
ശബരിമലയിലെ പ്രമാദമായ സ്വര്‍ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി) പിടികൂടിയതോടെ ഗൂഢാലോചന നടത്തിയ ദേവസ്വം ബോര്‍ഡിലെ താപ്പാനകളൊന്നും രക്ഷപെടില്ലെന്നാണ് സൂചന. സ്വര്‍ണ്ണം അപഹരിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ എസ്.ഐ.ടിയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചങ്ങനാശേരി പെരുന്നയിലെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥാനത്തു നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഗൂഢാലോചനയുടെ പ്രധാന കണ്ണിയാണ് മുരാരി ബാബു. 2019-ല്‍ മുരാരി ബാബു ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ആരോപണം ഉയര്‍ന്നപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്.
ദ്വാരപാലക വിഗ്രഹങ്ങള്‍ അറ്റകുറ്റപ്പണിക്കായി പുറത്തേക്ക് കൊണ്ടുപോയത് ''ഒരു വലിയതും ആസൂത്രിതവുമായ പദ്ധതി''യുടെ ഭാഗമാണെന്നാണ് എസ്.ഐ.ടി. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഹൈക്കോടതി നിരീക്ഷിച്ചത്. 2019-ല്‍ സ്വര്‍ണ്ണപ്പാളികള്‍ കൈമാറുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മഹസ്സര്‍ രേഖകളില്‍ ഇവയെ 'ചെമ്പ് തകിടുകള്‍' എന്ന് തെറ്റായി രേഖപ്പെടുത്താന്‍ കൂട്ടുനിന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ സന്നിധാനത്ത് വെച്ച് നടത്തണമെന്ന ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് സബ്-ഗ്രൂപ്പ് മാനുവലിലെ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ ലംഘിച്ചു.
സ്വര്‍ണ്ണ ആവരണങ്ങള്‍ തിരിച്ചു നല്‍കിയപ്പോള്‍ തൂക്കി നോക്കുകയോ മഹസ്സര്‍ രേഖപ്പെടുത്തുകയോ ചെയ്യാത്തതില്‍ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വരെ ഉത്തരവാദിത്തമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഗൂഢാലോചന മറച്ചുപിടിക്കാന്‍ 2025-ല്‍ നീക്കമുണ്ടായി. 2019-ലെ സ്വര്‍ണ്ണത്തട്ടിപ്പില്‍ തങ്ങള്‍ക്കുള്ള പങ്ക് പുറത്തുവരാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ 2025-ല്‍ വീണ്ടും വിഗ്രഹങ്ങള്‍ രഹസ്യമായി കൈമാറാന്‍ ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു.
അതേസമയം, 2019 മുതല്‍ 2024 വരെയുള്ള സമയത്തെ സ്വര്‍ണക്കടത്ത് ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തല്‍. ദ്വാരപാലക ശില്‍പ പാളികള്‍ക്ക് പുറമെ ശ്രീകോവിലിന്റെ കട്ടിളയും കടത്തിയ കേസുകളിലും മുരാരി പ്രതിയാണ്. എന്നാല്‍ സ്വര്‍ണപ്പാളി വിവാദത്തിലെ വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നാണ് മുരാരി ബാബു ആവര്‍ത്തിക്കുന്നത്. ദ്വാരപാലക ശില്‍പ പാളികളുടെ ബെയ്‌സ് മെറ്റല്‍ ചെമ്പായതുകൊണ്ടാണ് ചെമ്പ് തകിട് എന്നെഴുതിയതെന്നാണ് മുരാരി തനിക്കെതിരെ സംശയത്തിന്റെ മുള്‍ മുനകള്‍ നീണ്ടപ്പോള്‍ ആദ്യമായി പറഞ്ഞത്. 'സ്വര്‍ണം പൂശിയ ചെമ്പ് പാളി' എന്നാണ് ശരിക്കും മഹസറില്‍ എഴുതേണ്ടിയിരുന്നത്. അപ്പോള്‍ പിന്നെ കക്കാന്‍ പറ്റില്ലല്ലോ.
ഇപ്പോള്‍ ചേദ്യം ചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിലെ 15-ഓളം പേരുടെ പങ്ക് എസ്.ഐ.ടിയോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണപ്പാളി പോറ്റിക്ക് നല്‍കാന്‍ തീരുമാനിച്ച ദേവസ്വം യോഗങ്ങളുടെ മിനിട്ട്‌സ് ബുക്ക് അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. രേഖകള്‍ കൈമാറുന്നതില്‍ ബോര്‍ഡ് ബോധപൂര്‍വമായ വൈമുഖ്യം കാട്ടിയതുമൂലമാണ് എസ്.ഐ.ടിക്ക് മിനിട്ട്‌സ് ബുക്ക് പിടിച്ചെടുക്കേണ്ടി വന്നത്.
മുരാരി ബാബു കസ്റ്റഡിയിലായതോടെ നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് കടുത്ത പ്രതിരോധത്തിലായി. 2019-ല്‍ നടന്ന കാര്യത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പ്രശാന്തിന്റെ വാദം. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വീണ്ടും ദ്വാര പാലക ശില്‍പ പാളികള്‍ ഇളക്കിക്കൊണ്ട് പോകുമ്പോള്‍ ഈ പ്രശാന്ത് തന്നെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. 2019 മുതല്‍ 2024 വരെയുള്ള സമയത്തെ സ്വര്‍ണക്കടത്ത് ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണെന്ന് എസ്.ഐ.ടി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറയുമ്പോഴും പ്രശാന്ത് അവിടെത്തന്നെയുണ്ട്. അതിനാല്‍ രക്ഷപെടാനുള്ള മുട്ടുന്യായങ്ങളാണ് ഈ മഹാന്‍ നിരത്തുന്നത്. സ്വര്‍ണക്കൊള്ള നടക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എന്‍ വാസുവും കുടുങ്ങും.
2019-ല്‍ കൊണ്ടുപോയ ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളിയല്ല മാസങ്ങള്‍ നീണ്ട റോന്ത് ചുറ്റലിന് ശേഷം തിരികെ സ്ഥാപിച്ചതെന്ന് വ്യക്തമാണ്. 40 വര്‍ഷത്തെ ഗ്യാരന്റിയുള്ള പാളികള്‍ രണ്ടുവട്ടമാണ് പുറത്തുകൊണ്ടുപോയത്. അപ്പോള്‍ ഇതില്‍ പൊതിഞ്ഞ സ്വര്‍ണം കണ്ടെത്തുകയെന്നത് എസ്.ഐ.ടിയെ സംബന്ധിച്ചിടത്തോളം നിസ്സാര കാര്യമല്ല. 1998-99 കാലഘട്ടത്തില്‍ 30.3 കിലോ തനി തങ്കമാണ് ശ്രീകോവിലിന്റെ മേര്‍ക്കുര ഉള്‍പ്പെടെ പൊതിയാന്‍ വിജയ് മല്യ കൊടുത്തത്. ഇത്രയും തങ്കത്തിന്റെ ഇന്നത്തെ മാര്‍ക്കറ്റ് വില 40 കോടിയോളം വരും. വിജയ് മല്യ കൊടുത്ത 30.3 കിലോ തങ്കത്തില്‍ ഇനി എത്ര ബാക്കിയുണ്ടെന്ന് ചോദിച്ചാല്‍ ദേവസ്വം ബോര്‍ഡിലെ തസ്‌കര വീരന്‍മാര്‍ക്ക് വാ പൊളിക്കാനേ തരമുള്ളൂ.
ഹൈക്കോടതി നിര്‍ദേശ പ്രകാരം സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക കേസെടുത്തിരിക്കുകയാണ് എസ്.ഐ.ടി. ദേവസ്വം ബോര്‍ഡംഗങ്ങളും ഉന്നത ജീവനക്കാരും മറ്റാര്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചെന്നാണ് ഇടക്കാല റിപ്പാര്‍ട്ട് സമര്‍പ്പിച്ച വേളയില്‍ അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. കവര്‍ച്ച മറയ്ക്കാന്‍ ഇപ്പോഴത്തെ ബോര്‍ഡും ശ്രമിച്ചെന്ന് കോടതി വ്യക്തമാക്കിയതോടെ സ്വര്‍ണം നഷ്ടമായതിന്റെ ഉത്തരവാദികളെ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ദൗത്യം. ഒപ്പം ഏറെ ദുഷ്‌കരമായ തൊണ്ടി മുതല്‍ കണ്ടെത്തലും. കേസ് നവംബര്‍ 15-ന് വീണ്ടും പരിഗണിക്കും.