
ഇന്ന് അമേരിക്കയിലുടനീളം തെളിഞ്ഞുവരുന്ന ഒരു അസ്വസ്ഥമായ യാഥാർത്ഥ്യം രാഷ്ട്രീയപരമായും സാമ്പത്തികപരമായും നിലനിൽക്കുന്ന സംവിധാനങ്ങളോടുള്ള ജനങ്ങളുടെ,പ്രത്യേകിച്ച് യുവാക്കളുടെ, കടുത്ത നിരാശയാണ്. അവരുടെ ആശങ്കകൾ വലിയൊരു പരിധിവരെ ന്യായമാണ് — കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലെത്താമെന്നുള്ള വാഗ്ദാനമായിരുന്ന 'അമേരിക്കൻ സ്വപ്നം' ഇപ്പോൾ പലർക്കും കയ്യെത്താദൂരത്താണ്.ഒരുകാലത്ത് നിസ്സാരമായി കരുതിയിരുന്ന - സ്ഥിരമായ തൊഴിൽ, വീട്, സാമ്പത്തിക സുരക്ഷ — ഇതൊക്കെ ഇന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് അപ്രാപ്യമായി മാറുകയും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അസമത്വം വർദ്ധിക്കുന്നതിനനുസരിച്ച്, രാഷ്ട്രീയ ധ്രുവീകരണങ്ങൾ രൂക്ഷമാകുന്നു, കോപത്തിന്റെയും നിന്ദ്യതയുടെയും വികാരങ്ങൾ നിറഞ്ഞ ഇടതും വലതും ജനകീയ പ്രസ്ഥാനങ്ങൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യം നമ്മുടെ സമൂഹത്തിന്റെ ഘടനയ്ക്ക് തന്നെ ഭീഷണിയായിക്കൊണ്ട് ഒരു ചോദ്യം ഉയർത്തുന്നു: സാമൂഹിക ഐക്യത്തിന്റെയും ജനാധിപത്യ സ്ഥിരതയുടെയും അടിത്തറയെ ഭീഷണിപ്പെടുത്തുന്ന ഒരു ജനകീയ പ്രക്ഷോഭത്തിന്റെ വക്കിലാണോ നമ്മൾ?
ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി സോഹ്രാൻ മംദാനി പ്രൈമറിയിൽ നേടിയ വിജയം അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റത്തിന്റെ സൂചനയാണ്. വാടക നിശ്ചലപ്പെടുത്തൽ, സൗജന്യ പൊതുയാത്ര, സമ്പന്നർക്ക് അധിക നികുതി തുടങ്ങിയ പുരോഗമന നയങ്ങൾ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ പ്രചാരണരീതി സാമ്പത്തികമായി ഞെരുങ്ങുകയും അസമത്വത്തിൽ മനസ്സ് മടുക്കുകയും ചെയ്ത യുവജനങ്ങളിൽ വലിയ പ്രതിഫലനം സൃഷ്ടിച്ചു. പക്ഷേ ഈ മാറ്റം ഒരു വലിയ ചോദ്യമുയർത്തുന്നു — കടബാധ്യതയാൽ, കുറഞ്ഞ വേതനങ്ങളാൽ, വീടിന്റെ ഉടമസ്ഥാവകാശം തുടങ്ങിയ വിഷയങ്ങളാൽ വിഷാദത്തിൽ മുങ്ങിയിരിക്കുന്ന ഈ തലമുറയ്ക്ക് ഇവയിലൂടെ യഥാർത്ഥ ആശ്വാസം ലഭിക്കുമോ? അതോ സമൂഹത്തെയും സാമ്പത്തിക ഘടനയെയും മാറ്റിമറിക്കാൻ ശേഷിയുള്ള വലിയൊരു പരിവർത്തനത്തിന് ഇതു വഴിതെളിക്കുമോ?
ചരിത്രം പരിശോധിച്ചാൽ, സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ പലപ്പോഴും അവരുടെ വാഗ്ദാനങ്ങൾ നിറവേറ്റാൻ പരാജയപ്പെട്ടതായി നമുക്ക് മനസിലാക്കാം. ബെർലിൻ മതിൽ ഇടിഞ്ഞുവീണത് അതിന് ഏറ്റവും വലിയ തെളിവാണ്. മതിൽ വീണപ്പോൾ കിഴക്കൻ ജർമൻ ജനങ്ങൾ ഓടിയത് സോഷ്യലിസ്റ്റ് ഈസ്റ്റിലേക്കല്ല — സ്വാതന്ത്ര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ക്യാപിറ്റലിസ്റ്റ് വെസ്റ്റിലേക്കാണ്. വെസ്റ്റ് ബെർലിനിലെ ജനങ്ങൾ അനുഭവിച്ച രാഷ്ട്രീയ സ്വാതന്ത്ര്യവും സാമ്പത്തിക സജീവതയും ഈസ്റ്റ് യൂറോപ്പിലെവിടെയും കണ്ടില്ല. സമത്വവും സമൃദ്ധിയും വാഗ്ദാനം ചെയ്ത സോഷ്യലിസം പലപ്പോഴും ക്ഷാമം, നിശ്ചലത, ദുരിതം എന്നിവ മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്.
എൺപതുകളുടെ തുടക്കത്തിൽ സ്വേച്ഛാധിപതിയായി അധികാരം കയ്യാളിയ മെങ്കിസ്തു ഹൈലെ-മരിയത്തിന്റെ ഭരണകാലത്ത് കമ്മ്യൂണിസ്റ്റ് എത്യോപ്യയിൽ കുറച്ചുകാലം ജീവിക്കാനുള്ള അപൂർവ അവസരം എനിക്ക് ലഭിച്ചിരുന്നു.നമ്മെ അടിച്ചമർത്തുന്ന ഭരണകൂടത്തിനു കീഴിലുള്ള ജീവിതത്തിന്റെ ഇരുണ്ട യാഥാർത്ഥ്യം ബോധ്യപ്പെട്ടത് ആ വർഷങ്ങളിലാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അഭാവത്തിനപ്പുറം, അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമം,വീടുകളുടെ അപര്യാപ്തത, തകർന്നുകൊണ്ടിരിക്കുന്ന ആരോഗ്യ സംരക്ഷണ സംവിധാനം എന്നിവയാൽ രാജ്യം കഷ്ടപ്പെട്ടു. ഭയവും നിശബ്ദതയും ജനങ്ങളെ പിടികൂടിയപ്പോൾ, അധികാരത്തിലുണ്ടായിരുന്ന മുൻഗാമികളിൽ ചുരുക്കം ചിലർ അഭിവൃദ്ധി പ്രാപിച്ചു. ഒടുവിൽ, ജനങ്ങളുടെ ക്ഷമ നശിച്ചു, ഒരു ജനകീയ പ്രക്ഷോഭത്താൽ ഭരണകൂടം തുടച്ചുനീക്കപ്പെട്ടു. അടിച്ചമർത്തലിലും ദാരിദ്ര്യത്തിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥയ്ക്കും അനന്തമായി നിലനിൽക്കാൻ കഴിയില്ല എന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണിത്.
നമ്മുടെ തൊട്ടടുത്ത് കണ്ണോടിച്ചാൽ പരാജയപ്പെട്ട സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ വ്യക്തമായ ഉദാഹരണങ്ങളായി ക്യൂബയും വെനിസ്വേലയും നിലകൊള്ളുന്നതായി കാണാം. കഴിഞ്ഞ നൂറ്റാണ്ടിലെ സാമ്പത്തിക ശാസ്ത്രത്തിലും പ്രത്യയശാസ്ത്രത്തിലും ക്യൂബ ഇന്നും കുടുങ്ങിക്കിടക്കുമ്പോൾ സ്തംഭനാവസ്ഥയും ക്ഷാമവും കൊണ്ട് വലയുകയാണ് അവിടത്തെ ജനത. ഒരുകാലത്ത് ലാറ്റിൻ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായിരുന്നതും വിശാലമായ പ്രകൃതിവിഭവങ്ങളാൽ അനുഗ്രഹീതവുമായ വെനിസ്വേല, സോഷ്യലിസ്റ്റ് ഭരണത്തിൻ കീഴിൽ അരാജകത്വത്തിലേക്ക് ചുരുങ്ങി. ഒരുകാലത്ത് സമ്പന്നമായ ഒരു സമൂഹം ഇന്ന് ദാരിദ്ര്യം, അമിത പണപ്പെരുപ്പം, കൂട്ട കുടിയേറ്റം എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്നു, സ്വാതന്ത്ര്യവും അവസരവും തേടി ദശലക്ഷക്കണക്കിന് ആളുകൾ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്യുന്നു.
ചിലർ സോഷ്യലിസ്റ്റ് ആശയങ്ങൾ കൊണ്ട് വിജയിച്ച കമ്മ്യൂണിസ്റ്റ് രാജ്യമായി ചൈനയുടെ ഉദാഹരണം കാണിച്ചേക്കും. എന്നാൽ യാഥാർത്ഥ്യം അതിന്റെ വിപരീതമാണ്. ചൈനയുടെ അത്ഭുതകരമായ സാമ്പത്തിക വളർച്ച ആരംഭിച്ചത് അവരുടെ കടുത്ത സോഷ്യലിസ്റ്റ് നിയന്ത്രണങ്ങൾ അൽപമെങ്കിലും ഇളവുനൽകി സ്വകാര്യ സംരംഭങ്ങൾക്കും വിപണിനിയന്ത്രിത പരിഷ്കാരങ്ങൾക്കും വഴി തുറന്നതിനു ശേഷമാണ്.അതിന്റെ നേതാക്കൾ നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും മാനേജ്മെന്റ് രീതികളും സ്വീകരിച്ചാണ് ചൈനയെ ഉയരത്തിലെത്തിച്ചത് — അതായത്, അവരുടെ വിജയകഥ കമ്മ്യൂണിസത്തിന്റെ വിജയമല്ല, അതിൽനിന്നുള്ള ഭാഗിക പിന്മാറ്റത്തിന്റെ അനന്തരഫലമാണ്.
വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സൃഷ്ടിപരമായ മനുഷ്യശേഷിയുടെയും ശക്തി തുറന്നുവിട്ട ആധുനിക കാലഘട്ടത്തിന്റെ പ്രേരകശക്തിയായി ക്യാപിറ്റലിസം മാറിയിരിക്കുന്നു . അതിലൂടെ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അഭൂതപൂർവ്വമായ പുരോഗതികൾ ഉണ്ടായി. കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് സമൃദ്ധിയിലേക്ക് നയിക്കാനും ഭാവി തലമുറകൾക്ക് അവസരങ്ങൾ തുറന്നുകൊടുക്കാനും അത് അടിത്തറ പാകി.ക്യാപിറ്റലിസം അതിന്റെ ഏറ്റവും മികച്ച നിലയിൽ എത്തുമ്പോൾ, സ്വാതന്ത്ര്യത്തിനും ഉത്പാദന ശേഷിക്കും ഒരുമിച്ച് കൈകോർത്ത് വളരാനാകുമെന്ന് തെളിയിച്ചുകൊണ്ട് ഭാവിക്ക് അതൊരു പ്രതീക്ഷാവഹമായ ദർശനവും പ്രചോദനവുമായി.
അമേരിക്കയിലെ ക്യാപിറ്റലിസം നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കുന്നതല്ല. നീതിയും ഉത്തരവാദിത്വവും ഉറപ്പാക്കാൻ നിയമങ്ങളും നിയന്ത്രണങ്ങളും അതിന് ചുറ്റുമുണ്ട്. സർക്കാർ, കോടതികൾ, മേൽനോട്ട സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം കോർപ്പറേറ്റുകളുടെ അതിരുവിട്ട പ്രവർത്തനങ്ങളെ തടയുന്നു. ഉപഭോക്തൃവഞ്ചനയും വിലക്കയറ്റ ചൂഷണവും തടയാൻ ശക്തമായ ആന്റി-മോണോപൊളി നിയമങ്ങൾ ഇവിടെ നിലനിൽക്കുന്നു. അതിനാൽ നിയന്ത്രിത ക്യാപിറ്റലിസം തന്നെയാണ് രാജ്യത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം.
ഇന്ത്യയും ഇതിന് ഉദാഹരണമാണ്. ഡോ. മന്മോഹൻ സിംഗ് 1990കളിൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയെ വളർച്ചയുടെ പാതയിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ലൈസൻസ്-രാജ് സംവിധാനത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ ഇല്ലാതാക്കിയും ആഗോള വ്യാപാരത്തിനും നിക്ഷേപത്തിനും വാതിൽ തുറന്നുമാണ് ഇന്ത്യ ഇന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്.
എന്നാൽ മാർക്കറ്റ് എക്കോണമി വിജയിക്കണമെങ്കിൽ നയങ്ങളും നിയന്ത്രണങ്ങളും മാത്രം പോരാ, അതിന് പ്രവൃത്തിപരമായ അർപ്പണബോധവും അച്ചടക്കമുള്ള തൊഴിൽസംവിധാനവും വേണം.കഠിനാധ്വാനവും സത്യസന്ധതയും സ്ഥിരോത്സാഹവുമാണ് അതിനാവശ്യമായ പ്രധാന ചേരുവകൾ. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാർ ഇതിന്റെ ഉദാഹരണമാണ്.മെഡികെയർ,ഫുഡ് സ്റ്റാമ്പ്,ഗവണ്മെന്റ് സേഫ്റ്റി നെറ്റ് പോലുള്ള സർക്കാർ സഹായങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവർ വയലുകളിലും ഫാക്ടറികളിലും വിയർപ്പൊഴുക്കി കുടുംബങ്ങൾ കെട്ടിപ്പടുക്കുകയും, ഇന്നത്തെ സമൃദ്ധ സമൂഹത്തിന് അടിത്തറ പാകുകയും ചെയ്തു.
ഇന്നത്തെ തലമുറ ആ പാരമ്പര്യത്തിന്റെ യഥാർത്ഥ പിന്‍ഗാമികളാണ്. സ്വാതന്ത്ര്യത്തിന്റെയും അവസരത്തിന്റെയും പ്രതീകമായി ലോകമെമ്പാടുമുള്ള കഴിവുള്ള വിഭാഗങ്ങളെ സംസ്കാരത്തിന്റെയോ ഭാഷയുടെയോ വിശ്വാസങ്ങളുടെയോ വേർതിരിവില്ലാതെ അമേരിക്ക ആകർഷിച്ചു. വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും കഴിവുകൾ അംഗീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലേക്കെ അത്തരത്തിൽ ആളുകളുടെ പ്രവാഹമുണ്ടാകൂ. സ്വന്തമായി നേട്ടങ്ങൾ ഉണ്ടാക്കാനും സമ്പന്നരാകാനും സമൂഹത്തിന് തൊഴിൽസാധ്യതകൾ സൃഷ്ടിക്കാനും ആഗോള കമ്പനികളെ നയിക്കാനും കുടിയേറ്റക്കാർ പ്രയത്നിക്കുകയും സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്കും നൂതന സാങ്കേതികതയുടെ യുഗത്തിനും വഴിയൊരുക്കി. ഈ വിജയഗാഥകളെല്ലാം ക്യാപിറ്റലിസ്റ്റ് സംവിധാനം നൽകിയ അവസരങ്ങളുടെ തെളിവുകളാണ്.
അതേസമയം, ക്യാപിറ്റലിസത്തിനും മാർക്കറ്റ് എക്കോണമിക്കും ചില പരിമിതികളുണ്ട്. വളർച്ചയുടെയും മാന്ദ്യത്തിന്റെയും ഇടയിൽ കിടന്നുള്ള കളിയാണത്. കോവിഡ്-19 പോലുള്ള പ്രതിസന്ധികളിൽ അത് തളരാം. സർക്കാരിന്റെയും രാഷ്ട്രീയ നേതാക്കളുടെയും പിടിപ്പുകേടും അനാവശ്യ ചിലവാക്കലും വിലക്കയറ്റം സൃഷ്ടിക്കാം. അതിരുവിട്ട നിയന്ത്രണം നൂതന ആശയങ്ങൾ കൊണ്ടുവരുന്നത് തടയും. എന്നാൽ ഈ പ്രതിസന്ധികളെല്ലാം മറികടക്കാനാവുന്നതാണ്. ശരിയായ നേതൃത്വവും നൂതന ചിന്തയും നിയമനിർമ്മാണവും മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള ധൈര്യവും കരുത്തും പകരും.
ദൗർഭാഗ്യവശാൽ ഇന്ന് ചില കുടിയേറ്റക്കാർ തന്നെ അമേരിക്കയെ പടുത്തുയർത്തിയ സംവിധാനത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വിജയകരമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്ത സംവിധാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം എന്തിനാണ്? മുമ്പത്തെ കുടിയേറ്റക്കാരെപ്പോലെ സ്വയംപര്യാപ്തതയിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്നതിന് പകരം, ചിലർ ഇന്ന് ആശ്രിതത്വത്തിന്റെ സംസ്കാരത്തിനാണ് പിന്തുണ നൽകുന്നത്. എന്നാൽ, സത്യസന്ധമായ പുരോഗതി എപ്പോഴും നവോത്ഥാനശേഷിയുള്ളവരുടേയും സാഹസികരുടേയും കഠിനാധ്വാനികളുടേതുമാണ്.
ന്യൂയോർക്കുകാർക്കു മുന്നിൽ ഈ വരുന്ന ഇലക്ഷൻ ഒരു നിർണായക പരീക്ഷയാണ്. നഗരത്തിന്റെ കടം ഇപ്പോൾ തന്നെ എകദേശം 300 ബില്യൺ ഡോളറിനടുത്താണ്, പുതിയ നികുതികൾ നടപ്പാക്കിയാൽ മധ്യവർഗ്ഗത്തെയും അത് തളർത്തും. സമ്പന്നരായ ആളുകൾ താമസം മാറുകയും നികുതി വ്യവസ്ഥയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യും. നഗരത്തിന്റെ ബജറ്റ് ഏകദേശം 112 ബില്യൺ ഡോളർ വരെ ഉയർന്നിരിക്കുകയാണ് — എല്ലാ മേഖലകളിലുമുള്ള അതിരുവിട്ടയും അനാവശ്യവുമായ ചെലവുകൾ നടത്തിയിട്ടാണ് ബജറ്റ് വൻതോതിൽ കുതിച്ചുയർന്നത്.
നാം സ്വയം ചോദിക്കണം: സമ്പത്ത് പുനർവിതരണം ചെയ്യുക എന്ന പ്രാഥമിക ലക്ഷ്യമുള്ള, ഭവന നിർമ്മാണത്തെ 'ഡീ-കമ്മോഡിഫൈ' ചെയ്യുന്നതിനെക്കുറിച്ച് തുറന്നു സംസാരിക്കുന്ന നേതാക്കളെയാണോ നമുക്ക് വേണ്ടത് - സ്വകാര്യ സ്വത്തവകാശങ്ങൾ ഇല്ലാതാക്കുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ 'ഉൽപ്പാദന മാർഗങ്ങൾ പിടിച്ചെടുക്കുന്നതിനെക്കുറിച്ചോ' ഉള്ള ഒരു യൂഫെമിസം, ചിലർ ഭയപ്പെടുന്നു - കാൾ മാർക്സ് വില്ലന്മാരായി ചിത്രീകരിച്ചവരുടെ മൂലധനത്തെയോ സമ്പത്തിനെയോ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദമാണിത്.ന്യൂയോർക്ക് നഗരത്തെ ഇന്നുകാണുന്ന വിധം രൂപപ്പെടുത്തിയെടുത്ത അതേ വ്യവസ്ഥിതിയെ, അത് നിർമ്മിക്കുന്നതിൽ ഒരു പങ്കും വഹിക്കാത്തവരെ ഏൽപ്പിച്ചുകൊണ്ട്, നമ്മൾ യഥാർത്ഥത്തിൽ അതിനെ അട്ടിമറിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
ഒരു രാഷ്ട്രത്തിന് അതിന്റെ വിജയത്തിന്റെ കാതലായ മൂല്യങ്ങളെ തകർത്തുകൊണ്ട് നിലനിൽക്കാനാകില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. മുതലാളിത്തം പൂർണ്ണമല്ലെങ്കിലും, സമഗ്രത, അച്ചടക്കം, പങ്കിട്ട ഉത്തരവാദിത്തബോധം എന്നിവയാൽ നയിക്കപ്പെടുന്ന പക്ഷം, നൂതനാശയങ്ങൾ, പുരോഗതി, മനുഷ്യപുരോഗതി എന്നിവയ്ക്കുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണത്. ഒരു രാഷ്ട്രത്തിനും അതിന്റെ വിജയത്തിന് കാരണമായ തത്വങ്ങളെത്തന്നെ അട്ടിമറിച്ചുകൊണ്ട് അഭിവൃദ്ധി പ്രാപിക്കാൻ കഴിയില്ലെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. കടബാധ്യത, വിഭജനം മുതൽ നിരാശ വരെ, അമേരിക്ക എന്ന രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് ഈ ബ്രഹത് രാഷ്ട്രത്തെ രൂപപ്പെടുത്തിയ മൂല്യങ്ങളോട് ആദരവും ദാർശനികബോധവും വിവേകവുമുള്ള നേതൃത്വം കടന്നുവരേണ്ടത് അത്യന്താപേക്ഷികമാണ്. സ്വാതന്ത്ര്യവും സമൃദ്ധിയും പാരമ്പര്യമായി ലഭിച്ച അവകാശങ്ങളല്ല — അവ മുൻതലമുറകളുടെ ത്യാഗങ്ങളാലാണ് നമുക്ക് കരഗതമായത്. അവ സംരക്ഷിക്കേണ്ടത് ധൈര്യത്തോടെയും ജ്ഞാനത്തോടെയും അമേരിക്കൻ ആത്മാവിന്റെ അചഞ്ചലമായ വിശ്വാസത്തോടെയുമാണ്.