
നാട്ടുവഴിയുടെ ഓരത്തുള്ള ആ വീട് വാടകയ്ക്ക് എടുക്കാനായി പോയിനോക്കുന്ന സമയത്തുതന്നെ അതുവഴിവന്ന കൃഷ്ണന്‍ചെട്ടിയാര്‍ മുന്നറിയിപ്പ് തന്നിരുന്നു.
“മാഷെ ഈ തൊടിയിലൂടെ അക്കരെക്കുന്നിലേക്ക് ഒരു വരത്തുപോക്ക് ഉണ്ട്ട്ടോ. അതൊക്കെ കണ്ട ആള്‍ക്കാര്‍ തോനെയുണ്ട്, പറഞ്ഞില്ലാന്നു വേണ്ട”
ചുറ്റിനും ചെമ്പരത്തി വേലികുത്തി മനോഹരമാക്കിയ മുറ്റവും ചെറിയവീടും ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിനു പിടിച്ചിരുന്നു. പക്ഷെ ചെട്ടിയാര്‍ അങ്ങിനെ പറഞ്ഞപ്പോള്‍ മനസ്സില്‍ എന്തോ ഒരു ആപല്‍സൂചന തോന്നി.
“ചെട്ടിയാരെ നിങ്ങള്‍ വെര്‍തെ മനുഷ്യമ്മാരെ സുയിപ്പാക്കാതെ. ഏതോ കാലത്ത് ആരോ എന്തോ കണ്ടെന്നു പറഞ്ഞുനടക്കാന്‍ നിങ്ങക്കെന്തിന്‍റെ കാറ്റാണ് മനുഷ്യാ”
ചെട്ടിയാരുടെ വര്‍ത്താനം വീട് വാടകയ്ക്ക് തരാക്കിതരാന്‍ വന്ന സുകുമാരനു പിടിച്ചില്ല. അയാള്‍ ചെട്ടിയാരെ വഴക്ക് പറഞ്ഞു. ചെട്ടിയാര്‍ കൂടുതലായൊന്നും പറയാതെ എന്തോ പിറുപിറുത്തുകൊണ്ട് അവിടെനിന്നുംപോയി.
സുകുമാരന്‍ പറഞ്ഞു
“ഇങ്ങള് ബേജാറവണ്ട. മൂപ്പര്‍ ഒരുജാതി അന്ധവിശ്വാസിയയാണ്. അതൊക്കെ പഴേ ആളോടെ ഓരോ വിചാരങ്ങളാണപ്പ. അല്ലാ, രാത്രി ആകാശത്തൂടെ തേരും തീപ്പന്തവും പോണുന്നൊക്കെ പറഞ്ഞാല്‍ തലയ്ക്കു വെളിവുള്ള ആരാണ് വിശ്വസിക്കുക. ന്‍റെ, മാഷെ അതൊക്കെ പണ്ടത്തെ ഓരോ സൂത്രങ്ങളാണ്. ചില കാര്‍ന്നോമ്മാര്‍ രാത്രി ചൂട്ടും കത്തിച്ചു ഒളിസേവക്കു പോണതിനാരും സുയിപ്പുണ്ടാക്കാതിരിക്കാന്‍ ഓര് തന്നെ പടച്ചൊണ്ടാക്കിയ ഇക്കുമത്തുകളാണ്”
കാര്യങ്ങള്‍ ശാസ്ത്രീയമായും അതിന്‍റെ സമൂഹികപാശ്ചാത്തലത്തിലും സുകുമാരന്‍ വിശദീകരിച്ചതോടെ എല്ലാം ബോധ്യമായ ഞാനും ചങ്ങാതി സാബുവും കൂടി പിറ്റേന്ന് മുതല്‍ ആ വീട്ടിലേക്കു താമസം മാറി. അങ്ങാടിയില്‍നിന്നും കുറച്ചുദൂരം നടക്കണം എന്നതൊഴിച്ചാല്‍ നല്ല സൌകര്യമുള്ള വീട്, അത്രയും വാടക കുറച്ചു വേറെങ്ങും കിട്ടില്ല. അടുത്ത ടൌണിലെ പാരലല്‍കോളേജിലെ മാഷുമ്മാരായ ഞങ്ങള്‍ക്കുതുപോലെ സൌകര്യമുള്ളോരു വീട് പട്ടണത്തില്‍ തരപ്പെടുത്താന്‍ ഒരിക്കലും കഴിയില്ല.
ജീപ്പും ലോറിയുമൊക്കെ വരാന്‍ പറ്റിയ വീതിയുള്ള ചെമ്മണ്‍ റോഡിനരികിലായുള്ള അരയേക്കര്‍ തൊടിയില്‍ ഒരു വീട്. രണ്ടുമുറിയും അടുക്കളയും അടച്ചുകെട്ടുള്ള കോലായിയും. പൂത്തുലയുന്ന ചെമ്പരത്തിവേലിക്ക് നടുവില്‍ വെള്ളയുടുത്തു നില്‍ക്കുന്ന വീടൊരു ഗ്രാമീണ സുന്ദരിയായിരുന്നു. വീടിന കത്തുനിന്നും തട്ടിന്‍പുറത്തേക്കു കയറാന്‍ കോണിയൊന്നുമില്ല. കഴുക്കോലില്‍ നിന്നും കെട്ടിഞ്ഞാത്തിയിട്ടുള്ള കയറില്‍ പിടിച്ചുതൂങ്ങി, ചുവരിലെ ചെറിയ വെട്ടില്‍ കാല്‍ ചവിട്ടി കയറുകയും ഇറങ്ങുകയും ചെയ്യാം.
ചങ്ങാതി സാബു രണ്ടാഴ്ചകൂടുന്ന വെള്ളിയാഴ്ച വൈകുന്നേരം അയാളുടെ വീട്ടില്‍ പോകും. തിങ്കളാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് മടങ്ങിവരും. ആ രാത്രികളില്‍ ഞാന്‍ തനിയെയായിരിക്കും. അങ്ങിനെ ഒറ്റയ്ക്കാവുന്ന ചില രാത്രികളില്‍ തട്ടിന്‍പുറത്തുനിന്നും ചില തട്ടലുംമുട്ടലും കേള്‍ക്കാം. വല്ല എലിയോ മരപ്പട്ടിയോ ആയിരിക്കുമെന്ന് കരുതിയത്. ഒരു രാത്രിയില്‍ തട്ടിന്‍ പുറത്തുകൂടെ ആരോ നടക്കുന്നത് പോലെ തോന്നി. പലകകള്‍ കാല്‍ച്ചുവട്ടില്‍ അമരുന്ന കിരുകിരാ ശബ്ദം…. ഒരാള്‍ക്ക് നിവര്‍ന്നുനടക്കാനുള്ള ഉയരമൊന്നും തട്ടിന്‍പുറത്തില്ല. കൂനിക്കൂടി നിന്നിലെങ്കില്‍ കഴുക്കോലിലും മോന്തായത്തിലും തലയിടിക്കും. തീപ്പെട്ടിയുരച്ചു വിളക്ക് കത്തിച്ചു. മണ്ണെണ്ണ വിളക്കിന്‍റെ അരണ്ട വെളിച്ചം മുറിയില്‍ നിറഞ്ഞു അതോടെ തട്ടിന്‍ പുറത്തുനിന്നുള്ള പദചലനങ്ങള്‍ ഇല്ലാതായി. വിളക്കുമെടുത്ത് നടുമുറിയിലേക്ക് നടന്നു ആ മുറിയില്‍ നിന്നുമാണ് തട്ടിന്‍ പുറത്തേക്കു കയറാനുള്ള വാതില്‍. വിളക്കു മേലേക്ക് ഉയര്‍ത്തി നോക്കി മച്ചിന്റെ അടപ്പ് അടഞ്ഞുതന്നെ കിടക്കുന്നു. താഴിട്ടു പൂട്ടാനുള്ള കരു ബന്ധിച്ച നിലയില്‍ തന്നെയാണ്. വിളക്കുമായി ചുറ്റും നോക്കി. തറയില്‍ രണ്ടര ഇഞ്ചിന്‍റെ ഒരു ആണി കിടക്കുന്നതു കണ്ടു അതെടുത്ത് കൊളുത്തില്‍ വളച്ചിട്ടു മച്ചിന്റെ പ്രവേശന അടപ്പ് ബന്തവസ്സിലാക്കി. വിളക്കുകെടുത്തി വീണ്ടു ഉറങ്ങാന്‍ കിടന്നു.
കണ്ണുകളടച്ചു കിടന്നുവെങ്കിലും ഉറക്കം വന്നില്ല. മനസ്സില്‍ ഭയാശങ്കകള്‍ നിറഞ്ഞു. കട്ടിലില്‍ എഴുന്നേറ്റിരുന്നു ഒരു ബീഡികത്തിച്ചു പുകവിട്ടു. തട്ടിന്‍ പുറത്തുനിന്നും വീണ്ടും അനക്കങ്ങള്‍ കേട്ടു. ഉടന്‍ തന്നെ വിളക്കു കത്തിച്ചുവച്ചു അതോടെ തട്ടിന്‍പുറവും നിശബ്ദമായി. അതോടെ സമാധാനമായി. വല്ല എലികളോ മരപ്പട്ടിയോ ആയിരിക്കുമെന്നാശ്വസിച്ചു എങ്കിലും മരപ്പലകകള്‍ അമരുന്ന ശബ്ദം, അതൊരു സംശയമായി മനസ്സില്‍ അവശേഷിച്ചു.
അതിരാവിലെ പുറത്തിറങ്ങി നോക്കി. ചുറ്റും കോടമഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍. അവയ്ക്കിടയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന വീടിന്‍റെമേല്‍ ദുരുഹതയുടെ മൂടല്‍മഞ്ഞു പൊതിഞ്ഞതായി തോന്നി. ആ വീടിനോട് തോന്നിയ സ്നേഹം പതിയെ ഭീതിയായിമാറി. അന്നുരാത്രിയില്‍ അവിടെ തനിയെ കിടക്കുന്ന കാര്യമോര്‍ത്തപ്പോള്‍ ഭയം തോന്നി. രാത്രിയില്‍ ഉറക്കം വന്നില്ല കോലായിലെ മരയഴി വാതില്‍ അടച്ചശേഷം ഒരു കസാലയിട്ടു അവിടെയിരുന്നു. പുറത്ത് നേരിയ നിലാവുണ്ട്. സന്ധ്യയോടുകൂടി വീടിനുമുന്‍പിലെ വഴിയിലൂടുള്ള മനുഷ്യസഞ്ചാരം നിലയ്ക്കും. അരക്കിലോമീറ്റര്‍ അകലെയുള്ള കൃഷ്ണന്‍ ചെട്ടിയാരുടെ വീടാണ് ഏറ്റവും അടുത്തതെന്നു പറയാവുന്ന വീട്. ഇടയ്ക്കിടെ കുറുക്കന്‍, പാക്കാന്‍ പോലുള്ള ജന്തുക്കളുടെ നിഴലനക്കം വഴിയില്‍ കാണാമെന്നതൊഴിച്ചാല്‍ പരിപൂര്‍ണ്ണ നിശബ്ദമായ രാത്രി.
ഇരുന്നയിരുപ്പില്‍ മയങ്ങിപ്പോയി. കണ്ണുതുറന്നപ്പോള്‍ റോഡിനരികിലുള്ള ശീമക്കൊന്ന ശക്തമായി ഉലയുന്നതായി കണ്ടു. മുകളിലൂടെ വലിപ്പമുള്ള എന്തോ പറന്നുപോകുന്നതിന്റെ വലിയനിഴല്‍ മുറ്റത്തൂടെ കടന്നു പോകുന്നത് ഞെട്ടലുളവാക്കി. കാപ്പിത്തോട്ടത്തിനു നടുവില്‍നിന്നു കുറുനരികള്‍ ഓലിയിടുന്ന ശബ്ദം. ഭയന്നു പോയി. ഉടന്‍ മുറിയില്‍കയറി വാതിലടച്ചു. ജനല്‍തുറന്നു പുറത്തേക്കു നോക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പുറത്തുനിന്നും മുറിയിലേക്ക് വായു സഞ്ചാരത്തിനായി ചുവരില്‍ നിര്‍മ്മിച്ചിട്ടുള്ള ദ്വാരത്തിലൂടെ പുറത്തേക്കു നോക്കി.
കാര്യങ്ങളെ യുക്തിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ ശ്രമിക്കാറുള്ള ഞാന്‍ വലിയ ദൈവവിശ്വാസിയോ ദൈവനിഷേധിയോ ആയിരുന്നില്ല. എങ്കിലും ഉള്ളില്‍ ആശങ്ക കയറി. ഭയപ്പാടോടെ പുറത്തേക്കുനോക്കി. ഒന്നും കാണാനായില്ല. കുറുനരികളുടെ ഓരിയിടലും അവസാനിച്ചിരുന്നു.
എല്ലാം തോന്നലെന്നു കരുതി കണ്ണുകള്‍ പിന്‍വലിക്കുമ്പോഴാണ്, ചങ്കുതകര്‍ന്നു പോകുംവിധം ഭയാനകമായി, വീടിന്റെ മുറ്റത്ത് കുറുനരികൂട്ടത്തിന്റെ ഓരിയിടല്‍ അപ്രതീക്ഷിതമായി കേട്ടത്. ഹൃദയമിടിപ്പിന്റെ ശബ്ദം വീടിനുള്ളില്‍ മുഴങ്ങികേള്‍ക്കാമായിരുന്നു. ചുള്ളിക്കമ്പുകള്‍ ചവിട്ടിയൊടിച്ചും കാപ്പിമരങ്ങള്‍ ഉലച്ചും, ശക്തനായ ആരോ തൊടിയിലൂടെ നടന്നു. കുറുനരികള്‍ അയാളെ അനുഗമിച്ചു. അവയുടെ ശബ്ദം അകന്നകന്നുപോയി.
അല്പം കഴിഞ്ഞു സമനില വീണ്ടെടുത്തു. വിളക്ക് കൊളുത്തി. മുറിയുടെ ഒരു മൂലയില്‍ വച്ചിരുന്ന ഇരുമ്പ്പെട്ടി തുറന്നു. അതിന്റെ അടിയില്‍ നിന്നും അമ്മ നിര്‍ബന്ധിച്ചു എല്പ്പിച്ച ബൈബിളും കൊന്തയും കയ്യിലെടുത്തു.
ഇനിയിപ്പോ കൃഷ്ണന്‍ചെട്ടിയാര്‍ പറഞ്ഞതില്‍ വല്ല കാര്യവുമുണ്ടാകുമോ? ബൈബിളും കൊന്തയും മാറോടു ചേര്‍ത്തു പിടിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഞാന്‍ കിടന്നു. ഉറക്കം കണ്ണുകളെ പൂട്ടുന്നത് ഞാനറിഞ്ഞു
പിറ്റേന്ന് സാബു വന്നു. കഴിഞ്ഞദിവസങ്ങളില്‍ എനിക്കുണ്ടായ അനുഭവം പറഞ്ഞപ്പോള്‍ അവന്‍ കളിയാക്കി. എല്ലാം എന്‍റെ തോന്നലുകളെന്നുപറഞ്ഞു പരിഹസിച്ചു. മറ്റൊരു വീടുനോക്കണമെന്ന എന്‍റെ അഭിപ്രായം കേട്ടപ്പോള്‍. ഇതുപോലെ സൌകര്യമുള്ള ഒരുവീട് വേറെയെവിടെയെങ്കിലും എടുത്താല്‍ പിന്നെ ഭക്ഷണം കഴിക്കാനുള്ള പൈസ എവിടെനിന്നു കിട്ടുമെന്നായി അവന്‍. അവന്‍ പറഞ്ഞതു ശരിയാണ്. ഇതുപോലെ സൌകര്യമുള്ള ഒരുവീട് മറ്റെവിടെയെങ്കിലും കിട്ടണമെങ്കില്‍ വലിയ വാടകയാകും അല്ലെങ്കില്‍ ഏതെങ്കിലും കുടുസ്സുമുറിയില്‍ തിങ്ങിഞെരുങ്ങി കഴിയേണ്ടിവരും.
ഇതിനെല്ലാംശേഷം പലദിവസങ്ങള്‍ കഴിഞ്ഞു. വേറെ പ്രത്യേകമായ അനുഭവങ്ങളോ ശബ്ദങ്ങളോ ഒന്നുമുണ്ടായില്ല. ചിലപ്പോള്‍ തട്ടിന്‍പുറത്ത് നിന്നും ശബ്ദങ്ങള്‍ കേള്‍ക്കും അപ്പോള്‍ വിളക്കുകൊളുത്തി വയ്ക്കും അതോടെ ശബ്ദം നിലയ്ക്കും. തട്ടിന്‍മുകളില്‍ മരപ്പട്ടി വരുന്നതെന്നു ഞങ്ങളും കരുതി. പതിയെ എന്‍റെ തോന്നലുകളും ഭയങ്ങളും ഇല്ലാതായി. അത്തരം ആശങ്കകളും എന്നെ വിട്ടൊഴിഞ്ഞു.
ഒരു വാരാന്ത്യത്തില്‍ ഞാന്‍ വീട്ടില്‍പോയി. ആ ആഴ്ചയില്‍ സാബു വീട്ടില്‍ പോയില്ല. ഞാന്‍ തിരികെയെത്തിയപ്പോള്‍ സാബു ആകെ ഭയന്നിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പഴേ അവന്‍ ഇറങ്ങിവന്നു പറഞ്ഞു
“എടാവേ, നീ അന്നു പറഞ്ഞത് ശരിയാണ്. ഈ വീട്ടില്‍ എന്തൊക്കയോ കുഴപ്പമുണ്ട്. വേറെ വീട് നോക്കണം. നമുക്കുടനെ വീട് മാറണം”
തലേന്നു രാത്രിയില്‍ നടന്ന കാര്യങ്ങള്‍ അവന്‍ പറഞ്ഞു. അപ്പോഴും അവന്‍റെ ഭീതി മാറിയിരുന്നില്ല.
“രാത്രിയില്‍ ഉറങ്ങിക്കിടക്കവേ മച്ചിന്‍ മുകളില്‍നിന്നും ശബ്ദംകേട്ടു ഉറക്കം തെളിഞ്ഞു. കാതോര്‍ത്തപ്പോള്‍ മച്ചിന്റെ മുകളിലൂടെ ആരോ നടക്കുന്നപോലെയുള്ള ശബ്ദം. നടപ്പിന്റെ ശക്തിയില്‍ പലകകള്‍ ഞെരിഞ്ഞു. വിളക്കു കൊളുത്താനായി തീപ്പെട്ടി ഉറച്ചു നോക്കിയപ്പോള്‍ വിളക്ക് വച്ചിടത്ത് കണ്ടില്ല. തീകൊള്ളിയുടെ വെളിച്ചത്തില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
കട്ടിലിനോട് ചേര്‍ത്തിട്ടിരുന്ന സ്റ്റൂളില്‍ വച്ചിരുന്ന വിളക്ക് മച്ചിന്റെ അടിയില്‍ ഒട്ടിനില്‍ക്കുന്നു. അതെങ്ങിനെ സാധ്യമാകും?
പെട്ടന്നു മുകളിലെ കാല്‍പ്പെരുമാറ്റം നിന്നു. പകരം ചിലങ്കയുടെ ശബ്ദം കേട്ടു. ഞാന്‍ ഭയന്നുവിറച്ചു കട്ടിലില്‍ കൂനിക്കൂടി ഇരുന്നു. തൊണ്ടയും നാവും വരണ്ടു. നാവു ചലിപ്പിക്കാനാവാതെ ബന്ധനത്തിലായി. കരയുവാന്‍ പോലുമാകാതെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി ശ്വാസംമുട്ടി. ആരോ പിടിച്ചു മുകളിലേക്ക് ഉയര്‍ത്തുന്നത് പോലെ കട്ടിലില്‍ നിന്നും എന്‍റെ ശരീരം മുകളിലേക്ക് ഉയര്‍ന്നു.
“പിന്നീടു എന്തുണ്ടായെന്ന് ഓര്‍മ്മയില്ല. നേരം പരപരെ വെളുത്തപ്പോള്‍ കണ്ണുതുറന്നു അപ്പോള്‍ ഞാന്‍ കട്ടിലിനു താഴെ നിലത്തുകിടക്കുന്നു. ശരീരത്തിനു കഠിനവേദന അനുഭപ്പെട്ടു. മുറിയിയില്‍ മണ്ണെണ്ണ മണം നിറഞ്ഞുനിന്നിരുന്നു. ചില്ലുവിളക്ക് നിലത്തു തകര്‍ന്നു കിടന്നിരുന്നു.”
സാബുവിന്റെ അനുഭവംകൂടി ആയതോടെ അവിടെനിന്നും മാറാനായി ഞങ്ങള്‍ തീരുമാനിച്ച. മറ്റൊരു വീടിനായി അന്വോഷണം തുടങ്ങിയെങ്കിലും ഉടനെയൊന്നും തരമായില്ല. പിന്നീടുള്ള രാത്രികളില്‍ വിളക്ക് കൊളുത്തിവച്ചു ഞങ്ങള്‍ ഭയപ്പാടോടെ കിടന്നുവെങ്കിലും കുഴപ്പങ്ങള്‍ ഒന്നും ഉണ്ടായില്ല. കാര്യങ്ങള്‍ അങ്ങിനെ കുഴപ്പമില്ലാതെ പോയിത്തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞു പതിവുപോലെ സാബു വീട്ടില്‍ പോയ സമയത്താണ് ആ ഭയാനകമായ അനുഭവം എനിക്കുണ്ടായത്. പകല്‍ നേരം കടുത്തവെയിലുള്ള ദിവസങ്ങളായിരുന്നതിനാല്‍ വീടിനകത്ത് ചൂടായിരുന്നു. ജനല്‍ തുറന്നാല്‍ നല്ല കാറ്റ് കടന്നുവരും. ഷര്‍ട്ടഴിച്ചു മാറ്റി ഞാന്‍ ജനലിനോട് ചേര്‍ന്നു കിടന്നു.
പിറ്റേന്നു രാവിലെ നോക്കിയപ്പോള്‍ ഇടതു മാറിലെ മുലക്കണ്ണിനു ചുറ്റുമായി ഒരു മനുഷ്യന്‍റെ അഞ്ചു വിരലുടെ അകലത്തിലും വലിപ്പത്തിലുമുള്ള അഞ്ചു നഖപ്പാടുകള്‍ കണ്ടു. വെറും പാടുകളല്ല, ചോരപൊടിഞ്ഞ മുറിപ്പാടുകള്‍.
ആരോ പിടിച്ചുവലിക്കുന്നതായി തോന്നിയപ്പോള്‍ ഉറക്കത്തില്‍നിന്നും ഉണര്‍ന്നു കണ്ണുതുറന്നു നോക്കി. ജനലിനു പുറത്തു വെളുത്ത തലമുടിയുള്ള രൂപം, അതിന്‍റെ കൈകളില്‍ രോമമല്ല, വെളുത്ത തൂവലുകള്‍. എന്‍റെ ശരീരം കട്ടിലില്‍ നിന്നും മുകളിലേക്ക് പൊങ്ങാന്‍ തുടങ്ങി. അതിനെ പ്രതിരോധിക്കാന്‍ ഇടതു കൈകൊണ്ടു ജനലിന്റെ അഴികളില്‍ മുറുകെ പിടിച്ചുകൊണ്ടു
“അയ്യോ അമ്മേ…”
എന്നൊക്കെ ഞാന്‍ വിളിച്ചു കരയാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല. നാവു അനക്കാനാവാത്തവിധം ബന്ധിക്കപ്പെട്ടിരുന്നു.
“എന്‍റെ ദൈവമേ…”
ഉള്ളില്‍ നിലവിളിച്ചു. കുറച്ചു കഴിഞ്ഞു പിടി അയഞ്ഞു. നാവും ശരീരവും സ്വതന്ത്രമായി. ജനാലക്കല്‍ ആരെയും കാണാനില്ല. ഞാന്‍ വേഗം ജനല്‍ വലിച്ചടച്ചു കുറ്റിയിട്ടു
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആ മുറിവുകള്‍ പഴുത്തു, പിന്നെ ഉണങ്ങി കറുത്ത കലയായി മാറി. മാസങ്ങളോളോം ആ നഖപ്പാടുകള്‍ എന്‍റെ മാറില്‍ മായാതെ കിടന്നിരുന്നു.
ഞങ്ങള്‍ മറ്റൊരു വീട്ടിലേക്കു താമസം മാറി. വൈദ്യുതി വെളിച്ചമുള്ളതായിരുന്നു പുതിയ വീട്. അവിടെ ഭയക്കാനായി ഒന്നുമില്ലായിരുന്നു. എങ്കിലും ചില രാത്രികളില്‍ വിളക്കുകത്തിച്ചു വച്ചാലും മനസ്സിന്‍റെ തട്ടിന്‍പുറത്ത് ആരോ നടക്കുന്നത് പോലെ തോന്നാറുണ്ടായിരുന്നു.