
ഈയിടെയായി വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞ ഒരു വാർത്തയാണ് എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്കൂളിലെ തട്ടം - ഹിജാബുമായി ബന്ധപ്പെട്ട വിഷയം. ഒരിക്കലും ഒരു വിദ്യാർത്ഥിക്കും സംഭവിക്കാൻ പാടില്ലാത്ത രീതിയിൽ ആ കുട്ടിയുടെ ആത്മാഭിമാനത്തെ വലിച്ചു ചീന്തുന്നതായി മാറി അന്നത്തെ വിവാദങ്ങൾ. ശിരോ വസ്ത്രം ധരിച്ച ഒരു സ്ത്രീ തന്നെ ഒരു മുസ്ലിം പെൺകുട്ടിയുടെ മൗലികാവകാശത്തെ ചവിട്ടിയർക്കുന്ന രീതിയിലായി കാര്യങ്ങൾ മാറി. എത്രയൊക്കെ സാങ്കേതികതകൾ ഉണ്ടെങ്കിലും ഒന്നു സംസാരിച്ചു തീർക്കേണ്ട തിനു പകരം ഇരു സമുദായങ്ങളേയും വൈരത്തോടെ നിർത്താൻ അറിഞ്ഞോ അറിയാതെയോ ഇവർ പരിശ്രമിച്ചിട്ടുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യരെ കാണാത്ത കുറേ മത ജീവികൾ ഇത്തരം പ്രശ്നങ്ങൾ നിരന്തരം ഉയർത്താറുണ്ടെന്നത് തികച്ചും ബാലിശമാണ്. മുമ്പ് ഒരു വിവാദ ചോദ്യപേപ്പർ കാരണത്താൽ അതെഴുതിയ മാഷിൻ്റെ കൈവെട്ടിയ അപക്വമായ വികാര ജീവികളേയും നമ്മൾ കണ്ടതാണ്.
സത്യ കിസ്ത്യാനികൾ ഇത്തരം നിലപാടുകൾക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഈടുറ്റ രണ്ടു ലേഖനങ്ങൾ എഴുതിയതായിക്കണ്ടു.
ഡോ. യാസ്സർ അറഫാത്ത്, ശ്രീ. എ.പി കുഞ്ഞാമ്മു എന്നിവരാണ് അവ എഴുതിയത്. ഗവേഷകനും ഫുൾബ്രൈറ്റ് സ്കോളറും ഡൽഹി സർവ്വകശാല ഹിസ്റ്ററി ഡിപ്പാർട്മെൻ്റ് പ്രൊഫസറുമാണ് ഡോ. യാസർ അറഫാത്ത്. ക്രിസ്ത്യൻ ബുദ്ധിജീവികളെ അദ്ദേഹം വിമർശിക്കുന്നത് കാണാം. കുറിപ്പ് താഴെ.
"കേരളത്തിലെ "ക്രിസ്ത്യൻ" ബുദ്ധിജീവികളുടെ നിശബ്ദത:
നിരവധി തവണ എഴുതണമെന്ന് തോന്നിയിട്ടും എഴുതാതെ വിട്ടുകളഞ്ഞ ഒരു പ്രശ്നമാണിത്. ബുദ്ധിജീവികളെ തരം തിരിച്ചു കാണണമോ എന്നുള്ള ചോദ്യമാണ് അലട്ടികൊണ്ടിരുന്നത്. സുഹൃത്തുക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നുള്ള ഒരു ദുഃഖവും ഉണ്ടായിരുന്നു .
പക്ഷെ കേരളത്തിനെ നെടുകയും കുറുകെയും പിളർന്നുകൊണ്ടിരിക്കുന്ന, ആഴത്തിലുള്ള വിചാരങ്ങൾ ഉണ്ടാകേണ്ട വിഷയങ്ങളിൽ, ഹൈന്ദവ-ഇസ്ലാം മതങ്ങളിൽ ജനിച്ചു വളർന്ന പുരോഗമന ശബ്ദങ്ങൾ നിരന്തരമായി ശബ്ദിച്ചുകൊണ്ടേയിരിക്കുമ്പോൾ , ക്രൈസ്തവ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരിക്കുന്ന ബുദ്ധിജീവികളും, ഗവേഷകരും പൂർണ്ണമായ നിശബ്ദമാകുന്ന കാഴ്ച, മലയാളി വർത്തമാന കാല ജീവിതത്തിന്റെ യാഥ്യാർഥ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. രണ്ടോ മൂന്നോ പേരുകൾ ഒഴിച്ചുനിർത്തിയാൽ സിസ്റ്റമാറ്റിക് ആയ ഒരുനിശബ്ദത, അത് നിരീക്ഷിക്കുന്ന ആർക്കും അനുഭവപ്പെടും എന്നുള്ളത് വാസ്തവമായി നിൽക്കുന്നു.
"ബുദ്ധിജീവികൾ" എന്ന ബ്രാക്കറ്റിൽ ഈ സന്ദർഭത്തിൽ ഞാൻ ഉദ്ദേശിക്കുന്നത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ ശാസ്ത്ര ഗവേഷണം ചെയ്യുന്നവരെയും, പഠിപ്പിക്കുന്നവരെയും, ചിന്തകരെയും, കേരളത്തിലെ സാഹിത്യ രംഗത്ത് ശക്തമായ സാന്നിധ്യമുള്ളവരുമായ, മലയാളത്തിൽ എഴുതാൻ പറ്റുന്ന, ക്രൈസ്തവ പേരുകളുള്ള സുഹൃത്തുക്കളെയും, അല്ലാത്തവരെയും തന്നെയാണ്.
നോക്കൂ!!, ഏറ്റവും അവസാനമായി, ഉണ്ടായ ശിരോവസ്ത്ര വിവാദത്തിൽ, അക്കാഡമിക്സിലോ, അല്ലാത്തതോ ആയ , എന്റെ സൗഹൃദ ലിസ്റ്റിലുള്ള മേല്പറഞ്ഞ ബ്രാക്കറ്റിൽ ഉള്ള ആരെങ്കിലും ഒരു രണ്ടു വരിയെഴുതിട്ടുണ്ടോ എന്ന് വിശദമായിത്തന്നെ നോക്കി. ഇല്ല എന്ന് മാത്രമല്ല, മറ്റു പലവിഷയത്തിലെ പോസ്റ്റുകളുമായി അവർ അവിടെ ശക്തമായിത്തന്നെ സാന്നിദ്ധ്യപ്പെടുത്തുന്നുമുണ്ട്.
സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ചോദ്യം, ‘കേരളത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും ഞങ്ങൾ ഇടപെടണോ? എന്നത് തന്നെയാണ്.’ ഉത്തരം വേണ്ട എന്ന് മാത്രമല്ല , അത് സാധ്യവുമല്ല എന്നതാണ്. ഒരു ബുദ്ധിജീവിക്കും അതുസാധ്യമല്ല എന്നത് എല്ലാവര്ക്കും അറിയുകയും ചെയ്യാം.
അതേസമയം എല്ലാ പ്രശ്നങ്ങളിലും സംസാരിക്കുകയും, ചരിത്രവും, സാമൂഹ്യശാസ്ത്രപരമായും അവയെ സമീപിക്കുകയും , കോൺഫെറൻസുകളിൽ നിന്ന് കോൺഫെറെനസുകളിലേക്കു പറക്കുകയും ചെയ്യുന്ന ബുദ്ധിജീവികളും ഗവേഷകരും , മറു പക്ഷത്തു സഭയും, വിശ്വാസികളും ആകുമ്പോൾ പാലിച്ചുപോരുന്ന വര്ഷങ്ങളുടെ നിശബ്ദത, അത് പരിശോധിക്കപ്പെടേണ്ടത് തന്നെയാണെന്ന് ഞാൻ മനസിലാക്കുന്നു.
ഇതു മനസ്സിലാക്കാൻ എന്റെ അടുത്ത സുഹൃത്തുക്കളായ ക്രൈസ്തവ സഹോദരങ്ങളോട് ചോദിച്ചപ്പോൾ, അവർ പറഞ്ഞത്, സഭ ഒരു വിശ്വാസിയുടെ, അയാൾ എത്ര ഉന്നതനായാലും, ദൈനംദിന ജീവിതത്തിൽ ഇടപെടുന്നതിന്റെ വ്യാപ്തി, മറ്റുള്ള വിശ്വാസത്തിലുള്ളവർക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല എന്നാണ്. ഫലസ്തീനെ പറ്റിയും, അന്താരാഷ്ട്ര കാര്യങ്ങളെപ്പറ്റിയും ഒക്കെ പറയാനല്ലാതെ, കേരളത്തിലെ സഭക്കുള്ളിലും, വിശ്വാസ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഒക്കെ ഇടപെട്ടാൽ, 'ഇടവകയ്ക്ക് പുറത്തുനിൽക്കേണ്ടി വരും' എന്ന് യാതൊരു സന്ദേഹവുമില്ലാതെ അവർ പറഞ്ഞു കേട്ടപ്പോൾ, ഞാൻ ആലോചിച്ചത് മറ്റു മതസ്ഥരായ ഗവേഷകരെയും, നിരീക്ഷകരെയും ബുദ്ധീജീവികളെയും കുറിച്ചാണ്.
ഉദാഹരണത്തിന്, ജാതി വയലൻസിനും, സവർണ്ണതക്കും, സാംസ്കാരിക ദേശീയതക്കും എതിരെ നിരന്തരം സംസാരിക്കുന്നവരെ നോക്കിയാൽ, അവരിൽ പലരും അമ്പലത്തിൽ പോകുന്നവരും, ഹൈന്ദവ ആചാരങ്ങളൊക്കെ അനുഷ്ഠിക്കുന്നവരുമാണ്. വലിയൊരു ശതമാനം ജീവിക്കുന്നതും ഹിന്ദുമതത്തിന്റെ ഒരു സാംസ്കാരിക ഇക്കോ സിസ്റ്റത്തിന്റെ ഉള്ളിൽ തന്നെയാണ്. അവരിൽ പലരും ഭീതിതമായ സൈബർ അക്രമണങ്ങൾക്ക് , ഭീഷണികൾക്ക് വിധേയമായിട്ടുമുണ്ട്.
ഇനി മുസ്ലിംങ്ങളിൽ നിന്നുള്ള ബുദ്ധീജീവികളെയും ഗവേഷകരെയും നോക്കൂ. അവരിൽ ഭൂരിപക്ഷവും ജീവിക്കുന്നത് മഹൽ സംവിധാനങ്ങളുടെ ഭാഗമായിട്ടാണ്. കൂടുതൽ പേരും പള്ളിയിൽ പോകുന്നവരും ആചാരങ്ങൾ അനുഷ്ഠിക്കുന്നവരും തന്നെയാണ്. പക്ഷെ, ഇതൊന്നും അവരെ വര്ഷങ്ങളായി നിശ്ശബ്ദതയിലേക്ക് തള്ളിവിട്ടിട്ടില്ല. ഗൗരവമുള്ള സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലും , മുസ്ലിം സമുദായവുമായിട്ടുള്ള പ്രശ്നങ്ങളിലും വിമര്ശനാല്മകമായി ഇടപെട്ടിട്ടുള്ള, എനിക്ക് അറിയാവുന്ന ആരും, വളരെ സമാധാനമായി, അവരുടെ സാംസ്‌കാരിക ഇക്കോ സിസ്റ്റവുമായി ചേർന്ന് നിൽക്കുന്നു എന്ന് പറയാൻ കഴിയില്ല.
കുടുംബത്തിൽ നിന്നും, മഹല്ലുകളിൽ നിന്നും, സൗഹൃദങ്ങളിൽ നിന്നും മറ്റും ശക്തമായ എതിർപ്പുകളും, മാറ്റി നിർത്തലുകളും, അകറ്റി നിർത്തലുകളും ഒക്കെ അനുഭവിക്കുന്ന മുസ്ലിം സ്ത്രീ-പുരുഷ ഗവേഷകർ/ ബുദ്ധിജീവികൾ ഇപ്പോഴും അവരുടെ സമരങ്ങൾ, ശബ്ദങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്.
ചില വിഷയങ്ങളിൽ ഇടപെട്ടു സംസാരിച്ചപ്പോൾ വിവാദമാവുകയും, അതിനെ തുടർന്ന് ചില സുഹുത്തുക്കൾ ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞത്, പ്രശ്നങ്ങളെയും, സമസ്യകളെയും കുറിച്ച് സംസാരിച്ചപ്പോൾ, ചില പ്രമാണികൾ ഏർപ്പെടുത്തിയവർ എറിഞ്ഞോടിച്ച, ഏറുകൊണ്ട് രക്തം വന്ന ഒരു മുസ്ലിം പണ്ഡിതനെ കുറിച്ചായിരുന്നു. കേരളത്തിൽ ഒരു നൂറ്റാണ്ട് മുൻപ് സനഉള്ള മക്തി തങ്ങൾ. അദ്ദേഹത്തിന് മുൻപ് ഏറു കൊണ്ട വേവേറൊരാളുണ്ടായിരുന്നു. പേര് മുഹമ്മദ് നബി എന്നാണ്.
അവിടെയാണ് ക്രൈസ്തവ സമൂഹത്തിൽനിന്നുള്ള ഗവേഷകരുടെയും, ചരിത്രകാരന്മാരുടെയും, സാമൂഹ്യ ശാസ്ത്രജ്ഞരുടെയും, എഴുത്തുകാരുടെയും, സമുദായവുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളിലെ ക്ലിനിക്കൽ നിശബ്ദത ഒരു ആലോചനാ വിഷയമാകുന്നത്.
ശിരോ വസ്ത്ര വിവാദം!
ലവ് ജിഹാദ് വിവാദം!
കേരളത്തിലെ ഒരു ചർച്ചിൽ നടന്ന തീവ്രവാദ ആക്രമണം!
രൂപതകളുടെ ഏകോപനത്തിൽ 'കേരള സ്റ്റോറി' കാണിച്ചത്!
തികഞ്ഞ വർഗീയ പ്രസ്താവനകൾ നടത്തുന്ന ചില ബിഷപ്പുമാർ!
തൃശൂരിലെ തിരഞ്ഞെടുപ്പ്!
കാസയുടെ വിഷയം!
വ്യാപാരസ്ഥാനങ്ങളെ വർഗീയമായി ചിത്രീകരിക്കുന്ന ചില ക്രൈസ്തവ സംഘടനകൾ!
വർഗീയ വിഷം വഹിക്കുന്ന ചില ഇവാഞ്ചലിക്കൽ ചാനലുകൾ!
അതിശക്തമായ പരമത വെറുപ്പ് പടർത്തുന്ന യൂട്യൂബർമാർ!
മുനമ്പം!
പരിവാർ രാഷ്ട്രീയത്തിലേക്ക് പ്രകടമായി പോകുന്ന സമുദായത്തിലെ പ്രധാനികൾ!
ദിനേന വർഗീയ രാഷ്ട്രീയം മാത്രം പറയുന്ന തെക്കൻ കേരളത്തിലെ, സഭാംഗങ്ങളായ രാഷ്ട്രീയക്കാർ!
അങ്ങിനെ നൂറുകണക്കിന് വിഷയങ്ങളുണ്ട്.
ഇതിലെ ഏതെങ്കിലും ഒരു വിഷയത്തിൽ നിലപാട് പറയാത്ത ബുദ്ധിജീവികളെ പറ്റിയുള്ള കുറിപ്പല്ല ഇത് . മറിച്ചു, സഭയുമായും, വിശ്വാസ സമൂഹവുമായും ബന്ധപ്പെട്ടുള്ള ഒരു വിഷയത്തിലും നിലപാട് അറിയിക്കാതെ, സോഷ്യൽ മീഡിയയുടെ കാലം തുടങ്ങിയ അന്നുമുതൽ നിശബ്ദമായിരിക്കുന്ന ബുദ്ധിജീവികളെ, ഗവേഷകരെ, നിരീക്ഷകരെ, സാമൂഹ്യ ശാസ്ത്രജ്ഞരെ, സാഹിത്യകാരെ പറ്റിയുള്ളതാണ് .
രണ്ടായിരം പേര് വാങ്ങുകയും, ഇരുനൂറു പേര് വായിക്കുകയും, ഇരുപതു പേര് ചർച്ച ചെയ്യുകയും ചെയ്യുന്ന പുസ്തകങ്ങൾ എഴുതി, നൂറുപേർ വായിക്കാത്ത ഗവേഷണ പ്രബന്ധങ്ങൾ രചിച്ചു, ഒരു റിസ്കുമില്ലാതെ, ആരെയും പരിഭവപ്പെടുത്താതെ, പട്ടങ്ങളും, പരവതാനിയും, പായസവും, അനുഭവിക്കാൻ പരമ സുഖമാണ്.
എന്റെ ഗവേഷണ ലേഖനങ്ങളിലും നിരവധി ചർച്ചകളിലും 'മാപ്പിള മോഡൽ ഓഫ് ഡെവലപ്മെന്റ്' എന്ന ഒരു സൂചകം ഉപയോഗിക്കുന്നുണ്ട്; അതിനെ വിശദമാക്കുന്നുണ്ട്. അതിലെ പ്രധാന ഒരു ഘടകമായി, ലോകത്തിലെ ഏറ്റവും സുസ്ഥിരതയുള്ള ഇസ്ലാമിക സമൂഹങ്ങളിലൊന്നായി കേരള മുസ്ലിം സമൂഹം മാറുവാനുള്ള ഒരു കാരണമായി ഞാൻ മനസ്സിലാക്കുന്നത് (കൃത്യമായ തെളിവുകളുടെ വെളിച്ചത്തിൽ), അതിലെ പണ്ഡിതന്മാരുടെ, ഗവേഷകരുടെ, എഴുത്തുകാരുടെ, ചിന്തകരുടെ സാന്നിധ്യമാണ്.
നൂറ്റാണ്ടുകളായുള്ള സാന്നിധ്യം. വൈദഗ്ദ്യം കൊണ്ടും, വിശകലനം കൊണ്ടും, വിമർശനങ്ങൾ കൊണ്ടും സമുദായത്തിനും അതിനു പുറത്തുള്ളവർക്കും മനസ്സിലാവുന്ന ഭാഷയിൽ നിരന്തരമായി സംവദിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിജീവി വർഗമുള്ള ഒരു സമൂഹമാണ് കേരള മുസ്ലിംകൾ. ലോകത്തു വളരെ അപൂർവ്വമായുള്ള ഒരു പ്രതിഭാസമാണത്. പള്ളികളിലെ വെള്ളിയാഴ്ച ഖുതുബകളെയല്ല ഇവിടെ സൂചിപ്പിക്കുന്നത്. അതിനു പുറത്തുമുള്ള നൂറുകണക്കിന് ചിന്തകരുടെ നിരന്തരമായുള്ള ഇടപെടലിനെ കുറിച്ചുമാണ്.
ഇങ്ങിനെയുള്ള ഒരു ഇടപെടൽ ഏറ്റവും നേർത്ത രീതിയിൽ കാണുന്ന വിശ്വാസികളുടെ ഒരു ഇക്കോ സിസ്റ്റമായി കേരളത്തിലെ ക്രൈസ്തവ സമുദായം മാറുമ്പോഴാണ്, ബുദ്ധിജീവികൾ മാറിനിൽക്കുമ്പോഴാണ്, അതിശക്തമായ സഭാധികാരത്തോടു മല്ലിടാനുള്ള ആത്‌മവിശ്വാസം ബുദ്ധിജീവികൾക്കു നഷ്ടമാകുമ്പോഴാണ്, അല്ലെങ്കിൽ അവർ ആഗ്രഹികാതിരിക്കുമ്പോഴാണ്, അവരെ ആഭ്യന്തര ശത്രുക്കളായി കരുതുന്നവരുടെ ആലയത്തിലേക്ക് തന്നെ അവർ നയിക്കപ്പെടുന്നത്.
ബുദ്ധിജീവികൾക്ക് ചർച്ചകളിൽ ദിശാബോധം കൊണ്ടുവരാൻ പറ്റും. വിഷയങ്ങളെ ആഴത്തിൽ അറിഞ്ഞു, തങ്ങളുടെ വൈദഗ്ദ്യങ്ങൾ കൂട്ടിച്ചേർത്തു, സമുദായത്തിന്റെ ക്രിയാത്‌മകമായ വളർച്ചക്ക് ഉപയോഗിക്കാൻ പറ്റും. സമുദായങ്ങളെ അകത്തുനിന്നു തിരുത്താൻ പറ്റും. സമുദായത്തിന്റെ അധികാര മനുഷ്യരെ ആലോചനയുള്ളവരാക്കി മാറ്റാൻ പറ്റും.
ബുദ്ധിജീവികൾ തിരുത്തുകാരാണ്. സമുദായത്തിന്റെ ഉള്ളിലെ ബുദ്ധിജീവികളെ ഒരാശങ്കയായി കാണാത്ത ഒരു അധികാരകേന്ദ്രമായി സഭ നേതൃത്വം മാറിയിരിക്കുന്നത് കാണാതിരിക്കാൻ ആവില്ല. മറ്റൊരു സമുദായ നേതൃതത്തിന്റെ കയ്യിലുമില്ലാത്ത കയറുകളാൽ ബന്ധിതമാക്കപ്പെട്ടവരാണ് തങ്ങളുടെ ബുദ്ധിജീവികൾ എന്ന തിരിച്ചറിവാണോ ഇതിന്റെ പിറകിൽ?
ചോദിച്ചുപോവുകയാണ്!
മനോഹരമായ 'ദിവാലി' ദിവസം ഡെൽഹിയിലിരുന്നുകൊണ്ടു ഇത് എഴുതുന്നത്, ഒരു കാര്യം വ്യക്തമാക്കാൻ കൂടിയാണ്. വളരെ സ്നേഹമുള്ളവരായ, ബഹുമാനമുള്ളവരായ, എന്റെ തന്നെ നിരവധി ക്രൈസ്തവ ഗവേഷക, പണ്ഡിത, അധ്യാപക, സാമൂഹ്യശാസ്ത്ര സുഹൃത്തുക്കൾ വായിക്കാൻ സാധ്യതയുള്ള ഈ കുറിപ്പ് എഴുതുന്നത്, ഈ കാലവും നമ്മൾ അതിജീവിക്കുമെങ്കിലും, നിങ്ങളുടെ ക്ലിനിക്കലായുള്ള നിശബ്ദത മുഴക്കങ്ങളായി അനുഭവപ്പെടുന്നുണ്ട് എന്ന് പറയാനാണ്. അത് രേഖപ്പെടുത്താനാണ്. നാട് നശിക്കുമ്പോഴും തുടരുന്ന ഈ നിശബ്ദതത ഉണ്ടാക്കുന്നത് വലിയ നിരാശയാണ് എന്ന് പറയാനാണ്".
പ്രമുഖ തൂലികക്കാരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ. എ.പി കുഞ്ഞാമു എഴുതിയത് താഴെ വായിക്കാം.
കോഴിക്കോട്ടെ പ്രോവിഡൻസ് സ്കൂളിലാണ് എൻറെ ഭാര്യ പഠിച്ചത്.ഭാര്യയുടെ അനിയത്തിമാരും അവിടെത്തന്നെ പഠിച്ചു. എല്ലാവരും തട്ടമിട്ടു തന്നെയാണ് ക്ലാസ്സിൽ പോയത്. പ്രശ്നമൊന്നുമില്ലായിരുന്നുവത്രേ.
ഇപ്പോൾ പ്രോവിഡൻ സിലെന്നല്ല കോഴിക്കോട്ടെ മിക്ക ക്രിസ്ത്യൻ മാനേജ്മെൻറ് സ്കൂളുകളിലും തട്ടത്തിന്ന് വിലക്കുണ്ട്. ഗേറ്റ് വരെ തട്ടം, അതു കഴിഞ്ഞ് ചട്ടം എന്ന മട്ടിൽ മുസ്ലിം കുട്ടികളും അവരുടെ രക്ഷിതാക്കളും പ്രശ്നമൊന്നുമുണ്ടാക്കാതെ മതവും പഠനവും ഒപ്പിച്ചു കൊണ്ട് പോകുന്നു. ലകും ദീനു കും അഥവാ നിങ്ങൾക്ക് നിങ്ങളുടെ സ്കൂൾ, എനിക്ക് എൻറെ തട്ടം എന്നാണല്ലോ തിരുവചനം-. അതായത് മനുഷ്യ സഹജമായ' സർവൈവൽ ഇൻസ്റ്റിങ്‌റ്റ്' തന്നെ.
പക്ഷേ എനിക്ക് പിടികിട്ടാത്തത് എവിടെ വെച്ചാണ്, ആരാണ് ഏതാനും കൊല്ലങ്ങൾ കൊണ്ട് മാപ്പിളക്കുട്ടികൾ തലയിലിട്ട തട്ടം തട്ടിയെടുത്തു കൊണ്ട് പോയത് എന്നതാണ്. എങ്ങനെയാണ് അത് തിരിച്ചു കൊണ്ടു വെക്കാൻ ശ്രമങ്ങളുണ്ടാവുന്നത്?
നേരത്തെപ്പറഞ്ഞ അതിജീവന വാസനക്ക് ഒരു മറുവശവുമുണ്ട് കെട്ടോ. കോഴിക്കോട് ജില്ലയിൽ തന്നെ വേനപ്പാറയിലെ ഹോളി ഫാമിലി ഹൈസ്കൂളിൽ കുട്ടികൾ കുറഞ്ഞ് അധ്യാപക പോസ്റ്റ് നഷ്ടപ്പെടുമെന്ന് വന്നപ്പോൾ മാനേജ്മെൻറ് ഒരു തന്ത്രം പ്രയോഗിച്ചുവത്രേ.. തൊട്ടടുത്ത മുസ്ലിം പള്ളിയിലെ ദർസിൽ പോയി ഉസ്താദുമാരെ സ്വാധീനിച്ച് അവിടുത്തെ കുട്ടികളെ മുഴുവനും സ്കൂളിലേക്ക് മാറ്റി. ഈ 'മുതഅല്ലിമീങ്ങൾ' തൊപ്പിയിട്ട്, തൊപ്പിക്കുമുകളിൽ വാലുള്ള തലേക്കെട്ട് കെട്ടി , വെള്ളയും വെള്ളയുമുടുത്ത് സ്ക്കൂൾ ബസ്സിൽ കയറിയാണ് പോകുന്നതും പഠിക്കുന്നതും.ആ വേഷം കാണുമ്പോൾ പള്ളുരുത്തിയിലെന്നപോലെ ഒരു ഭയവും ഒരു പള്ളിക്കും പട്ടക്കാർക്കും ഉണ്ടാവുന്നില്ല. ഭയം പോസ്റ്റ് നഷ്ടപ്പെടുമോ എന്നാണ്. അങ്ങനെ സംഭവിക്കാതെ നോക്കണമല്ലോ..(ആ സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്ക് പോയ എന്റെ ഇക്കാക്കയുടെ മകൻ പറഞ്ഞ കഥയാണിത്)
വേറെയൊരനുഭവം അതിനേക്കാൾ രസകരമാണ്. കോഴിക്കോട്ട് തന്നെയുള്ള ഒരു ക്രിസ്ത്യൻ സ്കൂൾ. അവിടെ വെള്ളിയാഴ്ച ദിവസം ജുമുഅക്ക് പോകാൻ കുട്ടികളെ വിടില്ല. പക്ഷേ ദിവസവും രണ്ടു മണിക്ക് സ്കൂൾ വിടും. അതിനാൽ ചില മുസ്ലിം സംഘടനകൾ മുൻകൈ എടുത്ത് രണ്ടര മണിക്ക് പുറത്ത് ജുമുഅ നമസ്ക്കാരത്തിന്നുള്ള ഏർപ്പാടുണ്ടാക്കി. വെള്ളിയാഴ്ചകളിൽ സ്കൂൾ വിട്ട ശേഷം കുട്ടികൾക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാം. ഈ സംവിധാനം സുഖമായി നടന്നു പോരുന്നു. സ്കൂളിൽ പ്രവേശനം തേടി വരുന്ന രക്ഷിതാക്കളോട് ഈയിടെയായി പ്രിൻസിപ്പാളച്ചൻ പറയുന്നത് ഇങ്ങനെയാണ് പോലും.
"നിങ്ങൾ ഒന്നു കൊണ്ടും പ്രയാസപ്പെടേണ്ട. നിങ്ങളുടെ മതപരമായ എല്ലാ ആചാരങ്ങൾക്കും സൗകര്യമുണ്ട്. വെള്ളിയാഴ്ച പ്രാർത്ഥനക്ക് പുറത്ത് ഏർപ്പാടുണ്ട്"
ആരും ടി.സി. വാങ്ങിപ്പോവുന്നില്ലെന്ന് മാത്രമല്ല വെള്ളിയാഴ്ച നമസ്കാരത്തിന്ന് സൗകര്യമുള്ള സ്കൂളിലേക്ക് മതഭക്തരായ മുസ്ലിം രക്ഷിതാക്കൾ തിക്കിത്തിരക്കിയെത്തുകയും ചെയ്യുന്നു.
ക്രിസ്തീയ മാനേജ്മെന്റുകൾക്ക് കീഴിലുള്ള സ്ക്കൂൾ - കോളേജ് വിദ്യാഭ്യാസം മികച്ചതാണെന്ന ധാരണ സമൂഹത്തിലുണ്ട്. അതിൽ ശരിയുമുണ്ടാവാം. അതിനാൽ മതശാസനകളിൽ ഇത്തിരി അയവ് വരുത്തിയിട്ടായാലും അത്തരം സ്ഥാപനങ്ങളിൽ പഠിക്കാമെന്ന് മുസ്ലിംകൾ കരുതുന്നു എന്നതാണ് സത്യം. ഈ അവസ്ഥ നൽകിയ ആത്മവിശ്വാസം അൽപ്പം കൂടിപ്പോയതിനാലായിരിക്കണം തിരു സഭയും 'അച്ചന്മാരും അമ്മമാരും' ചില കടുംപിടുത്തങ്ങളൊക്കെ പിടിക്കുന്നത്. അതിന്നിടയിലേക്ക് ക്രി സംഘിത്വവും ക്രിസ്തീയ സമുദായത്തിൽ പൊതുവെ പടർന്നു പിടിക്കുന്ന അരക്ഷിത ബോധവും സംഘപരിവാറും കാവി നിറം കയറിയ കേരളീയ മാധ്യമ - പൊതുബോധവും സൃഷ്ടിക്കുന്ന വിടവുകളുമൊക്കെ കൂടി കടന്നു കയറി സംഗതികൾ വഷളാക്കി. മുസ്ലിംകളും ക്രിസ്ത്യാനികളും - ഇരു കൂട്ടരേയും വഴി തെറ്റിക്കുന്നതിൽ അവരുടെ അരക്ഷിത ബോധത്തിന്ന് വലിയ പങ്കുണ്ട്. വിഭജനാനന്തര ഇന്ത്യയിൽ മുസ്ലിം കൾക്ക് അത് കൂടി വരികയാണ്. ക്രിസ്ത്യാനികൾക്ക്
നേരത്തെ അത്തരം ഭീതികൾ കുറവായിരുന്നു. വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം കൊണ്ട് നല്ല ആത്മവിശ്വാസമുണ്ടായിരുന്നുവല്ലോ അവർക്ക്. ഭരണ പിന്തുണയുമുണ്ടായിരുന്നു..പല കാരണങ്ങളാലും ഇപ്പോൾ അതല്ല സ്ഥിതി. തങ്ങളുടെ സ്ഥാനത്തേക്ക് മുസ്ലിംകൾ കയറി വരുന്നുവോ എന്ന് പരിശുദ്ധ പിതാക്കന്മാർക്ക് പോലും തോന്നിത്തുടങ്ങുന്നു. ഈ അരക്ഷിത ബോധം അവർക്ക് സൃഷ്ടിച്ചു കൊടുത്ത ശത്രുക്കളാണ് മുസ്ലിംകൾ. കാസയൊക്കെ അതിന്റെ കൂടി ഉപോൽപന്ന മാണ്. നമ്മുടെ ജീവിത വ്യവഹാരങ്ങളിൽ നിന്ന് എല്ലാ തരം അരക്ഷിത ബോധങ്ങളും ടി.സി. വാങ്ങിപ്പോയാൽ മാത്രമേ കാര്യങ്ങൾ കൂടുതൽ വഷളാവാതിരിക്കുകയുള്ളു.
' തൊപ്പിയിട്ട കുട്ടികളെ വെച്ച് പോസ്റ്റ് നിലനിർത്തുന്ന നിങ്ങൾ തട്ടമിട്ട് പഠിക്കാൻ സമ്മതിക്കാത്തതെന്ത് കൊണ്ട് 'എന്ന് ചോദിച്ചപ്പോൾ വേനപ്പാറ സ്കൂൾപ്രിൻസിപ്പൽ ചിരിക്കുകയായിരുന്നു പോലും. ഹിജാബുമായി ബന്ധപ്പെട്ട നടത്തിയ പത്രസമ്മേളനത്തിൽ പള്ളുരുത്തിയിലെ പ്രിൻസിപ്പലും ചിരിക്കുകയാണ് ചെയ്തത്. പക്ഷേ രണ്ടും രണ്ടു ചിരികളാണ്.ആരുടേതായിരിക്കാം അവസാനത്തെ ചിരി ?
ചിരിയെപ്പറ്റി പറഞ്ഞപ്പോഴാണ് തട്ടമിടാൻ സമ്മതമുള്ള സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടി പറഞ്ഞ കാര്യം ഓർമ്മ വരുന്നത്. തട്ടമിടുകയൊക്കെ ചെയ്യാം, പക്ഷേ മിസ്സുമാരുടേയും ചില കൂട്ടുകാരികളുടേയും തട്ടത്തിന്നു നേരെ നോക്കിയുള്ള വർത്താനവും കളിയാക്കിച്ചിരികളുമുണ്ടല്ലോ അത് കാണുമ്പോഴാണ് തട്ടം മാത്രമല്ല മൊത്തം വസ്ത്രങ്ങളും ഉരിഞ്ഞു പോവുന്നത്.. അത് കൊണ്ട് ഞാനിപ്പോൾ തട്ടമിടാറില്ല എന്ന്.
-മിടുക്കി..അവൾ ഹുദൈബിയ സന്ധിയിൽ മായ്ച്ചെഴുതപ്പെട്ട 'അബ്ദുല്ലയുടെ മകൻ മുഹമ്മദ്' എന്ന പദം ഓർത്തു കാണണം.
ഇക്കണ്ട ചിരികൾ അധികകാലം ഉണ്ടാവില്ല എന്ന് തന്നെയാണ് എൻറെ തോന്നൽ. തട്ടമിട്ട സ്കൂൾ വിദ്യാർത്ഥികൾ മാത്രമല്ല തട്ടമിട്ട ഡോക്ടർമാരും തട്ടമിട്ട എഞ്ചിനീയർമാരും തട്ടമിട്ട ഐ.എ.എസ് ഉദ്യോഗസ്ഥകളുമൊക്കെ കൂടി വന്നു കയറി ഭൂമി മലയാളം നിറക്കുന്ന കാലത്ത് എന്ത് കളിയാക്കൽ, എന്തു പുഛം?
ഇനി ഏതെങ്കിലുമൊരാൾ തട്ടമിട്ടിട്ടില്ലെന്ന് വെക്കുക. അതിന്ന് ആരും പുക്കാറത്തുണ്ടാക്കുകയും വേണ്ട.
തട്ടമിട്ടാലെന്താ? തട്ടമിടാതിരുന്നാലെന്താ?
കുഞ്ഞു പാത്തുമ്മ ചോദിച്ചില്ലേ - - കുളിച്ചല്ലേന്ന് പറഞ്ഞാലെന്താ..? എന്ന്.
അതുപോലെ..
വളരെ ഗൗരവതരമായ കാര്യങ്ങളാണ് രണ്ടു കുറിപ്പുകളിലും സൂചിപ്പിച്ചത്. പ്രായോഗിക തലത്തിൽ ഇക്കാര്യങ്ങൾ വരുമ്പോഴാണ് വസ്തുതകൾ അർത്ഥപൂർണമാകുന്നത്.