
തട്ടമിട്ട വരുന്ന ഒരു മുസ്‌ലിം സ്ത്രീ കണ്ണിനു ആനന്ദം നൽകുന്ന കാഴ്ചയായിരുന്നു. ആയിരുന്നു!! നമ്മുടെ കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ ധരിച്ചിരുന്ന മുണ്ടുപോലെയുള്ള വസ്ത്രത്തെ കച്ചത്തുണി (അതിനു നിറമുള്ള കരയുണ്ട്) എന്ന് പറഞ്ഞിരുന്നു. പിന്നെ അവർ ധരിച്ചിരുന്നത് പെണ്ണ് കുപ്പായം എന്ന പേരിൽ മുഴുവൻ ശരീരം മറയ്ക്കുന്ന ഒരു വസ്ത്രമാണ്. പിന്നെ തലയിൽ നീളമുള്ള ഒരു നേരിയ തുണി തലയുടെ രണ്ടു വശത്തും പിൻ ചെയ്ത വച്ചിരുന്നു. ഇത് വളരെ അഴകാർന്ന, ആകർഷണീയമായ വസ്ത്രരീതിയായിരുന്നു. ശരീരഭാഗങ്ങൾ ഒട്ടും പുറത്തു കാണിക്കാതെ തല പോലും നേരിയ തുണി കൊണ്ട് മറച്ചു എന്നാൽ സ്ത്രീ സൗന്ദര്യത്തിന്റെ അഴകലകൾ ചുറ്റിലും പടർത്തുന്ന വസ്ത്രാലങ്കാരം. അതുകൊണ്ട് ആ സൗന്ദര്യധാമങ്ങളെ നോക്കി കവികൾ പാടി റംസാനിലെ ചന്ദ്രികയോ, രജനി ഗന്ധിയോ അറബിപ്പെൺകൊടി അഴകിൻ പൂമ്പൊടി ആര് നീ....
തട്ടം, മൈലാഞ്ചി, കൊലുസ്സ്, അലുക്കത്ത്, മൊഹബത്ത്, നിക്കാഹ്, നെയ്‌ച്ചോറ്, പതിന്നാലാം രാവ് , ഹൽവ , കബാബ്, ബിരിയാണി, പത്തിരി, ഒപ്പന മൈലാഞ്ചി, നിസ്കാരം ഇങ്ങനെ അനേകം വാക്കുകളിൽ അത്തറിന്റെ മണം നമ്മളിൽ പലർക്കും അനുഭവപ്പെട്ടാറുണ്ട്. മലയാളഭാഷയുടെ പദസമ്പത്തിലേക്ക് ഇസ്ലാമിക പശ്ചാത്തലമുള്ള അറബി പേർഷ്യൻ ഭാഷകൾ നൽകിയ സംഭാവനകൾ തുല്യതയില്ലാത്തതാണ്. മുസ്‌ലിം മതവുമായി ബന്ധപ്പെട്ടു കിടക്കുന്ന അത്തരം വാക്കുകളും സമൂഹത്തിൽ അതെല്ലാം ഒരു പ്രത്യേക അനുഭവമായി തീരുമ്പോഴും ആർക്കും ഒരു പരാതിയുമില്ലായിരുന്നു. മറിച്ച് അതൊക്കെ എല്ലാ മതക്കാരും ഇഷ്ടപ്പെട്ടിരുന്നു. അതിൽ ഒരു പൊന്നാരചേലുണ്ട്. സ്നേഹത്തിന്റെ ഒളിമിന്നലുകൾ ഉണ്ട്. മയിലാഞ്ചിയും കുപ്പിവളകളും മൊഹബത്തിന്റെ അത്തർമണവും ഒരു മയിൽപീലി സ്പര്ശനം പോലെ നാമെല്ലാം ആസ്വദിച്ചു. സ്നേഹത്തോടെ എല്ലാ മതവിശ്വാസികളുമായുള്ള സഹവാസം മലയാളനാടിന്റെ സൗന്ദര്യം ആയിരുന്നു.
ഒരു കാലത്ത് നമ്മൾ അതെല്ലാം കൗതുകത്തോടെ നോക്കി കണ്ടു. വിഭിന്ന സംസ്കാരങ്ങളുടെ കളിത്തൊട്ടിൽ ആയിരുന്നു നമ്മുടെ ഭാരതം. അവിടെ പല മതങ്ങൾ ജനിച്ചു, പല മതങ്ങൾ അവിടേക്ക് കടന്നുവന്നു. അന്ന് മതാചാരങ്ങളോ മതത്തിന്റെ തത്വസംഹിതകളോ മനുഷ്യരെ തമ്മിൽ അടിപ്പിച്ചില്ല.എല്ലാം സ്വീകരിക്കാനുള്ള സഹിഷ്ണുത അന്നത്തെ ജനങ്ങൾക്കുണ്ടായിരുന്നു. ഒരാളുടെ മതം മറ്റൊരാൾക്ക് ഭീഷണിയായില്ല. ഒരാളും അവരുടെ മതാചാരങ്ങൾ പൊതുസ്ഥലത്തുകൊണ്ടുവന്നു മറ്റുള്ളവർക്ക് ശല്യമുണ്ടാക്കിയില്ല. പിന്നെ കാലം മാറി കഥ മാറി. മതപരിവർത്തനം മനുഷ്യരെ നന്മയിലേക്ക് നയിക്കാൻ വേണ്ടിയുള്ള സൽപ്രവർത്തിയാകാതെ അരികാശിനു വേണ്ടി അതിനെ ദുർവിനിയോഗം ചെയ്തപ്പോൾ ആശങ്കകൾ ഉയർന്നു. സമാധാനം നഷ്ടമായി.
കേട്ടാൽ നിസ്സാരമെന്നു രാഷ്ട്രീയ ലക്ഷ്യമുള്ളവർ പറയുമെങ്കിലും അങ്ങനെ അവഗണിക്കാൻ പറ്റാത്ത ഒരു ദുർഘടന നമ്മുടെ കേരളത്തിൽ ഉണ്ടായി. മുപ്പതിലേറെ വർഷം പഴക്കമുള്ള ഒരു കൃസ്ത്രീയ സ്‌കൂളിൽ ഒരു മുസ്‌ലിം പെൺകുട്ടിക്ക് തലയിൽ ഹിജാബ് ധരിച്ച് പോകണമെന്ന് തോന്നി. അവിടെ സ്‌കൂൾ മാനേജ്‌മന്റ് നിശ്ചയിച്ച യൂണിഫോം നിലവിലിരിക്കെ മറ്റു മുന്നൂറോളം കുട്ടികൾ, അതിൽ മുസ്‌ലിം വിഭാഗത്തിൽ പെട്ട കുട്ടികളും ഉൾപ്പെട്ടിരിക്കെ, ഒരു കുട്ടിക്ക് മാത്രം തന്റെ മതാചാരങ്ങൾ സ്‌കൂളിലും ആചരിക്കണമെന്ന ആവശ്യം ഉണ്ടാകുന്നു. കുട്ടിയെ കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ല. കാരണം തന്റെ മതം അനുശാസിക്കുന്ന ചട്ടങ്ങൾക്ക് വിധേയയാകുകയാണ് ആ വിദ്യാർത്ഥിനി.
മുസ്ലീം സ്ത്രീകൾ അവരുടെ ശരീരത്തിന്റെ മറയ്ക്കാവുന്ന ഭാഗങ്ങൾ (സത്ർ-ഇ-ഔറത്ത്) മറയ്ക്കാൻ ബാധ്യസ്ഥരാണ്. അതനുസരിച്ച് അവർ ഹിജാബ്, നിഖാബ്, ഖിമർ, അബായ അല്ലെങ്കിൽ ബുർഖ എന്നിവ വ്യക്തികളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുത്തു ധരിക്കുന്നു.
വിഭജനകാലത്തെ ശ്ലോകം ഹിന്ദു മുസ്‌ലിം ഭായ് ഭായി എന്നായിരുന്നു. പക്ഷെ അത് മതതീവ്രത ചെവിക്കൊള്ളാതെ പോയി. അന്ന് ആരും ഹിന്ദു രാഷ്ട്രം വേണമെന്ന് പറഞ്ഞില്ല. മുസ്‌ലിം മതവിഭാഗമാണ് ഭാരതം മതത്തിന്റെ പേരിൽ വിഭജിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. അത് നടന്നെങ്കിലും ഇപ്പോഴും ഭാരതത്തിൽ ഹിന്ദു മുസ്‌ലിം സംഘർഷം ഉണ്ടാകുന്നത് പരിതാപകരം.
മതം മനുഷ്യരെ എപ്പോഴും ഹലാക്കിലാക്കുന്നത് ഒരു വിരോധാഭാസമാണ്. അതിനു കാരണം മതത്തിന്റെ തത്വസംഹിതകൾ മനസ്സിലാക്കാനുള്ള മനുഷ്യന്റെ കഴിവുകേടായിരിക്കാം. അല്ലെങ്കിൽ അവനെ തെറ്റിദ്ധരിപ്പിക്കുന്ന മതനേതാക്കളായിരിക്കാം. ഒരു മനുഷ്യന്റെ വസ്ത്രവും ഭക്ഷണവും അവന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെ അപേക്ഷിച്ചായിരിക്കും. മുണ്ടു മടക്കികുത്തുന്നവർ മലയാളികൾ. കാരണം അവിടത്തെ കാലാവസ്ഥ അങ്ങനെയാണ്. അറേബ്യായിലെ സ്ത്രീകളുടെ വസ്ത്രധാരണരീതിയും അവിടത്തെ കാലാവസ്ഥ അനുസരിച്ചാണ്. മനുഷ്യരുടെ ജീവിതം നിയന്ത്രിക്കാൻ രൂപപ്പെടുത്തിയ മതങ്ങളിലും അത് നിഷ്കർഷിച്ചതാകാം. ഭൂമിയിലെ പല രാജ്യങ്ങളിലും വ്യത്യസ്തമായ കാലാവസ്ഥയാണ്. അതനുസരിച്ച് അവിടത്തെ ജനങ്ങൾ വസ്ത്രം ധരിക്കുന്നു. അത് പക്ഷെ മതത്തിന്റെ ചിഹ്നമായി എടുത്ത് വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നിർഭാഗ്യകരമാണ്. അത് മതപരമായ വർഗ്ഗീയതയും മത സാമുദായിക കുഴപ്പങ്ങളും സൃഷ്ടിക്കുന്നു.
സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച് ഖുറാൻ പറയുന്നത് ഇങ്ങനെ.
നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ മൂടുപടങ്ങൾ തങ്ങളുടെ മേല്‍താഴ്ത്തിയിടാന്‍പറയുക: അവര്‍തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (Quran 33 59)
സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയങ്ങൾ കാത്ത് സൂക്ഷിക്കുവാനും , അവരുടെ ഭംഗിയിൽ നിന്നും പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭർത്താക്കന്മാർ,, അവരുടെ പിതാക്കന്മാർ, അവരുടെ ഭർതൃപിതാക്കൾ, അവരുടെ പുത്രന്മാർ , അവരുടെ ഭർതൃപുത്രന്മാർ അവരുടെ സഹോദരന്മാർ , അവരുടെ സഹോദരപുത്രന്മാർ , അവരുടെ സഹോദരീ പുത്രന്മാർ , മുസ്ലീമുകളിൽ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലം കൈ ഉടമപ്പെടുത്തിയവർ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകർ, സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികൾ എന്നിവരൊഴിച്ച് മറ്റാർക്കും തങ്ങളുടെ ഭംഗി അവർ വെളിപ്പെടുത്തരുത്. തങ്ങൾ മറച്ചുവയ്ക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടാൻ വേണ്ടി അവർ കാലിട്ടടിക്കയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം. ഖുർആൻ:24/31).
ഹിജാബ് ധരിക്കുന്നത് അല്ലാഹുവിന്റെ കല്പനയായി കരുതുന്നു. നിങ്ങൾ നിങ്ങളുടെ വീടുകളില്‍അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍നടത്തരുത്.’ (അല്‍അഹ്‌സാബ്: 33). വീടുകളിൽ അടങ്ങി കഴിയുക എന്ന് പറയുന്നത് ശ്രദ്ധിക്കുക. വളരെ യാഥാസ്ഥിതികരായ മതവിശ്വാസികൾ അതുകൊണ്ടാണ് പെൺകുട്ടികൾക്ക് വിദ്യഭ്യാസം നിഷേധിക്കുന്നത്, അവരെ പൊതുസ്ഥലങ്ങളിൽ വരാൻ അനുവദിക്കാത്തത്. മതപരമായ നിർബന്ധബുദ്ധി നിരുത്സാഹപ്പെടുത്തണം എന്നതാകണം ഒരു ആധുനിക ബഹുസ്വര സമൂഹം എടുക്കേണ്ട നിലപാട്.
എന്നാൽ ഇസ്ലാം ജനിക്കുന്നതിനു മുന്നേ ജൂതമതത്തിലും കൃസ്തുമതത്തിലും ശിരോവസ്ത്രം ധരിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. സ്ത്രീ അങ്ങനെ ചെയ്യുന്നത് മാനം, പവിത്രത, കന്യകാത്വം എന്നിവ കാത്തുസൂക്ഷിക്കുന്നതിന്റെ പ്രതീകമായിട്ടാണ്. ഉല്പത്തി 24.65 അവൾ ദാസനോട്: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന് എന്റെ യജമാനൻതന്നെ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി. എന്നാൽ കൃസ്തുമതവിശ്വാസികൾ സ്ത്രീകളുടെ ഉടുപ്പിനേക്കാൾ സമൂഹ നന്മക്കുവേണ്ടി പ്രവർത്തിച്ചു. അതിനായ് സന്യാസ-സന്യാസികൾ സന്നദ്ധരായി വന്നു. അവർ അതിനായി വിശുദ്ധവസ്ത്രങ്ങൾ ധരിച്ചു. അവർ പാഠാലയങ്ങൾ, കലാലയങ്ങൾ, ആതുരാലയങ്ങൾ, അനാഥാലയങ്ങൾ എന്നിവ സ്ഥാപിച്ച് ജനങ്ങൾക്ക് നന്മയും ശാന്തിയും സമാധാനവും ഉണ്ടാകാൻ അക്ഷീണം പ്രവർത്തിച്ചു. സമൂഹനന്മ ചെയ്തുകൊണ്ടരിക്കുന്ന ഒരു വിഭാഗത്തിനെ നക്കാപ്പിച്ച വോട്ടിനുവേണ്ടി കൃതഘ്‌നരായ കേരളത്തിലെ ജനം തള്ളി പറഞ്ഞത് വിശുദ്ധ വേദപുസ്തകത്തിലെ പീറ്ററെ ഓർമ്മിപ്പിച്ചു.
വളരെയധികം അസൗകര്യങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് മുസ്‌ലിം സ്ത്രീകൾ അങ്ങനെ വേഷം ധരിക്കുന്നുവെന്നതിനു കാരണം അങ്ങനെ ചെയ്തില്ലെങ്കിൽ അവർക്ക് ന്യായവിധി ദിവസം അല്ലാഹുവിൽ നിന്നും കിട്ടുന്ന ശിക്ഷ ഭയന്നിട്ടാണെന്നു നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. തല മറയ്ക്കാത്ത സ്ത്രീകൾ മരിച്ചു ചെല്ലുമ്പോൾ അനുഭവിക്കേണ്ടി വന്ന കഠിനമായ ശിക്ഷയെപ്പറ്റി നബി തിരുമേനി തന്നെ പറഞ്ഞിട്ടുള്ളതായി എവിടെയോ വായിച്ചത് ഓർക്കുന്നു.
ഇസ്ലാമിക വിശ്വാസപ്രകാരം ഇസ്‌റാമും മിറാജ്തും നബി തിരുമേനി നടത്തിയ രണ്ടു യാത്രകളാണ്. സൗദി അറേബ്യയിലെ വിശുദ്ധ വലിയ പള്ളിയിൽ നിന്ന് (മസ്ജിദ്-അൽ-ഹറം) മസ്ജിദ് അൽ അക്സയിലേക്ക് നടത്തിയ യാത്രയെ രാപ്രയാണം എന്ന് പറയുന്നു. ഇതാണ് ഇസ്‌റാമു . അവിടെ നിന്നും ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധിക്കുള്ളിൽ നടത്തിയ യാത്രയാണ് മിറാജ് (ആകാശാരോഹണം), റജബ് മാസത്തിലെ ഒരു രാത്രിയിൽ ജിബ്രീൽ എന്ന മാലാഖയാണ് ചില ദൃഷ്ടാന്തങ്ങൾ കാണിക്കാനായി നബിയെ കൂട്ടികൊണ്ടു പോയത്. നബിക്ക് അവിടെ വച്ച് സ്വർഗ്ഗവും നരകവും കാണാൻ അവസരം ലഭിച്ചു. ഭൂമിയിൽ ശിരോവസ്ത്രം ധരിക്കാതിരുന്ന സ്ത്രീകൾ നരകയാതന അനുഭവിക്കുന്നതായി അദ്ദേഹം കണ്ടുവെന്ന് പ്രചരിപ്പിക്കുന്നവർ വിശ്വാസികളായ സ്ത്രീകളെ ആ വസ്ത്രം ധരിക്കാൻ നിർബന്ധിതരാക്കുന്നു.
മതവും മതവിശ്വാസവും വളരെ ആവശ്യവും നല്ലതുമാണ്. അത് അന്ധവിശ്വാസമാകരുതെന്നു മാത്രം. അതേപോലെ മതം അനുശാസിക്കുന്നപോലെ ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുക പ്രയാസമാണെന്ന് കണ്ടാൽ അത് തിരിച്ചറിയാനുള്ള വിവേകം മനുഷ്യർക്കുണ്ടാകണം. ദൈവകോപം ഉണ്ടാകുമെന്ന വിശ്വാസത്തിൽ ഒരാൾ മറ്റൊരാൾക്ക് ചെയ്യുന്ന ദ്രോഹത്തിന്റെ ഫലം നിരപരാധികൾ അല്ലെങ്കിൽ അവരുടെ സമൂഹം അനുഭവിക്കുന്നത് നമ്മൾ കാണുന്നെങ്കിലും ദൈവം കോപം മാറ്റി തനിക്ക് വേണ്ടി പ്രവർത്തിച്ചവനെ പ്രസാദിക്കുന്നതായി നമ്മൾ കാണുന്നില്ല. എല്ലാവരും നന്മയുടെ വഴി തിരഞ്ഞെടുക്കുകയാണ് ഈ കാലത്ത് അത്യാവശ്യമായിട്ടുള്ളത്. ദൈവത്തിൽ വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ. പക്ഷെ ദൈവപ്രീതിക്കായി അയൽപക്കകാരനെ കുരുതികൊടുക്കരുത്.
ശുഭം