
വിനോദങ്ങൾ, വ്യക്തിപരമായ ആഗ്രഹങ്ങൾ; സ്വപ്‌നങ്ങൾ, സൗഹൃദങ്ങൾ; ലോകം കാണാനുള്ള യാത്രകൾ... പറ്റുമെങ്കിൽ ഇതൊന്നും വിരമിക്കൽ വരെ മാറ്റിവയ്ക്കരുത്! യൗവനകാലത്ത് ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉത്തരവാദിത്തവും അച്ചടക്കമുള്ളതുമായ ഒരു സമീപനമായി തോന്നാമെങ്കിലും പിന്നീട് വലിയ വില കൊടുക്കേണ്ടിവരും!!
വർഷങ്ങളായി ഒരു പതിവ് താളം പിന്തുടരുമ്പോൾ; പരിചിതമായ പാറ്റേണുകളാൽ നയിക്കപ്പെടുമ്പോൾ; (ഉണരുന്നു, ജോലി ചെയ്യുന്നു; കഴിക്കുന്നു, ഉറങ്ങാൻ പോകുന്നു - പിറ്റേന്ന് അത് വീണ്ടും ആവർത്തിക്കുന്നു) അങ്ങനെ ഓട്ടോപൈലറ്റിൽ മുന്നോട്ട് പോകുമ്പോൾ, തൊഴിൽ ജീവിതം വെറുമൊരു ശീലത്തേക്കാൾ കൂടുതലായി, അതൊരു ജീവിതരീതിയായി മാറുന്നു!!

പതിറ്റാണ്ടുകളുടെ തൊഴിൽ ജീവിതത്തിൽ ഒരു ദിനചര്യ നിർവചിക്കപ്പെട്ടുകഴിഞ്ഞാൽ, വിരമിക്കൽ കഴിഞ്ഞ ഒറ്റരാത്രികൊണ്ട് ആ ഗതി നാടകീയമായി മാറ്റുന്നത് എളുപ്പമല്ല!! വിരമിക്കലിനുശേഷം യാത്ര ചെയ്യാനും ലോകം കാണാനും മനസ്സ് ആകാംക്ഷയേ കാത്തിരുന്നേക്കാം; പക്ഷേ ശരീരം അതേ ആവേശത്തെ പിന്തുണയ്ക്കണമെന്നില്ല!!
ജോലിയെയും വ്യക്തിജീവിതത്തെയും രണ്ട് വ്യത്യസ്‌ത അധ്യായങ്ങളായി വേർതിരിക്കുന്നതിനുപകരം, അവയെ സംയോജിപ്പിക്കുന്നതാണ് ബുദ്ധി!! ജോലി നിർത്തിയതിനുശേഷം മാത്രമല്ല, ജോലി ചെയ്യുമ്പോഴും ജീവിക്കണം! പറ്റുമെങ്കിൽ സന്തോഷം തരുന്ന കാര്യങ്ങൾ ഒന്നും തന്നെ മാറ്റിവയ്ക്കരുത്.

പത്താം ദിവസം രാവിലെ, ഞങ്ങളുടെ കപ്പൽ ഫ്രാൻസിലെ കാനിൽ (Cannes) എത്തിയെന്ന ക്യാപ്റ്റൻറെ അറിയിപ്പ് കേട്ടാണ് ഞാൻ ഉണർന്നത്. കുറച്ചുകൂടി ഉറങ്ങാൻ ഞാൻ ഉള്ളിൽ ആഗ്രഹിച്ചു, കപ്പലിൽ പത്ത് ദിവസം ഒക്കെ യാത്ര ചെയ്യുമ്പോൾ, മനസ്സ് പതുക്കെ "മതിയാക്ക്, ഇനി വീട്ടിൽ പോകാം" എന്ന് ഓർമ്മിപ്പിക്കാൻ തുടങ്ങും. അവധി കൂടുതലായാൽ അതിൻറെ ക്ഷീണത്തിൽ നിന്ന് മുക്തി നേടാൻ, വീണ്ടും ഒരു ഇടവേള ആവശ്യമായി വരും.

പക്ഷേ ബസ്സും അതിലെ യാത്രക്കാരും എനിക്ക് വേണ്ടി അധിക നേരം കാത്തിരിക്കില്ല എന്നറിയാവുന്നതിനാൽ ഞാൻ പെട്ടന്ന് തയ്യാറായി, നേരെ പ്രാതൽ കഴിക്കുന്ന സ്ഥലത്തേക്ക് നടന്നു! എല്ലാ ദിവസവും പോലെ, അധികം ഉയരമില്ലാത്ത, എപ്പോഴും ചിരിക്കുന്ന മുഖമുള്ള ഫിലിപ്പീന യുവതി അവളുടെ പതിവ് വരികളോടെ ഞങ്ങളെ ഉച്ചത്തിൽ സ്വാഗതം ചെയ്തു!! പ്രധാന കവാടത്തിൻറെ മുന്നിൽ അതിഥികളെ വരവേറ്റ്, "എഴുന്നേൽക്കൂ, തിളങ്ങു, നിങ്ങളുടെ പ്രാതൽ ആസ്വദിക്കൂ" എന്ന് ഉറക്കെ പറയുക, അതായിരുന്നു അവളുടെ ദൈനംദിന ജോലി, അവൾ അത് വളരെ ഊർജ്ജസ്വലതയോടെയും സന്തോഷത്തോടെയും നിർവഹിക്കുന്നുണ്ടായിരുന്നു!!
Monaco (maa nuh-kow): കാനിൽ നിന്ന് ഒരു മണിക്കൂർ ഡ്രൈവ് ചെയ്‌ത ശേഷം ഞങ്ങളുടെ ബസ്, "സമ്പന്നരുടെ പറുദീസ" എന്നറിയപ്പെടുന്ന മൊണാക്കോയിൽ എത്തി. ആഡംബര നൗകകൾ നിറഞ്ഞ തുറമുഖത്തിൻറെ ആദ്യ കാഴ്‌ച തന്നെ, ഇത് ഒരു സാധാരണ സ്ഥലമല്ലെന്ന് തോന്നിപ്പിച്ചു. നേരെ മുന്നിൽ ലോകപ്രശസ്‌തമായ കാസിനോ ഡി മോണ്ടെ കാർലോ!! ഇവിടെ കാലെടുത്തുവയ്ക്കാതെ മൊണാക്കോയിലേക്കുള്ള ഒരു സന്ദർശനവും പൂർണ്ണമാകില്ല.
ലാസ് വേഗസും മൊണാക്കോയും കാസിനോകൾക്ക് പേരുകേട്ടതാണ്, പക്ഷേ അവ തികച്ചും വ്യത്യസ്‌തമായ അനുഭവങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. ലാസ് വേഗസ് വിനോദത്തിനായി മാത്രം നിർമ്മിച്ചതാണ്; അവിടുത്തെ കാസിനോകൾ വളരെ വലുതാണ്; ജീവിതത്തിൻറെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളെ അവിടെ കാണാം; രാവും പകലും എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഒരു സ്ഥലമാണത്!

എന്നാൽ പണം മൊണാക്കോയിൽ വെറും സാന്നിധ്യമല്ല; ഇത് ആഘോഷിക്കപ്പെടുന്ന ഒരു സ്ഥലമാണെന്നും, എല്ലാവർക്കും ഇവിടം താങ്ങാൻ കഴിയില്ലെന്നും മൊണാക്കോ നിശബ്ദമായി നമ്മളെ ഓർമ്മിപ്പിക്കും. കാസിനോ ഡി മോണ്ടെ-കാർലോ ചൂതാട്ടക്കാർക്കിടയിൽ മാത്രമല്ല പ്രശസ്തം, ഹോളിവുഡിനും ഇത് പ്രിയപ്പെട്ട ഒരു പശ്ചാത്തലമാണ്. Never Say Never Again (1983), Golden Eye (1995) എന്നീ ചിത്രങ്ങളിലെ രംഗങ്ങൾ ഉൾപ്പെടെ നിരവധി ജെയിംസ് ബോണ്ട് സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
എല്ലാ വർഷവും മോണക്കോയിലെ ഇടുങ്ങിയ നഗരവീഥികൾ ആവേശകരമായ F1 റേസ് ട്രാക്കായി രൂപാന്തരപ്പെടുന്നു, നഗരത്തിൻറെ ഹൃദയഭാഗത്തുകൂടി നടക്കുന്ന ഒരു അതിവേഗ ഓട്ടമത്സരം! അവിശ്വസനീയമായ വേഗതയിൽ കാറുകൾ ഓടിക്കുന്ന, ടക്‌സീഡോ (tuxedo) ധരിച്ച് എതിരാളികളെ അനായാസം അടിച്ചു വീഴ്ത്തുന്ന 007, അവിടെ എവിടെയെങ്കിലും മറഞ്ഞു നിൽക്കുന്നുണ്ടോ എന്ന് കണ്ണുകൾ വെറുതെ തിരഞ്ഞു!
മോണക്കോ കത്തീഡ്രലിൽ: അമേരിക്കയിലെ ഫിലഡൽഫിയയിൽ ജനിച്ച ഗ്രേസ് പട്രീഷ്യ കെല്ലി,
1956-ൽ മൊണാക്കോയിലെ രാജകുമാരൻ റെയ്‌നിയർ മൂന്നാമനെ വിവാഹം കഴിച്ചു, രാജകുമാരൻറെ മരണശേഷം ഗ്രേസ് രാജകുമാരി ആയി അധികാരമേറ്റു. 52-മത്തെ വയസിൽ ഒരു വാഹനാപകടത്തിൽ ഗ്രേസ് രാജകുമാരി ദാരുണമായി മരണപ്പെട്ടു, മൊണാക്കോ കത്തീഡ്രലിൽ അവരെ അടക്കം ചെയ്‌തു. ചെറുതായി മഴ ചാറുന്നതുകൊണ്ടും, അവിടെ അധികം കാണാനില്ലാത്തതുകൊണ്ടും ഞങ്ങൾ ബസിലേക്ക് തിരിച്ചു നടന്നു!!
കപ്പലിൽ ഒരാൾക്ക് അസുഖം വന്നാൽ, അത് മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്! ബസ്സിൽ ചുറ്റുമുള്ള യാത്രക്കാർ ചുമയ്ക്കുകയും നിരന്തരം അവരുടെ തൊണ്ട ക്ലിയർ ചെയ്യുകയും ചെയ്‌തു, "വിക്‌സ് ഗുളിക കഴിക്കൂ, കിച് കിച് അകറ്റൂ" എന്ന് പാടിയാൽ അവരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ഞാൻ വെറുതെ പുറത്തേക്കു നോക്കിയിരുന്നു!!
സന്തോഷ് ജോർജ് കുളങ്ങര പോലുള്ള വൻ സ്രാവുകൾ നീന്തുന്ന സമുദ്രമായതുകൊണ്ട്, ഒരു യാത്രാനുഭവം എഴുതാൻ എനിക്ക് യാതൊരു പദ്ധതിയുമില്ലായിരുന്നു. പക്ഷേ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് പ്രചോദനമാകുമെന്നും, ഇതിനകം ഈ സ്ഥലങ്ങൾ സന്ദർശിച്ചവർക്ക് ഓർമ്മകൾ പുതുക്കാനും കഴിയുമെന്ന് ഇ-മലയാളി എഡിറ്റർ ജോർജ് ജോസഫ് ജി പറഞ്ഞതിനാലാണ്, സഞ്ചാര സാഹിത്യത്തിൽ ഒരു കൈ നോക്കാൻ ഞാൻ തീരുമാനിച്ചത്.
ഏതായാലും വെള്ളക്കാർ എല്ലാവരും ഇംഗ്ലീഷ് പറയും എന്ന ധാരണ ഫ്രാൻസിലുള്ളവരെ കണ്ടപ്പോൾ മാറികിട്ടി! മറുവശത്ത്, കപ്പലിൽ ഞങ്ങൾ സംസാരിച്ച യാത്രക്കാരിൽ ഏകദേശം 95% പേരും പേരും അമേരിക്കയുടെ ര വി വിവിധ ഭാഗങ്ങളിൽ ളിൽ നിന്നുള്ളവരായിരുന്നു! എല്ലാ യാത്രകളും അവസാനിക്കേണ്ടതുണ്ട്, അങ്ങനെ ഞങ്ങളുടെ ഈ യാത്രയും അവസാനിച്ചു, കപ്പൽ Civitavecchia (ചീവിറ്റ.വാക്യ) ലക്ഷ്യമാക്കി നീങ്ങി, അവിടെനിന്ന് അടുത്ത ബസിൽ റോം വിമാനത്താവളത്തിലേക്ക്!!
Read More: https://www.emalayalee.com/writer/301