Image

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് മര്യാദകേട്; സി.പി.ഐ-സി.പി.എം ബന്ധത്തില്‍ വലിയ പൊട്ടിത്തെറി (എ.എസ് ശ്രീകുമാര്‍)

Published on 24 October, 2025
പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് മര്യാദകേട്; സി.പി.ഐ-സി.പി.എം ബന്ധത്തില്‍ വലിയ പൊട്ടിത്തെറി (എ.എസ് ശ്രീകുമാര്‍)

ഇടതുപക്ഷ മുന്നണിയുടെ അവിഭാജ്യ ഘടകമായ പി.പി.ഐയുടെ ശക്തമായ തിര്‍പ്പുകള്‍ പാടേ തള്ളി പി.എം ശ്രീ പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് ആവര്‍ത്തിച്ച് ആരോപിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തുവന്നതോടെ സി.പി.ഐ-സി.പി.എം ബന്ധം കൂടുതല്‍ വഷളായിരിക്കുന്നു. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ട സ്‌കൂളുകളിലൂടെ നടപ്പാക്കുന്നതിനെതിരെ നിരന്തര സമരം ചെയ്ത് വിദ്യാര്‍ത്ഥികളെ തെരുവിലിറക്കിയ സി.പി.എം തന്നെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ 'പി.എം ശ്രീ' പദ്ധതിയില്‍ ഒപ്പിട്ടതിനെ ഇടതുപക്ഷ കക്ഷികള്‍ പരക്കെ ആക്ഷേപിക്കുകയാണ്.

പി.എം ശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ തീരുമാനിച്ച കേരളത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭിനന്ദിച്ചു. ''സംസ്ഥാനത്തുടനീളം പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ച കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍...'' എന്നാണ് കേന്ദ്ര വിഭ്യാസ മന്ത്രാലയം എക്സിലൂടെ അറിയിച്ചത്. കേരള പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി ഐ.എ.എസ് ആണ് സംസ്ഥാനത്തിന് വേണ്ടി ധാരണ പത്രത്തില്‍ ഒപ്പുവച്ചത്. മൂന്ന് വര്‍ഷമായി കേരളം എതിര്‍ത്ത് പോന്ന പദ്ധതിയുമായി സഹകരിച്ചതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ്.എസ്.എ ഫണ്ട് കേരളത്തിന് ലഭ്യമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ ഉയര്‍ത്തിയ എതിര്‍പ്പ് ഉള്‍പ്പെടെ മറികടന്നാണ് പിണറായി സര്‍ക്കാര്‍ എം.ഒ.യുവില്‍ ഒപ്പുവച്ചത്.

പദ്ധതിയില്‍ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമാണെന്നും നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും ശിവന്‍കുട്ടി പറയുന്നു. കുട്ടികള്‍ക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപ തടഞ്ഞുവെച്ചത് മറികടക്കാനുള്ള നീക്കമാണിത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ഒരു നീക്കത്തിനും ഈ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടുത്താന്‍ തയ്യാറല്ല.

പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ, ഇടതു മുന്നണിയില്‍ വിമത ശബ്ദം ഉയര്‍ത്തുന്നതിനിടെ, ഇടതുപക്ഷ നയം മുഴുവന്‍ നടപ്പാക്കുന്ന സര്‍ക്കാരല്ല ഇതെന്നും പി.എം ശ്രീ നിലപാടില്‍ മാറ്റമില്ലെന്നും സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കി. ഈ വിഷയത്തില്‍ സി.പി.ഐ ഇടതു മുന്നണി വിടുമെന്ന അഭ്യൂഹം പരന്നിരുന്നു. സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി ഡി രാജ പറഞ്ഞത് പദ്ധതി കേരളം റദ്ദാക്കണമെന്നാണ്. തുടര്‍ന്ന് എം.വി ഗോവിന്ദനും വി ശിവന്‍കുട്ടിയും നടത്തിയ വാര്‍ത്താ സമ്മേളനത്തിനുശേഷം ബിനോയ് വിശ്വം നടത്തിയ പ്രസ് മീറ്റ് വലിയ സസ്‌പെന്‍സ് നിറഞ്ഞതായിരുന്നു.

പി.എം ശ്രീയില്‍ സി.പി.എം ഒപ്പുവെച്ചതില്‍ രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. എന്ത് സര്‍ക്കാരെന്നും എവിടെയാണ് കൂട്ടുത്തരവാദിത്തമെന്നും ബിനോയ് വിശ്വം ചോദിച്ചു. ധാരണാപത്രം ഒപ്പുവെച്ചപ്പോള്‍ എല്‍.ഡി.എഫില്‍ ചര്‍ച്ചയുണ്ടായിട്ടില്ല. എവിടെയും ചര്‍ച്ചചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകപാര്‍ട്ടികളെയും മന്ത്രിസഭയെയും ഇരുട്ടിലാക്കികൊണ്ട് ഇത്രയും ഗൗരവമായ വിഷയത്തില്‍ എല്‍.ഡി.എഫിന് എങ്ങിനെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന് സി.പി.ഐയ്ക്ക് അറിയില്ല. ഒപ്പിടല്‍ മുന്നണി മര്യാദയുടെ ലംഘനമാണെന്നും ഇത് എല്‍.ഡി.എഫിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിതല്ലെന്നും ഈ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

ഒരു മത്സരത്തില്‍ ഗോളി തന്നെ സെല്‍ഫ് ഗോള്‍ അടിക്കാന്‍ തീരുമാനിച്ചാല്‍ എന്തു ചെയ്യുമെന്നാണ് പാര്‍ട്ടി നേതാവ് പി സന്തോഷ് കുമാര്‍ എം.പി ചോദിച്ചത്. ന്യായമായ കാരണങ്ങളാലാണ് എന്‍.ഇ.പിയെയും  പി.എം ശ്രീ പദ്ധതിയെയും സി.പി.ഐ ശക്തിയുക്തം എതിര്‍ക്കുന്നത്. ഇന്ത്യയിലെ ഇടതുപക്ഷം ആലോചിച്ച് എടുത്ത നിലപാടാണിത്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയെപ്പോലുള്ള നേതാക്കളോടാണ് എന്തുകൊണ്ട് ഒപ്പിട്ടു എന്നു ചോദിക്കേണ്ടതെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു.

ഗൗരവമായ വിഷയമാണിതെന്നും, പാര്‍ട്ടി നേതൃയോഗം ചര്‍ച്ച ചെയ്തശേഷം പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയുടെ നിലപാട് വിശദീകരിക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. പാര്‍ട്ടി നിലപാട് വരട്ടെ. മന്ത്രിമാരായ ഞങ്ങളെല്ലാം പാര്‍ട്ടിക്ക് കീഴിലാണ്. പാര്‍ട്ടി നിലപാടു വന്നശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാം. അതല്ലാതെ ഓരോരുത്തരായി പ്രതികരിക്കേണ്ടതില്ല എന്നാണ് കരുതുന്നത്. ആവശ്യമായ ഘട്ടത്തില്‍ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും റവന്യൂമന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.  പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണെന്നാണ് സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ നിലപാട്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തെ കേരളത്തിലെ ഇടത് സര്‍ക്കാര്‍ തുടക്കം മുതലേ എതിര്‍ത്തിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തെ മുഖം തിരിക്കലിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ നീക്കം നടത്തിയതോടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പദ്ധതിയില്‍ ഒപ്പ് വെക്കുന്നതിനെതിരെ ആര്‍.ജെ.ഡിയും രംഗത്തെത്തി. പദ്ധതിയിലൂടെ കാവി വത്ക്കരണത്തിനാണ് ശ്രമമെന്നും സമസ്ത ചൂണ്ടിക്കാട്ടി. അതേ സമയം പി.എം ശ്രീയിലും കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമാണ്. കേന്ദ്രഫണ്ട് കളയേണ്ട എന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നില്‍ക്കുമ്പോള്‍ പദ്ധതി ബി.ജെ.പി-സി.പി.എം ഡീലെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.

പദ്ധതിയില്‍ ഒപ്പുവയ്ക്കുന്നതോടെ ധാരണാപത്രം അനുസരിച്ച് 2020-ലെ ദേശീയ വിദ്യാഭ്യാസ നയം (നാഷണല്‍ എജ്യുക്കേഷന്‍ പോളിസി-എന്‍.ഇ.പി) കേരളത്തില്‍ പൂര്‍ണമായും നടപ്പാക്കേണ്ടി വരും. ഇത്തരത്തില്‍ സംഭവിച്ചാല്‍ പാര്‍ട്ടിയും, സര്‍ക്കാരും ഇതുവരെ കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരെ സ്വീകരിച്ച നിലപാടുകളെ അപ്പാടെ ഇല്ലാതാക്കുമെന്നാണ് വിമര്‍ശനം. വിവാദം മുറുകുമ്പോള്‍ എന്താണ് പി.എം ശ്രീ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. 'പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ' എന്നതാണ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം ശ്രീ പദ്ധതി.

പദ്ധതി ഇന്ത്യയിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്നു. 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃക സ്ഥാപനങ്ങളാക്കി ഉയര്‍ത്തുമെന്നാണ് പി.എം ശ്രീ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 27,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഓരോ ക്ലാസിലെയും ഓരോ കുട്ടിയുടെയും പഠന ഫലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, എല്ലാ തലങ്ങളിലുമുള്ള വിലയിരുത്തല്‍ സാധ്യമാക്കുക. യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് അറിവ് നല്‍കുക തുടങ്ങിയ മാറ്റങ്ങള്‍ പദ്ധതി വഴി വിദ്യാഭ്യാസ സമീപനത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ പദ്ധതി വിദ്യാര്‍ഥികളെ ഏകീകൃതവും, സമഗ്രവുമായ വ്യക്തിത്വമുള്ളവരാക്കി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് അവകാശപ്പെടുന്നു. പ്രായോഗിക പരിജ്ഞാനവും കഴിവും അടിസ്ഥാനമാക്കിയുള്ളതായിരിക്കും പഠന രീതിയത്രേ.

എന്നാല്‍ പാഠ്യപദ്ധതിയിലേക്ക് ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം കടത്തി കാവിവല്‍ക്കരണത്തിനുള്ള നീക്കമാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് നേരത്തെ സി.പി.എം ആരോപിച്ചിരുന്നു.സ്വകാര്യവത്കരണം വേഗത്തിലാക്കുന്ന നയം പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് പാര്‍ട്ടി വിശ്വസിച്ചു. ഇത് സംഘപരിവാറിനെ വിദ്യാഭ്യാസത്തില്‍ ഇടപെടാന്‍ അനുവദിക്കുമെന്നും സി.പി.എം വിശദീകരിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമപ്രകാരം 6-നും 14-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധത ദേശീയ വിദ്യാഭ്യാസ നയം ഇല്ലാതാക്കുമെന്ന ആശങ്കയും പ്രകടിപ്പിച്ച സി.പി.എമ്മാണ് ഇപ്പോള്‍ വ്യാപകമായ എതിര്‍പ്പുകള്‍ അവഗണിച്ച് എം.ഒ.യുവില്‍ ഒപ്പിട്ടിരിക്കുന്നത്.

പി.എം ശ്രീയില്‍ ചേര്‍ന്നതോടെ ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകളെയും സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഇടതുമുന്നണി സര്‍ക്കാര്‍ അസ്വീകാര്യമാണെന്ന് പറയുന്ന നയത്തിലെ രണ്ട് വ്യവസ്ഥകള്‍ ഇതോടെ സ്വയമേവ അംഗീകരിക്കപ്പെടും. ദേശീയ വിദ്യാഭ്യാസ നയത്തിലെ എല്ലാ വ്യവസ്ഥകളും സംസ്ഥാനത്തൊട്ടാകെ നടപ്പാക്കണമെന്നതാണ് ഒന്നാമത്തെ കാര്യം. തിരഞ്ഞെടുത്ത സ്‌കൂളുകളുടെ പേരിന് മുമ്പ് പി.എം ശ്രീ സ്‌കൂള്‍ എന്ന് ചേര്‍ക്കേണ്ടതായും വരുമെന്നതാണ് രണ്ടാമത്തേത്.
 


 

Join WhatsApp News
ഡോളറിൽ "We Trust in God " എന്ന് എഴുതിയതുകൊണ്ട് ഡോളർ ആർക്കും പഥ്യമല്ലല്ലോ ? 2025-10-24 20:45:59
നായെ കടുവ പിടിച്ചു , കടുവായെ കിടുവാ പിടിച്ചു , കിടുവായെ ട്രംപ് പിടിച്ചു , ട്രംപിനെ പിടിക്കാൻ പൂട്ടിൻ എലിപ്പെട്ടിയുമായി നടക്കുന്നു കിട്ടിയ പണം കൊണ്ട് ലൈഫ് ബോയി സോപ്പു കഴുകിയാൽ പോകാത്ത നാറ്റം ഉണ്ടോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക