍ നിന്നും ഒഴിഞ്ഞ് മാറി. ഇത് മഴയുടെ ദേവനായ ഇന്ദ്രനെ കോപിപ്പിച്ചു.ഇന്ദ്രന്‍ പേമാരി പെയ്യിപ്പിച്ച് പ്രളയമുണ്ടാക്കി. എന്നാല്‍ മഴയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ക്രുഷ്ണന്‍ ഗോവര്‍ദ്ധന പര്‍വ്വതം കുട പോലെ അവര്‍ക്ക് മീതെ പിടിച്ചു. അവസാനം ഇന്ദ്രന്‍ തോല്‍വി സമ്മതിച്ചു ക്രുഷ്ണഭഗവാനെ പരമോന്നതനായി അംഗീകരിച്ചു.

കഴിഞ്ഞ് പോയ നല്ല കാലങ്ങളുടെ ഓര്‍മ്മകള്‍ അയവിറക്കുന്ന ഇത്തരം ആഘോഷങ്ങള്‍ മനുഷ്യരെ നന്മയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കാന്‍ പര്യാപതമാണു. തിന്മ എപ്പോഴും തോല്‍ക്കുന്നു.അറിവിന്റെ പ്രകാശമാലകള്‍ ചുറ്റും അലങ്കരിച്ച് കൊണ്ട് ആണ്ടര്‍തികള്‍ കടന്നു വരട്ടെ, എല്ലാവര്‍ക്കും ആനന്ദത്തോടെ ഈ ആഘോഷങ്ങളില്‍ പങ്കു ചേരാം.ഒരു നിറദീപം പോലെ എല്ലാവര്‍ക്കും നന്മയും സകല ഐശ്വര്യങ്ങളും നേരുന്നു.

ശുഭം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക