
പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘ഡീയസ് ഈറേ’ പ്രേക്ഷകരുടെ വലിയ പ്രതീക്ഷകൾക്ക് നടുവിലാണ് റിലീസിനൊരുങ്ങുന്നത്. മലയാള സിനിമയുടെ ഹൊറർ ജോണറിൽ ഈ ചിത്രം ഇന്ത്യയിൽത്തന്നെ ഒരു പ്രത്യേക സ്ഥാനം നേടുമെന്നാണ് സോഷ്യൽ മീഡിയയിലെ ആരാധക കമന്റുകൾ സൂചിപ്പിക്കുന്നത്. ‘ഭ്രമയുഗ’ത്തിന് ശേഷം രാഹുൽ സദാശിവൻ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന ഉറപ്പിലാണ് പ്രേക്ഷകർ.
ഒക്ടോബർ 31-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി ഒക്ടോബർ 30 മുതൽ സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോകൾ ആരംഭിക്കും. രാത്രി 9 മണിക്കും 11.30 നുമാണ് ഷോകൾ ചാർട്ട് ചെയ്തിരിക്കുന്നത്. ഈ ഷോകൾക്ക് നിലവിൽ വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. പലയിടത്തും പ്രീമിയർ ഷോകൾ ഇതിനോടകം ഹൗസ്ഫുൾ ആയി കഴിഞ്ഞു. പ്രീമിയർ ഷോയും ആദ്യ ദിവസത്തെ കളക്ഷനും കൂടി ചേരുമ്പോൾ ചിത്രം വമ്പൻ ഓപ്പണിങ് നേടുമെന്നാണ് സിനിമാ ലോകത്തിന്റെ കണക്കുകൂട്ടൽ. സെൻസർ ബോർഡിൽ നിന്ന് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ഡീയസ് ഈറേ’യുടെ ഏറ്റവും പുതിയ ട്രെയിലർ ചിത്രത്തിന്റെ ഭീകരമായ അന്തരീക്ഷം ഉറപ്പിക്കുന്നുണ്ട്. ഇതുവരെ കാണാത്ത പല രംഗങ്ങളും ഉൾപ്പെടുത്തിയ ട്രെയിലർ, ഒരു ഗംഭീര ഹൊറർ ചിത്രം തന്നെയാണ് തിയേറ്ററുകളിലേക്ക് എത്തുന്നതെന്ന് സംശയമില്ലാതെ പറയുന്നു