
ന്യുയോർക്കിൽ ഇത് മഞ്ഞിന്റെ പുതപ്പണിഞ്ഞ ഇലപൊഴിയൂം കാലമാണ്. എന്നിരുന്നാലും ഭാരതീയനായ സൊഹ്‌റാൻ മന്ദാനിയെ മേയറായി തെരഞ്ഞെടുക്കാനുള്ള ഏർലി പോളിംഗ് തുടങ്ങുന്ന ദിവസം ന്യു യോർക്കർ വാരികയുടെ ശതാബ്ദി മേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ആവേശച്ചൂടിലാണ് ഞാൻ.
ഡെമി മൂർ, കീനു റീവ്സ്, എമ്മ തോംപ്സൺ, ലീന ഖാൻ, സൽമാൻ റുഷ്ദി, പദ്മ ലക്ഷ്മി തുടങ്ങിയവരെ അണിനിരത്തി മൻഹാറ്റനിൽ നടന്ന ത്രിദിന ന്യൂയോർക്കർ ഫെസ്റ്റിവലിൽ ക്ഷണിതാവായി പങ്കെടുക്കാൻ കഴിയുക ഒരപൂർവ ഭാഗ്യം. മേളയുടെ ഇരുപത്താറാം പതിപ്പാണിത്.
ഇന്ത്യയുടെ തെക്കു പടിഞ്ഞാറേ മൂലയിലെ കേരളത്തിൽ നിന്നു വന്ന ഞാൻ ന്യൂയോർക്കർ വാരികയുടെ വരിക്കാരനാണെന്നും 'ഇ മലയാളി' ലേഖകൻ ആണെന്നും പറഞ്ഞുകൊണ്ട് വാരിക പ്രസാധകരായ കോണ്ടി നാസ്റ്റിന്റെ മീഡിയ റിലേഷൻസ് ഓഫീസിലേക്ക് ഞായറാഴ്ച ഇമെയിൽ അയച്ചു. മണിക്കൂറുകൾക്കകം സീനിയർ കമ്മ്യൂണികേഷൻ അസോസിയേറ്റ് എല്ലാ മർഡോക് ഗാർഡിനരുടെ മറുപടി വന്നു.

ഫെസ്റ്റിവലിൽ തിളങ്ങിയ ലീന ഖാൻ, പദ്‌മ ലക്ഷ്മി
ബുധനാഴ്ച്ച ഈമെയിലിൽ പ്രസ് പാസും. ശനിയാഴ്ച മൂന്നിന് മൻഹാറ്റനിലെ ചെൽസിയിൽ എസ്.വി.വി. വിഷ്വൽ ആർട്സ് തീയേറ്ററിൽ ഹാജരാവുക. പത്രലേഖകർക്കു പ്രത്യേക സീറ്റില്ല. . നേരത്തെ എത്തിയാൽ മുൻനിരയിൽ ഇരിക്കാം.
ഫെസ്റ്റിവലിൽ ആദ്യന്തം പങ്കെടുക്കാൻ 109 ഡോളർ (9564 രൂപ) ആണ് ടിക്കറ്റു നിരക്ക്.ഒരു സെഷനു മാത്രം 79 ഡോളർ (6950 രൂപ). ന്യുയോർക്കർ വരിക്കാർക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ട്. വിദ്യാർത്ഥി കൾക്കും അധ്യാപകർക്കും സൗജന്യനിരക്ക്. സൽമാൻ റൂഷ്‌ദി, ഡെമിമൂർ, കീനു തുടങ്ങിയവരുടെ സെഷനുകളുടെ ടിക്കറ്റുകൾ സോൾഡ് ഔട്ട്. ചിലയിടങ്ങളിൽ കസേരകൾ തീർന്നു. നിന്നു പങ്കെടുക്കാൻ നിരക്ക് കുറവ്. വെയിറ്റിങ്ലിസ്റ്റിലും ധാരാളം പേർ.

താരങ്ങൾ ഡെമി മൂർ, കീനു റീവ്സ്-ഹൗസ് ഫുൾ, ടിക്കറ്റ് സോൾഡ് ഔട്ട്!..
എന്റെ സെഷനിൽ ആരോഗ്യ രംഗത്തെ രണ്ടു ഭീമന്മാരാണ് പരസ്പരം മാറ്റുരച്ചത്. ഒബാമയുടെ കാലം മുതൽ രണ്ടു തവണ അമേരിക്കയുടെ സർജൻ ജനറൽ ആയിരുന്ന ഡോ. വിവേക് മൂർത്തിയും മെഡിടെക്‌നോ എഴുത്തുകാരനുമായ ഡോ. ധ്രുവ് ഖുല്ലറും. വിവേക് മയാമിയിൽ ജനിച്ചു വളർന്ന ആളാണ്. ധ്രുവിന്റെ വേരുകൾ പഞ്ചാബിൽ.
സാമൂഹ്യ മാധ്യമങ്ങളെപ്പോലെ അനിയന്ത്രിതമായി വളർന്നാൽ നിർമ്മിത ബുദ്ധിയും വിനാശകാരിയായി ഭവിക്കുമെന്നു വിവേക് അഭിപ്രയപെട്ടു. എഐയോട് ചങ്ങാത്തം ആവാം, പക്ഷെ രണ്ടു പേർ തമ്മിൽ നേരിട്ട് സംവദിക്കുന്നതിനേക്കാൾ പ്രയോജനം ചെയ്യന്ന മറ്റൊന്നില്ല.

എന്റെ സെക്ഷനിലെ താരങ്ങൾ-ധ്രുവ് ഖുല്ലർ, വിവേക് മൂർത്തി
വിവേക് ഹാർവാഡിൽ നിന്ന് മെഡിക്കൽ ബിരുദവും യേൽ സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയ ആളാണ്. 'ടുഗതർ' എന്ന അദ്ദേഹത്തിന്റെപുസ്തകം ന്യൂയോർക് ടൈംസ് ബെസ്റ് സെല്ലർ ആയിരുന്നു. ധ്രുവ് വെയിൽ കോർണൽ മെഡിക്കൽ കോളജിൽ അസോസിയേറ്റ് പ്രൊഫസർ ആണ്. യേലിൽ നിന്ന് മെഡിക്കൽ ബിരുദവും ഹാർവാർഡ് കെന്നഡി സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ നിന്ന് മാസ്റ്റേഴ്‌സും നേടി.
ഞാൻ ജനിക്കും മുമ്പ് തിരുവിതാംകൂറിലെ സർജൻ ജനറൽ ആയിരുന്ന ഡോ. മേരി പുന്നൻ ലൂക്കോസിനെ ഓർമ്മിക്കണം. മലയാള മനോരമയുടെ തിരുവനന്തപുരം ബ്യുറോയിൽ ജോലി ചെയ്യമ്പോൾ സെക്രട്ടറിയേറ്റിന്റെ തെക്കു കിഴക്കേ മൂലയിൽ തുടങ്ങുന്ന പുന്നൻ ലൂക്കോസ് റോഡിലൂടെ നടന്നു പോകുന്നത് ഓർമ്മയിലുണ്ട്. അന്ന് മേരി തിരുവിതാംകൂറിൽ ഒതുങ്ങി നിന്നെങ്കിൽ വിവേക് ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള അമേരിക്കയുടെ സർജൻ ജനറൽ ആയി.

സൽമാൻ ഖുർഷിദ്: ബുക്കറിൽ തുടങ്ങിയ ഒറ്റയാൾ പോരാട്ടം
ന്യൂ യോർക്ക് സിറ്റി സാമ്പത്തികം പോലെ സാംസ്കാരികത്തിലും അമേരിക്കയുടെ സിരാകേന്ദ്രമാണ്. നൂറു കണക്കിന് ഭാഷകളാണ് നഗരം സംസാരിക്കുന്നത്. പക്ഷെ 23 ലക്ഷം പേർ വസിക്കുന്ന ക്വീൻസ് ബറോയിൽ എന്റെ അപ്പാർട്മെന്റിനടുത്തു ള്ള ക്വീൻസ് പബ്ലിക് ലൈബ്രറി ശാഖയിൽ ആകെയുള്ള 1.2 ലക്ഷം പുസ്തകങ്ങളിൽ മുപ്പതെണ്ണം ബംഗാളിയാണ്. ഒരു ഡിക്ഷണറി ഉൾപ്പെടെ. ഹിന്ദിയില്ല, മലയാളത്തിന്റെ കാര്യം പറയാനുമില്ല.
യുനെസ്കോ സാഹിത്യ നഗരമായ കോഴിക്കോട്ടു സാഹിത്യ, സാംസ്‌കാരിക മേള വിജയകരമായി സംഘടിപ്പി യ്ക്കുന്ന ഡിസി ബുക്ക്സ് ഇതൊക്കെ ശ്രദ്ധിക്കേണ്ടതാണ്. ഹേ ഫെസ്റ്റിവലിൽ തുടങ്ങി മാതൃഭൂമി ലിറ്ററേച്ചർ ഫെസ്റ്റിവലിലും മനോരമയുടെ ഹോർത്തൂസ് ഫെസ്റ്റിവലിലും എത്തി നിൽക്കുന്ന കേരളത്തിന് ന്യയോർക്കിൽ ദി ന്യൂയോർക്കറും ദി അറ്റ്ലാന്റിക് മാഗസിനും ഹാർപെഴ്‌സ് മാഗസിനും നടത്തുന്ന മേളകളിൽനിന്നു പലതും പഠിക്കാനുണ്ട്.

പ്രതിനിധികൾ കുര്യൻ പാമ്പാടി, റോബ് എന്ന റോബർട്ട്
ഇന്ത്യയിൽ ന്യുയോർക്കർ വാരിക ആദ്യമായി വരുത്തുന്നവർക്കു വർഷത്തേക്ക് രണ്ടായിരം രൂപയുടെ സൗജന്യ നിരക്കുണ്ട്. പുതുക്കുമ്പോൾ അത് വർധിക്കും. അതു മറികടക്കാൻ വീട്ടിലെ മറ്റൊരാളുടെ പേരിൽ വരുത്തിയാൽ മതി. അങ്ങിനെ പുതുക്കിയപ്പോൾ മൂന്ന് മാസത്തേക്ക് രണ്ടും കൂടി വന്ന അനുഭവവും എനിക്കുണ്ട്.
നൂറുവർഷം മുമ്പ്-1925 ഫെബ്രുവരി 21 ഹാരോൾഡ് റോസും ഭാര്യ ജാനറ്റ് ഗ്രാന്റും (ന്യുയോർക് ടൈസ് ലേഖിക) ചേർന്ന് തുടങ്ങിയ വാരികക്കു ഈമാസത്തെ കണക്കനുസരിച്ച് ലോകമാസകലം 13 ലക്ഷത്തിലേറെ വരിക്കാരുണ്ട്. അവർക്കു വാരികയുടെ ആർക്കൈവിൽ എല്ലാ കോപ്പികളും വായിക്കാം. ഈസിയായി ഡൌൺലോഡ് ചെയ്യാം. ആർക്കുവണമെങ്കിലും അയച്ചുകൊടുക്കാം.

ന്യുയോർക്കറിന്റെ 1925ലെആദ്യലക്കം, ഇപ്പോഴത്തെ എഡിറ്റർ ഡേവിഡ് റെംനിക്
ഏണസ്‌റ് ഹെമിംഗ് വേ, ട്രൂമാൻ കപൊട്ട് , വ്ലാദിമിർ നബോക്കോവ്, റേച്ചൽ കാഴ്‌സൺ, ആലിസ് മൺറോ, സ്റ്റീഫൻ കിംഗ്, ജോൺ അപ്ഡൈക്, ജോസഫ് മിച്ചൽ, ഹാരുകി മുറകാമി, സൽമാൻ റൂഷ്‌ദി തുടങ്ങിയ മഹാന്മാർ എഴുതുന്ന വാരികയാണ്.
സാഹിത്യ, സാംസ്കാരിക മുഖപത്രമാണെങ്കിലും ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ വിഷയങ്ങളും ന്യൂ യോർക്കർ കൈകാര്യം ചെയ്യുന്നു. പ്രശസ്തയായ ടീന ബ്രൗൺ എഡിറ്റർ ആയിരിക്കുബോൾ ക്ഷണിച്ചു കൊണ്ടുവന്ന കേംബ്രിഡ്ജ് ബിരുദധാരി ആന്തണി ലേൻ ഫിലിം ക്രിട്ടിക് ആയി സേവനം ചെയ്യുന്നു. ആൽഫ്രഡ് ഹിച്കോക്, ഗ്രേസ് കെല്ലി, ഇയാൻ ഫ്ലെമിംഗ്, തുടങ്ങിയവരെപ്പറ്റി അദ്ദേഹം എഴുതിയ ലേഖനങ്ങൽ ഞാൻ വായിച്ചിട്ടുണ്ട്.
ഗോഡ് ഫാദർ, സൗണ്ട് ഓഫ് മ്യൂസിക്, ടവറിങ് ഇൻഫെർണോ തുടങ്ങിയ ഫിലിം റിവ്യൂകളും ഗംഭീരമായിരുന്നു. 'മരിയാസ് പ്രോബ്ലം' എന്നായിരുന്നു സൗണ്ട് ഓഫ് മ്യൂസിക് റിവ്യൂവിന്റെ ശീർഷകം. കേംബ്രിഡ്ജിൽ ട്രിനിറ്റി കോളജിൽ പഠിച്ച ലേൻ, കവി റോബർട്ട് ബ്രൗണിങ്ങിനെ പറ്റി മുന്നൂറാം ജന്മവാർഷികത്തിൽ എഴുതിയ പഠനം ഉജ്വലം. ടിഎസ് എലിയട്ടിന്റെ ദി വേസ്റ്റ് ലാൻഡ് പ്രസിദ്ധീകരിച്ച് നൂറു വർഷം തികഞ്ഞപ്പോൾ മറ്റൊരു പഠനവും.

ന്യുയോർക്കർ സ്റ്റാഫ് റൈറ്റർ ആയിരുന്ന വേദ് മേത്തയും മക്കളൂം
ബ്രിട്ടീഷ് പഞ്ചാബിൽ ജനിച്ച വേദ് മേത്ത മുപ്പതിലേറെവർഷം ന്യൂയോർക്കറിന്റെ പത്രാധിപ സമിതിയിൽ അംഗമായിരുന്നു. കാഴ്ചശക്തി പൂർണമായി ഇല്ലാതായിട്ടും അവർ അദ്ദേഹത്തെ വച്ചുപുലർത്തി. ലേഖനങ്ങൾ കേട്ടെഴുതാൻ ഒരു പെൺകുട്ടിയെ കമ്പനി ശമ്പളത്തിൽ ഏർപ്പാടാക്കുകയൂം ചെയ്തു.
അർക്കൻസാസിലെ അന്ധ വിദ്യാലയത്തിൽ പഠിക്കാൻ എത്തിയ മേത്ത ഒക്‌സ്ഫോഡിലെ ബാലിയോൾ കോജജിൽ നിന്ന് ബിഎയും ഹാർവാർഡിലെ നിന്ന് എംഎയും എടുത്തു. 'കോണ്ടിനെന്റസ് ഓഫ് എക്സൈൽസ്' ന്യൂയോർക്കറിൽ എഴുതിയ ആത്മകഥാപരമായ ലേഖനങ്ങളുടെ 12 വാല്യമുള്ള സമാഹാരം ആണ്. 2021ൽ അന്തരിക്കുബോൾ പ്രായം 86.

ഫിലിം ക്രിറ്റിക്കുകൾ ആന്തണി ലേൻ, റിച്ചാർഡ് ബ്രോഡി
എനിക്ക് സുപരിചിതനായ മറ്റൊരു ന്യു യോർക്കർ ജേര്ണലിസ്റ് മാധ്യമ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കെൻ ഔലറ്റ് ആണ്. ഇന്ത്യയിലെ മാധ്യമങ്ങളുടെ സ്ഥിതി അറിയാൻ അദ്ദേഹം ഇന്ത്യ സന്ദർശിച്ചെഴുതിയ പത്തു പേജുള്ള ലേഖനം ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യ ഉടമ സമീർ ജയിനുമായി സംസാരിച്ചു. പക്ഷെ കേരളത്തിൽ വരികയോ ഏറ്റം പ്രചാരമുള്ള മലയാള മനോരമയുടെ ചീഫ് എഡിറ്റർ കെ എം മാത്യുവിനെ കാണുകയോ ചെയ്‌തില്ല.
ന്യൂയോർക്കർ പ്രസിദ്ധീകരിക്കുന്ന കോണ്ടിനാസ്റ് വിവിധഭാഷകളിലായി നിരവധിമാസികകൾ ഇറക്കുന്ന മാധ്യമ ഭീമനാണ്. ലണ്ടനിൽ സൺഡേ ടൈംസ് എഡിറ്റർ ആയിരുന്ന ഹാരോൾഡ് ഇവാൻസ് പത്രം ഉടമ റൂ പ്പ ർട്ട് മർഡോക്കിനോട് പിണങ്ങി രാജി വച്ച ശേഷം ന്യുയോർക്കിലാണ് ചേക്കേറിയത്. കോണ്ടി നാസ്റ്റിന്റെ വയേർഡ് എന്ന ടെക്‌നോളജി മാസിക ആരംഭിച്ചതും ഇവാൻസ്. ഭാര്യ ടിന ബ്രൗൺ അവരുടെ വാനിറ്റി ഫെയർ മാസികയുടെയും ന്യൂ യർക്കാരിനെയും എഡിറ്റർ ആയി.

കെൻ ഔലറ്റ്- ഇന്ത്യൻ മാധ്യമം പഠിക്കാൻ എത്തി, മലയാളപത്രങ്ങളെ കണ്ടില്ല
ഹാരോൾഡ് ഇവാൻസ് ചീഫ് എഡിറ്റർ കെഎം മാത്യുവിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ഇന്ത്യൻ പത്രങ്ങളുടെ രൂപകൽപ്പന ആദ്യന്തം പൊളിച്ചെഴുതണമെന്നു അദ്ദേഹം എഴുതിയ പുസ്തക പരമ്പര ആവശ്യപ്പെട്ടു. അങ്ങിനെ മെച്ചപ്പെട്ട രൂപ ഭാവങ്ങൾ വരുത്തിയ ഇന്ത്യൻഭാഷാ പത്രങ്ങളുടെ ഉദാഹരണമായി മനോരമയുടെ പേജുകൾ ഇവാൻസിന്റെ ന്യൂസ്‌പേപ്പർ ഡിസൈൻ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.
അതിനു ശേഷം ഇന്ത്യയിൽ മാധ്യമ സ്ഥിതി പഠിക്കാൻ പോയ കെൻ ഔലറ്റ് മലയാളം ഉൾപ്പെടെയുള്ള ഭാഷാ പത്രങ്ങൾ കൈവരിച്ച മുന്നേറ്റം കണ്ടില്ലെന്നതു നിരാശപ്പെടുത്തുന്നു. എന്നെങ്കിലും അദ്ദേഹത്തെ കാണുമ്പോൾ എന്റെ പ്രതിഷേധം അറിയിക്കാനാണ് ആഗ്രഹം.

. മൻഹാറ്റൻ വൺവേൾഡ് ടവറിൽ ന്യുയോർക്കർ ഓഫീസ്
ന്യൂ യോർക്കിൽ എല്ലാ ദിവസവും എന്തെകിലും മേള ഉണ്ടായിരിക്കും. നവംബർ 14നു നടക്കുന്ന വിസ്കി ഫെ സ്റ്റിവലിനെപ്പറ്റി വ്യാഴാഴ്ചത്തെ ന്യൂയോർക്ക് ടൈംസിൽ ഫുൾ പേജ് പരസ്യം ഉണ്ട്. ജോണി വാക്കർ, എൽ ടെക്വിലിനോ, ഫുജി, യമാസാക്കി തുടങ്ങിയ വിസ്കി കമ്പനികളാണ് സ്‌പോൺസർമാർ. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യണം.