Image

മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലു മുതൽ കേന്ദ്ര പി.എം.ശ്രി വരെ (സുരേന്ദ്രൻ നായർ)

Published on 24 October, 2025
മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലു മുതൽ കേന്ദ്ര പി.എം.ശ്രി വരെ (സുരേന്ദ്രൻ നായർ)

  ഐക്യ കേരളം രൂപപ്പെട്ടതുമുതൽ ഇന്നുവരെ ഒൻപതു ഇടതുപക്ഷ വിദ്യാഭ്യാസ മന്ത്രിമാർ കേരളം ഭരിച്ചിട്ടുണ്ട്. അതിൽ ഇപ്പോൾ ഭരിക്കുന്നവർ ഉൾപ്പെടെ അഞ്ചു പേർ തികഞ്ഞ മാർക്സിസ്റ്റുകാരും. അടിസ്ഥാന നയപരിപാടികളിൽ ഇവരെല്ലാം തുല്യരാണെങ്കിലും ചില കാര്യങ്ങളിൽ ഇപ്പോഴത്തെ മന്ത്രി ശിവൻകുട്ടി അപവാദമാണ്.
                   
1957 ൽ രാഷ്ട്രീയ അധികാരം നേടുന്നതിനായുള്ള കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ സംഘടിപ്പിച്ചിരുന്ന സ്വന്തം ജനവിഭാഗങ്ങളുടെ അവകാശ സ്ഥാപനവും സ്വകാര്യ മാനേജ്മെന്റുകളുടെ നിയന്ത്രണവുമായിരുന്നു പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ പ്രൊ: മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിന്റെ കാതൽ. അവകാശ സംരക്ഷണത്തിൽ അദ്ധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും കൂടുതൽ കരുത്തു നേടി മുന്നേറിയിട്ടുണ്ട്. എന്നാൽ രാജ്യത്തിന്റെ മാനവ വിഭവ ശേഷിയെ വികസിപ്പിക്കുന്ന വിദ്യാഭ്യാസ മേഖലക്ക് സുസ്ഥിരമായ ഒരു വികസന പദ്ധതിയോ നയങ്ങളോ ഇവിടെ ഉണ്ടായതുമില്ല.
                   
ഇടവേളകളിൽ അധികാരത്തിൽ വന്നിട്ടുള്ള കോൺഗ്രസ് മുന്നണി സർക്കാരുകളാകട്ടെ 1985 ൽ രാജീവ് ഗാന്ധി വിദ്യാഭ്യാസ വകുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി ആ വകുപ്പിനെ മാനവ വിഭവശേഷി വികസന മന്ത്രാലയം എന്ന് പുനഃനാമകരണം ചെയ്തു കേന്ദ്രത്തിൽ മുൻഗണന നല്കിയിട്ടുപോലും കേരളത്തിൽ വിദ്യാഭ്യാസത്തെ ഒരു പ്രധാന വകുപ്പായിപ്പോലും കാണാതെ ഘടക കക്ഷിക്കായി കൈയൊഴിഞ്ഞു കോൺഗ്രസ് കാലം കഴിക്കുകയാണുണ്ടായത്. സാർവ്വത്രിക വിദ്യാഭ്യാസം നൽകുന്നതിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയ കേരളം തുടർ മുന്നേറ്റങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ നിരാശാജനകമാണ്. 
                        
സർക്കാരിതര കേന്ദ്ര സന്നദ്ധ സംഘടനയായ പ്രഥം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ വർഷാവർഷം പ്രസിദ്ധീകരിക്കുന്ന വാർഷിക സർവ്വേ റിപ്പോർട്ടുകളാണ് ഇക്കാര്യത്തിൽ ഏറെ വിശ്വസ്തത പുലർത്തുന്ന രേഖ. മുപ്പത്തിനായിരത്തിൽ പരം സന്നദ്ധ സേവകർ ഗ്രാമീണ ജില്ലകൾ കേന്ദ്രികരിച്ചു ഗൃഹസമ്പർക്കം നടത്തി വിവരങ്ങൾ നേരിട്ട് ശേഖരിച്ചു തയ്യാറാക്കുന്ന ASER എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റിപ്പോർട്ട് 2023 ലെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ചു പ്രതിപാദിക്കുന്നത് തീരെ പ്രതീക്ഷാജനകമല്ല.
             
കേരളത്തിലെ പഠനനിലവാരം ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണെന്നു റിപ്പോട്ട് തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടുന്നു. ഗണിതം,
വിശകലന ശേഷി, വായനാശീലം എന്നിവ ഉദാഹരണങ്ങൾ. അശാസ്ത്രീയമായി താഴ്ന്ന ക്ലാസ്സുകളിൽ ഏർപ്പെടുത്തിയ ഓൾ പ്രൊമോഷനും 
ഉദാരമായ മോഡറേഷൻ വിതരണവും നിലവാര തകർച്ചയുടെ പ്രധാന കാരണങ്ങളുമായിരുന്നു.  ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ ഗുണനിലവാര തകർച്ച കാരണം കേരളത്തിലെ സാങ്കേതിക മാനേജ്‌മന്റ് കോഴ്‌സുകൾക്ക് ദേശിയ അന്തർദേശിയ രംഗത്ത് സ്വീകാര്യത നഷ്ടപ്പെടുകയും ചെയ്തു. സൈദ്ധാന്തിക പഠനത്തിൽ ഊന്നുന്ന പാഠ്യ പദ്ധതി പ്രായോഗിക പരിശീലനവും നൈപുണ്യ വികസനവും അസാധ്യമാക്കുന്നു. അമിതമായ രാഷ്ട്രീയവൽക്കരണവും അധ്യാപക നിയമങ്ങളിലെ 
രാഷ്ട്രീയ ഇടപെടലുകളും സ്വജന പക്ഷപാതവും അനധികൃത നിയമനങ്ങളും സർവ്വകലാശാലകളെ 
മാത്രമല്ല പ്രീ കെജി മുതലുള്ള സ്കൂൾ കരിക്കുലത്തെയും മലീമസമാക്കുന്നു. 
           
ASER കണ്ടെത്തിയിരിക്കുന്ന മറ്റൊരു വസ്തുത കേരളത്തിനാകെ അപമാനമാണ്. മൂന്നാം തരത്തിൽ പഠിക്കുന്ന ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും വ്യവകലനം (കിഴിക്കൽ) അറിയില്ല. അഞ്ചാം തരക്കാർക്കു ഹരണം എന്നത് ബാലികേറാ മലയാണ് കൂടാതെ അഞ്ചാം തരത്തിൽ എത്തിയെങ്കിലും ഏറെപേർക്കും രണ്ടാം ക്ലാസ്സിലെ പാഠപുസ്തകം തെറ്റുകൂടാതെ വായിക്കാൻ പോലുമറിയില്ല.
                     
എങ്ങനെയെണ്ടിലും സ്കൂൾ പഠനം അവസാനിപ്പിച്ച് വിദേശങ്ങളിലേക്ക് തുടർ പഠനത്തിനായി രാജ്യം വിടുന്ന യുവാക്കളുടെ ഒഴുക്ക് കേരള മൈഗ്രേഷൻ സർവ്വേ (KMS) യുടെ 2023 ലെ കണക്കു പ്രകാരം രണ്ടര ലക്ഷമാണ്, 2018 ലെ 1,29763 എന്ന സംഖ്യയുടെ ഇരട്ടിയിൽ അധികം യുവതീയുവാക്കളുടെ വർധനവാണ് അഞ്ചുകൊല്ലം കൊണ്ടുണ്ടായിരിക്കുന്നത്. ഇത്തരം വ്യാപകമായ ബ്രെയിൻ ഡ്രൈൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ പെട്ട് നട്ടംതിരിയുന്ന കേരളമാണ് വിദ്യാഭ്യാസ പരിഷ്കരണ രംഗത്ത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു രാജ്യം മുഴുവൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 2020 
നവീന വിദ്യാഭ്യാസ നയമായ പി എം ശ്രീയുമായി മുഖം തിരിച്ചു നിന്നിരുന്നത്.
                       
വൈകിയാണെങ്കിലും കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടപ്പിലാക്കിവരുന്ന പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ ( PM Sri ) എന്ന പരിഷ്കരണ പദ്ധതിയിൽ കേരളം കുടി പങ്കാളിയാകുന്ന വിവരമാണ് മന്ത്രി ശിവൻകുട്ടി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയമായ വരട്ടുവാദങ്ങളുടെ ഇന്നലെവരെയുള്ള ന്യായീകരണങ്ങളെയാണ് ഈ തീരുമാനത്തിലൂടെ പിണറായി സർക്കാർ ഉപേക്ഷിച്ചിരിക്കുന്നത്.
                
2022 സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രസാദ് പ്രഖ്യാപിച്ച പിഎം ശ്രീ പദ്ധതി വിഭാവനം ചെയ്യുന്നത് രാജ്യത്താകെ തെരഞ്ഞെടുക്കപ്പെട്ട 14,500 വിദ്യാലയങ്ങളുടെ നവീകരണമാണ്. ആധുനിക സാങ്കേതിക വിദ്യ, ക്ലാസ്സ്മുറികളുടെ പരിഷ്കരണം, ഡിജിറ്റൽ സാക്ഷരത, ഹരിതാഭമായ അടിസ്ഥാന സൗകര്യങ്ങൾ, സൗരോർജ്ജ ഉപയോഗം,
മാലിന്യ സംസ്കരണം, പ്രാദേശിക ഭാഷകളുടെയും സംസ്കാരത്തിന്റെയും സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകികൊണ്ടുള്ള സമഗ്രമായ മാറ്റമാണ് മൂന്നു ഘട്ടങ്ങളിലായി പദ്ധതി ലക്ഷ്യമിടുന്നത്.
                
കുട്ടികളിൽ വിമർശനാത്മക ചിന്ത വളർത്തുക, പ്രായോഗിക പഠനസാധ്യത ഉറപ്പാക്കുക അക്കാദമിക് മികവിനോടൊപ്പം വൈകാരികവും സാമൂഹികവും ശാരീരികവും ധാർമ്മികവുമായ മേഖലകളുടെ വളർച്ചയും എല്ലാ വിഭാഗങ്ങൾക്കുമായിപദ്ധതി  ഉറപ്പാക്കുകയും ചെയ്യുന്നു.
                      
പദ്ധതിയുടെ നടത്തിപ്പിനായി 2022-27 കാലയളവിലേക്ക് കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത് 27,360 കോടി രൂപയാണ്. 
തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രിയ വിദ്യാലയങ്ങൾ സംസ്ഥാന സർക്കാരുകൾ നൽകുന്ന പട്ടികയിൽ നിന്നും കണ്ടെത്തുന്ന നിർദ്ദിഷ്ട യോഗ്യതയുള്ള സ്കൂളുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രവർത്തന ചെലവിന്റെ 60%
കേന്ദ്ര സർക്കാർ വഹിക്കുമ്പോൾ 40% ന്റെ ബാധ്യത സംസ്ഥാന സർക്കാരുകൾക്കുമുണ്ട്. 
                   
2025 ഒക്ടോബറിൽ കേരളം ഈ പദ്ധതിയിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചു mou ഒപ്പുവെക്കുമ്പോൾ അനുബന്ധമായുണ്ടാകേണ്ട നിർദ്ദിഷ്ട സ്കൂളുകളിലെ കുടിവെള്ള ലഭ്യത ആൺ പെൺ വിദ്യാർത്ഥികൾക്കുള്ള വെവ്വേറെ ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയവ വിലയിരുത്തേണ്ടതുണ്ടെങ്കിലും ഏകദേശം 260 വിദ്യാലയങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നു ഉറപ്പായിട്ടുണ്ട്. പദ്ധതിയുടെ പ്രായോജകർ കേന്ദ്ര സർക്കാർ ആണെന്ന രാഷ്ട്രീയ കാരണം പറഞ്ഞു ആരോഗ്യ മേഖലയിലെ പല പദ്ധതികളും ആദ്യം ഉപേക്ഷിച്ചു കേരളത്തിനു അർഹമായത് നഷ്ടപ്പെടുത്തിയ ശേഷം വൈകി കേന്ദ്രവുമായി കൈകോർക്കുന്നത് നാം കണ്ടതാണ്.
വിദ്യാഭ്യാസ മേഖലയിലും അതാണ് സംഭവിക്കുന്നത്.
                   
ഫെഡറൽ ജനാധിപത്യ ഭരണക്രമം നിലനിൽക്കുകയും രാജ്യത്തിന്റെ സമഗ്ര പുരോഗതി കേന്ദ്ര സർക്കാർ ലക്ഷ്യമിടുകയും ചെയ്യുമ്പോൾ സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും കക്ഷിരാഷ്ട്രീയം മാറ്റിവെക്കുകയും വേണം. ഭരണ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനക്കാര്യത്തിൽ ക്രിയാത്മകവും പരസ്പര പൂരകവുമായ നിലപാടുകൾ സ്വീകരിച്ചാൽ മാത്രമെ പാർലമെന്ററി ജനാധിപത്യം അർത്ഥപൂര്ണമാകൂ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക