Image

ചെരിയുന്ന ഗോപുരം - നിർമ്മാണത്തിലെ പിഴവിനാൽ പ്രശസ്തമായ പിസ!! (അനില്‍ പുത്തന്‍ചിറ)

Published on 21 October, 2025
ചെരിയുന്ന ഗോപുരം - നിർമ്മാണത്തിലെ പിഴവിനാൽ പ്രശസ്തമായ പിസ!! (അനില്‍ പുത്തന്‍ചിറ)

സന്ധ്യയായി ഉഷസ്സുമായി, ഒൻപതാം ദിവസം! ഞങ്ങളുടെ കപ്പൽ ടസ്കനിയിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ലിവോർണോ തുറമുഖത്ത് (Port of Leghorn) എത്തിച്ചേർന്നു. ക്രൂയിസിലെ സമൃദ്ധമായ പ്രഭാതഭക്ഷണം കഴിഞ്ഞ്, ഞങ്ങൾ ബസ്സിൽ ടസ്കാനിയിലെ പ്രമുഖ നഗരങ്ങളായ ഫ്ലോറൻസ്, പിസ എന്നിവ കാണാനുള്ള യാത്ര ആരംഭിച്ചു.

ടസ്കനിയുടെ തലസ്ഥാന നഗരമായ ഫ്ലോറൻസ്, നവോത്ഥാനത്തിൻറെ ജന്മസ്ഥലം എന്നാണ് അറിയപ്പെടുന്നത്! ലിയോനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ തുടങ്ങിയ കലാകാരന്മാർ ഒരിക്കൽ നടന്ന തെരുവുകളിലൂടെ നടക്കുബോൾ, ഭൂതകാലത്തെ ആദരിച്ചുകൊണ്ട് വർത്തമാനകാലത്ത് ജീവിക്കുന്ന ഒരു നഗരത്തിൽ എത്തപ്പെട്ടതായി തോന്നി!

ശിൽപങ്ങൾ: പിയാസ ഡെല്ല സിഗ്നോറിയയിൽ (ഡുവോമോ സ്‌ക്വയറിനടുത്ത്) ഗോലിയാത്തിനെ കല്ലെറിയാൻ തയ്യാറെടുക്കുന്ന ഡേവിഡിൻറെ വലിയ ഒരു ശിൽപം ഞങ്ങളെ സ്വാഗതം ചെയ്തു! 1500-കളിൽ മൈക്കലാഞ്ചലോ നിർമ്മിച്ച ഡേവിഡിൻറെ പ്രതിമ, യുദ്ധത്തിന് തൊട്ടുമുമ്പ് ദാവീദ് ആത്മവിശ്വാസത്തോടെയും ജാഗ്രതയോടെയും ഗോലിയാത്തിനെ നേരിടാൻ തയ്യാറായി നിൽക്കുന്നതായി തോന്നിപ്പിക്കുന്നു.

മൈക്കലാഞ്ചലോ ദാവീദിനെ പൂർണ്ണ നഗ്നനായി ചിത്രീകരിച്ചിരിക്കുന്നു!! ധൈര്യത്തിൻറെ പ്രതീകമായി നഗരത്തിന് കാവൽ നിൽക്കുന്ന പ്രതിമ, അതിൻറെ യഥാർത്ഥ രൂപത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് കാണുന്നത് ആശ്വാസകരമായ ഒരു കാര്യമായി തോന്നി.

നേരെ മറിച്ച്, റോമിൽ പല ശില്പങ്ങളുടെയും സ്വകാര്യ ഭാഗങ്ങൾ ഒലിവ് ഇലകൾ കൊണ്ട് മൂടിയിരുന്നു! മുൻകാലങ്ങളിൽ ക്രിസ്ത്യൻ സഭാ നേതാക്കൾ നടത്തിയ നിർഭാഗ്യകരമായ ഒരു മാറ്റമാണിതെന്ന്, ഗുരുതരമായ തെറ്റാണിതെന്ന് എനിക്ക് തോന്നുന്നു; ഈ മാറ്റം കലാകാരന്മാരുടെ യഥാർത്ഥ കാഴ്ചപ്പാടിനെ മാത്രമല്ല, ചരിത്രത്തിൻറെ ആധികാരികതയെയും ബാധിച്ചു. കലാകാരൻറെ ഭാവനയ്ക്ക് നമ്മൾ എന്ത് മൂല്യം നൽകുന്നു എന്ന ചോദ്യം വീണ്ടും ഉയർന്നു വന്നു!!

കേരളത്തിലെ മലമ്പുഴയിൽ നഗ്നയായ സ്ത്രീയുടെ ഒരു ശില്പം ഉണ്ട്! നാളെ ഏതെങ്കിലും മതനേതാക്കൾ, അവളെ സാരിയും ബ്ലൗസും ധരിപ്പിക്കണമെന്ന് നിർബന്ധിച്ചാൽ എന്ത് സംഭവിക്കും? പ്രതിമകളെ തുണി ഉടുപ്പിക്കുകയാണോ അതോ നമ്മൾ നമ്മുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്തുകയാണോ ചെയ്യണ്ടത്!

പോക്കറ്റടി: ഒരു വർഷം ഏകദേശം 60 ലക്ഷം ആളുകൾ, അതിമനോഹരമായ കലയും, ചരിത്രപരമായ തെരുവുകളും, തിരക്കേറിയ സ്ക്വയറുകളും ഉള്ള ഫ്ലോറൻസ് സന്ദർശിക്കുന്നു! ഇത്ര അധികം കാൽനടക്കാർ ഉള്ളതിനാൽ, തിരക്കേറിയ പ്രദേശങ്ങളിൽ പോക്കറ്റടി ഒരു സാധാരണ പ്രശ്നമാണ്. വാലറ്റുകൾ, ഫോണുകൾ, പാസ്‌പോർട്ടുകൾ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാൻ അവയെ "ചെസ്റ്റ് പായ്ക്കുകളായി" മാറ്റണമെന്ന് ഞങ്ങളുടെ ഗൈഡ് ഓർമിപ്പിച്ചു. പുറകിൽ തൂക്കിയിടുന്ന ബാക്ക്‌പാക്കുകൾ, പല വിനോദസഞ്ചാരികളും ഒരു ചെസ്റ്റ് പാക്കായി മുന്നിൽ ധരിക്കുന്നത് കണ്ടപ്പോൾ, എല്ലാവർക്കും പോക്കറ്റടി ഒഴിവാക്കാനുള്ള കരുതൽ ഉണ്ടെന്ന് മനസ്സിലായി.

ഫ്ലോറൻസിന്റെ യഥാർത്ഥ രുചി തേടുന്ന വിനോദസഞ്ചാരികളുടെയും, തൊഴിലാളികൾക്കും നാട്ടുകാർക്കും താങ്ങാനാവുന്നതുമായ പ്രിയപ്പെട്ട ലഘുഭക്ഷണമാണ് പരമ്പരാഗത സാൻഡ്‌വിച്ച്, "ലാംപ്രെഡോട്ടോ"! നൂറ്റാണ്ടുകളായി ഫ്ലോറൻസിലെ തെരുവ് ഭക്ഷണത്തിലെ ഒരു പ്രധാന വിഭവമായ ലാംപ്രെഡോട്ടോ (Lampredotto) കഴിച്ചു നടക്കുന്ന വളരെ അധികം സന്ദർശകരെ വീഥികളിൽ കണ്ടു.

മുന്തിരിത്തോട്ടങ്ങളും, ഒലിവ് തോട്ടങ്ങളും, ആകർഷകമായ ഗ്രാമങ്ങളും നിറഞ്ഞ ടസ്കനിയുടെ സൗമ്യമായ കുന്നുകളും ഗ്രാമപ്രദേശങ്ങളും പിന്നിട്ട് ഞങ്ങളുടെ ബസ് പിസയെ (Pisa) ലക്ഷം വെച്ചു നീങ്ങി. രാവിലെ മുതൽ കുറഞ്ഞത് 15,000 സ്റ്റെപ് എങ്കിലും നടന്നതുകൊണ്ടാകണം, അധികം യാത്രക്കാരും ഒരു ചെറു മയക്കത്തിലേക്ക് വഴുതിവീണു. ഒന്നര മണിക്കൂറിൽ ഞങ്ങൾ പിസയിൽ എത്തി!  

പിസ: ചെരിഞ്ഞ ഒരു ഗോപുരം കാണാൻ എന്തുകൊണ്ട് ഇത്ര ആളുകൾ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല! ചെരിവ് എന്ന വാക്ക് മനസ്സിൽ വന്നപ്പോൾ എൻറെ മനസ്സിൽ ആദ്യം ഓടിയെത്തിയത് മലയാളത്തിലെ പ്രമുഖ നടൻ മോഹൻലാലിൻറെ മുഖമാണ്. ചെറിയ ചെരിവിനോടുള്ള ഇഷ്ട്ടം മലയാളികൾക്ക് മാത്രമല്ലല്ലോ, ലോകത്തിന് മൊത്തത്തിൽ അങ്ങനെ ഒരു ഇഷ്ടമുണ്ടല്ലോ എന്ന് എനിക്ക് തോന്നി!

പിസ ഗോപുരത്തിന് മുന്നിൽ ഫോട്ടോ എടുക്കുന്നവരുടെ തിരക്കായിരുന്നു! ചിലർ ചായുന്ന ഗോപുരത്തിനെ താങ്ങി നിറുത്തുന്നതായി നടിച്ചു, ചിലർ അത് വട്ടം പിടിച്ച് നേരെ കുത്തിനിറുത്താൻ ശ്രമിച്ചു, ചിലർ വായ തുറന്ന് അത് കഴിക്കുന്നതായി നടിച്ചു😄. "എൻറെ പിള്ളേരുടെ നേരെ ചായുന്നോടാ" എന്ന മോഹൻലാൽ ലൂസിഫർ സ്റ്റൈലിൽ കാലുകൾ ഉയർത്തിപ്പിടിക്കാൻ ഞാനും ശ്രമിച്ചു. മനസ്സിലെ അഭിലാഷങ്ങളോട് ശരീരം എപ്പോഴും സഹകരിക്കണമെന്നില്ല, തിരിച്ചു കപ്പലിലെത്തിയാൽ അതിനെ പറ്റി എഴുതണം എന്ന് ഞാൻ തീരുമാനിച്ചു😄.

ഈ ഗോപുരം അതിൻറെ ചരിവിന് മാത്രമല്ല, നീണ്ടതും തടസ്സപ്പെട്ടതുമായ നിർമ്മാണ ചരിത്രത്തിനും പേരുകേട്ടതാണ്! 1173-ൽ ടവറിന്റെ നിർമ്മാണം ആരംഭിച്ചു; തൊട്ടടുത്തുള്ള പിസ കത്തീഡ്രലിനായി മനോഹരമായ ഒരു മണി ഗോപുരം (Church Bell Tower) നിർമ്മിക്കുക എന്നതായിരുന്നു പ്രാരംഭ പദ്ധതി.

തുടക്കത്തിലേ പണി പാളി: നിർമ്മാണം ആരംഭിച്ച് മൂന്ന് നിലകൾ പണിതതോടെ, അസ്ഥിരമായ മണ്ണ് കാരണം ടവർ ചരിഞ്ഞു തുടങ്ങി! കളിമണ്ണ്, മണൽ എന്നിവയുടെ മൃദുവായ പാളിക്ക് ഗോപുരത്തിൻറെ കനം താങ്ങാൻ കഴിഞ്ഞില്ല. വെറും 10 അടി മാത്രം ആഴത്തിലുള്ള തറ കെട്ടിയാണ്, 180 അടി ഉള്ള ഗോപുരം (18–19 നില കെട്ടിടത്തിൻറെ ഉയരത്തിന് സമാനം) കെട്ടാൻ തുടങ്ങിയത് എന്ന് അവർ തിരിച്ചറിഞ്ഞു. ഗോപുരം പണിയുന്നതിന് മുൻപ്, ഭൂമിയുടെ ഉറപ്പ് പരിശോധിക്കാനുള്ള യാതൊരു ഉപകരണവും അന്ന് ഉണ്ടായിരുന്നുമില്ല.

ആദ്യത്തെ മൂന്ന് നിലകളുടെ പണി പൂർത്തിയായപ്പോൾ, ചരിവ് ശ്രദ്ധേയമായി, പക്ഷേ നിർമ്മാണം ജാഗ്രതയോടെ തുടർന്നു! യുദ്ധങ്ങൾ, രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ കാരണം ഇതിനിടക്ക്‌ പലപ്പോഴും പണി നിർത്തിവെക്കേണ്ടി വന്നു. ഉർവശീ ശാപം ഉപകാരം എന്ന് പറഞ്ഞപോലെ കാലം കഴിയും തോറും ഭൂമിയിലെ മണ്ണ് ഉറച്ചുകൊണ്ടേയിരുന്നു.

പൂർത്തീകരണം: ടവർ ആരംഭിച്ച് ഏകദേശം 200 വർഷങ്ങൾക്ക് ശേഷം 1372-ൽ പണി പൂർത്തിയായി. മണ്ണിൻറെ കീഴിലെ അസമത്വം കാരണം ടവർ ഒരു വശത്തേക്ക് ചാഞ്ഞു, എന്നാൽ ആ ചായ്‌വ്വ് തന്നെ ഇന്ന് പിസയുടെ ഏറ്റവും വലിയ പ്രശസ്തിയാകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക