
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു, 4K ദൃശ്യവിരുന്നുമായി 'അമരം' നവംബര്‍ 7ന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവർത്തകരുടെ ഉറപ്പ്. മമ്മൂട്ടിയും മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് 'അമരം'. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. 34 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തിയെറ്ററുകളില്‍ എത്തുകയാണ് 4K മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ. നവംബർ 7ന് 'അമരം' തിയേറ്ററുകളിൽ എത്തും.
മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു 'അമരം'. മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രം. ചെമ്മീനിനു ശേഷം കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞൊരു മനോഹര ചിത്രമാണ് 'അമരം'. ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാനായിരുന്ന ഭരതന് ഒരുക്കിയ ചിത്രമാണ് അമരം. വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ദൃശ്യകാവ്യം.
കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു കാലാതിവർത്തിയായ ഈ ഭരതൻ ചിത്രത്തിലൂടെ. ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിൻ്റെ നിർമ്മാതാവ്