
ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയും പ്രധാന ഘടകകക്ഷിയായ സി.പി.ഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ അവഗണിച്ചും പി.എം ശ്രീയില്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് മന്ത്രിമാരെ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയുടെ ആലോചനയിലാണ്. സി.പി.ഐ മന്ത്രിസഭയില്‍ തുടരണമോയെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ 27-ാം തീയതിയിലെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കുമെന്നു മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പി.എം ശ്രീയില്‍ ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിട്ടില്ലെന്നും പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അതൃപ്തി അറിയിച്ചിരുന്നുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
സംഘപരിവാര്‍ അജണ്ട സ്‌കൂളുകളിലൂടെ നടപ്പാക്കുന്ന പി.എം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി സര്‍ക്കാര്‍ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ കടുത്ത ലംഘനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഒപ്പിട്ട ധാരണാ പത്രത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്കും ഇടതു മുന്നണി കണ്‍വീനര്‍ക്കും കത്ത് നല്‍കിയെങ്കിലും അവരുടെ എതിര്‍പ്പ് മുഖവിലയ്‌ക്കെടുക്കാതെ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. സി.പി.ഐ സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലേയ്ക്കും ഇറങ്ങുകയാണ്.
കത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കമുള്ള നടപടിയിലേയ്ക്ക് കടക്കാനാണ് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. നാല് മന്ത്രിമാരാണ് സി.പി.ഐക്കുള്ളത്. കെ രാജന്‍ (റവന്യൂ-ഹൗസിങ്), ജെ ചിഞ്ചുറാണി (ആനിമല്‍ ഹസ്‌ബെന്‍ഡറി-ഡയറി ഡെവലെപ്‌മെന്റ്), ജി.ആര്‍ അനില്‍ (ഫുഡ്-സിവില്‍ സപ്ലൈസ്), പി പ്രസാദ് (അഗ്രികള്‍ച്ചര്‍) എന്നിവരാണിവര്‍. മന്ത്രിമാരെ പിന്‍വലിക്കുന്നത് മാത്രമല്ല, സി.പി.ഐ മുന്നണി വിടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. തങ്ങളുടെ ആവശ്യം ചര്‍ച്ച പോലും ചെയ്യതെ പാടെ നിരസിച്ച സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണിയില്‍ തുടരുകയെന്നത് സി.പി.ഐ സംബന്ധിച്ചിടത്തോളം അപമാനകരമാണ്.
പി.എംശ്രീ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ പാടില്ലെന്ന് സി.പി.ഐ മന്ത്രിമാര്‍ നേരത്തെ തന്നെ പറഞ്ഞതാണ്. അത്തരമൊരു പദ്ധതിയില്‍ എങ്ങനെയാണ് ഒപ്പിട്ടതെന്നോ ആരാണ് ഒപ്പിട്ടതെന്നോ അറിയില്ല. പത്രവാര്‍ത്ത വരുമ്പോഴാണ് പി.എം ശ്രീ എം.ഒ.യു ഒപ്പിട്ട കാര്യം സി.പി.ഐ മന്ത്രിമാര്‍ അറിയുന്നത്. രണ്ടുതവണ വിയോജിപ്പ് അറിയിക്കുകയും ഇത് കേരളത്തില്‍ നടപ്പാക്കാന്‍ പാടില്ലെന്ന് തീര്‍ത്ത് പറഞ്ഞതുമാണ്. ഈ പദ്ധതി നടപ്പാക്കിയാല്‍ കേരളത്തില്‍ പാഠപുസ്തകങ്ങളില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കേണ്ടിവരുമെന്ന് സി.പി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനിടെ എല്‍.ഡി.എഫില്‍ തുടരാതെ പുറത്തുവരാന്‍ സി.പി.ഐയോട് യു.ഡി.എഫ് അഭ്യര്‍ത്ഥിച്ചു. പക്ഷേ, യു.ഡി.എഫിലേക്ക് പോകേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. അതേസമയം, ഇടതു മുന്നണിയില്‍ സി.പി.ഐ-സി.പി.എം ഏറ്റുമുട്ടലുകള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെന്ന നിലയ്ക്ക് ഭരണ നടപടികളിലെ മൂല്യശോഷണമാണ് സി.പി.ഐ സി.പി.എമ്മിനെതിരെ ആയുധമാക്കാറുള്ളത്. പക്ഷേ, അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നത് ചൂണ്ടിക്കാട്ടി സി.പി.എം അപ്പോഴൊക്കെ പ്രതിരോധിക്കുകയും ചെയ്യും.
പിണറായി വിജയന്റെ ഇതുവരെയുള്ള രണ്ടു ടേമുകളിലും ഈ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുള്ള പോരാട്ടം മുന്‍ കാലങ്ങളിലേക്കാള്‍ കലശലായിട്ടുണ്ട്. മിക്കപ്പോഴും സി.പി.എ വിജയിച്ച ആ യുദ്ധങ്ങളുടെ വിവരം ഇങ്ങനെ ക്രോഡീകരിക്കാം. ഒന്നാം പിണറായി സര്‍ക്കാര്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി പോലീസ് നിയമപരിഷ്‌കാരം കൊണ്ടുവന്നു. കാനം രാജേന്ദ്രന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അത് പിന്‍വലിക്കുകയുണ്ടായി. അധികാര ദുര്‍വിനിയോഗ ആരോപണത്തെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്ന നിലപാട് സി.പി.ഐ എടുത്തു. ഇത് നടക്കാതെ വന്നപ്പോള്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നു. തുടര്‍ന്ന് തോമസ് ചാണ്ടി രാജിവെച്ചു.
നടന്‍ എം. മുകേഷ് എം.എല്‍.എയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തപ്പോള്‍ അദ്ദേഹം രാജി വെക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. ബിനോയ് വിശ്വം ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്ന ബില്ലിനെ സി.പി.ഐ മന്ത്രിമാര്‍ എതിര്‍ത്തു. ആദ്യം മാറ്റിവെച്ചെങ്കിലും പിന്നീട് ബില്‍ നിയമസഭ പാസാക്കി. സ്വകാര്യ മേഖലയില്‍ ഡിസ്റ്റിലറി അനുവദിക്കുന്നതില്‍ സി.പി.ഐ കടുത്ത എതിര്‍പ്പറിയിച്ചു. പക്ഷേ, സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടു പോയി.
ഐ.ടി നിയമത്തില്‍ സമാനമായ വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ കരട് ബില്‍ തയ്യാറാക്കിയെങ്കിലും സി.പി.ഐയുടെ എതിര്‍പ്പില്‍ അതും മുടങ്ങി. കളക്ടറുടെ ജുഡീഷ്യല്‍ അധികാരം പോലീസിലേക്ക് കൊണ്ടുവന്ന പോലീസ് കമ്മീഷണറേറ്റിനുള്ള നീക്കവും സി.പി.ഐയുടെ എതിര്‍പ്പില്‍ ഇല്ലാതായി. വകുപ്പ് സെക്രട്ടറിമാര്‍ക്ക് മന്ത്രിയിലൂടെയല്ലാതെ മുഖ്യമന്ത്രിക്ക് നേരിട്ട് ഫയല്‍ അയക്കാമെന്ന രീതിയില്‍ ബിസിനസ് ചട്ടഭേദഗതിക്ക് കരടായി. സി.പി.ഐ എതിര്‍പ്പ് ഉന്നയിച്ചതോടെ നീക്കം ഉപേക്ഷിച്ചു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധിയും ആവസാനിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് 2026 ആദ്യ മാസങ്ങളില്‍ നടക്കാന്‍ പോവുകയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.പി.എം കടുത്ത പ്രതിരോധത്തിലാണിപ്പോള്‍. തിരഞ്ഞെടുപ്പ് നേരിടുന്ന സമയത്ത് ഒന്നാം പിണറായി സര്‍ക്കാര്‍ കാണിച്ച ആത്മവിശ്വാസം ഇപ്പോഴില്ല. ഈ സന്നിഗ്ധ ഘട്ടത്തിലാണ്, സി.പി.ഐ പറയുന്നതുപോലെ അസ്വാഭാവിക തിരക്കോടെ പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിട്ടിരിക്കുന്നത്. വരുന്ന 27-ാം തീയതിയിലെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ എന്തായിരിക്കും സി.പി.ഐയുടെ തിരുമാനമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.