Image

ലാന പതിനാലാം ദ്വൈവാർഷിക സമ്മേളനം - മുന്നോട്ടുള്ള പ്രയാണത്തിൽ മറ്റൊരു  നാഴികക്കല്ല് (ശങ്കർ മന (ലാന പ്രസിഡണ്ട്, 2024-25)

Published on 27 October, 2025
ലാന പതിനാലാം ദ്വൈവാർഷിക സമ്മേളനം - മുന്നോട്ടുള്ള പ്രയാണത്തിൽ മറ്റൊരു  നാഴികക്കല്ല് (ശങ്കർ മന (ലാന പ്രസിഡണ്ട്, 2024-25)

ഇരുപത്തിയെട്ടുവർഷം പൂർത്തീകരിച്ച ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) - യുടെ പതിനാലാം ദ്വൈവാർഷിക സമ്മേളനം ഡാളസ്സിൽ (ടെക്സസ്) ഒക്ടോബർ 31 മുതൽ നവമ്പർ 2 വരെ നടക്കാൻ പോകുകയാണ്‌. അമേരിക്കയിലേയും കാനഡയിലേയും  സാഹിത്യകാരന്മാരുടേയും സാഹിത്യപ്രവർത്തകരുടേയും വായനക്കാരുടേയും ദേശീയ സംഘടനയാണ്‌ ലാന. വടക്കെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ അതിന്‌ വേരുകളുണ്ട്. അടുത്തകാലത്ത് നമ്മെ വിട്ടുപോയ രണ്ട് മുൻ പ്രസിഡണ്ടുമാരെ  ആദരിച്ചുകൊണ്ടാണ്‌ സമ്മേളനവേദിയുടെ നാമധേയം നിശ്ചയിച്ചിരിക്കുന്നത് (എം. എസ്. ടി. - തെക്കേമുറി നഗർ). ശ്രീ. എം. എസ്. ടി. നമ്പൂതിരി ലാനയുടെ പ്രഥമ പ്രസിഡണ്ടും (1997-98) ശ്രീ എബ്രഹാം തെക്കെമുറി (2009-2011) ഏഴാമത്തെ പ്രസിഡണ്ടുമായിരുന്നു. രണ്ടു പേരും ഡാളസുകാരുമാണ്‌. ഇവരെപോലെ സ്വാർത്ഥതകളേതുമില്ലാതെ ലാനക്ക് നേതൃത്വം കൊടുത്ത മുൻ പ്രസിഡണ്ടുമാരും അതത് കാലങ്ങളിലെ ഭരണസമിതികളും ഭാരവാഹികളും ഭരണസമിതിയംഗങ്ങളും മെമ്പർമാരും വായനക്കാരും അഭ്യുദയകാംക്ഷികളും ആണ്‌ ലാനയുടെ ഇന്നത്തെ വളർച്ചക്കും സംഘടനയുടെ കെട്ടുറപ്പിനും നിദാനമായിത്തീർന്നത്.

 

അമേരിക്കയിലേയും കാനഡയിലേയും ലാനയുടെ നൂറിലേറെ മെമ്പർമാരെ പ്രതിനിധീകരിച്ച് അമ്പതോളം അംഗങ്ങളും അത്രതന്നെ സാഹിത്യതല്പരരും ഡാളസിലെ ദ്വൈവാർഷിക സമ്മേളനത്തിന്റെ ഭാഗവാക്കാവും. അറിയപ്പെടുന്ന ഭിഷ്വഗരനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എം.വി. പിള്ള, പൂനയിൽ താമസമാക്കിയ എഴുത്തുകാരനും പ്രാഭാഷകനുമായ ശ്രീ സജി എബ്രഹാം എന്നിവരാണ്‌ അതിഥികൾ. ഈ അതിഥികൾ സമ്മേളനത്തിൽ ഉടനീളം സന്നിഹിതരായിരിക്കും. വിവിധ വിഷയങ്ങളിൽ ചിന്തോദ്ദീപകവും പ്രൗഢഗംഭീരവുമായ പ്രഭാഷണങ്ങൾ നടത്തും. കഥ, കവിത, നോവൽ, മാദ്ധ്യമം എന്നിവയെ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ ലാന അംഗങ്ങൾ നയിക്കുന്ന പ്രത്യേക സെഷനുകൾ കൺവെൻഷൻ കമ്മിറ്റി പ്ലാൻ ചെയ്തിട്ടുണ്ട്. വിവിധ വിഷയങ്ങൾ അധികരിച്ച് മറ്റൊരു പ്രബന്ധാവതരണസെഷനും ഉണ്ടായിരിക്കും. ഇതിനുപുറമെ പുസ്തകപ്രകാശനം, പുസ്തകപരിചയം, കാവ്യനിശ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ സമ്മേളനത്തിന്റെ മാറ്റുകൂട്ടും. സമ്മേളനത്തിന്റെ കാര്യപരിപാടി ലാന വെബ്സൈറ്റിൽ ലഭ്യമാണ്‌. (www.lanalit.org)

 

ലാനയുടെ ദർശനവും ദൗത്യവും

 

ലാനയുടെ സംഘടനാരൂപത്തെക്കുറിച്ചും അതിന്റെ ദർശനം ദൗത്യം എന്നിവയെക്കുറിച്ചും അറിയുന്നതിന്‌ മേലെ സൂചിപ്പിച്ച വെബ് അഡ്രസ് ഒന്ന് ക്ലിക്ക് ചെയ്താൽ മതി. എന്നിരുന്നാലും ഒന്ന് ചുരുക്കിപ്പറയാം..ലാന ലാഭേച്ഛ (non-profit) കൂടാതെ പ്രവർത്തിക്കുന്ന 501(c)(3) അംഗീകാരമുള്ള രജിസ്റ്റർ ചെയ്ത ഒരു സംഘടനയാണ്‌. അതിന്റെ ദർശനം “ഭാഷയെ ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം,  അംഗങ്ങളെ മലയാള സാഹിത്യത്തിന്റെ  മുഖ്യധാരയുമായി ബന്ധിപ്പിച്ച്,  സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ സജീവമാക്കുക.” എന്നതും, അതിന്റെ ദൗത്യം “അംഗങ്ങൾക്കും അഭ്യുദയാകാംക്ഷികൾക്കും സാഹിത്യ തല്പരർക്കും ഒത്തുചേരാനും, സൃഷ്ടികളും ആശയങ്ങളും പങ്കുവെക്കാനും വളരുവാനുമുള്ള വിവിധ സംവിധാനങ്ങളും വേദികളും ഒരുക്കുക” എന്നതുമാണ്‌. കേരളത്തിൽ നിന്ന് യു എസ് എ. യിലേയ്ക്കും കാനഡ യിലേയ്ക്കും കുടിയേറിപ്പാർത്ത ഭാഷാസ്നേഹികളുടെ ദേശീയ സാഹിത്യ സംഘടനയാണ് ലാന. സ്വതന്ത്ര മതനിരപേക്ഷ പുരോഗമന കാഴ്ചപ്പാടുള്ള എഴുത്തുകാരും സാഹിത്യാസ്വാദകരും ഇവിടെ ഒന്നിക്കുന്നു. രണ്ടു വർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്,  ജനറൽ സെക്രട്ടറി, ജോയിൻറ് സെക്രട്ടറി, ട്രഷറർ, ജോയിന്റ് ട്രഷറർ എന്നിവർ ഉൾപ്പെടുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് പ്രോഗ്രാം കമ്മിറ്റി അടക്കം വിവിധ സബ്-കമ്മിറ്റികളും ഉണ്ട്. സംഘടനയുടെ മുൻകാല പ്രസിഡണ്ടുമാർ അടങ്ങുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി ലാനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു . വിവിധ നഗരങ്ങളിൽ നിന്നുള്ള പ്രാദേശിക സംഘടനകളും ദേശീയ സംഘടനയോട് ചേർന്ന് പ്രവർത്തിക്കുന്നു. പലപ്പോഴായി നടക്കാറുള്ള സാഹിത്യ കൂടിചേരലുകൾക്ക് പുറമെ, ആദ്യവർഷം പ്രാദേശിക സമ്മേളനവും, രണ്ടാമത്തെ വർഷം ദേശിയ കൺവെൻഷനും നടന്നു വരുന്നു. 
 

2023 ഒക്ടോബറിൽ ടെന്നിസ്സി സംസ്ഥാനത്ത് നാഷ്‌വില്ലിൽ നടന്ന ദ്വൈവാർഷിക സമ്മേളനത്തിൽ ഐക്യകണ്ഠേന തെരഞ്ഞെടുത്ത, ഈ ലേഖകൻ പ്രസിഡണ്ടായ പുതിയ ഭരണസമിതി 2025 ജനുവരിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നു. ഈ കാലയളവിൽ ന്യൂയോർക്കിൽ ഒരു സാഹിത്യോത്സവവും, ഡാളസ് സെന്റ് ഫ്രാൻസിസ്കോ എന്നീ നഗരങ്ങളിൽ സാഹിത്യക്യാമ്പുകളും സംഘടിപ്പിച്ചു. അതിന്റെ വിജയത്തിൽ അതത് പ്രദേശങ്ങളിലെ സാഹിത്യസംഘടനകൾക്കും സാഹിത്യപ്രവർത്തകർക്കുമുള്ള പങ്ക് നിസ്തുലമാണ്‌. അതിനെല്ലാം പുറമെ എട്ടോളം പരിപാടികൾ സൂം മുഖേന സംഘടിപ്പിച്ചു. മുകളിൽ സൂചിപ്പിച്ച പരിപാടികളിൽ കേരളത്തിൽ നിന്നുള്ള സാറാ ജോസഫ്, സെബാസ്റ്റ്യൻ കവി, വി. ഷിനിലാൽ, ഡോ. സുനിൽ പ്. ഇളയിടം, അർഷാദ് ബത്തേരി, ജോ പോൾ, ഇ. സന്തോഷ്കുമാർ, പ്രൊ. ഡോ. ചന്ദ്രദാസൻ,  പ്രൊ. ഡോ. ജെ ദേവി, ഡോ. നിഷി ലീല ജോർജ്, സ്റ്റാലീന, ആലങ്കോട് ലീലാകൃഷ്ണൻ, കെ എം നരേന്ദ്രൻ, കെ. പി. രാമനുണ്ണീ, ശോഭ തരൂർ, ആത്മരാമൻ, വി ജെ ജെയിംസ്, ഡോ. പ്രമീളദേവി, നാലപ്പാടം പത്മനാഭൻ, ടി. ജി. വിജയകുമാർ എന്നിവർ പങ്കെടുക്കയുണ്ടായി.
 

ലാനയുടെ ദിശ നിർണ്ണയിക്കുന്നതിൽ എങ്ങിനെ ഭാഗവാക്കാകാം

 

സാഹിത്യം എന്തിന്‌, എന്തായിരിക്കണം എന്നുള്ളതിനെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ നിരീക്ഷണങ്ങൾ വിമർശനങ്ങൾ എല്ലാം നമ്മുടെ മുമ്പിലുണ്ട്. എഴുതി തീരുന്നവരെ അത് വ്യക്തിനിഷ്ഠമായ ഒരു നിർമ്മാണ പ്രവർത്തനമാണ്‌. അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് മൗഢ്യമായിരിക്കും. പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ അത് ഒരു പരിധിവരെ പൊതുസ്വത്തായി മാറുമെങ്കിലും അതിന്റെ അവകാശി സാഹിത്യകാരൻ തന്നെയാണ്‌. അതിനെക്കുറിച്ച് അഭിപ്രായമോ വിമർശനമോ പറയാമെന്നല്ലാതെ അതിന്റെ ഉള്ളടക്കം തന്നെ മാറ്റണമെന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിച്ചുകൊടുക്കാൻ എഴുത്തുകാരന്‌ ബാദ്ധ്യതയില്ല. ഏകദേശം അതുപോലെ തന്നെയാണ്‌ സാഹിത്യസംഘടനകളും. സാഹിത്യ സഘടനകൾ അതിന്റെ അംഗങ്ങളുടേതാണ്‌. നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി സംഘടനയുടെ ഭരണഘടന, നിയമാവലി എന്നിവ അംഗീകരിച്ച് അംഗങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണസമിതിയാണ്‌ പ്രവർത്തനത്തിന്റെ ദിശയെ നിയന്ത്രിക്കുക. അതിന്‌ പുറത്തുള്ളവർക്ക് അഭിപ്രായങ്ങൾ പറയമെന്നല്ലാതെ തങ്ങളുടെ തിട്ടൂരങ്ങൾ അനുസരിച്ച് കാര്യങ്ങൾ നടക്കണമെന്ന് ശഠിച്ചാൽ അത് ജലരേഖയായിത്തീരും.
 

അവകാശവും ഉത്തരവാദിത്വവും അനുപൂരകവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളുമാണ്‌ . ലാനയുടെ പ്രവർത്തനത്തിൽ ഭാഗമാകുന്നതിന്‌ ആദ്യമായി ചെയ്യേണ്ടത് 200 ഡോളർ മുടക്കി ഒരു ആജീവനാന്ത അംഗമാകുക എന്നതാണ്‌. അത് ന്യായമായ ഒരു തുകയാണെന്നാണ്‌ ഞാൻ കരുതുന്നു. അടുത്ത കാലത്ത് യു എസ് -ൽ കുടിയേറിയ ആളാണെങ്കിൽ, ഒരുമിച്ച് അടക്കാൻ ബുന്ധിമുട്ടുണ്ടെങ്കിൽ ഒരു വർഷം കൊണ്ട് രണ്ടോ നാലോ ഗഡുവുകളായി അടക്കാവുന്നതുമാണ്‌. അതിനുശേഷം ലാനയെ ഉന്നതിയിലേക്ക് ഉയർത്താൻ  സാഹായിക്കുന്നതിന്‌ തയ്യാറാണെങ്കിൽ അതിന്റെ ഭരണസമിതിയിലേക്ക്  വരുന്നതിനേയും എല്ലാവരും സ്വാഗതം ചെയ്യും. ലാനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന് അമേരിക്കയിലേയും (യു എസ് എ) കാനഡയിലേയും എല്ലാ എഴുത്തുകാരേയും സാഹിത്യപ്രേമികളേയും ഒരു കുടക്കീഴിൽ അണി നിരത്തുക എന്നതാണ്‌. അതിന്‌ എല്ലാവരും സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കേരളപ്പിറവി ദിനാംശസകൾ നേർന്നുകൊണ്ട് നിർത്തട്ടെ.

Join WhatsApp News
Abdul 2025-10-27 16:24:48
Wishing the best for Lana convention in Dallas on October 31-Nov 2.
Abraham Thomas 2025-10-27 20:27:20
Best wishes to the convention.
Bhasha Snehi 2025-10-28 05:47:55
എല്ലാ ആശംസകളും നേരുന്നു. അതോടൊപ്പം ഇത് പ്ലാൻ ചെയ്തിരിക്കുന്നതിന്റെ ന്യൂനതകളും വിനയപൂർവ്വം ചൂണ്ടിക്കാണിക്കട്ടെ. ഏതാണ്ട് ഒരുതരത്തിൽ എപ്പോഴും അവതരിപ്പിക്കുന്ന ചില സ്ഥിരം ആൾക്കാർ തന്നെയാണല്ലോ മുഖ്യ അതിഥികളായി നിങ്ങൾ വീണ്ടും വീണ്ടും കൊണ്ടുവരുന്നത്. നിങ്ങളുടെ വിവരണം കേട്ടിട്ട് ആ അതിഥികൾ എല്ലാ വിഷയത്തിലും എല്ലാ സ്റ്റേഷനിലും , Session, കയറി നീണ്ട നീണ്ട പ്രസംഗങ്ങൾ, ഒരുതരം പഴയ ആവർത്തനങ്ങൾ, നടത്തി മനുഷ്യനെ ബോറടിപ്പിക്കുന്ന രീതിയിൽ സംസാരിക്കും എന്നത് പഴയ അനുഭവം വെച്ച് പറയുകയാണ്. ഇവരിൽ പലരും കാര്യമായി എഴുതാത്ത അതിഥികളാണ്. വെറും ഊതി വീർപ്പിച്ച് തലയിൽ വെച്ചുകൊണ്ട് നടക്കുന്നവരാണ്. സത്യസന്ധമായി അവർ എഴുതിയ കൃതികൾ, അവരുടെ സാഹിത്യ സംഭാവനകൾ എവിടെ, ? ഒന്ന് എടുത്തു പറയാൻ പറ്റുമോ?. അതേ അവസരത്തിൽ ഇവരെക്കാൾ നൂറുവട്ടം പ്രഗൽഭരായ, എഴുതി തെളിഞ്ഞവർ അമേരിക്കൻ മലയാള ഭാഷാ സാഹിത്യത്തിൽ ഇല്ലേ? അവരെയൊക്കെ എന്ത് കൊണ്ട് തഴയുന്നു?. . ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ടാണ് ലാനയ്ക്ക് ശരിയായ എഴുത്തുകാർ വരാത്തത്. പിന്നെ ചില സ്ഥിരം അറിവില്ലാത്ത സാറന്മാരുടെയും സാറാത്തികളുടെയും വിളയാട്ട്. ഓരോ തരത്തിലുള്ള നിക്ഷിപ്ത താൽപര്യക്കാർ ഇതെല്ലാം കൊണ്ട് നടക്കുന്നു. . ഇതിൽ സത്യമില്ല ജനാധിപത്യം ഇല്ല. ഞാൻ ഇതിൻറെ ഒരു സ്പോൺസർ പണം തന്നു മറ്റു സഹായിക്കണമെന്ന് കരുതിയതാണ്. പക്ഷേ ഞാൻ പഴയ അനുഭവം വെച്ച്, നിങ്ങളുടെയൊക്കെ വിവരണം കേട്ടതിന്റെ അടിസ്ഥാനത്തിൽ എൻറെ സ്പോൺസർഷിപ്പും എൻറെ വരവും ക്യാൻസൽ ചെയ്യുന്നു. അതേമാതിരി എത്രയോ പേർ ക്യാൻസൽ ചെയ്തിട്ടുണ്ടാകാം. എന്നാലും ഒരിക്കലെങ്കിലും വെളിച്ചം ഉള്ളവർ ഇതിൻറെ ഭാരവാഹികൾ ആയി വരും എന്ന പ്രതീക്ഷയോടെ കൺവെൻഷന് എല്ലാ നന്മകളും നേരുന്നു.
Baji Odamveli 2025-10-28 15:18:11
Wishing the best for Lana convention in Dallas
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക