
പി.എം ശ്രീ പദ്ധതിയുടെ ധാരണപത്രം ഒപ്പിട്ടതിനെതിരെ ഇടഞ്ഞു നില്‍ക്കുന്ന സി.പി.ഐയെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ പാളിയിരിക്കുന്നു. ഇടതു മുന്നണിയിലും മന്ത്രിസഭയിലും പാര്‍ട്ടിയില്‍ പോലും ചര്‍ച്ചചെയ്യാതെ എം.ഒ.യുവില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടതിന്റെ ചേതോവികാരമെന്തെന്നാണ് അറിയേണ്ടത്. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബി പോലും ഇക്കാര്യമറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട, കോടികളുടെ എക്‌സാലോജിക് അഴിമതിക്കേസില്‍ കേന്ദ്ര ഏജന്‍സികളാണ് പിടിമുറുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെ പിണക്കുന്നത് ബുദ്ധിയല്ലെന്ന് കരുതുന്നതുകൊണ്ടാവാം ഈ കേന്ദ്ര സ്‌നേഹമെന്ന് കരുതുന്നവരുണ്ട്.
ഏതായാലും പി.എം ശ്രീ വിഷയത്തില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് സി.പി.ഐ വിചാരിക്കുന്നു. പാര്‍ട്ടി മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാനി, ജി.ആര്‍ അനില്‍ എന്നിവര്‍ മുഖ്യമന്ത്രിയെ പാര്‍ട്ടിയുടെ അതൃപ്തി അറിയിയിച്ചിട്ടുണ്ട്. പിണറായി വിജയനുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സി.പി.ഐ മന്ത്രിമാര്‍ വരുന്ന ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. മുഖ്യമന്ത്രിയുടെയും സി.ഐ.പിഎമ്മിന്റെയും അനുനയം തള്ളികൊണ്ടാണ് സി.പി.ഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്.
ഇതിനിടെ, സി.പി.ഐയെ പരോക്ഷ വിമര്‍ര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വരികയും ചെയ്തു. പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍. മുടക്കുന്നവരുടെ കൂടെയല്ലെന്നുമാണ് വിമര്‍ശനം. പുന്നപ്ര-വയലാര്‍ വാരാചരണ സമാപനത്തിലായിരുന്നു പിണറായിയുടെ വാക്കുകള്‍. ആലപ്പുഴയില്‍ ബിനോയ് വിശ്വവും പങ്കെടുത്ത ചടങ്ങിലാണ് മുഖ്യമന്ത്രി ഒളിയമ്പെയ്തത്.
അതേസമയം 2020-ല്‍ ദേശീയ വിദ്യാഭ്യാസ നയം (നാഷണല്‍ എജ്യുക്കേഷന്‍ പോളിസി-എന്‍.ഇ.പി) കേന്ദ്രം പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ ദീര്‍ഘമായ ഒരു സമീപനരേഖ സി.പി.എം കേന്ദ്രകമ്മിറ്റി തയാറാക്കിയിരുന്നു. പി.എം ശ്രീയില്‍ ഒപ്പിടുന്ന സംസ്ഥാനങ്ങള്‍ക്ക് എന്‍.ഇ.പി അംഗീകരിക്കേണ്ടി വരുമെന്നാണ് സി.പി.ഐ ചൂണ്ടിക്കാട്ടുന്നത്. എന്‍.ഇ.പി നടപ്പാക്കാത്ത സംസ്ഥനമാണ് കേരളം. ഇടതുപാര്‍ട്ടികളുടെ പൊതുനിലപാട് അതായതു കൊണ്ടു തന്നെ ഈ വാദം ഖണ്ഡിക്കാന്‍ സി.പി.എമ്മിനു കഴിയുന്നുമില്ല. പക്ഷേ അസാധാരണമായ തിടുക്കത്തോടെ ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കുകയും ചെയ്തു.
എന്‍.ഇ.പി 2020 ഒരു യഥാര്‍ത്ഥ നയരേഖയല്ല, മറിച്ച് ഒരു ദര്‍ശന രേഖയാണ്. അതില്‍ പഞ്ചസാര പൂശിയിട്ടുണ്ടെങ്കിലും, അതില്‍ വിശദാംശങ്ങളോ നടപ്പാക്കലിനുള്ള ഒരു രൂപരേഖയോ ഇല്ല. എന്‍.ഇ.പിയിലെ പല നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങളും അപ്രായോഗികമാണ്, അവ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കും, കൂടാതെ വിദ്യാഭ്യാസത്തിനായുള്ള പൊതു ചെലവില്‍ ഗണ്യമായ വര്‍ദ്ധനവ് ആവശ്യമാണ്, അത് ഒരു വിദൂര സ്വപ്നമായി തുടരുന്നു എന്നാണ് ഈ സമീപന രേഖയുടെ തുടക്കത്തില്‍ പറയുന്നത്.
ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ഒരു സമഗ്രമായ നയമാണ് എന്‍.ഇ.പി. 2030-ഓടെ എല്ലാ തലങ്ങളിലും വിദ്യാഭ്യാസം സാര്‍വത്രികമാക്കുക, 2025-ഓടെ അടിസ്ഥാന പഠനവും സംഖ്യാശാസ്ത്രവും ഉറപ്പാക്കുക, കൂടാതെ 2035-ഓടെ ഉന്നത വിദ്യാഭ്യാസത്തിലുള്ള പങ്കാളിത്തം 50 ശതമാനമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. എന്നാല്‍ ഏകപക്ഷീയ നടപടികള്‍ വഴി മോദി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ നശിപ്പിക്കുകയാണെന്നാണ് അന്തരിച്ച സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്ന് പ്രതികരിച്ചത്.
പാര്‍ലമെന്റിനെയും സംസ്ഥാനസര്‍ക്കാരുകളെയും വിദ്യാഭ്യാസമേഖലയില്‍ താല്‍പര്യമുള്ള മറ്റുള്ളവരെയും മറികടന്നാണ്പുതിയ നയം കൊണ്ടുവന്നതെന്നും ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയിലെ കേന്ദ്രീകരണം, വര്‍ഗീയവല്‍ക്കരണം, വാണിജ്യവല്‍ക്കരണം എന്നിവയെ ചെറുക്കണമെന്നും യെച്ചൂരി പറഞ്ഞിരുന്നു. വിദ്യാഭ്യാസ ഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ഭീഷണിപ്പെടുത്തിയതിനും വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്ക്കരിക്കുന്നതിനും സ്വതന്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നതിനും എന്‍.ഇ.പി ഇടയാക്കുമെന്ന് എസ്.എഫ്.ഐയും അഭിപ്രായപ്പെട്ടിരുന്നു.
വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സമ്പ്രദായം തകര്‍ത്ത് പൂര്‍ണമായും കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസനയമെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ വിമര്‍ശനം. തനത് വിദ്യാഭ്യാസ ശൈലിയെ ഇല്ലാതാക്കുന്നതാണ് പുതിയ നയം. വര്‍ഷങ്ങളായി 10, +2, +3 എന്ന രീതിയില്‍ കേരളം പിന്തുടരുന്ന സമ്പ്രദായം രാജ്യത്ത് എന്നും ഒന്നാം സ്ഥാനത്താണ്. രാജ്യം നിരവധി തവണ അഭിനന്ദിച്ചിട്ടുമുണ്ട്. ഇതാണ് ഇല്ലാതാകുന്നത്. കേരളം വളര്‍ത്തിയെടുത്ത ജനകീയ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തെ നശിപ്പിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിര്‍ക്കേണ്ടതാണെന്നും സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ മൂന്നാമത് വിദ്യാഭ്യാസ നയമാണ് 2020-ലെ ദേശീയ വിദ്യാഭ്യാസ നയം. 1968, 1986 എന്നിവയുടെ ചുവടുപിടിച്ചാണ് ദേശീയ വിദ്യാഭ്യാസ നയം 2020 തയ്യാറാക്കിയത്. വിദ്യാഭ്യാസ മേഖല കൂടുതല്‍ വൈദഗ്ധ്യാധിഷ്ഠിതവും, സാംസ്‌കാരിക സമ്പന്നവുമാക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് പറയുന്നു. ത്രിഭാഷാ ഫോര്‍മുല വിദ്യാര്‍ത്ഥികളെ മൂന്ന് ഭാഷകള്‍ സ്വായത്തമാക്കാന്‍ പ്രോത്സാഹിപ്പിണം. മൂന്ന് ഭാഷകളില്‍ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യന്‍ ഭാഷയായിരിക്കണം. എന്നാല്‍ ഒരെണ്ണം ഹിന്ദിയാകണം എന്ന് നിര്‍ബന്ധമാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ കുട്ടികള്‍ മാതൃഭാഷയ്ക്ക് ഒപ്പം ഹിന്ദിയും ഇംഗ്ലീഷും നിര്‍ബന്ധമായും പഠിക്കണം എന്നതാണ് ത്രിഭാഷ നയത്തിന്റെ അടിസ്ഥാനം.
അതേസമയം, 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുമ്പോള്‍ പി.എം ശ്രീയില്‍ ഒപ്പിട്ടത് വിരോധാഭാസമാണെന്നാണ് പിണറായി സര്‍ക്കാരിനെതിരായ ആക്ഷേപം. പി.എം ശ്രീയെ അംഗീകരിച്ചതോടെ കേരളത്തില്‍ എന്‍.ഇ.പി നടപ്പാക്കേണ്ടി വരും. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ ഫണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുവേണ്ടായാണ് എം.ഒ.യുവില്‍ ഒപ്പിട്ടതെന്നാണ് സര്‍ക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദം. ഇന്ത്യയിലെ സ്‌കൂളുകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള പ്ലാറ്റ്‌ഫോമാണ് പി.എം ശ്രീയെന്ന അക്ഷേപവും ശക്തമാണ്.