
ശബരിമല സ്വര്‍ണക്കൊള്ളയുടെ തെളിവുകള്‍ തേടി കര്‍ണാടകയിലെ ബെല്ലാരിയിലുള്ള സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെ ജ്വല്ലറിയില്‍ എത്തിയ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അവിടെനിന്ന് 400 ഗ്രാം സ്വര്‍ണം അഥവാ 50 പവന്‍ ആണ് പിടിച്ചെടുത്തത്. പെരും കള്ളന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി തനിക്ക് 476 ഗ്രാം സ്വര്‍ണം കൈമാറിയെന്ന ഗോവര്‍ധന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി ബെംഗളൂരുവിലും ബെല്ലാരിയിലുമായി തെളിവെടുപ്പ് നടത്തിയത്. പോറ്റി വിറ്റ സ്വര്‍ണമാണത്രേ കണ്ടെടുത്തത്. സ്വര്‍ണക്കട്ടികളാണ് പിടിച്ചെടുത്തതെന്നാണ് എസ്.ഐ.ടി നല്‍കുന്ന വിവരം. പോറ്റിയുടെ ബെഗളുരുവിലെ വീട്ടില്‍ നിന്ന് 176 ഗ്രം സ്വര്‍ണവും പിടിച്ചെടുത്തു.
ന്യായമായും ഇവിടെ ഒരു സംശയം ഉയരും. 2019-ലാണ് സ്വര്‍ണക്കൊള്ള നടന്നതും പോറ്റി ഗോവര്‍ധന് അത് വിറ്റതും. ആറുവര്‍ഷത്തിന് ശേഷവും ഗോവര്‍ധന്‍ ആ സ്വര്‍ണം അതേപടി ഒന്ന് തൊടുകപോലും ചെയ്യാതെ തന്റെ ജുവലറിയില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നോ എന്നാണ് ചോദ്യം. ഇത് അയ്യപ്പന്റെ സ്വര്‍ണ മാണല്ലോ. അതുകൊണ്ട് അതിന്റെ മുന്നില്‍ നിത്യവും വിളക്കുവച്ച് ഗോവര്‍ധന്‍ പൂജ നടത്തിയെന്നാണോ കരുതേണ്ടത്..? അല്ലെങ്കില്‍ 2025 ഓക്‌ടോബര്‍ 25-ാം തീയതി എത്തുന്ന എസ്.ഐ.ടിക്ക് കൊടുക്കാന്‍ വേണ്ടി 2019 മുതല്‍ ഒരു പ്രവചന ബുദ്ധിയോടെ ഈ കട്ടി സ്വര്‍ണം കരുതി വച്ചിരിക്കുകയായിരുന്നോ..? കോടതിയുടെ കണക്കിലുള്ള 50 പവന്‍ കൃത്യം തൂക്കമുള്ള സ്വര്‍ണക്കട്ടി എങ്ങനെ അവിടെ പ്രത്യക്ഷപ്പെട്ടു..?
ഇതിന് ഉത്തരമില്ലെങ്കില്‍ ബെല്ലാരിയില്‍ നടന്നത് ആസൂത്രിതമായ ഒരു നാടകം തന്നെയാണ്. സ്വര്‍ണക്കൊള്ളയുടെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഒരുമാസമായി ഗോവര്‍ധന്റെ ബെല്ലാരിയിലുള്ള 'റോഡം ജുവല്‍സ്' പൂട്ടിക്കിടക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി വഴി അന്വേഷണം തന്നിലേയ്‌ക്കെത്തുമെന്ന് ഗോവര്‍ധന് അറിയാമായിരുന്നു. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലും ഈ വിഷയം സംബന്ധിച്ച ഹൈക്കോടതി വിധികളിലും ഗോവര്‍ധന്റെ പേരുണ്ട്. സ്വാഭാവികമായും ഉണികൃഷ്ണന്‍ പോറ്റി തന്നെയായിരിക്കുമല്ലോ ഈ പേര് വെളിപ്പെടുത്തിയിട്ടുള്ളത്. ആ നിലയ്ക്ക് പ്രമാദമായ ഈ കേസിലെ ണ്ടി മുതല്‍ ആരെങ്കിലും അവിടെ സൂക്ഷിക്കുമോ..? അതും കോടതി രേഖയിലുള്ള കൃത്യമായ അളവില്‍..?
ഏതായാലും മോഷ്ടിക്കപ്പെട്ടുവെന്ന് പറയുന്ന സ്വര്‍ണം വീണ്ടെടുത്തതോടെ കേസില്‍ ഗൂഢാലോചന കുറ്റം കൂടാതെ, പൊതുമുതല്‍ മോഷ്ടിച്ചു വിറ്റു എന്ന വകുപ്പ് കൂടി പ്രതികള്‍ക്കെതിരെ ചുമത്തും. സ്വര്‍ണം കൈമാറാന്‍ ഒത്താശ ചെയ്തവരും ഈ മോഷണം നടത്താന്‍ തീരുമാനമെടുത്ത ഉന്നത ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാകും. ഗോവര്‍ധനെ കേസില്‍ സാക്ഷിയാക്കാനാണ് പ്രത്യേക അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. കേസിലെ അന്വേഷണം സ്വര്‍ണം വിറ്റു കിട്ടിയ പണം പങ്കിട്ടത് ആരൊക്കെ എന്നത്തിലേക്ക് അന്വേഷണമെത്തി. ഇത് അറിഞ്ഞാലേ ദ്വാരപാലക ശില്‍പ പാളിയും ശ്രീകോവിലിന്റെ കട്ടിള പാളിയും കൊടുത്തുവിട്ടവരും തീരുമാനം എടുത്തവരും ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ചുരുളഴിയൂ.
രണ്ടു കിലോയിലേറെ സ്വര്‍ണം കൊള്ളയടിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ഗോവര്‍ധന്റെ ജുവലറിയില്‍നിന്ന് 400 ഗ്രാമും പോറ്റിയുടെ വീട്ടില്‍ നിന്ന് 176 ഗ്രാമും കൂടി 576 ഗ്രം സ്വര്‍ണമാണ് ഇതുവരെ എസ്.ഐ.ടി പിടിച്ചെടുത്തിരിക്കുന്നത്. ബാക്കി സ്വര്‍ണം എവിടേയ്‌ക്കൊക്കെ പോയി എന്നും സ്വര്‍ണം വിറ്റു കിട്ടിയ പണം പങ്കിട്ടത് ആരൊക്കെ എന്നും കണ്ടെത്തേണ്ടതുണ്ട്. പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടില്‍ നിന്ന് രണ്ടുലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും നേരത്ത കണ്ടെടുത്തിരുന്നു. ഏതായാലും പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കും. ഇത് ശബരിമലയില്‍ നിന്ന് കവര്‍ന്നതാണോയെന്ന് അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. മോഷ്ടിച്ച സ്വര്‍ണം ആഭരണങ്ങളാക്കി മാറ്റിയെന്ന വിവരങ്ങളും എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്.
സ്വര്‍ണം കണ്ടെത്തിയ ഗോവര്‍ദ്ധന്റെ ജുവലറിയുടെ ഉദ്ഘാടനത്തിന് പൂജ ചെയ്തതും ഭദ്രദീപം കൊളുത്തിയതും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആയിരുന്നുവെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വിവരം. 2023 ജൂലായ് മൂന്നിനായിരുന്നു ചടങ്ങുകള്‍. ശ്രീകോവിലിന്റെ വാതില്‍ മാറ്റി സ്ഥാപിക്കാന്‍ സ്‌പോണ്‍സര്‍ ചെയ്തത് ഗോവര്‍ദ്ധനാണ്. വാതില്‍ കൊണ്ടുവരുന്നതിനിടെ ഇളംപള്ളില്‍ ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ അന്നത്തെ ദേവസ്വം പ്രസിഡന്റും സി.പി.എം നേതാവുമായ എ പത്മകുമാര്‍ ഗോവര്‍ദ്ധനെ ആദരിക്കുകയും ചെയ്തു. അപ്പോള്‍ ഇവരെല്ലാവരും മുന്‍പരിചയക്കാരും കൂട്ടുകച്ചവടക്കാരുമാണ് എന്നല്ലേ വ്യക്തമാവുന്നത്..?
തെളിവെടുപ്പിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവില്‍ കോടികളുടെ ഭൂമിയിടപാടുകളും നിക്ഷേപങ്ങളും നടത്തിയതിന്റെ രേഖകള്‍ എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണം വേര്‍തിരിച്ചെടുത്ത ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിലും സംഘം പരിശോധന നടത്തി. ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് കവര്‍ന്ന സ്വര്‍ണം ഇവിടെവച്ചാണ് ഉരുക്കിയെടുത്ത് വേര്‍തിരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കേരളത്തിന് പുറത്ത് നടത്തിയ തെളിവെടുപ്പില്‍ സ്വര്‍ണവും സുപ്രധാന തെളിവും കണ്ടെത്തിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. തെളിവെടുപ്പില്‍ മതിയായ തേഖകള്‍ ശേഖരിച്ച ശേഷം പോറ്റിയെ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്.