
ഒരു വശത്ത് സ്‌പോര്‍ട്‌സ് സ്‌ക്കൂളും ഹോസ്റ്റലുമൊക്കെ. മറുവശത്ത്, കോരുത്തോട് സി.കെ.എം.എച്ച്.എസ്, കോതമംഗലം സെയ്ന്റ് ജോര്‍ജ്, കോതമംഗലം മാര്‍ ബേസില്‍, പുല്ലൂരംപാറ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്, കല്ലടി ഹൈസ്‌ക്കൂള്‍, പാലക്കാട് പറളി ഹൈസ്‌ക്കൂള്‍, പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസ്. തുടങ്ങിയ സ്‌ക്കൂളുകളും അണിനിരക്കുന്നു. 2010 മുതല്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂള്‍, ഡിവിഷന്‍ കുട്ടികളും ജനറല്‍ സ്‌ക്കൂള്‍ കുട്ടികളും ഒരുമിച്ചു മത്സരിക്കുന്നു. നേരത്തെ 2002 ല്‍ 34 വിദ്യാഭ്യാസ ജില്ലകള്‍ക്കു പകരം 14 റവന്യൂ ജില്ലകള്‍ മത്സരിക്കുന്ന രീതി നിലവില്‍ വന്നിരുന്നു.
സംവിധാനങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും സംസ്ഥാന സ്‌ക്കൂള്‍ കായിക മേളകളുടെ നടത്തിപ്പില്‍ എന്നും കണ്ടു പോന്നത് കുറെ കായികാധ്യാപകരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സമര്‍പ്പണമാണ്. ഇക്കൂട്ടത്തില്‍ വിരമിച്ചവര്‍ എത്രയോയുണ്ട്. പഴയ തലമുറയിലെ താരങ്ങളെയും പരിശീലകരെയും കായികാധ്യാപകരെയുമെല്ലാം കാണാനുള്ള അവസരമായി സ്‌ക്കൂള്‍ കായികമേള പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. പതിറ്റാണ്ടുകളായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ട്. ഇതു പറയുമ്പോഴും സംസ്ഥാനത്ത് ഇന്ന് ഏററവും അധികം അവഗണ നേരിടുന്നതും കായികാധ്യാപകരാണ് എന്ന് ഓർക്കണം.
ചില കായികാധ്യാപകര്‍ വിരമിച്ചതോടെ ചില സ്‌ക്കൂളുകള്‍ മത്സരരംഗത്ത് പിന്നാക്കം പോയി. സ്‌ക്കൂളിനോടനുബന്ധിച്ച് അക്കാദമികള്‍ നടത്തിയവര്‍ ആകട്ടെ സാമ്പത്തിക ബാധ്യത താങ്ങാനാവാതെ വിഷമിക്കുന്നു. കോവിഡ് കാലത്തിനുശേഷം രംഗം അത്ര മെച്ചമല്ല. സ്‌ക്കൂള്‍ തലത്തില്‍, മികവുകാട്ടുന്നവരുടെ തുടര്‍ പരിശീലനവും പ്രശ്‌നമാകാറുണ്ട്. ദേശീയ ജൂനിയര്‍, യൂത്ത് മത്സരങ്ങള്‍ക്കു കുട്ടികളെ വിട്ടു നല്‍കാതെ സ്‌ക്കൂള്‍ മത്സരങ്ങള്‍ക്കായി മാത്രം രംഗത്തിറക്കുന്ന ചില സ്‌ക്കൂല്‍ അധികൃതരുടെ രീതിയോട് യോജിക്കാനാവില്ല. കൂടുതല്‍ മത്സര പരിചയത്തിലൂടെയേ താരങ്ങള്‍ക്കു വളരാന്‍ സാധിക്കുകയുള്ളൂ.
സംസ്ഥാന സ്‌ക്കൂള്‍ കായികമേളയിലും തുടര്‍ന്ന് ദേശീയ സ്‌ക്കൂള്‍ കായികമേളയിലും മികവു കാട്ടുന്ന ചില കായികതാരങ്ങള്‍ പിന്നീട് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ചിലര്‍ ജീവിത പ്രശ്‌നങ്ങളാല്‍ രംഗം വിടുന്നു. ചിലര്‍ മാത്രം ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കൂടുതല്‍ തിളക്കത്തോടെ സീനിയര്‍ തലത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ കൂടി മത്സരിച്ചു തുടങ്ങിയതോടെ സംസ്ഥാന സ്‌ക്കൂള്‍ കായികമേളയില്‍ പല പൊതുമേഖലാ സ്ഥാപനങ്ങളും ദേശീയ സര്‍ക്കാര്‍ സ്ഥാപനങ്ങളും ശ്രദ്ധിച്ചുതുടങ്ങി.
റയില്‍വേസ്, സി.ആ്ര്‍.പി.എഫ്., ഐ.ടി.ബി.പി., സര്‍വീസസ് തുടങ്ങിയവയൊക്കെ താരങ്ങളെ തേടിയെത്തുന്നു. ഇതുവഴി രക്ഷപ്പെട്ടവര്‍ ഒട്ടേറെയുണ്ട്. ചിലര്‍ക്ക് അവസരങ്ങള്‍ കിട്ടാതെ പോകുന്നു. എന്തായാലും കായികതാരങ്ങളുടെ ഭാവി മിക്കവാറും ഇവിടെ നിര്‍ണ്ണയിക്കപ്പെടും. സ്‌ക്കൂള്‍ തലത്തില്‍ തിളങ്ങാതെ കോളജ് തലത്തില്‍ മികവുകാട്ടി മുന്നോട്ടുപോയവര്‍ വളരെ കുറച്ചേയുള്ളൂ. മാത്രമല്ല, എല്ലാ ഇനങ്ങളിലും അതു സാധ്യവുമല്ല.
മുന്‍പൊക്കെ ഡിസംബറില്‍ ആയിരുന്നു സംസ്ഥാന സ്‌ക്കൂള്‍ കായിക മേള. തുടര്‍ന്ന് ദേശീയ മത്സരങ്ങള്‍. പക്ഷേ, ഏതാനും വര്‍ഷമായി ഇതു നേരത്തെ നടത്തപ്പെടുന്നു. അതിന്റെ കാരണം വ്യക്തമല്ല. പക്ഷേ, നമ്മുടെ കൗമാരങ്ങള്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നത് പുറംലോകമറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ലോകം ശ്രദ്ധിക്കുന്ന രാജ്യാന്തര കായികമത്സരങ്ങള്‍ നടക്കുമ്പോള്‍ സ്‌ക്കൂള്‍ കായിക മത്സരങ്ങളും നടത്തിയാല്‍ മാധ്യമ ശ്രദ്ധ കുറയും. 2022ല്‍ സംസ്ഥാന സ്‌ക്കൂള്‍ മീറ്റ് തിരുവനന്തപുരത്ത് നടക്കുമ്പോള്‍ ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുകയായിരുന്നു. 2023 ല്‍ ആകട്ടെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കുമ്പോഴാണ് സ്‌ക്കൂള്‍ കായികമേള കുന്നംകുളത്ത് നടന്നത്.കഴിഞ്ഞ വർഷം നവംബറിൽ നടന്നു. ഇക്കുറി ഒക്ടോബറിൽ സ്കൂൾ മീറ്റ് നടക്കുന്നു.
പ്രതീക്ഷ ഉയര്‍ത്തുന്ന താരങ്ങള്‍ക്ക് മുന്നോട്ടുള്ള ചുവടുവയ്പ് സുഗമമാക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകണം. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ഒരു കായികതാരവും പരിശീലനം ഉപേക്ഷിക്കുവാന്‍ ഇടയാകരുത്. അധ്യാപക-രക്ഷാകര്‍തൃ സംഘടനകളും ശ്രദ്ധിക്കണം. അതുപോലെ പ്രായോജകരെ കണ്ടെത്താനും കഴിയണം. സര്‍ക്കാര്‍ തന്നെ വിചാരിച്ചാല്‍ ഒന്നും നടക്കില്ല. എല്ലാവരും സഹകരിച്ചു മുന്നോട്ടു പോയാല്‍ മാത്രമേ സ്‌ക്കൂള്‍ കായികരംഗം വികസിക്കുകയുള്ളൂ. കായികതാരങ്ങളുടെ അക്ഷയഖനിയാണു കേരളം. യാഥാര്‍ത്ഥ്യബോധ്യത്തോടെയും ശാസ്ത്രീയമായുമുള്ള ഖനനം ആണ് ആവശ്യം. ഒപ്പം മനുക്കിയെടുക്കുക എന്ന ശ്രമകരമായ ദൗത്യവും ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കണം. ഉഷമാരും ഷൈനിമാരുമൊക്കെ ഇനിയും കേരളത്തില്‍ പിറവിയെടുക്കണം.